സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈനായി നൽകാം. https://www.hscap.kerala.gov.in എന്ന വെബ്സെറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഏകജാലക അപേക്ഷയാണ് സമർപ്പിക്കാൻ സാധിക്കുക. കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈനായാണു നടപടികൾ. പ്രിന്റ് ഔട്ട് ആവശ്യമില്ല. ആപ്ലിക്കേഷൻ ഫീസ് അഡ്മിഷൻ സമയത്തു നല്കിയാല് മതി.
കോവിഡ് ആശങ്കയിൽ എൻട്രൻസ് പരിശീലനത്തിനും മറ്റുമായി ജില്ലയ്ക്ക് പുറത്തേക്ക് അഡ്മിഷനു ശ്രമിക്കുന്നവരുടെ എണ്ണം കുറഞ്ഞാലും മതിയായ സീറ്റുകൾ ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 3,61,746 സീറ്റുകളാണ് ഇപ്പോൾ ഉള്ളത്. 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്. ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24നും നടക്കും. ക്ലാസുകൾ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കും.