യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന് കൊവിഡ് പോസിറ്റീവ്. ഒരു കുടുംബ പരിപാടിയില്‍ വച്ചാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഓബ്രിയന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് കൊവിഡ് പോസിറ്റീവ് ഫലം പുറത്തുവന്നത്. അദ്ദേഹം സുരക്ഷിതനാണെന്നും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും, പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ രോഗം പകരാനുള്ള സാധ്യതയില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
വീട്ടിലിരുന്നാണ് ഓബ്രിയാന് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും വിവരങ്ങള്‍ പങ്കുവെക്കുകയും ജോലി തുടരുകയും ചെയ്തിരുന്നു. ഓബ്രിയന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ജോലി സംബന്ധമായ വിഷയങ്ങള്‍ പഴയത് പോലെ തന്നെ മുന്നോട്ട് പോകുമെന്ന് വൈറ്റ് ഹൗസ് വ്യത്തങ്ങള്‍ അറിയിച്ചു.
അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനും ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തന്ന വ്യക്തിയുമാണ് ഓബ്രിയന്. എന്നാല്‍ അവസാനമായി അദ്ദേഹം ട്രംപുമായി കൂടിക്കാഴ്ച നടത്തിയത് എപ്പോളാണ് എന്നത് വ്യക്തമല്ല. രണ്ടാഴ്ച മുമ്പ് ജൂലൈ 10 ന് മിയാമിയിലെ യുഎസ് സതേണ്‍ കമാന്‍ഡ് സന്ദര്‍ശിച്ചതായിരുന്നു ഇരുവരും ഒരുമിച്ചുണ്ടായിരുന്ന അവസാനത്തെ പൊതു പരിപാടി.