സുരേന്ദ്രാ ഇത് പെണ്ണ് കേസ്സല്ല, രാജ്യസുരക്ഷയാണ് പ്രശ്നം - ഗുലാബ് ജാൻ

സംഘപരിവാർ ഫാസിസ്റ്റുകൾ രാജ്യത്തിനു മുന്‍പില്‍ പെരുപ്പിച്ചവതരിപ്പിച്ച ഒരു വാഗ്ദാനമായിരുന്നു കള്ളപ്പണവും കള്ളക്കടത്തുമില്ലാത്ത സംശുദ്ധമായ സമ്പദ് വ്യവസ്ഥ. അതിനായി ദേശസ്നേഹത്തിൻ്റെ ഭ്രാന്തൻ മനോനിലയെ ഉത്തേജിപ്പിച്ച് നോട്ടുനിരോധനം കൊണ്ടുവന്ന്  ഒരഭ്യന്തര യുദ്ധം തന്നെ പ്രഖ്യാപിച്ചു. നൂറ്റിയമ്പതോളം പേർ രക്തസാക്ഷികളായ, കോടിക്കണക്കിനു മനുഷ്യർ കൊടിയ ദുരിതമനുഭവിച്ച യുദ്ധാനന്തരം സംഭവിച്ചത് എന്താണ്?

4-ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത്, 50 രൂപയ്ക്ക് പെട്രോളും പാലും തേനും ചുക്കും - എന്നൊക്കെയുള്ള കസർത്തുകളൊന്നും നടപ്പായില്ല. പകരം നരേന്ദ്ര മോഡിയെന്ന തുഗ്ലക്ക് ഏകാധിപതിയുടെ മുന്നിൽ  'രാജ്യസ്നേഹത്താൽ' ഉത്തേജിപ്പിച്ചെടുത്ത ജനതയത്രയും വിനീതരായി. ഭ്രാന്തൻ ദേശീയത രാഷ്ട്രീയ മൂലധനമാക്കിയ നാസികളുടെ ഇന്ത്യൻ പതിപ്പിന്  രാഷ്ട്രീയ ദാസ്യം കൊണ്ടും പണാധികാരം കൊണ്ടും ഭൂരിപക്ഷം മാധ്യമങ്ങളേയും വരുതിയിൽ നിർത്താനായി. അവർ കമഴ്ന്നുരുളുന്ന അശ്ലീല കാഴ്ച്ചകളാണ് പിന്നീട് കണ്ടത്.

രാജ്യത്തെ 135 കോടി ജനങ്ങളെ ബാധിക്കുന്ന പൊള്ളുന്ന വിഷയങ്ങളെല്ലാം രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മറച്ചു പിടിക്കാനുള്ള മാധ്യമങ്ങളുടെ ശ്രദ്ധ നമ്മെ അതിശയിപ്പിച്ചു. ദാരിദ്ര്യം, തൊഴിലില്ലായ്മ, കോർപ്പറേറ്റ് സേവ, ജനാധിപത്യ ധ്വംസനം, പ്രതിരോധ മേഖല പോലും സ്വകാര്യവത്ക്കരിക്കുന്നത്... ഇത്യാദി രാഷ്ട്രീയ വിഷയങ്ങൾ സ്പർശിക്കുന്നവരെയും അതില്‍ സമരവും സംവാദവും വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെയുമെല്ലാം ദേശദ്രോഹികളാക്കി മാറ്റി, സംഘപരിവാർ വരച്ച പുതിയ ഇന്ത്യയിലെ ഉത്തമ പ്രജകളാക്കി നമ്മെ അനുദിനം പാകപ്പെടുത്തുയാണ് ഇന്ന് മാധ്യമങ്ങൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ മസാല വാർത്തകളും മാദക പൈങ്കിളികളും ജനങ്ങളോടുള്ള രാഷ്ട്രീയ യുദ്ധം തന്നെയാണ്. ശരിയായ ചോദ്യങ്ങളിൽ നിന്നും കൃത്യമായ രാഷ്ട്രീയ യുക്തിയിൽ നിന്നും അരാഷ്ട്രീയ മസാലകളിലേക്ക് ചുരുക്കിയെടുക്കുന്ന പ്രത്യയശാസ്ത്ര ബലതന്ത്രമാണത്. പറഞ്ഞു വന്നത് സ്വർണ്ണക്കടത്തിനെ കുറിച്ചുതന്നെയാണ്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നമ്മുടെ മുന്നിലുള്ള വാര്‍ത്താ ദൃശ്യം എന്താണ്?

സ്വപ്ന എന്ന സ്ത്രീയുടെ വിവിധ ഭാവങ്ങളിലുള്ള ഫോട്ടോ ആൽബം. അവരുടെ നൃത്തം, നേതാക്കളുടെ കൂടെയുള്ള (അവർ യു എൻ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന കാലത്തെ) വ്യത്യസ്ത വിഷ്വൽസ്, ശിവശങ്കരൻ, മുഖ്യമന്ത്രിയുടെ ഓഫീസ്... ഇതിലൂടെ നിർമ്മിച്ചെടുക്കുന്ന ഭാവനാത്മകമായ അപസർപ്പക കഥകൾ. 

എന്താണ്‌ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യം 

ഡിപ്ലോമാറ്റിക് ചാനലിലൂടെ പത്തിൽ കൂടുതൽ തവണ സ്വർണ്ണം കടത്തിയതാണ് കേസ്സ്. പിടിക്കപ്പെട്ടത് പി.ആർ. സരിത്ത് എന്ന കോൺസുലേറ്റിലെ ജീവനക്കാരൻ. അയാളുടെ ഭാര്യയാണ് സ്വപ്ന. ഐ.ടി വകുപ്പിലെ ഒരു പ്രൊജക്റ്റിലെ താൽക്കാലിക ജീവനക്കാരി. അതുകൊണ്ട് മുഖ്യമന്തി മറുപടി പറയണം. അത്രമാത്രം. (പ്രൊജക്റ്റ് ജീവനക്കാർ സർക്കാർ ജീവനക്കാരല്ല. അവർ പ്രൊജക്റ്റ് ഏറ്റെടുക്കുന്ന സ്ഥാപനത്തിൻ്റെ ജീവനക്കാരാണ്. പതിനായിരക്കണക്കിന് പ്രൊജക്റ്റുകൾ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്). 

അന്വേഷണം ഇതിനപ്പുറം പോകരുത്  എന്നത് ആരുടെ ആവശ്യമാണ് ?

സുഹൃത്തുക്കളെ , ഡിപ്ലോമാറ്റിക് ചാനലാണ്. അതായത് കേന്ദ്ര സർക്കാറിൻ്റെ നയതന്ത്ര സംവിധാനം. പൂർണ്ണമായും കേന്ദ്രത്തിൻ്റെ അധികാര പരിധിയിലുള്ളതും രാജ്യസുരക്ഷയുടെ മർമ്മ പ്രധാനമായതുമായ ഒന്ന്. അതാണ്  കള്ളകടത്തിനു ഉപയോഗിക്കപ്പെട്ടത്. ഒരു തവണയല്ല. പല തവണ "രാജ്യസ്നേഹി"കളായ സംഘപരിവാറുകാരാണ് പ്രതിക്കൂട്ടിൽ. കള്ളനോട്ടും കള്ളക്കടത്തും രാഷ്ട്രീയ ആയുധമാക്കി ദേശീയതകൊണ്ട് ജനതയെ ഭ്രാന്ത് പിടിപ്പിച്ച ഫാസിസ്റ്റുകൾക്ക് ഈ സ്വർണ്ണ കടത്തുമായുള്ള പൊക്കിൾക്കൊടി ബന്ധമാണ് നാം അന്വേഷിക്കേണ്ടത്. വി ഐ പി പ്രിവിലേജ് ഇതിന് മുമ്പും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് എയർപോർട്ടിൽ നിന്ന് സംഘപരിവാർ നേതാക്കളെ അനുഗമിച്ച വാഹനങ്ങളിൽ ചിലത് പരിശോധനയില്ലാതെ മറ്റൊരു വഴിയിലൂടെ പുറത്തു പോയ വാർത്ത ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്വർണക്കടത്ത് ഉണ്ടായിരിക്കുന്നത്. ഇത് ഏതൊക്കെ എയർപോർട്ടിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്നത് പുറത്തുവരണം. കേവലം ഒരു സരിത്തും അയാളുടെ കൂട്ടാളികളും മാത്രമാണോ ഇതിനു പിന്നില്‍? ഈ ചങ്ങലയിൽ ആരൊക്കെ കണ്ണികളായിട്ടുണ്ട്? നമ്മുടെ സമ്പദ്ഘടനയെ സാരമായി ബാധിക്കുന്ന ഒരു കുറ്റകൃത്യത്തിൽ ആർക്കൊക്കെ പങ്കുണ്ട്? ഇതൊക്കെയല്ലേ അന്വേഷണത്തിന്റെ പ്രഥമ പരിഗണനക്ക് വരേണ്ട ചോദ്യങ്ങള്‍? 

പിടിക്കപ്പെട്ടത് ഒരു മുസ്ലീം നാമമായിരുന്നുവെങ്കിൽ ഐ.എസിലൊ  പകിസ്ഥാനിലൊ വെച്ചുകെട്ടി നിർവൃതി കൊള്ളാമായിരുന്നു. ഇവിടെ അത് സാധ്യമല്ല. മറുപടി പറയേണ്ടത് കേന്ദ്ര സർക്കാരാണ്. ആഭ്യന്തര മന്ത്രി അമിത്ഷായാണ്. എന്നാൽ അവരിതുവരെ വാ തുറന്നിട്ടില്ല.  ലഘുലേഖ കയ്യിൽ വെച്ച കേസിനുവേണ്ടി പോലും പാഞ്ഞെത്തുന്ന എൻ.ഐ.എ വരെ കേന്ദ്രത്തിൻ്റെ കയ്യിലുണ്ടല്ലോ. ശരിയായി അന്വേഷിച്ച് കുറ്റവാളികളെ പിടികൂടുകയാണ് വേണ്ടത്. അത് പിണറായി വിജയനാണെങ്കിൽ തുറങ്കിലടക്കുക. അല്ലാതെ കേരളത്തിൻ്റെ ഇട്ടാവട്ടത്തിൽ പൊറാട്ട് നാടകം കളിച്ച് ദേശസുരക്ഷയുമായി ബന്ധപ്പെട്ട നയതന്ത്ര സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കരുത്. നിങ്ങൾക്ക് ശേഷവും രാജ്യത്തിന് അതല്ലാം ആവശ്യമാണ്.

ഇതിനെ ഒരു പെണ്ണുകേസ്സായി ചുരുക്കാനുള്ള സംഘ പരിവാരിൻ്റെ മസാല രാഷ്ട്രീയത്തിന് നിറംതേച്ച് തിമിർത്താടുന്ന കോൺഗ്രസ്സിനെ ഓർത്ത് ജനാധിപത്യവാദികൾക്ക് സഹതപിക്കാനേ കഴിയൂ. സാങ്കേതികമായി കേരളത്തിൻ്റെ അതിരുകളിൽ നടന്നതാണെങ്കിലും ഇതൊരു ദേശീയ വിഷയമാണ്. ഇവിടെ അവസരം നഷ്ട്ടപ്പെടുത്തുന്നത് കോൺഗ്രസ്സ് ദേശീയ നേതൃത്വമാണ്. അതിൽ ആഹ്ളാ ദിക്കുന്നത് ഇന്ത്യൻ ഫാസിസ്റ്റുകളും.

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More