ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,525 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ കണക്കു പ്രകാരം 50,000 ത്തിലേക്ക് കുതിക്കുകയായിരുന്ന പ്രതിദിന നിരക്ക് ഇന്നതിന്റെ ലക്ഷ്യം കൈവരിച്ചു. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 14,36,019 ലെത്തി.9,18,735 പേര് രോഗവിമുക്തരായി. 9,51,547 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.
ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി മത്സരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 716 മരണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 716 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെയിത് 761ആയിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 32,812 ആയി.