സവർണ - സമ്പന്ന പൊതുബോധത്തില്‍ വാൽ വിഴുങ്ങിയ പാമ്പിനെപ്പോലൊരു ജനത, അവരുടെ സിനിമ - സനല്‍ ഹരിദാസ്‌

ദൈവം പറഞ്ഞു, അന്യന്റെ മുതൽ അപഹരിക്കരുത്. മുതലായ മുതലെല്ലാം ചില അന്യർക്കു മാത്രമായി എങ്ങനെയുണ്ടായി? ഞാൻ ചോദിച്ചു. ദൈവം ഭസ്മമായിപ്പോയി...  ('വിദ്യാർത്ഥി' മാസിക 2006)

'Cultural hegemony' (സാംസ്കാരിക ആധിപത്യം) എന്ന ആശയത്തെ ആദ്യമവതരിപ്പിച്ചത് ഇറ്റാലിയൻ തത്ത്വചിന്തകനായ അന്റോണിയോ ഗ്രാംഷിയാണ്. സമൂഹത്തിൽ നിലകൊള്ളുന്ന അധീശ പ്രത്യയശാസ്ത്രം (Dominant ideology), അധീശ വിഭാഗത്തിന്റെ വിശ്വാസങ്ങളേയും താൽപര്യങ്ങളേയും പ്രതിഫലിപ്പിക്കുന്നു എന്ന മാർക്സിയൻ പരികൽപനയുടെ പരിണിത രൂപമായിരുന്നു ഇത്. പ്രത്യയശാസ്ത്രപരമോ സാംസ്കാരികമോ ആയി നിലനിർത്തപ്പെട്ടു പോരുന്ന മേൽക്കോയ്മയാണ് 'സാംസ്കാരിക ആധിപത്യം' എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 

സാധാരണയായി ഇതിനെ നിറവേറ്റുന്നത് സാമൂഹിക സ്ഥാപനങ്ങളാണ്. അവ വഴി വിതരണം ചെയ്യപ്പെടുന്ന മൂല്യങ്ങൾ, പെരുമാറ്റച്ചട്ടങ്ങൾ, ആശയങ്ങൾ, അഭിലാഷങ്ങൾ, ലോക വീക്ഷണം എന്നിവ ആധീശ വിഭാഗത്തിന്റെ ബൗദ്ധികമായ സമ്മർദ്ദോപാദികളായി സമൂഹത്തിൽ പ്രവർത്തിച്ചു പോരുന്നു. അധീശ വിഭാഗത്തിന്റെ ലോക വീക്ഷണത്തെ നട്ടു നനച്ചുകൊണ്ടാണ് സാംസ്കാരിക ആധിപത്യം അതിന്റെ പ്രവർത്തനം നയിക്കുന്നതെന്ന് സാമാന്യമായി പറയാം.

'The study of philosophy' എന്ന ലേഖനത്തിൽ സാമാന്യ ബോധം (Common sense) എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട്; സമൂഹത്തെ സംബന്ധിച്ചുള്ള ആധിപത്യ ആശയങ്ങളേയും, സാംസ്കാരിക ആധിപത്യത്തെ ഉൽപാദിപ്പിക്കുന്ന നിലയിൽ അതിനകത്തുള്ള വ്യക്തിയുടെ നിലനിൽപ്പിനേയും വിശദീകരിക്കുന്ന ഗ്രാംഷിയെ കാണാം.

കഠിനമായി പരിശ്രമിക്കുക മാത്രം ചെയ്താൽ ഒരാൾക്ക് സാമ്പത്തികമായ വിജയം നേടാനാകും എന്നത് മുതലാളിത്തത്തിനു കീഴിൽ പുഷ്ടി പ്രാപിച്ച ഒരു തരം 'സാമാന്യ ധാരണയാണ്' എന്ന നിരീക്ഷണം ഇവിടെ മുന്നോട്ടു വക്കപ്പെടുന്നു. സാമ്പത്തികമായി ഔന്നത്യം നേടിയ ആളുകൾ ധനമാർജിച്ചത് നീതിയുക്തമായ നിലയിലാണെന്നും സാമ്പത്തികമായ ക്ലേശമനുഭവിക്കുന്നവർ ദരിദ്രാവസ്ഥയർഹിക്കുന്നു എന്നും തുടർന്ന് പറഞ്ഞുവക്കുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിലുമായി പ്രചാരത്തിലിരുന്ന 'സോഷ്യൽ ഡാർവിനിസം' എന്ന പ്രബല സിദ്ധാന്തത്തെ ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. Natural Selection, Survival of the fittest എന്നീ ചാഴ്സ് ഡാർവിൻ തിയറികൾ സസ്യങ്ങൾക്കും ജന്തുക്കൾക്കും മാത്രം ബാധകമായ ഒന്നല്ലെന്നും അവ മനുഷ്യനും മനുഷ്യ സമൂഹങ്ങൾക്കു കൂടി ബാധകമാണെന്നുമാണ് Social Darwinism സിദ്ധാന്തിക്കുന്നത്.

Herbert Spencer പ്രോദ്ഘാടകനായ ഈ ആശയം; സാമ്രാജ്യത്വം, വർണവിവേചനം തുടങ്ങിയവയെ സ്വാഭാവികവൽകരിക്കുന്ന ഒന്നായാണ് അക്കാലങ്ങളിൽ പ്രവർത്തിച്ചു പോന്നിരുന്നത്. സൂക്ഷ്മമായ വായനയിൽ ഇത് എല്ലാത്തരം വലിപ്പച്ചെറുപ്പങ്ങളേയും മനുഷ്യ സമുദായത്തിന്റെ സ്വാഭാവികതയായി എണ്ണുന്നു എന്ന് മനസ്സിലാക്കാം.

'സാമ്പത്തികമായ ക്ലേശമനുഭവിക്കുന്നവർ ദരിദ്രാവസ്ഥയർഹിക്കുന്നു' എന്ന സാമാന്യബോധത്തിന്റെ ഉൽപാദനത്തിനു പുറകിലും പ്രവർത്തിക്കുന്നത് 'കഴിവ്',  'ശക്തി', 'ശേഷി' എന്നിവയെ ആധാരമാക്കിയുള്ള ആധിപത്യപരമായ അബദ്ധ ധാരണകൾ തന്നെയാണ്.

പിന്നോക്കാവസ്ഥകളെ വ്യക്തിഗതമായ കഴിവുകേടായി കണക്കാക്കിപ്പോരുന്ന അവസ്ഥ/വ്യവസ്ഥ ഇന്നും തുടരുന്ന ഒന്നാണ്. ഇന്ത്യൻ സാഹചര്യത്തിലേക്കു വരുമ്പോൾ, സെമി/നിയോ കൊളോണിയൽ സെമി/നിയോ ഫ്യൂഡൽ സാമൂഹ്യാവസ്ഥ, ഇത്തരം സാമാന്യ ധാരണകളെ പ്രകട സദാചാരമായി/മൂല്യമായി അടിത്തട്ടിൽ നിന്നു തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നതായി കാണാം.

അതുകൊണ്ട് ദാരിദ്ര്യമോ ദാരിദ്ര്യവും അതിനെ മറികടക്കാനുള്ള (പണം, പദവി എന്നിവയിൽ അധിഷ്ഠിതമായ 'ജീവിത വിജയം' നേടാനുള്ള) ഉദ്യമങ്ങളിൽ ഏർപ്പെടാതിരിക്കലും (തൊഴിലെടുക്കാതിരിക്കൽ/തൊഴിലില്ലായ്മ), ആരോപിതവും സമ്മർദാധിഷ്ഠിതവുമായ അസന്തുഷ്ടികളിലേക്ക് നയിക്കുന്ന ഒന്നായി മാറുന്നു.

എഴുപതുകളുടെ അവസാനത്തിലാണ് മലയാള സിനിമ തൊഴിലില്ലായ്മയെ ഒരു കേന്ദ്ര പ്രമേയമാക്കി കണ്ടുതുടങ്ങുന്നത്. മലയാള സിനിമയിൽ ആദ്യം തൊഴിൽ രഹിതനായി പ്രത്യയക്ഷപ്പെട്ടത് ഭരത് ഗോപിയായിരുന്നു. പിന്നീട് എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതി വരെയും തൊഴില്ലായ്മ മലയാള സിനിമയിലെ ഒരു സജീവ വിഷയമായി നിലനിന്നു.

തൊഴിലില്ലായ്മയോടൊപ്പം വ്യവസ്ഥയോടുള്ള കലഹം, വിപ്ലവം എന്നിവയെല്ലാം എൺപതുകളിലെ സിനിമകളിൽ കാണാമായിരുന്നു. ഈ കാലഘട്ടത്തിനു ശേഷം ശ്രീനിവാസൻ, മുകേഷ്, മോഹൻലാൽ, ജഗദീഷ് എന്നിവരായിരുന്നു തൊഴിൽ രഹിത യുവത്വത്തിന്റെ മുഖമായത്.

1991 ൽ പുറത്തിറങ്ങിയ 'മിമിക്സ് പരേഡ്' എന്ന ചിത്രം പുതുതലമുറയിലെ തൊഴിൽ രഹിത സിനിമകൾക്ക് പൂർവമാതൃകയായി മാറിയ ഒന്നാണ്. 'മിമിക്സ് പരേഡ് സിനിമകൾ' എന്ന് പൊതുവിൽ വിശേഷിപ്പിക്കാവുന്ന നിരവധി സിനിമകൾ ഇതേത്തുടർന്ന് മലയാളത്തിൽ അവതരിക്കുകയുണ്ടായി. സംവരണ വിരുദ്ധത, സവർണ്ണാഭിമുഖ്യം എന്നിവയാണ് ഈ രണ്ടാം ഘട്ടം അതിന്റെ മുഖ്യ അജണ്ടയായി മുന്നോട്ടുവച്ചതെന്ന് പൊതുവിൽ പറയാവുന്നതാണ്.

ആദ്യകാല സിനിമകളിലെ പുരോഗമനാംശങ്ങൾ പൂർണമായും ചോർന്നു പോവുകയും അവയിൽ ചിലതിലെങ്കിലും മൃദുവായി നിലനിന്നിരുന്ന അസവർണ വിരുദ്ധ വികാരം ശക്തിയാർജിക്കുകയുമായിരുന്നു ഈ ഘട്ടത്തിൽ സംഭവിച്ചത്. ഹാസ്യാത്മകവും വസ്തുതാ വിരുദ്ധവുമായ ഇത്തരം ഹിംസാവതരണങ്ങളോടൊപ്പം തന്നെ മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ എന്നിവരുടെ പൗരുഷം മുറ്റിയ അസംതൃപ്ത-ആസംബന്ധ ക്ഷോഭ നാടകീയതകളും ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടു.

തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് ഇത്തരം സിനിമകളുടെ സൂചിക താഴ്ന്നു തുടങ്ങിയത്. പിന്നീട് 2010നു ശേഷം മലയാള സിനിമ വീണ്ടും തൊഴില്ലായ്മയെ അവതരണ കേന്ദ്രമാക്കിത്തുടങ്ങുന്നുണ്ട്. എന്നാൽ ഇത്തരം സിനിമകൾ മിക്കവാറും മുന്നോട്ടു വച്ചത് എഞ്ചിനീയറിംഗ്/ബി.ടെക്ക് പശ്ചാത്തലമുള്ള മധ്യവർഗ യുവതയേയാണ്.

ആദ്യകാലത്തെ 'മിമിക്സ് പരേഡ്' സിനിമകളോട് ചേർന്നു നിൽക്കുന്ന ഈ ചിത്രങ്ങൾ ഹാസ്യ ജനകമായ അസംതൃപ്തിയോ ജീവിതനേട്ടത്തിനായുള്ള നെട്ടോട്ടമോ ചിത്രീകരിക്കുന്നവയാണ്. വിനീത് ശ്രീനിവാസൻ, നിവിൻ പോളി, അജു വർഗീസ്, ആസിഫ് അലി എന്നിവരെയാണ് ഇത്തരം സിനിമകളിൽ മുഖ്യ വേഷങ്ങളിൽ കണ്ടുവരുന്നത്.

ഈ അടുത്തകാലത്ത്, തൊഴിൽ രഹിതമായ ജീവിതത്തെ തീർത്തും വ്യത്യസ്തമായി അവതരിപ്പിച്ച രണ്ട് സിനിമകൾ 'ചാർലി'യും 'കുമ്പളങ്ങി നൈറ്റ്സു'മാണ്. 'തൊഴിലില്ലായ്മ' എന്ന അവസ്ഥയെ പ്രമേയവൽകരിക്കുന്നുണ്ടോ എന്നു പോലും സംശയം തോന്നിയേക്കാവുന്നവയാണ് പ്രസ്തുത സിനിമകൾ എന്ന് ആദ്യമേ പറയേണ്ടതുണ്ട്.

ഇന്നേവരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ അവതരിപ്പിക്കപ്പെട്ട തൊഴിൽരഹിതർ ഒന്നുകിൽ അപഹാസ്യരോ അല്ലാത്തപക്ഷം ക്ഷുഭിതരോ (സ്യൂഡോ വ്യവസ്ഥാബോധ്യങ്ങളാലോ വ്യവസ്ഥാവിരുദ്ധ രാഷ്ട്രീയ ബോധ്യങ്ങളാലോ) ആയി കാഴ്ചവക്കപ്പെട്ടവരാണ് എന്ന കാരണത്താലാണ് മേൽപ്പറഞ്ഞ സിനിമകൾ ആ നിലയിലുള്ള സാമാന്യ വായനയിൽ/കാഴ്ചയിൽ നിന്ന് വഴുതാൻ കാരണം.

വ്യവസ്ഥ മുന്നോട്ടുവക്കുന്ന, ആധിപത്യ സംസ്കാര നിർമിതിയായ സമാന്യബോധത്തെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പിൻപറ്റുന്നു എന്നതാണ് അപഹാസ്യരോ അസന്തുഷ്ടരോ ആയ യുവതാ നിർമിതിയുടെ പുറകിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണല്ലോ. (രാഷ്ട്രീയപരമായ/തത്ത്വചിന്താപരമായ കാരണങ്ങളാലുള്ള അസന്തുഷ്ടിയല്ല; സ്ഥിരജോലി, സാമൂഹിക പദവി എന്നിവയെ കേന്ദ്രീകരിച്ചുള്ള സാമൂഹിക സമ്മർദ്ദത്താലുണ്ടാകുന്ന അസംതൃപ്തിയാണ് ഇവിടെ വിവക്ഷ)

'ചാർലി' എന്ന സിനിമയിലേക്ക് വരുമ്പോൾ വ്യവസ്ഥ അനി വാര്യമെന്നു കരുതാൻ നിർബന്ധിക്കുന്ന 'ജീവിത ലക്ഷ്യ'മോ 'ജീവിത വിജയ'ത്തിനുള്ള ശ്രമങ്ങളോ നായകനിൽ തിരോഭവിച്ചു  കാണുന്നുണ്ട്. സമൂഹം ഔന്നത്യം കൽപിക്കുന്ന തൊഴിൽ ശ്രേണികൾക്കായുള്ള ശ്രമമോ ഭാവിയെക്കുറിച്ചുള്ള ആശങ്കയാൽ പണം ആർജിച്ചു കൂട്ടാനുള്ള പാച്ചിലുകളോ ഈ സിനിമയിലില്ല. നിക്കോസ് ഖസാൻദ് സാക്കീസിന്റെ 'സോർബ' എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന 'ചാർലി'യുടെ ഉപജീവന മാർഗത്തെക്കുറിച്ച് യാതൊരു സൂചനയും ചിത്രത്തിലില്ല എന്നത് ഒരു പോരായ്മയായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

അപ്പർ മിഡിൽ ക്ലാസ് കുടുംബപശ്ചാത്തലത്തിൽ നിന്ന് ഊഹിക്കാവുന്ന പരാശ്രയത്വവും ചാർലി ബാക്കി നിർത്തുന്നുണ്ട്. കുമ്പളിങ്ങി നൈറ്റ്സിലാവട്ടെ ഇതുവരേക്കും പറഞ്ഞുവച്ച സാമാന്യബോധങ്ങളെ വലിയ തോതിൽ അതിലംഘിക്കുന്ന പാത്ര നിർമിതികളാണ് കാണാനാകുന്നത്. തങ്ങളുടെ പാരമ്പര്യം, വർഗപശ്ചാത്തലം, പൊതുബോധ പരിഗണനകൾ എന്നിവയെയെല്ലാം വകഞ്ഞുമാറ്റുന്ന ഒരു നിര കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട് (മിക്കവാറും എല്ലാ കഥാപാത്രങ്ങളും).

'തുല്യത'യില്ലാത്ത പരിസരങ്ങളിൽ നിന്നുള്ള രണ്ട് വ്യക്തികളുടെ പ്രണയത്തിൽ സാമാന്യമായി കണ്ടുപരിചയിച്ച സ്വത്വ പ്രതിസന്ധികൾ പോലും കുമ്പളങ്ങിയിൽ അന്യമാകുന്നുണ്ട്. അതുപോലെ, പ്രത്യകം എടുത്തു പറയേണ്ട മറ്റൊന്ന് സിനിമയുടെ അന്ത്യത്തിൽ പോലും യാതൊരു വ്യത്യാസവും വരാതെ/വരുത്താതെ തുടരുന്ന നായകരുടെ വീടാണ്. സിമന്റ് തേക്കാതെ തുടക്കത്തിൽ കാണുന്ന വീട് ക്ലൈമാക്സിലും അതേ രൂപത്തിൽ നിലനിൽക്കുന്നു.

'ശുഭാന്ത്യം' എന്നതിലൂടെ പ്രേക്ഷക പൊതുബോധം പ്രതീക്ഷിക്കുന്ന 'ഉയർച്ച'യെപ്പോലും നിരാകരിക്കാൻ കഴിയുന്നുവെന്നത് കേരളീയ സിനിമാ ചരിത്രത്തിലെത്തന്നെ ഒരു നാഴികക്കല്ലാവുന്നുണ്ട്. ലോക സിനിമയിൽ പക്ഷേ അമ്പതുകൾ മുതൽക്കു തന്നെ Teen-Youth Rebel സിനിമകളുടെ തരംഗം കാണാമായിരുന്നു. കൗമാരക്കാരും യുവാക്കളും നേരിടുന്ന പ്രശ്നങ്ങളെ അവയുടെ ആഴത്തിൽ തന്നെ പ്രശ്നവത്കരിക്കാൻ അവക്ക് കഴിയുകയും ചെയ്തു.

പാശ്ചാത്യ നവ തരംഗങ്ങൾ പലതും തൊഴിലില്ലായ്മയടക്കമുള്ള പ്രശ്നങ്ങളെ പുരോഗമനപരമായ വ്യവസ്ഥാവിരോധമായിത്തന്നെ ചിത്രീകരിച്ചു. ബ്രസീലിയൻ ന്യൂവേവ് അടക്കം ഇതിൽ എടുത്തു പറയാവുന്ന ഒന്നാണ്.

യുവതീ യുവാക്കളുടെ മുൻകൈയിൽ ഒരു സാമൂഹിക മുന്നേറ്റം പോലും നടന്നിട്ടില്ലാത്ത (തങ്ങളുടെ സ്വത്വത്തിലും ആവശ്യങ്ങളിലും അവകാശത്തിലും ഊന്നി) ഇന്ത്യപോലൊരു രാജ്യത്തിന്റെ ബൗദ്ധിക ശീതത്വവും വ്യവസ്ഥാ വിധേയത്വവും സവർണ-സമ്പന്ന പൊതുബോധ സംരക്ഷണവും തങ്ങളുടെ സിനിമാ സൃഷ്ടികളിൽ അനുവർത്തിച്ചു പോരുകയാണ്. അവയാൽ നിർമിതമായതും അതിനെത്തന്നെ പുനരുൽപാദിക്കുന്നതുമായ ജനത വാൽ വിഴുങ്ങിയൊരു പാമ്പിനെപ്പോലെ തുടരുകയും ചെയ്യുന്നു.

Contact the author

Recent Posts

Sufad Subaida 1 month ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 1 month ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 1 month ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 3 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More
Dr. Azad 5 months ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 5 months ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More