ബുദ്ധ ധ്യാനത്തിന് ദൃശ്യഭാഷ പകര്‍ന്ന കിം കി ഡുക്ക് ചിത്രം - ഫാസില്‍

ബുദ്ധ ദർശനങ്ങൾക്കുമേലുള്ള കലാപരമായ ഒരു അഗാധധ്യാനം എന്ന് ഒറ്റവാക്യത്തിൽ വിശേഷിപ്പിക്കാവുന്ന സിനിമയാണ് വിഖ്യാത കൊറിയൻ ചലച്ചിത്രകാരനായ കിംകി ഡുകിന്റെ ‘Spring Summer, Fall, Winter... and Spring’. പ്രകൃതി രമണീയമായ പർവ്വതപ്രദേശത്തിൻ്റെ നീലഹൃദയം പോലെയുള്ള തടാകത്തിനു നടുവിൽ പൊങ്ങിക്കിടക്കുന്ന ഒരു ബുദ്ധമഠത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ഒരു ചങ്ങാടത്തിലാണ് സന്യാസീ മഠം പണിതിരിക്കുന്നത്. വൃദ്ധനായ ഒരു സന്യാസിയും ഒരു കൊച്ചുബാലനുമാണ് മഠത്തിലെ അന്തേവാസികൾ. വൃദ്ധൻ ബുദ്ധദർശനങ്ങളിലൂടെ തനിക്ക് കരഗതമായ ജ്ഞാനം കൊച്ചുസന്യാസിയിലേക്ക് പകരുവാൻ ശ്രമിക്കുന്നു.

ഈ ചലച്ചിത്രം പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ രണ്ടു വസന്തങ്ങൾക്കിടയിലെ ഋതുക്കളുടെ കഥ പറയുന്നു. കൊറിയൻ പ്രകൃതിയുടെ ഋതുപ്പകർച്ചകളല്ല കിംകി ഡുക്കിന്റെ വിഷയമെന്നു മാത്രം. വൃദ്ധനായ ഒരു ബുദ്ധ ഭിക്ഷുവിനേയും അയാളുടെ ശിഷ്യനേയും കേന്ദ്രീകരിച്ചാണ് സിനിമ വികസിക്കുന്നത്. ശിഷ്യന്റെ ജീവിതത്തിന്റെ വിഭിന്ന ഋതുക്കളുടെ കഥയാണ് സിനിമയുടെ വിഷയം. ഈ ഓരോ ഋതുവും നിരവധി വർഷങ്ങളുടെ  ദൈർഘ്യമുള്ളതാണു താനും. വന്യപ്രകൃതിയുടെ നടുവിൽ നിലകൊള്ളുന്ന വലിയൊരു വാതിലിനെ പശ്ചാത്തലമാക്കി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽസീനുകൾ തെളിയുന്നത്. ആത്മീയതയുടെ കവാടം എന്നു വിശേഷിപ്പിക്കാവുന്ന ഈ കവാടത്തിലൂടെ കടന്നുവേണം ബുദ്ധനിലേക്ക്, ആത്മവിദ്യയിലേക്ക്, നിർവാണത്തിലേക്ക് സഞ്ചരിക്കുവാൻ. ജ്ഞാനത്തിലേക്കും അതുവഴി കരഗതമാകുന്ന കരുണയിലേക്കുമുള്ള യാത്ര പക്ഷെ ഒരനിവാര്യതയല്ല; കവാടത്തിന് ഇരുപുറവും സ്വതന്ത്രമായി, തുറസ്സായി കിടക്കുന്നു. എന്നാൽ ജ്ഞാനവും കരുണയും ലക്ഷ്യമാക്കുന്നവർ തുറസ്സുകളെ, അവ വാഗ്ദാനം ചെയ്യുന്ന അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെ അവഗണിക്കുക തന്നെ വേണം. ആത്മീയതയുടെ ഈ കവാടം സിനിമയുടെ ആദ്യ ഋതുവായ വസന്തത്തിലേക്ക് ഞരങ്ങിത്തുറക്കുമ്പോൾ തടാകത്തിലെ വിശാലമായ ജലപ്പരപ്പും അതിനു നടുവിലുള്ള ചെറിയ ബുദ്ധവിഹാരവും കാഴ്ചയാവുന്നു. കൂടെ പ്രകൃതിയുടെ ധ്വനിസാന്ദ്രമായ നിശ്ശബ്ദതയും ജലത്തിന്റെയും കാറ്റിന്റെയും മർമ്മരങ്ങളും നമുക്ക് അനുഭവിക്കാനാവുന്നു. 

സിനിമയുടെ ആദ്യ ഭാഗമായ ഈ വസന്തം ശിഷ്യന്റെ ബാല്യം കൂടിയാണ്. ശാകുന്തളത്തിലെ ആശ്രമ പ്രകൃതിയെ അനുസ്മരിപ്പിച്ചുകൊണ്ട് ജലത്തിലെയും മണ്ണിലേയും സകല ചരാചരങ്ങളും അവിടെ താളൈക്യത്തോടെ കഴിയുന്നു. ഗുരുവും ശിഷ്യനും ആ പ്രകൃതിയുടെ താളത്തിൽ നിമഗ്നരായാണ് ജീവിച്ചിരുന്നതും. തടാകത്തിലെ ജലപ്പരപ്പും കാട്ടാറുകളുടെ സംഗീതവും സ്വർണ്ണമത്സ്യങ്ങളും കാറ്റിന്റെ മർമ്മരങ്ങളും മഞ്ഞും മഴയും പാമ്പും തവളയുമൊക്കെ ശിഷ്യന്റെ ബാല്യത്തിനു മാന്ത്രികമായ ചാരുതയേകുന്നു. ആ പ്രകൃതിയുടെ താളം താൽക്കാലികമായെങ്കിലും തകർത്തുകൊണ്ടാണ് കുട്ടിയിൽ ഹിംസ പ്രത്യക്ഷപ്പെടുന്നത്. ഗുരുവും ശിഷ്യനും കൂടി ചില ഔഷധച്ചെടികൾ തേടി മലകളിൽ പോയതായിരുന്നു. ഗുരു അവന് ഔഷധച്ചെടികളെ പരിചയപ്പെടുത്തുന്നു. വിഷാംശമുള്ള ചെടികളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു. ആ സഞ്ചാരത്തിനിടയിലാണ് ശിഷ്യൻ ഗുരുവിനെ വിട്ട് തൻ്റെയുള്ളിലെ ഹിംസ ചൂണ്ടിക്കാണിച്ച മാർഗ്ഗത്തിലൂടെ നീങ്ങിയത്. അവൻ ഒരു പാമ്പിനെ പിടികൂടി അതിൻ്റെ ശരീരത്തിൽ ചരടു ചുറ്റി കല്ലു കെട്ടി വിടുന്നു. പാമ്പ് ഇഴയാൻ പ്രയാസപ്പെടുന്നതു കണ്ട് അവൻ പൊട്ടിച്ചിരിക്കുന്നു. ഗുരു ആ കാഴ്ച കാണുന്നുണ്ടെങ്കിലും അവനെ വിലക്കുന്നില്ല. പിന്നീട് ഒരു തവളയിലും മൽസ്യത്തിലും അവൻ ഇതേ ക്രൂരവിനോദം ആവർത്തിക്കുന്നു.

പിറ്റേന്നു രാവിലെ ശിഷ്യൻ ഉറക്കമുണരുന്നത് മുതുകിലൊരു ഭാരിച്ച കല്ലുമായാണ്. അവൻ ഉറങ്ങുമ്പോൾ ഗുരു കെട്ടിവെച്ചതായിരുന്നു അത്. കല്ലിൻ്റെ ഭാരം മൂലം ബാലൻ നടക്കാൻ ക്ലേശിച്ചു. തലേന്ന് അവൻ കല്ലുകെട്ടി വിട്ട ജീവികളെ കണ്ടെത്തി മോചിപ്പിക്കുവാൻ ഗുരു ആവശ്യപ്പെടുന്നു. അവയിൽ ഏതെങ്കിലും ഒന്നിൻ്റെയെങ്കിലും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ശിലയുടെ ഭാരം മുതുകിൽ നിന്ന് ഹൃദയത്തിലേക്ക് മാറുമെന്ന് ഗുരു മുന്നറിയിപ്പു നൽകുന്നു. ശേഷിച്ച കാലം മുഴുവൻ ആ ഭാരവും പേറി അവൻ ജീവിക്കേണ്ടി വരുമെന്നും.

ആശ്രമജീവിതം നയിക്കുന്ന ബാലനിലൂടെ ഹിംസയെ പ്രത്യക്ഷപ്പെടുത്തിയതിലൂടെ മനുഷ്യപ്രകൃതിയിൽ തന്നെ ഹിംസയെ കിംകി ഡുക് അടയാളപ്പെടുത്തുകയാണ്. മത്സ്യത്തിന്റെയും പാമ്പിന്റെയും തവളയുടെയും ശരീരത്തിൽ കല്ല് കെട്ടിവെച്ച് അവയുടെ ക്ലേശകരമായ സഞ്ചാരങ്ങൾ കണ്ട് ആനന്ദിക്കുന്ന ശിഷ്യന്റെ മുതുകിൽ ഭാരമേറിയ കല്ല് കെട്ടിവെച്ച് ഗുരു അവനെ അവന്റെ കൃത്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. താൻ പീഢിപ്പിച്ചുവിട്ട ജീവികളെ തിരഞ്ഞ് അവൻ പ്രകൃതിയിലേക്ക് ഇറങ്ങുന്നു. മുതുകിൽ പാറക്കല്ലുമായി രൂക്ഷമായ കാനനപ്രകൃതിയിലേക്കിറങ്ങുന്ന കുട്ടി തവളയെ മോചിപ്പിക്കുന്നു. പാമ്പിന്റെയും മത്സ്യത്തിന്റെയും ജഢങ്ങൾ കണ്ടെത്തുന്ന ബാലൻ ഉറക്കെ വിലപിക്കുന്നു. മുതുകിലെ പാറക്കല്ലിന്റെ ഭാരത്തിൽനിന്നു മോചിതനായെങ്കിലും ആ കല്ലിന്റെ ഭാരം അവന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നു.

സിനിമയുടെ രണ്ടാം ഭാഗമായ ഗ്രീഷ്മത്തിൽ ശിഷ്യൻ കൗമാരവും കടന്ന് യൗവ്വനത്തിലെത്തിയിരിക്കുന്നു. അയാളുടെ ശ്രദ്ധ സന്യാസീ മഠവും അതിനു ചുറ്റുമുള്ള നീലജലരാശിയും കടന്ന് പുറംലോകത്തേക്ക് എത്തുന്നു. ഗ്രീഷ്മം ആസക്തികളുടെ ഋതുവാണ്. പ്രകൃതിയിലെ രതിയുടെ ജൈവ താളങ്ങളിലേക്ക് അയാളുടെ ശ്രദ്ധയെത്തുന്നു. സർപ്പങ്ങൾ ഇണചേരുന്ന ദൃശ്യത്തിലേക്ക് നോക്കിനിൽക്കുന്ന ടീനേജുകാരനായ ശിഷ്യനിൽ നിന്നു ഗ്രീഷ്മാസക്തികൾ തുടങ്ങുന്നു.

ഏതാനും മിനിറ്റുകൾക്കു ശേഷം വനപാതയിൽ മോഡേൺ വസ്ത്രങ്ങൾ ധരിച്ച ഒരമ്മയേയും മകളേയും കാണുന്നു. അയാൾ അവരെ തോണിയിൽ കയറ്റി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു. രോഗിയായ മകൾക്ക് ചികിത്സ തേടിയെത്തിയതായിരുന്നു അവർ. 

അവളുടെ ആത്മാവ് രോഗാതുരമാണെന്ന് ഗുരു കണ്ടെത്തുന്നു. അവൾ ആത്മാവിൽ ശാന്തി കണ്ടെത്തിക്കഴിഞ്ഞാൽ ശരീരം അതിൻ്റെ പൂർവസ്ഥിതിയിലെത്തും എന്ന് ഗുരു പറയുന്നു. അമ്മ മകളെ ആശ്രമത്തിൽ താമസിപ്പിച്ച് മടങ്ങുന്നു. 

അന്നു മുതൽ യുവതി മoത്തിലെ അന്തേവാസികളിൽ ഒരാളാവുന്നു. യുവതിയുടെ സാമീപ്യവും സഹവാസവും ശിഷ്യനിൽ യൗവന സഹജമായ ആഗ്രഹങ്ങളെ ഉണർത്തുന്നു. ഇതോടെ ഗ്രീഷ്മാസക്തികളുടെ ജ്വാലകൾ ആശ്രമാന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നു. 

വനത്തിനകത്തെ പരുക്കൻ പാറക്കെട്ടുകളിലൊന്നിൽ അവർ വന്യമായി ഇണചേരുന്നതിന്റെയും ശേഷം വിശ്രാന്തിയനുഭവിക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ട് സിനിമയിൽ. എന്നാൽ ആസക്തികളുടെ അന്ത്യമായിരുന്നില്ല അത്. മറിച്ച് ആരംഭമായിരുന്നു. കാര്യം മനസ്സിലാക്കിയെങ്കിലും ഗുരു അവരെ തടയുന്നില്ല. എന്നാൽ ആസക്തികൾ ദു:ഖത്തിലേക്കും ഹിംസയിലേക്കും നയിക്കുമെന്ന് ശിഷ്യനെ ഓർമ്മിപ്പിക്കുവാൻ ഗുരു മറക്കുന്നില്ല.  

ശിഷ്യൻ അതെല്ലാം അവഗണിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ രോഗവിമുക്തയായ യുവതി അമ്മയോടൊപ്പം മടങ്ങിപ്പോയി. അതോടെ ശിഷ്യൻ അസ്വസ്ഥനായി. അവളോടുള്ള അടങ്ങാത്ത ആസക്തി അയാളുടെ മഠത്തിലെ ജീവിതം ദുസ്സഹമാക്കി.

ആശ്രമത്തിലെ ബുദ്ധവിഗ്രഹവുമായി അയാൾ യാത്രയാവുകയാണ്. തന്റെ ആത്മാവിന്റെ പ്രതിരൂപമെന്നു തോന്നിയതു കൊണ്ടാവണം പോകുന്ന വഴിയിൽ ആശ്രമത്തിലെ പൂവങ്കോഴിയെ അയാൾ സ്വതന്ത്രമാക്കുന്നു.

ഹേമന്തത്തിൽ കൊലപാതകിയായി ഭ്രാന്തുപിടിച്ച് യുവാവായ ശിഷ്യൻ തിരിച്ചെത്തുന്നു. തങ്ങളുടെ ആസക്തികൾ ആളിപ്പടർന്ന വനഭൂമിയിൽ അയാൾ അലറി വിളിച്ച് അലഞ്ഞുനടക്കുന്നു. ഗുരു അയാളുടെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് എത്തുന്നു. ശിഷ്യനെ യാത്രയാക്കിയ ഗുരു സ്വയം ചിതയൊരുക്കി അനുഷ്ഠാനപരമായ ആത്മഹത്യ വരിക്കുന്നതോടെ ഹേമന്തത്തിന്റെ വാതിൽ അടയുന്നു. ശിശിരത്തിൽ ശിക്ഷ കഴിഞ്ഞു ശിഷ്യൻ (മുതിർന്ന ഈ ഭിക്ഷുവിന്റെ വേഷം സംവിധായകൻ തന്നെയാണ് ചെയ്തിരിക്കുന്നത്) തിരിച്ചെത്തുന്നതോടെ ആശ്രമം വീണ്ടും സജീവമാകുന്നുണ്ട്. അയാൾ ഗുരുവിന്റെ പാത പിന്തുടർന്ന് കഠിന പരിശീലനങ്ങളിലൂടെ കടന്നുപോകുന്നു.

കാലം കടന്നുപോകവേ ഒരു നാൾ തുണികൊണ്ട് മുഖം മറച്ച് ഒരു സ്ത്രീ കൈക്കുഞ്ഞുമായി ആശ്രമത്തിലെത്തുന്നു. കുഞ്ഞിനെ ആശ്രമത്തിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടയിൽ അവൾ ആശ്രമത്തിലേക്ക് ജലമെടുക്കുന്ന ഹിമക്കുഴിയിൽ വീണുമരിക്കുന്നു. അരയിൽ കയർത്തുമ്പിൽ കൊളുത്തിയ ഭാരവുമായി യോഗി ഉറഞ്ഞുകിടക്കുന്ന തടാകത്തിനു മുകളിലൂടെ, ചെങ്കുത്തായ കുന്നിൻചെരുവുകളിലൂടെ യാത്ര ചെയ്യുന്നു.ആ യാത്രയിൽ ബാല്യത്തിലെ ഹിംസയുടെ ചിത്രങ്ങൾ അയാളുടെ മനസ്സിൽ നിരന്തരം തെളിഞ്ഞു മറയുന്നുണ്ട്. കൊറിയൻ നാടോടിഗാനമായ അരിരാങ്ങി (Arirang) ന്റെ അകമ്പടിയോടെയുള്ള ഈ സ്വയംപീഢനങ്ങളിലൂടെ അയാൾ ശരീരത്തിൽ ഒരു കഥാർസിസ് സാധ്യമാക്കുന്നു.


ക്രൂരതയുടെ, ഹിംസയുടെ ആസക്തികളുടെ ആവിഷ്കാരങ്ങൾ കിംകി ഡുക്കിന്റെ സിനിമാലോകത്ത് സുലഭമാണ്. ക്രൂരതയും ഹിംസയും ആസക്തികളും തന്നെയാണ് മനുഷ്യപ്രകൃതിയെന്നും കിമ്മിന്റെ സിനിമകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് അനുഭവപ്പെടും. മനുഷ്യന്റെ ഹിംസയുടെയും ആസക്തികളുടെയും അസ്ഥിവരെ സ്പർശിച്ചറിഞ്ഞ കലാകാരനാണ് കിംകി ഡുക്. അത്തരത്തിലുള്ള ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം മനുഷ്യപ്രകൃതിയുടെ ഭാവിയെക്കുറിച്ച് ശുഭവിശ്വാസിയാവുക എളുപ്പമല്ല. ലോകം നിറഞ്ഞുനിൽക്കുന്ന ഹിംസയുടെ ഇരുട്ടിൽ പ്രകാശം ചൊരിയുവാൻ ഉള്ളിലെ അഗ്നികളെ വീണ്ടെടുക്കുക വഴി മനുഷ്യരാശിയ്ക്കു കഴിയുമെന്ന കിമ്മിന്റെ പ്രത്യാശയാണ് ഈ ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്നതോന്നൽ മനസ്സിൽ ദീപ്തമാവുമ്പോൾ മുന്നിൽ ഭാവിയുടെ കൂരിരുട്ടിൽ ദൂരെ ചില ചെറുപ്രകാശങ്ങൾ പ്രത്യക്ഷപ്പെടുന്നതായി നാം അറിയുന്നു. ആ കാഴ്ച നൽകുന്നആശ്വാസവും പ്രത്യാശയും ചെറുതല്ല.ചിത്രത്തിന്റെ അവസാന ഋതുവായ വസന്തത്തിൽ ആശ്രമത്തിൽ വീണ്ടും ബാല്യത്തിന്റെ പാദപതനങ്ങളുയരുന്നു. ശിശിരത്തിൽ ഹിമക്കുഴിയിൽ വീണുമരിച്ച സ്ത്രീയുടെ ശിശു ബാല്യത്തിൽ എത്തിയിരിക്കുന്നു. തടാകത്തിൽനിന്നു കയറിയെത്തിയ ഒരാമയെ പീഢിപ്പിച്ചുകൊണ്ട് അവന്റെ പൊട്ടിച്ചിരി ഉയരുന്നു. ആ പൊട്ടിച്ചിരി പ്രേക്ഷകനെ അവന്റെ മുൻഗാമിയെക്കുറിച്ച് ഓർമ്മിപ്പിക്കുമ്പോൾ ഋതുചക്രം പൂർത്തിയായി സിനിമ അവസാനിക്കുന്നു.

Contact the author

Recent Posts

Web Desk 2 months ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

More
More
Shaju V V 2 months ago
Reviews

ബ്രാല്‍: ഓർക്കാപ്പുറത്തെ ബ്രാലിൻ്റെ പിടച്ചിലാണ് ജീവിതം- ഷാജു വി വി

More
More
P. A. Prem Babu 5 months ago
Reviews

സുസ്മേഷ് ചന്ത്രോത്തിന്റെ 'പത്മിനി': സർഗാത്മകതയുടെ ദുരുദ്ദേശപരമായ ദുർവ്യയം - പി. എ. പ്രേംബാബു

More
More
Mridula Hemalatha 6 months ago
Reviews

'സാറ'എപ്പോൾ ഗർഭം ധരിക്കണമെന്ന് സാറ തീരുമാനിച്ചോട്ടെ - മൃദുല ഹേമലത

More
More
Hilal Ahammed 6 months ago
Reviews

മാലിക്ക്: റോസ്‌ലിന്‍ മാലിക്കിനുള്ള മതേതര സര്‍ട്ടിഫിക്കറ്റ് ആകുന്നതെങ്ങിനെ - ഹിലാല്‍ അഹമദ്

More
More
Prof. Rajani Gopal 10 months ago
Reviews

'ദൃശ്യം 2' വിന് കയ്യടിക്കുമ്പോള്‍ പ്രേക്ഷകര്‍ ചെയ്യുന്നത് - പ്രൊഫ. രജനി ഗോപാല്‍

More
More