ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. പി.എസ് ശ്രീധരൻപിള്ള മിസോറാം ഗവർണായി പോയതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ നിയമിച്ചത്. ഏറെക്കാലം അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കേന്ദ്രമന്ത്രി എം മുരളീധരൻ, കേരള ബിജെപിയുടെ ചുമതലക്കാരൻ ബി.എൽ സന്തോഷ് എന്നിവരുടെ പിന്തുണയാണ് സുരേന്ദ്രന് അനുകൂലമായത്. എം.ടി രമേശ്, ശോഭാസുരന്ദ്രൻ, കുമ്മനം രാജശേഖരൻ, രാധാകൃഷ്ണ മേനോൻ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് അമ്പത്കാരനായ സുരേന്ദ്രൻ. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്നു. 3 തവണ വീതം ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ സുരേന്ദ്രൻ എബിവിപിയിലൂടെയാണു രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഭാര്യ: ഷീബ. മക്കൾ: ഹരികൃഷ്ണൻ, ഗായത്രിദേവി.
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ