സൈനീക നീക്കങ്ങളും അമേരിക്കയുടെ ഉള്ളിലിപ്പും - കെ.ടി.കുഞ്ഞിക്കണ്ണന്‍

അമേരിക്കയുടെ ലോകാധിപത്യ മോഹങ്ങളുടെയും സൈനിക തന്ത്രങ്ങളുടെയും ഭാഗമായിട്ടു വേണം ലോകമെമ്പാടും വളർന്നു വരുന്ന യുദ്ധവെറിയെയും അതിർത്തി വിഷയങ്ങളെയും അക്രമോത്സുകമായ സൈനിക നീക്കങ്ങളെയും വിലയിരുത്തുന്നത്. തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങൾക്കും ജനസമൂഹങ്ങൾക്കുമെതിരായി സാമ്പത്തീക ഉപരോധങ്ങളും പ്രത്യയശാസ്ത്ര പ്രചരണങ്ങളും അഴിച്ചുവിടുന്നു. ക്യൂബക്കെതിരായി സാമ്പത്തിക ഉപരോധം തുടരുകയാണ്. ഇറാനും ചൈനക്കും വെനിസ്വല ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ നാടുകൾക്കുമെതിരായി അട്ടിമറി നീക്കങ്ങളും സൈനിക വിന്യാസങ്ങളും തകൃതിയായി നടക്കുകയാണ്. 

ദക്ഷിണേഷ്യൻ മേഖലയെ സംഘർഷഭരിതമാക്കാന്‍ യു.എസ് നീക്കം 

കഴിഞ്ഞ ദിവസം ബ്രസൽസ് ഫോറം ഉച്ചകോടിയിൽ പ്രസംഗിക്കവെ യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രഖ്യാപിച്ചത് ജർമനിയിൽ നിന്ന് പിൻവലിക്കുന്ന പതിനായിരത്തോളം യു എസ് പട്ടാളക്കാരെ ചൈനയെ നേരിടാൻ നിയോഗിക്കുമെന്നാണ്. ദക്ഷിണേഷ്യൻ മേഖലയെ സംഘർഷഭരിതമാക്കുന്നതും ഈ മേഖലയിലെ രാഷ്ട്രബന്ധങ്ങളിൽ ശത്രുത പടർത്തുന്നതുമാണ് ഈ നീക്കം.  

ഇന്ത്യ ചൈനാ അതിർത്തി വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ കൂടാതെ പരിഹരിക്കാനുള്ള നയതന്ത്രതല ചർച്ചകൾ വികസിക്കുകയും ഇരുരാജ്യങ്ങളും പരസ്പരംചർച്ചയിലൂടെ പരിഹാരത്തിനുള്ള ആത്മവിശ്വാസം പങ്കുവെക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് പോംപിയായുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. മറ്റു ലോക രാഷ്ട്രങ്ങൾ ഏഷ്യയിലെ രണ്ടു വലിയ രാജ്യങ്ങൾ പരസ്പരം ചർച്ചയിലൂടെ അതിർത്തി സംഘർഷത്തിന് അയവുണ്ടാക്കുമെന്നും പരിഹാര നടപടികളിലേക്ക് നീങ്ങുമെന്ന് പ്രത്യാശപ്പെടുകയും ചെയ്യുമ്പോഴാണ് ഇന്ത്യാ ചൈന തർക്കം കാരണമായി പറഞ്ഞു സൈനികവിന്യാസത്തിന് യു എസ് പുറപ്പെടുന്നത്. ഇത് സംഘർഷം മൂർച്ഛിപ്പിക്കാനുള്ള ട്രംപിൻ്റെ യുദ്ധോത്സുകമായൊരു ഇടപെടലാണ്. ചൈനയുടെ ഭീഷണി നേരിടാനെന്ന തരത്തിലാണല്ലോ നേരത്തെ ദക്ഷിണ ചൈനാ സമുദ്രത്തിൽ ജപ്പാനും ഇന്ത്യയും ആസ്ട്രേലിയയും ചേർന്നു അമേരിക്ക ക്വാഡ് രൂപപ്പെടുത്തിയത്. ബ്രസൽസ് ഫോറത്തിലെ പ്രസംഗത്തിൽ പോംപിയോ ആവർത്തിച്ചത് ദക്ഷിണ ചൈനാ സമുദ്രത്തിൽ തങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ അമേരിക്കയുടെ ഭാവി പ്രതിരോധതന്ത്രം തീരുമാനിക്കുമെന്നാണ്. ജർമനിയിലുള്ള അര ലക്ഷം പട്ടാളക്കാരിൽ നിന്നും 25,000 ത്തോളം പേരെ ചൈനക്കെതിരെ വിന്യസിക്കുമെന്നാണ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. 

പെൻറഗൺ വിലയിരുത്തലും ആസൂത്രണവും 

അമേരിക്കയുടെ അടിസ്ഥാന താല്പര്യങ്ങൾ സംരക്ഷിക്കാനായി ആവശ്യമായ പുനക്രമീകരണവുംസൈനിക വിന്യാസവുമാണ് പെൻ്റഗൺ തയ്യാറാക്കിയിരിക്കുന്ന പദ്ധതി. ചൈനയിൽ നിന്ന് അമേരിക്ക പല തരം ഭീഷണികൾ നേരിടുന്നുവെന്ന വിലയിരുത്തലാണ് പെൻറഗൺ നടത്തിയിരിക്കുന്നത്. ഇറാനും സിറിയയും വെനിസ്വല ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളും ക്യൂബ, വിയറ്റ്നാം, വടക്കൻ കൊറിയ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളും യുഎസിന് ഭീഷണിയാണെന്ന വിശകലനമാണ് പെൻറഗൺ വാർ കോളേജ് പഠനങ്ങൾ നടത്തുന്നത്. 

ചൈനീസ് കമ്യൂണിസ്റ്റു പാർടിയിൽ നിന്നും ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണ ചൈന കടൽപ്രദേശം, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഭീഷണിയിലാണെന്ന നിരീക്ഷണമാണ് യു എസിനുള്ളത്. ചൈനയുടെ പിഎൽ എ നേരിടാൻ അമേരിക്കക്കൊപ്പം നില്ക്കണമെന്നും അതിന്നുള്ള സാമ്പത്തിക വിഹിതം നൽകണമെന്നും നാറ്റോ രാഷ്ട്രങ്ങളെയും സഖ്യരാജ്യങ്ങളെയും അമേരിക്ക നിർബന്ധിക്കുന്നു. യുദ്ധവെറിയും അതിർത്തി തർക്കവും സ്വതന്ത്ര പരമാധികാര രാജ്യങ്ങൾക്കെതിരായ കടന്നാക്രമണ ത്വരയും പടർത്തുകയാണ് പെൻ്റഗൺ ചിന്താകേന്ദ്രങ്ങൾ. അതെല്ലാം അമേരിക്കയുടെ ലോകാധിപത്യത്തിനുള്ള തന്ത്രപരമായ നീക്കങ്ങളും പെൻറഗണിൻ്റെ യുദ്ധാവിഷ്ക്കാരങ്ങളുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

അമേരിക്കയുടെ ഉള്ളിലിരിപ്പ് ഇന്ത്യയെ സഹായിക്കലല്ല 

ഇസ്രായേലിന് പലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്ക് കൈമാറാനുള്ള കരാറും ജെറുസലേം സയണിസ്റ്റുകൾക്ക് ഏറ്റെടുത്തു കൊടുക്കാനുള്ള ട്രംപിൻ്റെ നടപടികളും ശക്തമായ പ്രതിഷേധമുണ്ടാക്കിയ സംഭവങ്ങളാണ്. ഇന്ത്യയിൽ മോഡിയെന്ന പോലെ പശ്ചിമേഷ്യയിൽ നെതന്യാഹുവിനെ ചേർത്തു പിടിച്ചിരിക്കുകയാണ് ട്രംപ്. ചൈനയുടെ ഇടപെടലിൽ നിന്ന് രക്ഷിക്കാനെന്ന വ്യാജേന തായ്വാനിൽ ഇടപ്പെടാനായി യുഎസ് കോൺഗ്രസ് ഉണ്ടാക്കിയ നിയമം അമേരിക്കയിൽ തന്നെ വലിയ പ്രതിഷേധത്തിനും വിമർശനത്തിനും ഇട വരുത്തിയതാണ്. അമേരിക്കൻ കമ്പനി രക്ഷാ സേനകളെ ഇറക്കി വെനിസ്വലയിലും തുർക്കിയിലെ നാറ്റോ സേനയെ ഉപയോഗിച്ച് സിറിയയിലുമൊക്കെ നടത്തിയ നഗ്നമായ അട്ടിമറി പ്രവർത്തനങ്ങളുടെയും സമകാലീന അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്.

മുകളില്‍ സൂചിപ്പിച്ച ആഗോള അമേരിക്കൻ ഇടപെടലുകളുടേതായ സാഹചര്യത്തിൽ നിന്ന് വേണം ഇന്ത്യയെ സഹായിക്കാനെന്ന വ്യാജേനയുള്ള ദക്ഷിണേഷ്യൻ മേഖലയിലേക്കുള്ള യു എസ് സൈനിക വിന്യാസ നീക്കങ്ങളെ കാണാനും വിലയിരുത്താനും.1950തുകളിൽ പരാജയപ്പെട്ടു പോയ ഏഷ്യൻ നാറ്റോ മറ്റൊരു രൂപത്തിൽ സാക്ഷാൽക്കരിച്ചെടുക്കാനാണ് ട്രംപും പെൻറഗണും നോക്കുന്നത്. അമേരിക്കയുടെ ലോകക്രമവും ആർ എസ് എസിൻ്റെ ഏകാത്മക ഭരണകൂടഘടനയും സാക്ഷാൽക്കരിച്ചെടുക്കാനാണു കോവിഡ് സാഹചര്യത്തെ നവലിബറൽ ശക്തികൾ അവസരമാക്കുന്നത്.  മോഡിസർക്കാർ അധികാരകേന്ദ്രീകരണത്തിലൂടെ ഭരണകൂട ഘടനയെസ്വേച്ഛാധിപത്യവൽക്കരിക്കുകയും സങ്കുചിത ദേശീയവികാരവും യുദ്ധവെറിയും പടർത്തി ഇന്ത്യയെ അപദേശീയ വൽക്കരിക്കുകയും അമേരിക്കൻ താല്പര്യങ്ങളുടെ പങ്കാളിയാക്കി അധ:പതിപ്പിക്കുകയാണ്. 

Contact the author

K T Kunjikkannan

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More