കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടാന്‍ പൂനെ സ്വദേശിയായ വ്യക്തി 2.89 ലക്ഷം രൂപയ്ക്ക് സ്വര്‍ണ്ണ മാസ്ക് വാങ്ങിച്ച കാര്യം നിങ്ങളെല്ലാം വായിച്ചിരിക്കാം. എന്നാല്‍ മാസ്ക്കുകളെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ഇതല്ല. സൂറത്തിലെ ഒരു ജ്വല്ലറി 4 ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ഫെയ്സ് മാസ്കുകള്‍ വില്‍ക്കുന്നു എന്നതാണ്.
കഴിഞ്ഞ മാസം മുതല്‍ തന്നെ ഈ ജ്വല്ലറി സ്വര്‍ണം, വെള്ളി, വജ്രം എന്നിവകൊണ്ടുള്ള ഫെയ്സ് മാസ്കുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിരവധി പാറ്റേണുകളിലുള്ള ആഭരണങ്ങളുടെ വരികളാണ് മാസ്കുകളില്‍ അലങ്കരിക്കുന്നത്.
ഒരു ഉപഭോക്താവ് ഓര്‍ഡര്‍ നല്‍കിയതിന് ശേഷമാണ് ഡയമണ്ട് മാസ്കുകള്‍ നിര്‍മ്മിക്കാനുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് ജ്വല്ലറി സ്റ്റോറിന്റെ ഉടമ പറയുന്നു. ''ഒരാള്‍ അടുത്തിടെ ഞങ്ങളുടെ ഷോറൂമിലെത്തി തന്റെ വിവാഹത്തിനായി ആഭരണങ്ങള്‍ വാങ്ങി. മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങിനിടെ ധരിക്കേണ്ട ഒരു മാസ്ക് ഉണ്ടാക്കാനും അയാള്‍ ഞങ്ങളോട് ആവശ്യപ്പെട്ടു'' കട ഉടമ ദീപക് ചോക്സി പറഞ്ഞു. അമേരിക്കന്‍ വജ്രങ്ങളാല്‍ അലങ്കരിച്ച സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിക്കുന്ന മാസ്കുകള്‍ക്ക് 1.5 ലക്ഷം രൂപയ്ക്കും, വൈറ്റ് ഗോള്‍ഡും വജ്രവും കൊണ്ടുള്ള മാസ്കുകള്‍ 4 ലക്ഷം രൂപയ്ക്കുമാണ് ഇവിടെ വില്‍ക്കുന്നത്.