ബ്രസിലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 42,907 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 30,000 ത്തിന് തൊട്ടുമുകളിലും താഴെയുമായി നിന്നിരുന്ന ബ്രസീലിലെ പ്രതിദിന രോഗീ നിരക്ക് എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം നാല്‍പ്പതിനായിരത്തിലേക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം17,59,103 ആയി.
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനകം1,199 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. പ്രതിദിന രോഗീവര്ദ്ധനവിന് ആനുപാതികമായി മരണനിരക്ക് ഉയരുന്നില്ല എന്നതാണ് ബ്രസീലിനുള്ള ആശ്വാസം. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 69,254 ആയി.