സുബൈദ: പേനയില്‍ ചോര നിറച്ചെഴുതിയ ജീവിതം - രാജേഷ്‌ കരിപ്പാല്‍

“Prisons are built with stones of Law. Brothels with bricks of Religion”

-William Blake, ‘The Marriage of Heaven and Hell’ (“Proverbs of Hell’)


സുബൈദ എന്ന തൂലികാനാമത്തിലെഴുതുന്ന അബൂബക്കര്‍ നീലേശ്വരം അനുഭവങ്ങളുടെ ഒരു വന്‍കരയാണ്‌. 1947 ല്‍ നീലേശ്വരത്ത്‌ അണ്ടോളി പൂമാടത്ത്‌ അബ്ദുറഹിമാന്റെയും പുതിയപാട്ടില്ലത്ത്‌ കൈച്ചുമ്മയുടെയും ഏഴാമത്തെ മകനായി ജനിച്ച അബൂബക്കര്‍ 1961 ല്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ നാടുവിടുന്നത്‌. മുപ്പതുവര്‍ഷത്തോളം പല ഇന്ത്യന്‍ നഗരങ്ങളിലും, യൂറോപ്പ്‌, യു.എ.ഇ, തുടങ്ങി പല രാജ്യങ്ങളില്‍വിവിധ ജോലികള്‍ ചെയ്തു. “ബറാക്കാ-1” എന്ന കപ്പലിലെ ജീവനക്കാരനായി. 1974ലാണ്‌ അബൂബക്കര്‍ മുംബൈയില്‍ നിന്നും യു.എ.ഇ.ലേക്കു പോകുന്നത്‌. അവിടെ നിന്നും യൂറോപ്പിലേക്ക്‌. 1978 ല്‍ നാട്ടില്‍ തിരിച്ചെത്തി. വീണ്ടും ഗള്‍ഫിലേക്ക്‌ മടങ്ങി. 1982 ല്‍ അല്‍ഐനിലെ ഭൂഗര്‍ഭ ജയിലില്‍ തടവിലാക്കപ്പെട്ടു. ജയില്‍മോചിതനായ ശേഷം എറണാകുളത്ത്‌ “ജീവരാഗം” മാസികയുടെ പ്രതാധിപരായി. 1981 ല്‍ വിവാഹാനന്തരം കമ്മാടം കുന്നില്‍ കൃഷിയും ചായക്കച്ചവടവും തുടങ്ങി. 1982 ല്‍ വിമാനം കയറി ദുബായില്‍ ഇറങ്ങിയെങ്കിലും പിടിക്കപ്പെട്ട്‌ വീണ്ടും ജയിലിലായി. തിരിച്ചെത്തി കാഞ്ഞങ്ങാട്‌ സായാഹ്ന പത്രങ്ങളില്‍ ജോലിചെയ്തു. വീണ്ടും നാടുവിട്ടു. 1989 ല്‍തിരിച്ചെത്തി “മാധ്യമം” ദിനപത്രത്തിന്‍റെ ലേഖകനായി. കോപ്പിറൈറ്റര്‍, 'ആശയം' ബുക്‌സിന്റെ എഡിറ്റര്‍ തുടങ്ങിയ ജോലികളിലും ഏര്‍പ്പെട്ടു. 1994 ല്‍ സാഹിതൃ അക്കാദമിയുടെ റിസര്‍ച്ച്‌ ഫെലോഷിപ്പിന്‌ അര്‍ഹനായി. ദീപിക, മീഡിയവിഷന്‍, മലയാളം ന്യൂസ്‌‌ തുടങ്ങിയ പത്ര- ദൃശ്യ മാധ്യമങ്ങളില്‍  പ്രവര്‍ത്തിച്ചു.

സുബൈദയുടെ ഈ പ്രൊഫൈല്‍ ഉദ്ധരിച്ചത്‌ അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ വൈവിദ്ധ്യം ചുണ്ടിക്കാണിക്കുന്നതിനു മാത്രമല്ല, ഒരിടത്തും ഇരിപ്പുറക്കാതെ നിരന്തരമായി അലഞ്ഞുതിരിഞ്ഞ (” എസ്‌കിമോകളെപോലെ നാടോടിയായി അലയാനാണ്‌ എനിക്കിഷ്ടം" “പോസ്റ്റുചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍”, ആമുഖം) അദ്ദേഹത്തിന്റെ ജീവിതം ഉദാഹരിക്കാന്‍ വേണ്ടിയാണ്‌. “എന്നുച്ചിയില്‍ രണ്ടുവരകള്‍; ഒന്ന്‌ ഇരുന്നു വാഴലും / മറ്റൊന്ന്‌ ഇരന്നു വാങ്ങലും” എന്ന്‌ എ.അയ്യപ്പന്‍ കവിതയിലെഴുതിയത്‌ ഓര്‍മ്മിക്കുന്നു. “എന്നെത്തിരയുന്ന ഞാന്‍” എന്ന പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയുടെ പേര്‍ സുബൈദയുടെ ജീവിതത്തിനും ഭംഗിയായി ചേരും.

'നിറമിഴികളോടെ വിട‌' (1985) യാണ്‌ സുബൈദയുടെ ആദ്യപുസ്തകം ഗള്‍ഫ് ‌“ജയില്‍ കുറിപ്പുകള്‍" 1990 ലാണ്‌ പ്രകാശനം ചെയ്തത്‌. തുടര്‍ന്ന്‌ “പരിപ്പുമുറിക്കുന്ന കത്തി” (കഥകള്‍) “സീത” (നോവല്‍) “അസുരവാദ്യം' (നോവല്‍) “അലാമി” (നോവല്‍) “സൂര്‍” (നോവല്‍) കെടാവിളക്ക്‌ (കന്നട രാഷ്ട്ര കവി എം.ഗോവിന്ദപൈയുടെ “നന്ദാദീപ” എന്ന കവിതകളുടെ പരിഭാഷ) “മണിമുത്തുകള്‍ (ബാലകവിതകള്‍?) “പിറകിലോട്ട്‌ നടക്കുന്ന വാച്ച്‌” (കഥകള്‍?) “പോസ്റ്റുചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍” (കഥകള്‍?) “ഹരിദ്വാര്‍” (നോവല്‍?) “നഗ്നശരീരം” (ആത്മകഥ) “എന്റെ ജയിലനുഭവങ്ങള്‍ ' തുടങ്ങിയവയാണ്‌ സുബൈദയുടെ പ്രമുഖ കൃതികള്‍.

പ്രവാസം സവിശേഷമായ ഒരു സാംസ്കാരികബോധമായി സുബൈദയുടെ രചനകളില്‍ വര്‍ത്തിക്കുന്നു. ഇസ്രായേലില്‍ നിന്ന്‌ മറ്റു നാടുകളിലേക്ക്‌ പലായനം ചെയ്ത, ചിതറിത്തെറിച്ച, ജൂതരെ വിശേഷിപ്പിക്കാനാണ്‌ പ്രവാസം (diaspora) എന്ന സംജ്ഞ ആദൃമായി ഉപയോഗിക്കപ്പെടുന്നത്‌. “ഇരപ്രവാസം' ( victim diaspora) ഈ പീഡാനുഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. മലയാളിക്ക്‌ അനൃമായ ഒരു അനുഭവമേഖലയാണിത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച “ഇന്‍ഡന്റര്‍” സ്രമ്പദായം മൂലം സാമ്രാജ്യത്വ ശക്തികള്‍ കരീബിയന്‍ ദ്വീപുകളിലേക്കും ആഫ്രി ക്കയിലെ കോളനികളിലേക്കും ഇന്ത്യക്കാരായ തൊഴിലാളികളെ കയറ്റി അയച്ചു. പില്‍ക്കാലത്ത്‌ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പേര്‍ഷ്യന്‍ ഗള്‍ഫ്‌ രാജ്യങ്ങളിലും ഇന്ത്യക്കാരായ തൊഴിലാളികളെത്തി. മലയാളിയുടെ പ്രവാസാനുഭവം “തൊഴില്‍ (പ്രവാസം (labour diaspora) എന്ന് വിളിക്കാവുന്ന ഈ വിഭാഗത്തില്‍പ്പെടുന്നു. 1960 കളുടെ ഒടുവില്‍ പേര്‍ഷ്യന്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ എണ്ണ കണ്ടെത്തിയതോടെ മലയാളിയുടെ ഗള്‍ഫ്‌ കുടിയേറ്റം ആരംഭിച്ചു. തുടര്‍ന്ന്‌ ഗള്‍ഫ്‌ പ്രവാസം കേരളത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളെ ഒട്ടേറെ സ്വാധീനിച്ചു. തൊഴില്‍ പ്രവാസം ഇര പ്രവസമാകുന്ന  ദുരന്തം ആധുനികകാലത്ത്‌ മലയാളി അനുഭവിച്ചിട്ടുണ്ട്‌ എന്ന്‌ വിളിച്ചു പറയുന്ന രചനകളാണ്‌ സുബൈദയുടേത്‌. പ്രവാസവുമായി ബന്ധപ്പെട്ട്‌ മലയാളിചര്‍ച്ചുചെയ്‌ത/ചെയ്യുന്ന കൃതികളിലൊന്നും സുബൈദയുടെ രചനകളില്ലെന്നതും ശ്രദ്ധേയമാണ്‌. ആനന്ദിന്റെ 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍', ബെന്യാമിന്റെ 'ആടുജീവിതം', എം.മുകുന്ദന്റെ (പ്രവാസം, റഷീദ്‌ പാറക്കലിന്റെ 'ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്നങ്ങള്‍', വി.വി.കനകലതയുടെ 'ശാന്തസമുദ്രം' തുടങ്ങിയ രചനകള്‍ മാത്രമാണ്‌ മലയാളി ചര്‍ച്ച ചെയ്തിട്ടുള്ളത്‌!

സുബൈദ ഏറെയും എഴുതിയിട്ടുള്ളത്‌ ജയിലനുഭവങ്ങളെക്കുറിച്ചാണ്‌ 'ഗള്‍ഫ്‌ ജയില്‍ കുറിപ്പുകള്‍', 'നഗ്നശരീരം', 'എന്റെ ജയിലനുഭവങ്ങള്‍' തുടങ്ങിയ പുസ്തകങ്ങള്‍ മാത്രമല്ല 'സൂര്‍' പോലുള്ള നോവലുകളും ജയില്‍ ജീവിതത്തിന്റെ ബാക്കിപ്രതങ്ങളാണ്‌. ഫിക്ഷനും അനുഭവവും തമ്മിലുള്ള നേര്‍ത്ത വരമ്പ്‌ മുറിഞ്ഞില്ലാതെയാകുന്നുണ്ട്‌ സുബൈദയുടെ രചനകളില്‍. 'മൌനത്തിന്റെ മതില്‍കെട്ടുകളുള്ള ദ്വീപാണ്‌ ജയില്‍. ഒഴുകാത്ത തടാകം. രാത്രിയും പകലുമില്ലാത്ത, കാലസങ്കല്പത്തെ തകിടം മറിക്കുന്ന, ഏകാന്തതയുടെ തടവറ'- “സൂറി"ല്‍ സുബൈദ എഴുതുന്നു. 'അധികാരത്തിന്റെ പ്രയോഗശാലകളാണ്‌ ജയിലുകള്‍. അധികാരമുള്ളിടത്തോളം ജയിലുകളുണ്ടാകും'- 'എന്റെ ജയിലനുഭവങ്ങ'ളുടെ ആമുഖക്കുറിപ്പില്‍ അദ്ദേഹം പറയുന്നു. പൌരന്മാരെ മെരുക്കുന്ന ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളാണ്‌ ജയിലുകള്‍. “നിരീക്ഷണവും നോട്ടവും അധികാരത്തിന്റെ മുഖ്യ ഉപകരണങ്ങളാണ്" (observation and gaze are key instruments of power) - എന്ന് ഫൂക്കോ 'panopticon' എന്ന നിരീക്ഷണ നിലയത്തെ വിശദീകരിച്ചുകൊണ്ട് ‌ പറയുന്നുണ്ട്‌. തടവറ ശരീരത്തിലും മനസ്സിലുമേല്പിച്ച നീറ്റലുകളെ തീവ്രമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നു സുബൈദ. പേനയില്‍ ചോരനിറച്ചെഴുതിയ ജീവിതാഖ്യാനങ്ങളാണ്‌ സുബൈദയുടെ കൃതികള്‍ എന്നു പറഞ്ഞാല്‍ അത്‌അതിശയോക്തിയല്ല.

“ ശരീരം സഞ്ചരിക്കുന്ന ആത്മകഥയാണ്‌” എന്ന മെര്‍ലില്‍ ഫെര്‍ഗൂസന്റെ വാചകം സുബൈദ പലപ്പോഴും ഉദ്ധരിച്ചു കണ്ടിട്ടുണ്ട്‌. ഏകാന്തമായ ജയില്‍ ജീവിതത്തിന്റെ ആത്മഭാഷണങ്ങളെ കാച്ചിക്കുറുക്കി എഴുതിയതാണ്‌ സുബൈദയുടെ മിക്ക രചനകളും. “എന്റെ ജയിലനുഭവങ്ങ ളു''ടെ അവതാരികയില്‍ ബെന്യാമിന്‍ എഴുതുന്നു: “ഇതിലെ ഓരോ വാക്കില്‍ നിന്നും വേദന കിനിഞ്ഞിറങ്ങുന്നുണ്ട്‌. ഓരോ വാക്കിലും കാവ്യഭംഗിയുണ്ട്‌. ഓരോ താളിലും ജീവിതമുണ്ട്‌. പ്രവാസിയുടെ അനുഭവങ്ങളുടെ ഇരുണ്ട ഏടുകളിലേക്ക്‌ അവ നമ്മെ കൂട്ടികൊണ്ടുപോകുന്നു. വായിച്ചുകഴിയുമ്പോള്‍ നാം ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ഒരു പാതയിലൂടെ നടന്നതിന്റെ തരിപ്പ്‌ നമ്മുടെ കാലുകളില്‍ അനുഭവപ്പെടുന്നു”.

“ഉന്മാദം ജഞാനമൂര്‍ച്ഛ സൃഷ്ടിക്കുന്നു” (insanity creates paroxysmic enlightenment) എന്ന്‌ സൂസന്‍ സൊണ്ടാഗ്‌ എഴുതിയിട്ടുണ്ട്‌. ഉന്മാദത്തിലേക്ക്‌ നീളുന്ന സര്‍ഗ്ഗാത്മകത വൈക്കം മുഹമ്മദ്‌ ബഷീറിലെന്ന പോലെ സുബൈദയിലും കാണാം. “ഞാന്‍ പേയിളകിയ പുസ്തകമാണെന്ന്‌ എനിക്ക്‌ തോന്നുന്നു. അതുകൊണ്ടാകാം ഇത്‌ മുറിവേറ്റ അക്ഷരങ്ങളുടെ രോദനം പോലെയാകുന്നത്‌. കുറിച്ചിടുന്ന സംഭവങ്ങള്‍ക്ക്‌ ആദിയും അന്തവും കൈമോശം വരുന്നത്‌. ഇതിനെ കഥയെന്നൊ കവിതയെന്നൊ നോവലെന്നൊ ആത്മകഥയെന്നൊ അല്ല വിളിക്കേണ്ടത്‌. പിരാന്ത്‌ എന്നതാണ്‌ നല്ല പേര്. മുറിവേറ്റ ഈ വാക്കുകള്‍ക്ക്‌ ചേരുന്ന ഏറ്റവും നല്ല പേരാണത്‌” (അലാമി').

സമ്പത്തിന്റെയും ധാരാളിത്തത്തിന്റെയും എതിര്‍ ലോകങ്ങളില്‍ ജീവിക്കുന്ന അപരജന്മങ്ങളെയാണ്‌ സുബൈദ നമുക്ക്‌ കാട്ടിത്തരുന്നത്‌. കാഫ്കയുടെ കഥാപാത്രങ്ങളെപ്പോലെ അവര്‍ അവിശ്വസനീയമായ ജീവിതസന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്നു. "സൂര്‍" എന്ന നോവലില്‍ കള്ളസാക്ഷി പറഞ്ഞതിന്‌ കണ്ണു ചൂഴ്ന്നെടുക്കാന്‍ വിധിക്കപ്പെട്ട ഗുരുവര്‍ദ്ധനോട്‌ ആഖ്യാതാവ്‌ പറയുന്നു: “എന്റെ കണ്ണുതരാം.” മുള്ളുപാകിയ വഴികളിലൂടെ നിര്‍ഭയം നടന്ന്‌ വിഷംകുടിച്ച്‌ നന്മയെ തോറ്റിയുണര്‍ത്തിയ കഥാകാരനാണ്‌ സുബൈദ. “നഗ്നശരീരം” എന്ന സുബൈദയുടെ ആത്മകഥയ്ക്ക്‌ എഴുതിയ അവതാരികയില്‍ “തിരസ്കൃതന്റെ ചോരവാക്കുകള്‍' എന്നാണ്‌ അംബികാസുതന്‍ മാങ്ങാട്‌ അദ്ധേഹത്തിന്റെ എഴുത്തിനെ വിശേഷിപ്പിക്കുന്നത്‌. മലയാളിയുടെ പ്രിയപ്പെട്ട നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ '“ചൂട്ടെഴുത്ത്‌' എന്നും. സുബൈദയുടെ “കരിനാഗം” എന്ന കഥ അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌; “ചുറ്റും ഇരുട്ട്‌. ഇരുട്ടില്‍ മുങ്ങി നിവരാന്‍ കഴിയുന്നില്ല. അപ്പോള്‍ പിറകില്‍ കാലൊച്ച. ചൂട്ടുകളുടെ ചോരക്കണ്ണ്‌”. “സ്വന്തം ദുരനുഭവങ്ങള്‍ വാറ്റി നന്മയുടെ പുസ്തകം ഉണ്ടാക്കിയ” എഴുത്തുകാരന്‍ എന്നും ഇ.പി.രാജഗോപാലന്‍ സുബൈദയെ വിശേഷിപ്പിക്കുന്നുണ്ട്‌. “സൂര്‍' അവസാനിക്കുന്നത്‌ നോക്കുക: “കാറ്റും തിരകളും ഒരമ്മയുടെ സാന്ത്വനം പോലെ എന്നെ തലോടും. എന്റെ ഇരുചെവിയിലും മൌനത്തിന്റെ പരിഭാഷ ചൊരിയും, തിന്മകളെ തോല്പിക്കാനുള്ള മന്ത്രമാണത്‌”.

തടവറ / തറവാട്‌ എന്ന ദ്വന്ദം സുബൈദയുടെ രചനകളില്‍ കാണാം. “തറവാടിന്റെ മൂലയില്‍ തടവില്‍ കിടന്നു” എന്ന്‌ അദ്ദേഹം “അലാമി'യില്‍ എഴുതുന്നുണ്ട്‌. “വിധവയായ ഉമ്മയെ ഓട്ടവീണ മണ്‍കലം പോലെ എല്ലാവരും തറവാടിന്റെ മൂലയില്‍ തള്ളി”, “എത്ര നടന്നാലും ഈ നശിച്ച തറവാട്ടുമുറ്റത്ത്‌ തിരിച്ചെത്തുന്നു” എന്നൊക്കെ നമുക്ക്‌ “അലാമി' യില്‍ വായിക്കാം. “ ഇത്തറവാടിത്തഘോഷണത്തെപ്പോലെ /വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍” എന്ന്‌ ഇടശ്ശേരി പണ്ടേ നമ്മളോട്‌ പറഞ്ഞിട്ടുണ്ട്‌. തകര്‍ന്ന സവര്‍ണ്ണ നായര്‍ തറവാടുകളുടെ നെടുവീര്‍പ്പുകള്‍ മലയാളി ഏറെ ഏറ്റുവാങ്ങിയിട്ടുണ്ട്‌. എന്നാല്‍ മരുമക്കത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്കുള്ള മാറ്റം മുസ്ലീം കുടുംബത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയാണ്‌ “അലാമി'യില്‍ സുബൈദ അവതരിപ്പിക്കുന്നത്‌. “തറവാട്‌ ഇല്ലാതായി. മുള്ളുവേലിയും കയ്യാലയും മാഞ്ഞുപോയി. ചുറ്റുമതിലുകള്‍ ഉയര്‍ന്നുവന്നു. മരങ്ങള്‍ ഓരോന്നായി മുറിഞ്ഞുവീണു. കോണ്‍ക്രീറ്റുവനങ്ങള്‍ പണിയിക്കാനായി മാരുതിക്കാറിലും മോട്ടോര്‍സൈക്കിളിലും സ്‌കൂട്ടറിലും വന്നവര്‍ തറവാട്‌ പൊളിച്ചുമാറ്റിയപ്പോള്‍ പഴകിയ തുണികെട്ടുപോലെ തറവാടിന്റെ മൂലയിലേക്കെത്തുന്നു" --ആഖ്യാതാവ്‌. ഗള്‍ഫ്‌ പ്രവാസത്തില്‍ സ്വപ്നങ്ങള്‍ കരിഞ്ഞ, സര്‍ക്കാര്‍ ജോലി തരപ്പെടാത്ത, സ്വന്തം സഹോദരിയുടെ ആത്മഹത്യ പ്രതിരോധിക്കാന്‍ പോലുമാകാത്ത ആഖ്യാതാവ്‌ അലാമി നേര്‍ച്ചയുടെ അഗ്നികുണ്ഠത്തില്‍ ജീവനൊടുക്കുകയാണ്‌. തികച്ചും പ്രാദേശികമായ അലാമി എന്ന മിത്തിനെ വൃക്തിയുടെ അന്യവല്‍ക്കരണവും സാമൂഹിക തകര്‍ച്ചയുമായി ബന്ധപ്പെടുത്താന്‍ സുബൈദക്ക്‌ നോവലില്‍ സാധിക്കുന്നുണ്ട്‌.

ഒരു മനുഷ്യന്റെ ആതൃന്തിക പ്രശനം വിശപ്പാണെന്ന്‌ ബഷീറിനൊപ്പം സുബൈദയും അടിവരയിടുന്നുണ്ട്‌. “പാചകകലയാണ്‌ ഏറ്റവും മഹത്തായ കല” എന്ന്‌ ബഷീര്‍ പറയുന്നുണ്ട്‌. “വിശപ്പിന്റെ രൂപാന്തരങ്ങളാണ്‌ ബഷീറിന്റെ രചനകള്‍” എന്ന കല്പറ്റയുടെ പ്രയോഗം സുബൈദക്കും ചേരും. വിശപ്പിനെ ചരിത്രവും സാഹിതൃവുമായി താരതമ്യം ചെയ്യുന്നുണ്ട്‌ “അലാമി'യില്‍. “സാഹിതൃമല്ല ഉമ്മാക്ക്‌ വേണ്ടത്‌ വിശപ്പുമാറ്റാന്‍ ഭക്ഷണം”,“ചരിത്രമല്ല ആവശ്യം, വിശപ്പിന്‌ ആഹാരം” എന്നെഴുതുമ്പോഴും വിശപ്പിന്‌ ആധാരമായ കാരണങ്ങളുടെ സൂക്ഷ്മ രാഷട്രീയം സുബൈദ അനാവരണം ചെയ്യുന്നുണ്ട്‌. അത്യുക്തിയെ ഉപേക്ഷിച്ച്‌ ന്യൂനോക്തിയില്‍ കഥപറയുന്ന ലളിതസങ്കീര്‍ണ്ണമായ ബഷീറിയന്‍ ഭാഷ തന്നെയാണ്‌ സുബൈദയുടേതും. അനുഭവങ്ങളുടെ അഗ്നിപര്‍വ്വതമേഖലകളിലൂടെ നഗ്നപാദരായി സഞ്ചരിച്ചവര്‍ മറ്റെന്തു ചെയ്യാനാണ്‌?

യാഥാസ്ഥിതിക മുസ്സീം സമുദായത്തില്‍ പിറന്ന്‌ തീര്‍ത്തും മതേതരമായി ജീവിച്ച ഒരു മനുഷ്യന്റെ ആത്മസാക്ഷ്യങ്ങളാണ്‌ സുബൈദയുടെ രചനകള്‍. “മതത്തിനും ജാതിക്കും എന്നെ തടവിലിടാനാവില്ല” എന്നു പ്രഖ്യാപിക്കുന്ന “അലാമി'യിലെ ആഖ്യാതാവ്‌ പറയുന്നു: “സമൂഹമല്ല, നമ്മളാണ്‌ വളരേണ്ടത്‌”. അലാമി നേര്‍ച്ച തന്നെ ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ കര്‍ബല യുദ്ധത്തിന്റെ സ്മരണ പുതുക്കലാണ്‌. എന്നാല്‍ അലാമിപ്പള്ളിയിലെ തുര്‍ക്കന്മാരുടെ മഖാമില്‍ വേഷംകെട്ടാന്‍ നേര്‍ച്ചയാക്കിയെത്തുന്നത്‌ ഹിന്ദുക്കളും. കറുത്തതോര്‍ത്ത്‌ അരയില്‍ചുറ്റി, മേലാകെ കരിവാരിപൂശി, അതില്‍ വെളുത്ത കുത്തിട്ട തലയില്‍ വെച്ച കൂമ്പാളത്തൊപ്പിചൂടി അരയിലും കാലിലും കോലിലും കെട്ടിയ മണി കിലുക്കി ഈണത്തില്‍ “ലെസ്സോ...... ലൈമോ”” ആടിപ്പാടി വീടുകള്‍ തോറും കയറിയിറങ്ങുന്നു അലാമി വേഷങ്ങള്‍. സുബൈദയുടെ “ഹരിദ്വാര്‍', “അസുരവാദ്യം' തുടങ്ങിയ നോവലുകള്‍ സ്വത്വാന്വേഷണത്തിന്റെ ആത്മപ്രകാശനങ്ങളാണ്‌. ബൃഹദാരണൃകോപനിഷത്തിലെ “ അഹംബ്രഹ്മാസ്മി'യും ഹുസൈന്‍ ബുനുല്‍ മന്‍സൂറിന്റെ “അനല്‍ഹലഖും' ഒന്നാണെന്ന്‌ സുബൈദയും നമ്മളോട്‌ പറയുന്നു. “ഭക്തിക്ക്‌ വലിയ ഒരു മെച്ചമുണ്ട്‌. അതാകുന്നു നമുക്ക്‌ മഹത്തായ ലക്ഷൃത്തിലെത്തിച്ചേരാന്‍ ഏറ്റവും എളുപ്പവും സ്വാഭാവികവുമായ മാര്‍ഗ്ഗവും. അതിനൊരു സ്യൂനതയുമുണ്ട്‌. താണപടികളില്‍ അത്‌ ദുഷിച്ച്‌ പലപ്പോഴായി ഭീഭത്സമായ മത്രഭാന്തായി തീരാം” - “ഹരിദ്വാര്‍' എന്ന നോവല്‍ സുബൈദ ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌; സ്വാമി വിവേകാനന്ദന്റെ “ഭക്തിയോഗം” വായിച്ചുകൊണ്ട്‌. “അസുരവാദൃത്തിലാകട്ടെ “ദൈവത്തെ കാണാന്‍ തെരുവിലിറങ്ങണമെന്നും തെരുവോരങ്ങളില്‍ ചെവിചേര്‍ത്ത്‌ കിടക്കണമെന്നും” ചേക്കുട്ടി എന്ന കള്ളനാണ്‌ ആഖ്യാതാവിനെ പഠിപ്പിക്കുന്നത്‌. “ഈ പ്രപഞ്ചത്തിന്‌ ജാതിയും മതവുമില്ല. ഇവിടെ വീശുന്ന കാറ്റും സുഗന്ധവും സംഗീതവും എല്ലാം ഒന്നാണ്‌”, ഒരു സൂഫിവര്യനെപ്പോലെ സുബൈദ വിളിച്ചു പറയുന്നു.

സൂക്ഷ്മശ്രുതികളുണര്‍ത്തുന്ന ലളിതമായ ഭാഷയില്‍ കൃതമായ രാഷ്രീയ നിലപാടുകള്‍ സത്യസന്ധതയോടെ എഴുതുന്നതാണ്‌ സുബൈദയെ വേറിട്ടുനിര്‍ത്തുന്നത്‌. ഒരു പുസ്തകവും “കൊഴുപ്പിക്കാന്‍” തയ്യാറാവാതെ സതൃസന്ധമായി എഴുതുന്ന സുബൈദയുടെ കൃതികളില്‍ സൂക്ഷ്മമായ രാഷട്രീയമാണ് ‌ നിഴലിക്കുന്നത്‌. “അലാമി'യിലെ ആഖ്യാതാവിനോട്‌ കോമന്‍ മാഷ്‌ പറയുന്നുണ്ട്‌, “നീ അദ്ധ്വാനിക്കുന്നവര്‍ക്കു വേണ്ടിയും കര്‍ഷകത്തൊഴിലാളികള്‍ക്കു വേണ്ടിയും എഴുതണം”. എന്നാല്‍ ഇങ്ങനെയുള്ള “ propagandist സാഹിത്യം എഴുതാന്‍ അയാള്‍ കൂട്ടാക്കുന്നില്ല.

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്നുണ്ട്‌ സുബൈദയുടെ രചനകള്‍. “അസുരവാദ്യം' എന്ന നോവലിന്‌ കാരണമാകുന്നത്‌ ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്‌. “അവര്‍ ഞങ്ങളെ ബാബറിന്റെ പിന്‍മുറക്കാരാണെന്ന്‌ വിളിച്ചപ്പോള്‍എനിക്ക്‌ വല്ലാത്ത ആശയക്കുഴപ്പം തോന്നി. എന്റെ പൂര്‍വ്വികരുടെ പേരുകള്‍ ഒരുപക്ഷേ രാംപ്രസാദ്‌ എന്നൊ സീതാദേവിയെന്നൊ  ആയിരിക്കാം. ഞങ്ങള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തമോ അല്ലാതെയോ മതപരിവര്‍ത്തനം നടത്തിയവരാകാം” (അസുരവാദ്യം).

മനുഷൃകേന്ദ്രിതമായ (anthropocentric) ചിന്തകളെ വെല്ലുവിളിക്കുന്നുണ്ട്‌ സുബൈദ. സര്‍വ ജീവജാലങ്ങള്‍ക്കുമൊപ്പം മനുഷ്യനും ഇടമുള്ള ഒന്നായാണ്‌ ബഷീറിനെപ്പോലെ അദ്ദേഹം ഭൂമിയെ സങ്കല്‍പ്പിക്കുന്നത്‌.

നോവലിന്റെ ഒരു സവിശേഷത അതിന്റെ വിശാലമായ കാന്‍വാസാണ്‌. “എന്തും കുത്തിനിറക്കാനുള്ള കീറച്ചാക്ക്‌” എന്ന്‌ എച്ച്‌.ജി.വെല്‍സ്‌ നോവലിനെ കളിയാക്കുന്നുണ്ട്‌. ആറ്റിക്കുറുക്കിയ 'parable' ന്‌ സമാനമായ സുബൈദയുടെ ഭാഷ വിശദാംശങ്ങളിലേക്കു പോകാതെ, സംഭവങ്ങളെ പൊലിപ്പിക്കാതെ, നഗ്നമായി എഴുതുന്നു. നോവലിന്റെ ബൃഹദാഖ്യാന ഘടനയെ അട്ടിമറിക്കുന്നു സുബൈദ.

സെയിന്റ്‌ അഗസ്റ്റീനിന്റെ “കുമ്പസാരങ്ങള്‍” (confessions) മുതല്‍ ലീനാ മണിമേഖലയുടെ കവിതകള്‍ വരെ നീളുന്ന തുറന്നെഴുത്തുകള്‍ വായനക്കാരന്റെ മനസ്സിനെ മഥിക്കുകയും അജേഞയവും വൈചിത്ര്യവുമാര്‍ന്ന ഇടങ്ങളെ അനാവരണം ചെയ്യുകയും ചെയ്യുന്നു. തുറന്നെഴുത്തിന്റെ ശക്തി സുബൈദയുടെ രചനകളെ സൌന്ദരൃവത്താക്കുന്നു. ദേശത്തെയും മറു ദേശത്തെയും എഴുതുന്ന സുബൈദ വിക്ടോറിയന്‍ മൊറാലിറ്റി'യുടെ മൂശയില്‍ ഉരുവം കൊണ്ട മലയാളിയുടെ കപടസദാചാരബോധത്തെ ചോദ്യം ചെയ്യുന്നു. 'പരിപ്പ്‌ മുറിക്കുന്ന കത്തി', 'പോസ്റ്റു ചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍' തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെ. മനസ്സിന്റെയും വപുസ്സിന്റെയും നരകയാത്രകള്‍ വരച്ചിട്ട സുബൈദ ദസ്തേയവ്സ്‌കിയുടെ ബന്ധുവാണെന്ന കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല.

Contact the author

Rajesh Karippal

Recent Posts

Criticism

ഒലീവ് മരത്തണലിലിരുന്നു വായിക്കുമ്പോള്‍- ഡോ ഇന്ദിരാ ബാലചന്ദ്രൻ

More
More
Mehajoob S.V 2 years ago
Criticism

ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

More
More
Dr. Anil K. M. 2 years ago
Criticism

ബാല്യകാലസഖി: കരുണയുടെ പാഠങ്ങള്‍ - പ്രൊഫ. അനില്‍ ചേലേമ്പ്ര

More
More
P P Shanavas 2 years ago
Criticism

ക്ഷേമ കെ തോമസിന്റെ കാവ്യജീവിതത്തെ വിലയിരുത്തുമ്പോൾ - പി പി ഷാനവാസ്‌

More
More
Gafoor Arakal 2 years ago
Criticism

ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

More
More
Gafoor Arakal 3 years ago
Criticism

മഞ്ഞയുടെ ഉന്‍മാദത്തിനിടെ ഉറഞ്ഞുകൂടുന്ന ചുവപ്പാണ് 'പിഗ്മെന്‍റ്'- ഗഫൂര്‍ അറയ്ക്കല്‍

More
More