'ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്' -ആസാദ്

ഭൂതകാലത്തിന്റെ ഭാരത്തെക്കുറിച്ച് നെഹ്റു എഴുതുന്നുണ്ട്. ''നന്മയുടെയും തിന്മയുടെയും ഭാരമാണത്. അതു നമ്മെ അടിപ്പെടുത്തിക്കളയും. ചിലപ്പോള്‍ ശ്വാസം മുട്ടിച്ചു കളയും. നീഷെ പറയുംപോലെ നൂറ്റാണ്ടുകളുടെ വിവേകം മാത്രമല്ല, അവയുടെ ഭ്രാന്തും നമ്മളില്‍ പൊട്ടിപ്പിളര്‍ന്നു വരുന്നു''.

അദ്ദേഹമന്വേഷിച്ചു. ''എന്താണെന്റെ പൈതൃകം? ഞാന്‍ എന്തിനാണ് അവകാശിയായിട്ടുള്ളത്? നിരവധി ദശസഹസ്രാബ്ദങ്ങളിലൂടെ മാനുഷ്യകം നേടിയ നേട്ടങ്ങള്‍ക്കൊക്കെ. അതിന്റെ എല്ലാ വിചാരങ്ങള്‍ക്കും ബോധങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും. അതിന്റെ വിജയോന്മത്തമായ ആര്‍പ്പുവിളികള്‍ക്കും പരാജയത്തിന്റെ തീവ്ര യാതനകള്‍ക്കും. എന്നാല്‍ ഇന്ത്യക്കാരായ നമുക്കു സവിശേഷമായ പൈതൃകമുണ്ട്. മറ്റുള്ളവരെ ഒഴിച്ചു നിര്‍ത്തുന്ന ഒന്നല്ല. കാരണം യാതൊന്നുംതന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്നില്ല. എല്ലാം മനുഷ്യവംശത്തിനു പൊതുവിലുള്ളതാണ്.

നമ്മുടെ മികച്ച ദൗര്‍ഭാഗ്യങ്ങളിലൊന്ന് പുരാതന സാഹിത്യത്തില്‍ വലിയൊരു ഭാഗം നഷ്ടപ്പെട്ടു പോയി എന്നതാകുന്നു. ആദ്യകാല ഉപനിഷത്തുക്കളെ തുടര്‍ന്നുണ്ടായ ഭൗതികവാദ സാഹിത്യം മുഴുവനും നഷ്ടപ്പെട്ടു. അതിന്റെ വിമര്‍ശങ്ങളിലും ഭൗതികവാദങ്ങളെ ഖണ്ഡിക്കാനുള്ള വിസ്താരോദ്യമങ്ങളിലും മാത്രമേ ഇന്ന് അതിനെക്കുറിച്ചുള്ള പ്രസ്താവങ്ങള്‍ കാണുന്നുള്ളു. എന്നാല്‍ അനേകം നൂറ്റാണ്ടുകളോളം ഭൗതികവാദം ഇന്ത്യയില്‍ വിശ്വസിക്കപ്പെട്ടു പോന്നിട്ടുണ്ടെന്നും അക്കാലത്ത് അതു ജനങ്ങളുടെ മേല്‍ പ്രബലമായ സ്വാധീനത ചെലുത്തിയിരുന്നു എന്നുമുള്ള കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. ക്രിസ്തുവിന് മുമ്പ് നാലാം ശതകത്തില്‍ കൗടില്യന്‍ എഴുതിയ അര്‍ത്ഥശാസ്ത്രത്തില്‍ ഭൗതികവാദത്തെ ഇന്ത്യയിലെ മുഖ്യ ദര്‍ശനങ്ങളില്‍ ഒന്നായി എടുത്തു പറഞ്ഞിട്ടുണ്ട്. ഭൗതികവാദ സാഹിത്യത്തില്‍ ഏറിയകൂറും പുരോഹിതന്മാരും മാമൂല്‍മതവിശ്വാസികളും നശിപ്പിച്ചതാണ്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റു പറഞ്ഞതാണ് മുകളിലുള്ളതെല്ലാം. ബാബറിമസ്ജിദ് തകര്‍ത്തിടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാമക്ഷേത്രത്തിനു ശിലയിടുകയാണ്. ആ ഉത്സാഹത്തില്‍ ആയിരത്താണ്ടുകളുടെ അക്രമോത്സുക ഭാവമുണ്ട്. ഭൗതികവാദത്തെ നശിപ്പിച്ച, ബുദ്ധ ജൈന മതങ്ങളെ ഓടിച്ച ഹിംസാത്മക ആശയവാദത്തിന്റെ ഒടുവിലത്തെ ക്രൗര്യമാണ് നാം കാണുന്നത്. യജമാന രാഷ്ട്ര (ബ്രിട്ടന്‍) ത്തോടു കണക്കു തീര്‍ത്ത ജനതയ്ക്കു യജമാന വംശീയതയോടു കണക്കുതീര്‍ക്കാന്‍ കഴിഞ്ഞില്ല. അതിന്റെ മാമൂല്‍ മതാന്ധതയില്‍ രാജ്യം ഇരുളുകയാണ്.

രണ്ടു പ്രധാനമന്ത്രിമാര്‍ക്കിടയിലെ ദൂരം പൈതൃകത്തെ സംബന്ധിച്ച അറിവുകളുടെ അകലമാണ്. അതിപ്പോള്‍ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? ഇന്നത്തെ വേദന നിറഞ്ഞ പകലില്‍ ഞാന്‍ നെഹ്റുവിനെ വായിക്കും. ആത്മനിന്ദയുടെ വേവുകളെ മഹാസ്വപ്നങ്ങള്‍ വീണ്ടെടുത്തു മറികടക്കും. ഇന്ത്യയെ കണ്ടെത്തല്‍ ശ്രമകരമായ ഒരു വായനാനുഭവമായി കനം തൂങ്ങട്ടെ. അതു നിരന്തരം വിചാരണ ചെയ്യട്ടെ.

തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ്  ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.  ശിലവെച്ച മാമൂല്‍ വിശ്വാസങ്ങളുടെയെല്ലാം ക്ഷേത്രങ്ങള്‍ക്കു താഴെ പലകാലത്തു തകര്‍ക്കപ്പെട്ട മനുഷ്യ സംസ്കാരത്തിന്റെ അടരുകളുണ്ടാവും. അതൊന്നും ആരും ഓര്‍ക്കാറില്ല. പക്ഷെ, ഫാഷിസം നമ്മെ എല്ലാം ഓര്‍മ്മിപ്പിക്കും.

 ആയിരത്താണ്ടുകളുടെ പിറകില്‍നിന്ന് വീണുപോയ മനുഷ്യരുടെ നിലവിളികള്‍ നമുക്കു കൂട്ടുവരും. ഫാഷിസമെന്ന ഹിംസാത്മക ആശയവാദത്തെ ധീരമായി നേരിടാന്‍ ശക്തി പകരും. ഇന്നത്തെ ദിവസം ഇത്രയെങ്കിലും എനിക്കു സങ്കല്‍പ്പിക്കാതെ വയ്യ.

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More