സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർഗോഡ്, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം സ്വദേശിയുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്. റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കല്ലായി സ്വദേശിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ 5.30നാണ് മരണം സംഭവിച്ചത്.