ജെ ദേവിക: കേരളത്തെ തൊട്ടറിഞ്ഞ പരിശ്രമശാലിയായ പോരാളി - ദിലീപ് രാജ്

ചുരുങ്ങിയത്  രണ്ട് ക്ളീഷേകൾ (അത് നാല് വരെ നീളും, വീക്ഷണഗതിയനുസരിച്ച്!) ഉണ്ട് ഈ കുറിപ്പിന്റെ തലക്കെട്ടിൽ. തൊട്ടറിയലും പോരാളിയും. ജെ.ദേവികയുടെ എഴുത്തുലോകത്തെ വിശേഷിപ്പിക്കാൻ എന്തിന് ഇത്തരം ക്ളീഷേകൾ എന്നാരെങ്കിലും ചോദിച്ചാൽ ഞാൻ സ്വയം ന്യായീകരിക്കേണ്ടതുണ്ട്. ആ ന്യായങ്ങളാവട്ടെ ആദ്യം.

വിമർശം അഥവാ വിശേഷേണയുള്ള തൊടല്‍ 

വിമർശം എന്ന വാക്കിന്റെ നിരുക്താർത്ഥം മൃദുവായി തൊടുക എന്നാണ്. ‘മർശം’ എന്നാൽ തൊടലും ‘വി’ എന്നാൽ വിശേഷേണ എന്നുമാണ്. വിശേഷാലുള്ള തൊടലാണ് വിമർശം. ദേവിക വിമർശത്തിനു വിധേയമാക്കുന്നത് പ്രധാനമായും കേരളത്തെയാണ്. കേരളം എന്നാൽ ഒരു ദേശമാണ്. ആ അർത്ഥത്തിൽ തീർത്തും ആധുനികമായ ഒരു നിർമ്മിതി. അനുശീലനങ്ങളുടെ (disciplines) പതിവു തെറ്റിച്ച് അസാധാരണങ്ങളായ ഒരു കൂട്ടം ഉപാദാനങ്ങൾ സർഗ്ഗാത്മകമായി  ചേർത്തുവെച്ച്  അതിനു മുമ്പ് ദ്ര്യശ്യമാവാത്ത പരസ്പരബന്ധങ്ങൾ വ്യാവഹാരികമായി കണ്ടെത്തി ദേവിക ആധുനികതയെ അടിമുടി നാണം കെടുത്തുന്നു. തന്റെ ഗവേഷണ പ്രബന്ധങ്ങളിൽ മാത്രമല്ല സമകാല ചർച്ചകളിലുള്ള ഇടപെടലുകളിലും ഇത് തന്നെയാണ് രീതി. ആ അർത്ഥത്തിൽ കേരളത്തെ ഇത്ര അടുപ്പത്തോടെ എന്നാൽ വിമർശനപരതയോടെ തൊട്ടു നോക്കിയിട്ടുളള  വേറൊരാൾ ഉണ്ടെന്നു തോന്നുന്നില്ല.

ഞാൻ ഉപയോഗിച്ച രണ്ടാമത്തെ ക്ളീഷെയായ  പോരാളിയിലേക്ക് പോവും മുമ്പ് അതിനിടയിൽ നിഷ്കളങ്ക ഭാവത്തിൽ നിൽക്കുന്ന കേരളത്തെക്കുറിച്ച് ഏതാനും വാചകങ്ങൾ കൂടി പറയുന്നത് അസ്ഥാനത്താവില്ല.

ലോകത്തെക്കുറിച്ച് പറയാനും സാർവ്വജനീനമായ ആലോചനകളിലേക്ക് കടക്കാനും കേരളം ഒരു തടസ്സമല്ല എന്നു മാത്രമല്ല അത്  ന്യായയുക്തമായ മാർഗ്ഗവുമാണ് എന്ന് ക്ഷമാപണമേതുമില്ലാതെ തലയുയർത്തി നിൽക്കുന്ന ഒരു എഴുത്താളിയാണ്  ജെ.ദേവിക

മാറ്റം എന്ന ഇഛയോടെ, വിമര്‍ശത്തോടെ നിരന്തരം കേരളത്തെ അഭിമുഖീകരിച്ച ധീരത 

ദേവികയുടെ ലേഖനങ്ങളുടെ തലക്കെട്ടിൽ മാറിയും തിരിഞ്ഞും കേരളത്തെ കാണാം. ''കേരളത്തിലെ ലിംഗാധികാരം", "മലയാളി സ്ത്രീയുടെ", ''കേരളീയ സ്ത്രീത്വം", "മലയാളി  ലൈംഗികവിപ്ലവം " കേരള ദേശം", "മലയാള സാഹിത്യത്തിലെ " എന്നിങ്ങനെ . ശീർഷകത്തിലല്ലെങ്കിൽ പ്രബന്ധശരീരത്തിൽ കാണും. ഇത് ഒരപൂർവതയാണ്. കേരളത്തിലെ സൈദ്ധാന്തികമായ എഴുത്തുകൾ മിക്കവാറും  തുടങ്ങുക ഏതെങ്കിലും സങ്കൽപ്പനത്തിൽ നിന്നാവും. അത്തരം സങ്കൽപ്പനങ്ങളുടെ ഉറവിടമാവട്ടെ ഏതെങ്കിലും അന്യദേശവുമായിരിക്കും. എഴുതുന്നവർക്കാണെങ്കിൽ തങ്ങൾ മാർക്സിസവുമായിട്ടൊക്കെ ബന്ധമുക്തി നേടിയോ ഇല്ലയോ എന്ന ശങ്ക ഒരിക്കലും ഒഴിയില്ല. ഇത്തരം അങ്കലാപ്പുകൾ പരിഹരിക്കാനായി സങ്കൽപ്പന പുകമറകൾ സൃഷ്ടിക്കലാണ് അവരുടെ പ്രധാന ശീലം. എന്നാൽ ലോകത്തെക്കുറിച്ച് പറയാനും സാർവ്വജനീനമായ ആലോചനകളിലേക്ക് കടക്കാനും കേരളം ഒരു തടസ്സമല്ല എന്നു മാത്രമല്ല അത്  ന്യായയുക്തമായ മാർഗ്ഗവുമാണ് എന്ന് ക്ഷമാപണമേതുമില്ലാതെ തലയുയർത്തി നിൽക്കുന്ന ഒരു എഴുത്താളിയാണ്  ജെ. ദേവിക. ആ പ്രതലത്തിൽ വെച്ച് ലോകത്തിലെ ഏതു ചിന്തകരെയും സങ്കല്പനങ്ങളെയും, വളരെ സ്വാഭാവികമായും  തുല്യ നിലയ്ക്കും അഭിമുഖീകരിക്കുന്നതിനു ദേവിക സദാ സന്നദ്ധയാണ്. ഒരു മൂന്നാംലോക നിൽപ്പാണത്. അതുകൊണ്ട് ഈ എഴുത്തുകൾ അതിൽത്തന്നെ യൂറോകേന്ദ്രിത സിദ്ധാന്തങ്ങൾക്കു പൊതുവെയും യൂറോകേന്ദ്രിത ഫെമിനിസത്തിനു സവിശേഷമായും ഉള്ള വിമർശമാണ്. പോസ്റ്റ് കൊളോണിയൽ സിദ്ധാന്തങ്ങൾ പുറത്തു നിന്നും എത്തിച്ചേരാൻ കാത്തു നിൽക്കാതെ സ്വന്തമിടത്തിൽ കാലുറപ്പിച്ച് വിദേശ-സ്വദേശ ഭേദചിന്തയെന്യേ വിമർശ സംവർഗ്ഗങ്ങൾ വഴക്കിയെടുത്ത് സിദ്ധാന്തവൽക്കരണം നടത്തുന്ന ധീരതയാണ്‌ അതിന്റെ പ്രഭവം. 

കേരളത്തെ അഭിമുഖീകരിക്കുന്നു എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ പോരാ. കേരളത്തിലെ സ്ത്രീകളുടെ ദൈനം ദിനത്തെ നേരിട്ട് അഭിമുഖീകരിക്കുന്നു എന്ന് എടുത്തു പറയണം. ഇത് വെറോരപൂർവതയാണ്. അറിവിന്റെ കൂടെ സ്ത്രീകളുടെ (മറ്റു  തള്ളിമാറ്റപ്പെട്ടവരുടെയും) സുസ്ഥിതിയെക്കുറിച്ചുള്ള ധാർമികമായ ഒരു ആകാംക്ഷ  എല്ലാ എഴുത്തിലും ഉണ്ട്. വെറുതെ പഠിക്കുകയല്ല, മാറ്റങ്ങൾക്കു വേണ്ടി വിമർശനാത്മകമായി നോക്കുകയാണ്. ലോകത്തു നിന്നുള്ള വിവരങ്ങളെ മൂല്യപരിഗണന മുൻനിർത്തി, നേർത്ത സൈദ്ധാന്തികഭാരം മാത്രം പുലർത്തി പരിശോധിക്കുന്നു എന്നാണ് ഇതിന്റെ വിവക്ഷ. കുറേക്കൂടി പച്ചയ്ക്കു പറഞ്ഞാൽ അക്കാദമിക മുരടതയില്ല. മുരട്ട് യുക്തിവാദവുമില്ല. അതുകൊണ്ടാണ് സമകാല ലോകവുമായി വളരെ ഫ്രീയായി ഇടപെടാൻ സാധിക്കുന്നത്. ഇതേക്കുറിച്ച് കുറച്ചു കൂടി പിന്നീട് പറയാം.

"സ്വവർഗ്ഗ സഹൃദയ സംഘ" ങ്ങളുടെ അനുക്രമമായ പരമ്പരയാണ് മലയാളി ധൈഷണികമണ്ഡലം. അങ്ങനെയുള്ള ഇടങ്ങളിൽ ''ഓണററി പുരുഷത്വം" സ്വീകരിക്കാത്ത  സ്ത്രീയെന്ന നിലയ്ക്കുള്ള അതിജീവനം കൂടിയാണ് ദേവികയെ ഒരു പോരാളിയാക്കുന്നത്

ദേവികയെ മലയാളത്തിലെ മറ്റു സാഹിത്യേതര രചയിതാക്കളിൽ നിന്ന് വ്യത്യസ്തയാക്കുന്ന വേറൊരു  സവിശേഷത ആനുഭവിക വിവരങ്ങളും സർഗാത്മകമായ സൈദ്ധാന്തികവത്കരണവും തമ്മിലുള്ള മേളനമാണ്. ആനുഭവികം (empirical) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തെക്കുറിച്ച് പഠിക്കുമ്പോൾ അവിടെ നിന്നുള്ള വിവരങ്ങൾ അച്ചടക്കത്തോടെ ശേഖരിക്കുകയും അതിന്റെയടിസ്ഥാനത്തിൽ മനസ്സിലാക്കുകയും ചെയ്യുന്നതിനെയാണ്. അല്ലാതെ ആനുഭവിക വാദപര (empiricist) മാവലല്ല. ഇത് പരിശ്രമശാലിത്വം ഒന്നുകൊണ്ടു തന്നെയുണ്ടാവുന്നതാണ്. ഈ പരിശ്രമശാലിത്വത്തെക്കുറിച്ച് കോട്ടയം സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ദേവികയുടെ അധ്യാപകനായിരുന്ന നിസാർ അഹമ്മദ് എന്നോട് പറഞ്ഞത്, ശേഖരിച്ചു കൊണ്ടുവരുന്ന വിവരങ്ങളുടെ ബാഹുല്യം നിമിത്തം  ഓരോ ആഴ്ചയും തനിക്ക് പിടിപ്പത് പണിയാണ് ഗവേഷകയായ ദേവിക തന്നുകൊണ്ടിരുന്നത് എന്നാണ്. കേരളത്തിലെ ആധുനികതയെ വിമർശിക്കാൻ പ്രധാനമായും വ്യവഹാരവിശകലന മാതൃകയാണ് ദേവിക സ്വീകരിക്കുന്നത്. ആ നിലയ്ക്ക് കേരളത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഒരു പാരഡൈം ഷിഫ്റ്റിന്റെ പ്രാരംഭക കൂടിയാണവർ. വ്യവഹാര വിശകലനത്തിന്റെ ഉസ്താദായ മിഷേൽ ഫൂക്കോയും ഒരു പരിശ്രമശാലി തന്നെയായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഉണ്ടായിരുന്ന ഒരു അധികസൗകര്യം യൂറോപ്പിൽ രേഖകൾ ഭദ്രമായി സൂക്ഷിക്കുന്ന രീതികൾ ഉണ്ടായിരുന്നു എന്നതാണ്. നമ്മുടെ നാട്ടിൽ അങ്ങനെയല്ല. ദേവികയാവട്ടെ സാമ്പ്രദായിക ചരിത്രരചനയിലെ ഉപാദാനങ്ങളിൽ ഒതുങ്ങി നിൽക്കാതെ എല്ലായിടത്തും പോയി വലിയ ഒരു വിവരശേഖരം (സാഹിത്യം മുതൽ ഭരണ നിർവഹണരേഖകൾ വരെയുള്ളത്) സംഭരിച്ചു. അതിൽ നിന്നുണ്ടായ തീസിസ് നോക്കിയാൽ ഒറ്റ നോട്ടത്തിൽ തന്നെ ഉപാദാനങ്ങളുടെ വൈപുല്യവും വൈവിധ്യവും ശ്രദ്ധയിൽ വരാതിരിക്കില്ല. ഈ വൈപുല്യമാവണം ഹിസ്റ്ററിയിലോ ഫെമിനിസത്തിലോ മറ്റേതെങ്കിലും വിജ്ഞാന ശാഖയിലോ ഒതുങ്ങി നിൽക്കാതെ അന്തർവിഷയകമായ ഒരു രീതി സ്വീകരിക്കാനും വ്യവഹാര വിശകലനത്തിലേക്ക് നീങ്ങാനും പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇങ്ങനെയൊരു അഭ്യൂഹം ഗൗരവത്തിലെടുത്താൽ  മറ്റൊരു ട്രേഡ് സീക്രട്ട് കൂടി വെളിപ്പെട്ടു കിട്ടിയേക്കും. അതായത്, പഠനത്തിന്റെ രീതിശാസ്ത്രം അതിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വരുകയാണ്. പല തരം വ്യവഹാരങ്ങളുടെ യുക്തി അതിൽ നിന്നു തന്നെ പുറത്തെടുക്കുന്ന ഈ രീതി  ഹെർമന്യുട്ടിക്സിലാണ് സഹജമായി കാണാറ്. ഈയർത്ഥത്തിലാണ്‌ മുരട്ടു യുക്തിവ്യാഖ്യാനമല്ല എന്നും തൊട്ടു നോക്കലാണ് എന്നും മുമ്പേ പറഞ്ഞത്. പഠനമേഖലയോടുള്ള ഉണർവ്വും സൂക്ഷ്മ സംവേദകത്വവും ഇതിനാവശ്യമാണ്. പൂർവധാരണകൾ പഠനത്തിനിടയിൽ ഉപേക്ഷിക്കാനും പുതിയ ഉൾക്കാഴ്ചകൾ ഫീൽഡിൽ നിന്ന് സ്വീകരിക്കാനുമൊക്കെ സന്നദ്ധമാണ് ഈ സമീപനം. കുടുംബശ്രീയെക്കുറിച്ചുള്ള പഠനത്തിലൊക്കെ ഇങ്ങനെ മാറി വരുന്ന ഒരു ദേവികയെ കാണാം.

ചരിത്രാധ്യാപകരും തത്വചിന്താദ്ധ്യാപകരും സാമൂഹ്യ ശാസ്ത്രാദ്ധ്യാപകരും ഒരുമിച്ച് സ്പർധയില്ലാതെ കഴിഞ്ഞ ഒരു ഡിപ്പാർട്മെന്റിലാണ് ദേവിക ഗവേഷണം ചെയ്തത് എന്നത് ശ്രദ്ധാർഹമായ കാര്യമാണ്. വേറെ എവിടെയെങ്കിലുമായിരുന്നെങ്കിൽ ദേവിക സ്വരൂപിച്ച വിവരശേഖരത്തിൽ മുക്കാൽ പങ്കും ഉപേക്ഷിക്കപ്പെടുകയും ബാക്കിയുള്ളത് വെച്ച് ഒരു ആഖ്യാനം എളുപ്പത്തിൽ സബ്മിറ്റ് ചെയ്യാൻ ഇട വരുകയും ചെയ്തേനെ. (ദേവികയുടെ തന്നെ ഭാഷയിൽ ഒരു നൂറ്റാണ്ടിനു മേലായി "സ്വവർഗ്ഗ സഹൃദയ സംഘ" ങ്ങളുടെ അനുക്രമമായ പരമ്പരയാണ്   മലയാളി ധൈഷണികമണ്ഡലം. അങ്ങനെയുള്ള ഇടങ്ങളിൽ ''ഓണററി പുരുഷത്വം" സ്വീകരിക്കാത്ത സ്ത്രീയെന്ന നിലയ്ക്കുള്ള അതിജീവനം കൂടിയാണ് ദേവികയെ ഒരു പോരാളിയാക്കുന്നത്. ഈ നിലയിലുള്ള വൈതരണികൾ ഒരേസമയം ഭൗതികവും വ്യാവഹാരികവുമാണ്. അത് അറിയണമെങ്കിൽ ദേവിക തന്നെ ഒരു ബൗദ്ധിക ജീവചരിത്രം എഴുതേണ്ടി വരും.) 

ദേവിക എന്തുകൊണ്ട് പോരാളിയാണ് ?

ഇമ്മാതിരി അഭ്യൂഹങ്ങളുമായി മുന്നോട്ടു പോവുന്നതിന് ഒരു ലക്ഷ്യമുണ്ട്. ദേവിക എന്തു കൊണ്ട് പോരാളിയാണ് എന്നതിനുള്ള വിശദീകരണത്തിനു പശ്ചാത്തലമാണ് ഈ വിശദാംശങ്ങൾ. ജെ.എൻ.യുവിൽ എം.എ പഠനം പൂർത്തിയാക്കിയ ശേഷം കേരളം വിട്ടു പോവാത്ത ഒരാളാണ് ദേവിക. അങ്ങനെ പോവണമെന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും സാധിക്കും വിധം അധിക യോഗ്യതകളുള്ള ഒരാളാണെന്നോർക്കണം. ഈ കുറിപ്പെഴുതാൻ വേണ്ടി സി.വി എടുത്തു നോക്കിയ എനിക്ക് തല ചുറ്റിയില്ലെന്നേ ഉള്ളൂ! പരിശ്രമശാലിയെന്നു പറഞ്ഞാൽ പോരാ, അന്യായ പരിശ്രമശാലിയാണ്. കേരളത്തിൽ നിൽക്കുക എന്നതും കേരളത്തിൽ നിന്നു കൊണ്ട് ഇത്രയും ചെയ്യുക എന്നതും ഒരു പോരാളി (fighter) യ്ക്കു മാത്രം സാധിക്കുന്ന കാര്യങ്ങളാണ്. ഭൗതികമായ പ്രതിബന്ധങ്ങളല്ല, ഒരു പ്രത്യേക പാരഡൈം സൃഷ്ടിക്കുന്ന അസാധ്യതകളാണ് ഇവിടെ വിവക്ഷ. രാഷ്ട്രീയമായി വ്യവസ്ഥാപിത ഇടതിനു പ്രാബല്യമുള്ള സ്ഥലമാണ് കേരളം. അക്കാദമിക മേഖലയിലാവട്ടെ പ്രത്യേക തരം ആനുഭവിക വാദത്തിനും മാർക്സിസ്റ്റ് രീതിശാസ്ത്രത്തിനും അധീശത്വമുണ്ട്. ഇതിന് പുറത്തുപോവുന്ന ഗവേഷണ പ്രശ്നങ്ങൾ ആരായാനുള്ള ഒരു വഴി കേരളത്തിനു പുറത്തുപോവുക എന്നതാണ്. കേരളപഠനങ്ങളിൽ നിർണായകമായ കുതിപ്പുകൾ സാധ്യമാക്കിയ ഏതാണ്ടെല്ലാ ഗവേഷകരും പണ്ഡിതരും ഇന്നും കേരളത്തിനു പുറത്താണ് എന്നതാണ് വാസ്തവം (ഒരു സംഘം യുവാക്കൾ അതിനു മാറ്റം വരുത്താൻ തുടങ്ങിയിട്ടുണ്ടെങ്കിലും). ദേവിക അങ്ങനെ പോയില്ല. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ അന്തർ വിഷയക പഠനവിഭാഗങ്ങളുടെ ഇക്കാര്യത്തിലുള്ള പ്രാധാന്യം അതുകൊണ്ടാണ് ഞാൻ എടുത്തു പറഞ്ഞത്. മാർക്സിസത്തിനപ്പുറമുള്ള വിമർശ വിചാരമാതൃകകളവലംബിച്ച് കേവലം ആനുഭവികശാസ്ത്രപരമല്ലാത്ത അന്വേഷണങ്ങൾ കേരളത്തിന്റെ ഭൂതകാലത്തെക്കുറിച്ച് നടത്താനും സമാനമായ ആധുനികതാ വിമർശങ്ങളോട്  ചേർന്ന് കേരളപഠനങ്ങളിൽ ഒരു വിചാരമാതൃകാസംക്രമണത്തിനു വഴിയൊരുക്കാനും ഇത്തരം സ്ഥാപനസംബന്ധിയായ സ്ഥാനമുറപ്പിക്കൽ സഹായിച്ചിട്ടുണ്ട് എന്നാണ് എന്റെ വിലയിരുത്തൽ .

ഒരു ആക്റ്റിവിസ്റ്റ് എന്ന അംഗീകൃതാർത്ഥത്തിലല്ല ഞാൻ പോരാളി എന്നു പറയുന്നത്. ഒരു അക്കാദമിക്ക് തെരുവുപോരാളി എന്ന സവിശേഷാർത്ഥത്തിലാണ്.

ഇതുപക്ഷേ ഒരു തുടക്കം മാത്രമേ ആവുന്നുള്ളൂ ദേവികയുടെ കാര്യത്തിൽ. കേരളത്തിനു പുറത്തു പോവാതെ ഉറച്ചുനിന്ന് എല്ലാ വൈതരണികളെയും നേരിട്ട്, തുടർന്നു നടത്തിയ ഇടപെടലുകൾ എത്തരത്തിലാണെന്നറിയാൻ ഈ സമാഹാരത്തിലെ ഉള്ളടക്ക പേജ് വെറുതെ എടുത്തു നോക്കിയാൽ മതി. ഒരു ആക്റ്റിവിസ്റ്റ് എന്ന അംഗീകൃതാർത്ഥത്തിലല്ല ഞാൻ പോരാളി എന്നു പറയുന്നത്. ഒരു അക്കാദമിക്ക് തെരുവുപോരാളി എന്ന സവിശേഷാർത്ഥത്തിലാണ്. ജ്ഞാനനിർമ്മിതിയുടെ ബലത്തിൽ നിന്നുകൊണ്ട് സമകാല സ്ത്രീയവസ്ഥകളെ ധാർമികമായി അഭിമുഖീകരിക്കുകയും അതിൽ മാറ്റങ്ങൾക്കു വേണ്ടി സധൈര്യം ശബ്ദമുയർത്തുകയും ചെയ്യുന്ന ഒരാൾ .

സാഹിത്യത്തിൽ നമ്മൾക്ക് മാധവിക്കുട്ടിയും ബഷീറും ഒക്കെയുണ്ടായിരുന്നിട്ടുണ്ട്. സാമൂഹ്യ പഠനങ്ങളിൽ അതു പോലെ എടുത്തു കാണിക്കാൻ സാധിക്കുന്ന എഴുത്തുകാരിയാണ് ദേവിക. മലയാളത്തിൽ എഴുതുന്നവരുടെ രചനകൾ പരിഭാഷപ്പെടുത്തി ലോകത്തിനു മുമ്പിൽ വെച്ചാൽ യാതൊരു സംശയവുമില്ല ദേവികയാവും നമുക്ക് അഭിമാനിക്കാവുന്ന എഴുത്തുകാരിൽ ഒന്നാമത് വരുന്ന ആൾ. സാഹിത്യം പോലെയല്ല മറ്റു മണ്ഡലങ്ങളുടെ സ്ഥിതി. വലിയ അപകർഷത്തോടെയാണ് അവിടെ ആൾക്കാർ കഴിഞ്ഞു കൂടുന്നത്. നല്ലതെല്ലാം ആദ്യം പുറത്താണ് സംഭവിക്കുക എന്നതിൽ ആർക്കും സംശയമില്ല. അങ്ങനെ പുറത്തുണ്ടായ സങ്കൽപ്പനങ്ങളുടെയും പഠനങ്ങളുടെയും മലയാളം ആടലാണ് പരമാവധി മൗലികത എന്ന് പുരുഷാരം ഒന്നടങ്കം ധരിച്ചു വെച്ചിട്ടുമുണ്ട്. അതിനിടയിൽ ഒരാൾ കേരളത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് ലോകത്തിലേക്ക് പടരുന്നത് ഒട്ടും എളുപ്പമല്ല. 

മനുഷ്യരുടെ ദൈനം ദിന ജീവിതത്തെയും ശരീരാനുഭവങ്ങളെയും സ്പർശിക്കാനും സഹൃദയത്വവും തത്വചിന്താപരമായ ആത്മ പ്രതിഫലനവും സൂക്ഷിക്കാനും സാധിക്കുന്നതുകൊണ്ടു തന്നെയാണ് വ്യത്യാസങ്ങളോട് ഉണർന്നിരിക്കാൻ ഈ എഴുത്തുകൾക്ക് കഴിയുന്നത്. പുറംതള്ളലല്ല, ഉൾപ്പെടുത്തലാണ് അതിന്റെ സ്വാഭാവിക ശീലം. നേരത്തെ പറഞ്ഞതുപോലെ ഏതെങ്കിലും സിദ്ധാന്തത്തോടല്ല, മുന്നിലുള്ള പ്രശ്നങ്ങളോടാണ് പ്രതിബദ്ധത. സിദ്ധാന്തങ്ങൾ അതിലേക്ക് എത്തിപ്പെടുകയാണ്. പ്രശ്നങ്ങളിൽ മുഴുകുന്ന സമയത്ത് രീതിശാസ്ത്രം ഉരുത്തിരിയുകയും മാറുകയും ചെയ്യുന്നു. ഉറച്ചു നിൽക്കലല്ല, ആയിത്തീരലാണ് (becoming) ഇവയുടെ സ്വഭാവം. 

എത്ര തന്നെ സർഗാത്മകമായാലും, അക്കാദമിക മുരട്ടു സ്വഭാവം ഒഴിവാക്കിയാലും സാമൂഹ്യശാസ്ത്രത്തിനു പോകാവുന്ന ദൂരത്തിനു ഒരു പരിധിയുണ്ടെന്നു വ്യക്തിപരമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. തരം കിട്ടുമ്പോഴൊക്കെ ആൾക്കാരോടിത് പറഞ്ഞു നോക്കാറുമുണ്ട്. ദേവികയോടും ചോദിച്ചു, ഞാൻ പ്രവർത്തിക്കുന്ന ബ്രണ്ണൻ കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് നടത്തിയ സെമിനാറിൽ വെച്ച്. ദേവികയുമായി ഒരു സംവാദ സെഷനിലെ ചോദ്യ കൈകാര്യകർതൃത്വത്തിന് എന്നെയാണ് അവർ ഏർപ്പാട് ചെയ്തത്. കൾച്ചറൽ സ്റ്റഡീസുമായി ബന്ധപ്പെട്ട സെമിനാറായതിനാൽ രീതിശാസ്ത്രമായിരുന്നു ചോദ്യങ്ങളുടെ  കേന്ദ്ര പ്രമേയം. സമകാല സംഭവ വികാസങ്ങളും വ്യക്തിപരമായ പ്രതിബദ്ധതയും പഠനഗവേഷണങ്ങളും തമ്മിലുള്ള സൂക്ഷ്മ സംയോജനം ഈ കലങ്ങിമറിഞ്ഞ കാലത്ത് എങ്ങനെയാണു സാധിക്കുന്നത് എന്ന ചോദ്യത്തിനുത്തരമായി ദേവിക ഇങ്ങനെ പറഞ്ഞു:   

"എന്റെ ബൗദ്ധിക രചനാക്രമത്തിൽ കൾച്ചറൽ സ്റ്റഡീസ് എന്നത് ചെറിയൊരു ഭാഗം മാത്രമാണ്. മിക്കപ്പോഴും കണക്കുകളാണ് എന്റെ സോഴ്‌സ്. സർക്കാരിനോട് സംസാരിക്കാൻ കണക്കുകൾ വേണം. ആനുഭവികവും  ഗണപരവും (quantitative ) ആയ ദത്തങ്ങളാണ് അത്തരം പഠനങ്ങളിൽ പ്രധാനം. വിമൻസ് സ്റ്റഡീസിലും സാഹിത്യ വിചാരത്തിലും സാമൂഹ്യ ശാസ്ത്രത്തിലും മാറി മാറി നിൽക്കുന്ന ഒരാളാണ് ഞാൻ. അതേ സമയത്തു തന്നെ വിവർത്തനങ്ങൾ (ഇംഗ്ളീഷിലേക്കും മലയാളത്തിലേക്കും) ചെയ്തു കൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു നിരന്തര സഞ്ചാരമാണ് എന്റെ ബൗദ്ധിക പ്രവർത്തനം. പ്രതിപക്ഷ സിവിൽ സമൂഹത്തിന്റെ ഭാഗത്തു നിന്ന് സർക്കാരുമായി സംസാരിക്കുമ്പോൾ വികസന പഠനങ്ങളിലെയും ചരിത്ര വിജ്ഞാനീയത്തിലെയും പൊളിറ്റിക്കൽ സയൻസിലെയും എന്റെ പഠനങ്ങളാണ് പ്രധാന അവലംബം. അവ ഇംഗ്ളീഷിലും മലയാളത്തിലുമുണ്ട്. സർക്കാർപക്ഷ വ്യവഹാരത്തെ ഉള്ളിൽ നിന്ന് മനസ്സിലാക്കി അതിനുള്ളിൽ ഒരു എതിർ സ്ഥാനം  കണ്ടെത്തി സംസാരിക്കുക എന്നതാണ് എന്നെ സംബന്ധിച്ച്  സാധ്യമായ മാർഗ്ഗം. എനിക്ക് അവാർഡുകളോ അംഗീകാരങ്ങളോ വേണ്ട. അതുകൊണ്ടു തന്നെ എന്നെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്ക് വിഴുങ്ങാൻ കഴിയില്ല  ഇതൊരു ഒഴുക്കു തന്നെയാണ്. ഉറച്ചു നിൽപ്പല്ല. ഒഴുകാൻ തീരുമാനിച്ചാൽ അങ്ങൊഴുകും."

കേരളത്തിലെ സാമൂഹ്യശാസ്ത്രത്തിനു കാലാകാലങ്ങളിൽ ഭരണകൂടവും വികസന വ്യവഹാരങ്ങളുമായുള്ള അടുത്ത ബന്ധത്തെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. ദേവിക എടുക്കുന്നത് സർക്കാരിനോട് എപ്പോഴും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ സ്ഥാനമാണ്. സാമൂഹ്യ പ്രസ്ഥാനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളും ഉണ്ടാക്കിയെടുക്കുന്ന പുതിയ ഇടങ്ങളും ഇതിനു അവസരമൊരുക്കുന്നു. തിരിച്ച് ഇത്തരം അക്കാദമിക ശ്രമങ്ങൾ ആ പ്രതിപക്ഷയിടങ്ങളെ കൂടുതൽ വികസ്വരമാക്കുകയും ചെയ്യുന്നു. 

രണ്ട് 

ദേവിക പറഞ്ഞു പറഞ്ഞെത്തിയ ഒഴുക്ക് (fluidity) അവരുടെ  രചനാ ലോകത്തേക്കുള്ള  വേറൊരു താക്കോൽ വാക്കാണ്.  ഒരു ദ്രവരാഷ്ട്രീയമാണ് അതിന്  എല്ലായ്പ്പോഴും ഊർജ്ജം നൽകുന്നത്. ഉറപ്പിന്റെ എന്നതേക്കാൾ  ഒഴുക്കിന്റെ രാഷ്ട്രീയമാണവ മുൻനിർത്തുന്നത്. പൊതുവെ കേരളത്തിലെ പുരോഗമന വ്യവഹാരങ്ങളിൽ ശക്തമായ "നവോത്ഥാനപ്പേച്ച്''  (Renaissance Talk ) എന്ന് വിളിക്കാവുന്ന തന്ത്രത്തെ അത് ഒട്ടും കൂട്ട് പിടിക്കുന്നില്ല.

നവോത്ഥാന കാലത്തെ ലിംഗബന്ധ രൂപീകരണം സ്ത്രീകൾക്ക് വിമോചനമൊന്നും നേടിക്കൊടുത്തിട്ടില്ല എന്നാണ് ദേവിക പറയുന്നത്. ബ്രാഹ്മണ മൂല്യങ്ങൾ വ്യാപിക്കുകയും പൊതുവിടം തന്നെ ഹൈന്ദവവത്കരിക്കപ്പെടുകയുമാണ് ഉണ്ടായത്.

നവോത്ഥാനം എന്ന മൂല്യപര ( normative) സംജ്ഞ ബംഗാളിൽ നടന്ന സാമൂഹ്യ മാറ്റങ്ങളെ വിശദീകരിക്കാൻ വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. ബംഗാളാണ് ഇന്ത്യ എന്ന സമവാക്യം ദേശീയ പ്രസ്ഥാനകാലത്ത് ശക്തമായിരുന്നതിനാലാവണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിൽ നടന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കാര്യമായ യാതൊരു സഹായവും നൽകാത്ത ആ വാക്ക് പെട്ടെന്നു സർവരുടെയും അംഗീകാരം നേടിയത്. ആരുടെ നവോത്ഥാനം? എന്ന ചോദ്യമുന്നയിച്ച ദേവിക അതെന്തായാലും സ്ത്രീകൾക്ക് വിമോചകമായ കാലമായിരുന്നില്ല എന്ന് ചോദ്യം ചെയ്യാനാവാത്ത വിധമുള്ള ദത്ത സമൃദ്ധിയോടെയും വിശകലന സൂക്ഷ്മതയോടെയും  സ്ഥാപിച്ചു. ഇതാണ് ദേവികയുടെ എല്ലാ എഴുത്തിന്റെയും അസ്തിവാരം. നവോത്ഥാന കാലത്തെ ലിംഗബന്ധ രൂപീകരണം സ്ത്രീകൾക്ക് വിമോചനമൊന്നും നേടിക്കൊടുത്തിട്ടില്ല എന്നാണ് ദേവിക പറയുന്നത്. ബ്രാഹ്മണ മൂല്യങ്ങൾ വ്യാപിക്കുകയും പൊതുവിടം തന്നെ ഹൈന്ദവവത്കരിക്കപ്പെടുകയുമാണ് ഉണ്ടായത്. സ്ത്രീകൾ വീട്ടമ്മമാർ എന്ന നിലയ്ക്ക് സ്വകാര്യയിടത്തിലേക്ക് ഒതുക്കപ്പെട്ടു. വൈയക്തികമായ ആത്മനിയന്ത്രണം പരമ പ്രധാനമായി മാറി. പ്രേമം മഹത്തരവും കാമം രോഗാതുരവുമായി കണക്കാക്കപ്പെട്ടു. ലൈംഗികതയെ വരുതിയിലാക്കിയ വീട്ടമ്മയും നവ കുടുംബഘടനയും ആധുനികതയുടെ തന്നെ അസ്തിവാരമായി മാറി. 

ക്ഷമയോടെയുള്ള വ്യവഹാര വിശകലനങ്ങളിലൂടെ (ദത്തങ്ങളിൽ നിന്ന് കണ്ടെത്തുന്ന സ്വാതന്ത്ര്യം, അന്തഃകരണം തുടങ്ങിയ ആധുനിക കാലവ്യവഹാരങ്ങളെ തന്റെ തീസിസിൽ ദേവിക വിശകലനം ചെയ്യുന്നത് അന്യാദൃശമായ രീതിയിലാണ്) ആധുനികതയ്ക്ക് വിമൃഷ്ടി തീർക്കുമ്പോൾ പരക്കെ വിശ്വസിക്കപ്പെടുന്ന "പുരോഗതി"യിലുള്ള വിശ്വാസമാണ് പൊളിഞ്ഞു പോവുന്നത്. രേഖീയവും  യുക്തിപരവുമായ ഒരു മുന്നോട്ടു പോക്കല്ല ആധുനികതയുടെ ഘട്ടത്തിൽ കാണുന്നത്. ഒരു സ്ത്രീ പരിപ്രേക്ഷ്യത്തിൽ അക്കാല ചരിത്രത്തെ മുഴുവൻ പരിശോധിക്കുമ്പോഴാണത് വെളിപ്പെടുക. സ്ത്രീപക്ഷകാഴ്ച എന്നാൽ നിലവിലുള്ള ചരിത്രത്തോട് മുമ്പുണ്ടായിരുന്ന / ഒഴിവാക്കപ്പെട്ട  സ്ത്രീകളുടെ വിവരങ്ങൾ കൂടി കൂട്ടിച്ചേർക്കലല്ല ദേവികയ്ക്ക്. ആധുനിക വ്യക്തി എന്നതിന്റെ നിർമാണ മൂലകങ്ങളെത്തന്നെ ആമൂലാഗ്രം അപനിർമ്മിക്കലാണ്. വ്യക്തിവാദത്തിന്റെയും ലിബറലിസത്തിന്റെയും പരിമിതികൾ തുറന്നു കാണിക്കലാണ്. 

ഈ പഠനത്തിലൂടെയും അതിനിടയ്ക്കും രൂപപ്പെട്ട  വിശകലനതന്ത്ര (framework) ത്തിന്റെ സ്ഥിതിയെന്താണ്? മറ്റുള്ളവർക്ക് അവലംബിക്കാനാവുന്ന ഒരു പണിസഞ്ചിയാണോ (tool kit) അത്? മറ്റുള്ളവരുടെ കാര്യമെന്തായാലും തൻ ഉണ്ടാക്കിയ ഫ്രെയിംവർക് പിന്നീടുള്ള  പഠനങ്ങളിൽ സർഗ്ഗാത്മകമായി പുനരുപയോഗിക്കുന്ന വേറൊരു ദേവികയെ ഈ പുസ്തകത്തിൽ തന്നെ നമുക്ക് കാണാം; കുടുംബാസൂത്രണത്തെക്കുറിച്ചുള്ള പഠനത്തിൽ പ്രത്യേകിച്ചും. പുരോഗമന പൊതുബോധത്തെയാണ് ഇവിടെയും ദേവിക പൊളിച്ചടുക്കുന്നത്. കേരളത്തിന്റെ താരതമ്യേനെയുള്ള പുരോഗതിയെ ഉദാഹരിക്കാനാണല്ലോ കുടുംബാസൂത്രണ പദ്ധതിയെയൊക്കെ ആൾക്കാർ പരാമർശിക്കാറു പതിവ്. സ്ത്രീകൾക്ക് എങ്ങനെയാണത് മർദ്ദകമാവുന്നതെന്ന് തന്റെ വ്യവഹാര വിശകലനത്തിലൂടെ ദേവിക വരച്ചുകാണിക്കുന്നു. കുടുംബാസൂത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന്റെ  ഉത്തരവാദിത്തം ഏകപക്ഷീയമായി സ്ത്രീകൾക്ക് മേൽ ഏല്പിക്കപ്പെടുകയാണ് ഉണ്ടായത്. ഇതിനുപോൽബലകമായി 1999 - 2000 വർഷത്തിൽ കേരളത്തിൽ 653 പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകളും 1,53 ,515 സ്ത്രീ വന്ധ്യംകരണ ശസ്ത്രക്രിയകളും ആണ് നടന്നതെന്ന അനുഭവിക വിവരം  മുന്നോട്ടു വെക്കുന്നു. ആൺകോയ്മാ കുടുംബത്തിനു മാത്രം നേട്ടമുള്ള കാര്യമാണിത്. സ്വന്തം ശരീരത്തിനു മേൽ തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീകൾക്ക് നിഷേധിച്ച ശേഷമാണ് പുരോഗമന കേരളത്തെപ്പറ്റി വാചകമടി തുടരുന്നത്.

ആധുനികതയായാലും വികസനമായാലും യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത് എന്ന് വിവരിച്ചുകൊണ്ടാണ് ഈ ലേഖനങ്ങൾ  തുറന്നു കാണിക്കുക. പാടിപ്പതിഞ്ഞ പല ധാരണകളും അപ്പോൾ തകർന്നു പോവും. ലോകവ്യാപകമായിത്തന്നെ ആൾക്കാർക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ് തങ്ങൾ ശരിക്കും എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണിച്ചു കൊടുക്കൽ.

ആധുനികതയിൽ വീട് എന്ന സ്വകാര്യയിടത്തിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട സ്ത്രീകളുടെ കലാപത്തെ അടയാളപ്പെടുത്താൻ  വീട് എന്ന പരിധി ഒരിക്കലും അതിലംഘിക്കാത്ത ഒരു എഴുത്തുകാരിയുടെ കൃതികളുടെ വായനയാണ് ദേവിക അവലംബിക്കുന്നതെന്നതും  കൗതുകകരമാണ്. നവോത്ഥാനവ്യവഹാരങ്ങളിലുള്ള ആൺ - പെൺ ബന്ധം അധ്യാപക ബന്ധമായിരുന്നു. ഒരു തരം പഠിപ്പിക്കൽ തന്നെ.  ഈ പുരുഷ പരിഷ്കർത്താവിനെ സമ്പൂർണമായി നിരാകരിക്കുന്നു എന്നതാണ് മാധവിക്കുട്ടിയുടെ ' എന്റെ കഥ' യുടെ പ്രത്യേകതയായി ദേവിക കാണുന്നത്. ആ സ്ഥാനത്ത് കാമുകനായ ഒരു പുരുഷബിംബത്തെ കൊണ്ടുവരുന്നു. ഇങ്ങനെ ചെയ്യുന്ന സ്ത്രീ ആധുനികതയിലെ ഗൃഹസ്ഥയല്ല. " ഒരു വീട്ടമ്മയ്ക്ക്, വീട്ടമ്മയുടേതല്ലാത്ത ഒരു സ്വകാര്യ മണ്ഡലം ഉണ്ടാവാമെന്നും ആ മണ്ഡലത്തിൽ ശരീരത്തിന്റെ ആനന്ദങ്ങൾക്കു വിലക്കില്ലാതെ പുലരാമെന്നും എന്റെ കഥ പറയുന്നു." മനസ്സു മാത്രമുള്ള റൊമാന്റിക്ക് പ്രേമത്തെയും നിർവ്യക്തികമായ കാമത്തെയും ഒരു പോലെ നിരാകരിക്കുന്നതാണ് മാധവിക്കുട്ടിയുടെ കലാപം. ഗൃഹസ്ഥയുടെ സ്ഥാനത്ത് വിലാസിനിയെ അവർ കൊണ്ടു വന്നു. അഭിനന്ദിക്കുന്ന, അംഗീകരിക്കുന്ന പുരുഷനെയാണ് അവർ സ്വപ്നം കാണുന്നത്. ഒരു പാരസ്പര്യമാണ്, നവോത്ഥാനത്തിന്റെ അധികാര ബന്ധമല്ല അവർ മുൻ നിർത്തുന്നത്. ലാവണ്യവതിയുടെ കലാപം എന്ന് വേണമെങ്കിൽ വിളിക്കാം മാധവിക്കുട്ടിയുടെ കലാപത്തെ. അവർ ആദർശ ആധുനിക സ്ത്രീയെ നെടുകെ പിളർന്നു. പ്രജനന മൂല്യം കയ്യൊഴിഞ്ഞു. ലാവണ്യ മൂല്യത്തെ ആലിംഗനം ചെയ്തു. അവരുടെ ആത്മകഥയിൽ  ലൈംഗിക കേളികളുടെ വിവരണമല്ല ഉള്ളത്. നളിനി ജമീലയുടെ ആത്മകഥയിലും ദേവിക കാണുന്നത് ലൈംഗികതയെ ലൈംഗികതയായി മാത്രം കണ്ടുകൊണ്ട്, മറ്റൊന്നിലേക്ക് അതിനെ ഉയർത്തുകയോ ചുരുക്കുകയോ ചെയ്യാതെ ദൈനംദിനത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന ആഖ്യാതാവിനെയാണ്.

"നവോത്ഥാനം കെട്ടി നിറച്ചു വെച്ച ഒരറയല്ല. സഞ്ചാരത്തിന്റെ പല വഴികൾ തുറന്നു തരുന്ന ഒഴുക്കാണ്...  ശ്രദ്ധിച്ചു നോക്കിയാൽ ശ്രീനാരായണനിൽ ഇങ്ങനെയുള്ള എല്ലാ ഒഴുക്കുകളോടും തുറന്നു കിടക്കുന്ന ഒരു സ്വഭാവം കാണാൻ കഴിയും.

മൂന്ന് 

അനുശീലനപരമായും സ്ഥാപനപരമായും നോക്കിയാൽ ദേവിക നിൽക്കുന്നത് സാമൂഹ്യശാസ്ത്രത്തിലും ചരിത്രത്തിലും സംസ്കാര പഠനത്തിലും വിമൻസ് സ്റ്റഡീസിലും രാഷ്ട്രീയ തത്വചിന്തയിലുമൊക്കെയാണ്. ഏതെങ്കിലുമൊന്നിൽ മാത്രമായല്ല, ചിലപ്പോൾ അകത്തും ചിലപ്പോൾ പുറത്തുമായി. അന്തർ വിഷയക സ്വഭാവം ഏതാണ്ടെല്ലാ രചനകൾക്കുമുണ്ട്. അതേ സമയം ഈ ഡിസിപ്ലിനുകളെല്ലാം (യൂറോപ്യൻ ) ആധുനികതയുടെ സൃഷ്ടികളാണ് എന്ന വൈരുധ്യവുമുണ്ട്. ആശിഷ് നന്ദിയുടെ ആധുനികതാ വിമർശത്തെ വാക്സിനേഷൻ എന്ന് ഡി.ആർ നാഗരാജ് വിളിച്ചത് ഇവിടെ ഓർമിക്കാവുന്നതാണ്. രോഗശരീരത്തിൽ നിന്ന് തന്നെ പ്രതിരോധവും ഉണ്ടാക്കുന്നു എന്നയർത്ഥത്തിലാണത്. ഇതല്ലാതെ ആധുനികതയുടെ ചിഹ്നപരവും വൈകാരികവും ബൗദ്ധികവുമായ പരിധിക്കു പുറത്തുള്ള ഊർജ്ജ സംഭരണികളിൽ നിന്ന് ബലം സ്വീകരിക്കുന്ന  ആധുനികതാ വിമർശങ്ങൾ സാധ്യമാണ്. സാഹിത്യത്തെക്കുറിച്ചും ചിലപ്പോൾ രാഷ്ട്രീയത്തെക്കുറിച്ചു തന്നെയുമുള്ള  എഴുത്തിൽ ഇങ്ങനെയൊരു അദൃശ്യമായ ഊർജ്ജപ്രവാഹത്തിന്റെ മിന്നലാട്ടങ്ങൾ ദേവികയുടെ എഴുത്തുകളിൽ മിന്നി മായുന്നത്  കാണാം.  "മറുവായനയിലെ മുസ്‌ലിം സ്ത്രീ" എന്ന ലേഖനത്തിൽ മുസ്‌ലിം  സ്ത്രീവാദം എന്ന പ്രയോഗം എന്തു കൊണ്ടാണ് തനിക്ക് ആകർഷകമാവുന്നതെന്നു വിശദീകരിക്കുന്ന ഭാഗം ഇതിനുദാഹരണമാണ്. ഇവിടെയും പുരോഗമന മലയാളി പൊതുബോധത്തിനു ഒട്ടും ദഹിക്കാത്ത സമീപനമാണ് ദേവിക പുലർത്തുന്നത്. പാരമ്പര്യങ്ങൾ  ജീവസ്സുറ്റതാണ് എന്നും പ്രതിസന്ധികളെ മറികടക്കുന്നതിനായി അവ മറ്റു സംസ്കാരങ്ങളുടെ ഭാഷ പഠിക്കാറുണ്ടെന്നും ഫാത്തിമ മെർനിസ്സിയും ആമിന വദൂദുമൊക്കെ ചെയ്യുന്നത് അതാണെന്നും ദേവിക അടിവരയിട്ടു പറയുന്നു. ഒരു യുക്തിവാദ-മാത്രമല്ലാത്ത ഫെമിനിസത്തിന്റെ  സാധ്യത തീർച്ചയായും ആധുനികതയുടെ ആഭ്യന്തര - വിമർശങ്ങളുടെ പരിമിതികളെക്കൂടി മറികടക്കുന്നതാണ്. മുമ്പ് സൂചിപ്പിച്ച മുഖാമുഖത്തിൽ ഞാൻ ഗുരുവിനെക്കുറിച്ച് ഒരു ചോദ്യം ദേവികയോട് ഉന്നയിച്ചിരുന്നു. നവോത്ഥാനപ്പേച്ചിലെ നടുക്കഷണമാണല്ലോ ഗുരു. ഗുരുവിനെ ഒരു ദ്രവ രാഷ്ട്രീയത്തിന്റെ ഭാഗമായി പുനരാവിഷ്കരിക്കാൻ പറ്റുമോ എന്നതായിരുന്നു ചോദ്യം. അതിനുള്ള ഉത്തരം ഇങ്ങനെ :

"നവോത്ഥാനം കെട്ടി നിറച്ചു വെച്ച ഒരറയല്ല. സഞ്ചാരത്തിന്റെ പല വഴികൾ തുറന്നു തരുന്ന ഒഴുക്കാണ്. മിഷനറിമാര്‍ വഴി അടിമത്തവിരുദ്ധ പ്രസ്ഥാനത്തിലെ പല ആശയങ്ങളും ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. അക്കാലത്തു തന്നെ സിംഗപ്പൂരിലേക്കും ആഫ്രിക്കയിലേക്കും മലേഷ്യയിലേക്കുമൊക്കെ മലയാളികൾ കുടിയേറിയിട്ടുണ്ട്. അവിടെ വെച്ചുമാണ് കമ്മ്യുണിസവുമായി അഭിമുഖം വരുന്നത്. കമ്മ്യുണിസം ഒഴുകിയെത്തിയ ആശയധാരയാണ്. ശ്രദ്ധിച്ചു നോക്കിയാൽ ശ്രീനാരായണനിൽ ഇങ്ങനെയുള്ള എല്ലാ ഒഴുക്കുകളോടും തുറന്നു കിടക്കുന്ന ഒരു സ്വഭാവം കാണാൻ കഴിയും. അദ്ദേഹം യുക്തിവാദികളോട് സംസാരിക്കുന്നു. ഗാന്ധിയോടും സംസാരിക്കുന്നു. നിന്ദയില്ല. ബഹുമാനവും ഇല്ല. ഒന്നിനെയും ഭയപ്പെടാതെ എല്ലാത്തിനും വന്നു പോകാവുന്ന ഒരിടമായിരുന്നു ഗുരു ."

ഒരു അടഞ്ഞ ഭൂമിശാസ്ത്ര പരിധിയായി കേരളത്തെ സങ്കൽപ്പിക്കുക എന്ന അപകടമാണ് ദേവിക കീഴാള സാർവജനീനത എന്ന സങ്കൽപ്പനത്തിലൂടെ അടുത്ത കാലത്ത് ഒഴിവാക്കാൻ ശ്രമിക്കുന്നത്.  നവോത്ഥാനപ്പേച്ചിൽ പൊതുവെ അങ്ങനെയൊരു അടച്ചുകളയലുണ്ട്. 

ആധുനികത പോലെ തന്നെ കോസ്മോപൊളിറ്റനിസവും പലതുണ്ട് . ആധുനികതയെ ആത്മപ്രശംസയ്‌ക്കായി ഉപയുക്തമാക്കുന്നത് പോലെ ഇവിടെയുണ്ടായിരുന്ന 'എല്ലാത്തിനെയും സ്വീകരിക്കുന്ന' തരം കോസ്മോപൊളിറ്റനിസത്തെയും ആഘോഷപൂർവം ഉയർത്തിക്കാണിക്കുന്ന വ്യവഹാരങ്ങൾ അടുത്തിടെ ശക്തിപ്പെട്ടിട്ടുണ്ട്. ദേവികയാണെങ്കിൽ അതിനെ ജാതീയ - കോസ്മോപൊളിറ്റനിസം എന്നാണ് വിളിക്കുന്നത്. ഇതിനിടയിൽ മുക്കിക്കളയുന്ന കീഴാള കോസ്മോപൊളിറ്റനിസത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്. ഇത്തരം ഒഴുക്കുകളെയും കുടിയേറ്റങ്ങളെയും ആസ്പദമാക്കി കേരളത്തിന്റെ ഭൂതകാലത്തെ നോക്കാൻ ശ്രമിക്കുന്ന സമീപകാല ലേഖനങ്ങൾ ഇംഗ്ലീഷിലാണുള്ളത്. കുടിയേറ്റം എന്ന വാക്ക് പ്രധാനമാവുന്ന  ഗവേഷണ ചട്ടക്കൂടവലംബിക്കുന്ന ഈ പഠനങ്ങൾ  ആധുനികതയുടെ അചഞ്ചലതക്ക് ഒരിക്കൽ കൂടി ആദ്യം ഇളക്കം തട്ടിക്കുന്നു .

മലയാളികളെ ഒരു തരത്തിലും സ്വയം അഭിനന്ദിക്കാൻ അനുവദിക്കില്ല എന്ന നിശ്ചയത്തിലാണ് ഈ എഴുത്തുകാരി! 

ഫെമിനിസവും ദലിത് രാഷ്ട്രീയവും ക്വിയർ രാഷ്ട്രീയവുമടക്കമുള്ള ചെറു (minor) ധാരകളാണ്  ഈ വിമർശ സംരംഭത്തിൽ ദേവികയുടെ സഖ്യ ശക്തികൾ. ഭരണകൂടത്തോടൊപ്പമല്ല പ്രതിപക്ഷ പൗര സമൂഹ ശക്തികൾക്കൊപ്പമാണ് ഇക്കാലമത്രയും അത് ഒഴുകിക്കൊണ്ടിരിക്കുന്നത്. രൂപകാത്മകവും സാഹിതീയവും ആത്മീയവും ആധുനികേതര സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കുന്നതുമായ പുതിയ ദിശകളിൽ ആ ഊർജ്ജപ്രവാഹം കൂടുതൽ പ്രസരിക്കട്ടെയെന്ന് ഞാൻ ആശിക്കുന്നു.

ചർച്ച. എല്ലാം കൂടി നാലു മണിക്കൂറിലധികം നീണ്ടു. രണ്ടു ഭാഗത്തു നിന്നും ഞങ്ങളുടെ മറുപടികളെല്ലാം കഴിഞ്ഞപ്പോൾ പ്രധാന സംഘാടകനും സുഹൃത്തുമായ ഗഫൂർ എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു. "നിങ്ങൾ ഒരമ്മ പെറ്റ മക്കളാണോ!"

നാല് 

ദേവികയുടെ ഇളയ മകൾ കുഞ്ഞമ്മുവിന്റെ പ്രായമുണ്ട് ദേവികയുമായി അഭിമുഖം നടത്താനുള്ള എന്റെ പ്രഥമ പരിശ്രമത്തിന്‌. പുതുതായി വാങ്ങിയ വോയ്‌സ് റെക്കോർഡർ വഴിയിൽ വെച്ച് ടെസ്റ്റ് ചെയ്ത് ഉറപ്പു വരുത്തി അൽപ്പം സഭാകമ്പത്തോടെ തിരുവനന്തപുരം ജവഹർ നഗറിലെ വീട്ടിലേക്കു പോകുമ്പോൾ  കുഞ്ഞമ്മു ജനിച്ചിട്ടേയുള്ളൂ. തീസിസ് സമർപ്പിക്കപ്പെട്ടിട്ടില്ല. ചോദ്യത്തിന്റെ അപ്പുറമല്ല ഇപ്പുറത്താണ് ഇരിക്കാൻ താൽപ്പര്യം, സ്വന്തം മാർജ്ജിനാലിറ്റി കളഞ്ഞു കുളിക്കാൻ താൽപ്പര്യമില്ല എന്നു പറഞ്ഞ് എന്നെക്കൊണ്ട് റെക്കോർഡർ അടച്ചു വെപ്പിച്ചു. സംസാരം പക്ഷെ നിലച്ചില്ല. കോഴിക്കോട് സർവകലാശാലയിൽ ഞങ്ങൾ കുറച്ചു പേർ ചേർന്ന് ‘ഹോംപേജ്’ എന്ന പ്രസാധനാലയം തുടങ്ങുകയും "ആധുനികോത്തരതയുടെ രാഷ്ട്രീയം" എന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ മാധ്യമം വാരികയിൽ  പരസ്യം നൽകുകയും ചെയ്ത ശേഷമായിരുന്നു ഈ സംഭവം. ടി.കെ.രാമചന്ദ്രൻ, ബി.രാജീവൻ, നിസാർ അഹമ്മദ് എന്നിവരാണ് ദേവികയ്ക്കു പുറമെ അഭിമുഖത്തിനു  സമ്മതിച്ചവർ. അവരോടെല്ലാം സംസാരം നടന്നു. പുസ്തകം ഇറങ്ങിയില്ല.

മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷവും ഞങ്ങൾ രണ്ടാളും ചോദ്യങ്ങളുടെ ഇപ്പുറത്തു തന്നെ. ഇതിനിടയിൽ കൂട്ട് ചേർന്ന് പല സംരംഭങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്. പിണങ്ങിയിട്ടുണ്ട്, പരസ്യമായിത്തന്നെ അടികൂടിയിട്ടുണ്ട്. ചെങ്ങറ സമരത്തിലെ രാത്രിസമര സമയത്തൊക്കെ ഒരുമിച്ചു ചെറുത്തു നിന്നിട്ടുണ്ട്. ഒരിക്കൽ ഞങ്ങൾ രണ്ടാളും ഒരുമിച്ച് മസ്ക്കറ്റിലെ "ഇടം" എന്ന കൂട്ടായ്മ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തത് ഓർമ വരുന്നു. അവതരണത്തേക്കാൾ ദീർഘമായിരുന്നു ചർച്ച. എല്ലാം കൂടി നാലു മണിക്കൂറിലധികം നീണ്ടു. രണ്ടു ഭാഗത്തു നിന്നും ഞങ്ങളുടെ മറുപടികളെല്ലാം കഴിഞ്ഞപ്പോൾ പ്രധാന സംഘാടകനും സുഹൃത്തുമായ ഗഫൂർ എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു. "നിങ്ങൾ ഒരമ്മ പെറ്റ മക്കളാണോ !" സാധാരണ ഗതിയിൽ കേരളത്തിൽ നിന്ന് വരുന്ന പ്രാസംഗികർ സി.പി എമ്മിനെയൊക്കെ വിമർശിക്കുന്നതിനു ഒരു മയമുണ്ടാവും. ഇത് യാതൊരു മയവുമില്ലാതെ രണ്ടറ്റത്തിരുന്ന് നോൺ സ്റ്റോപ്പ്  വിമർശനം.

അത് തന്നെ.   

നിരന്തര പ്രതിപക്ഷം.

അസംഖ്യം സമരസഖ്യങ്ങൾക്ക്  സാക്ഷ്യമായി ഈ ആമുഖവും.


പരാമർശിത കൃതികൾ: 

D. R. Nagaraj, Listening to The Loom: Esssays on Literature, Politics, and Violence (Ranikhet: Permanent Black,2012)

J. Devika, Engendering Individuals: The Language of Reformation in Twentieth Century Keralam (New Delhi: Orient Longman, 2007)

J.Devika, “Migration, Transnationalism, and Modernity:Thinking of Kerala’s Many Cosmopolitanisms” (Cultural Dynamics, 2012, 24 (2-3), 127-142)

(ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ''നിരന്തര പ്രതിപക്ഷം: ജെ.ദേവികയുടെ ലേഖനങ്ങൾ'' എന്ന പുസ്തകത്തിൽ നിന്ന്).

Contact the author

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More