തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. നിലവിലെ ഭരണ സമിതിയുടെ കാലാവധി നവംബർ മധ്യത്തോടെ അവസാനിക്കും. ഇതിനകം തെരഞ്ഞടുപ്പിനുള്ള നടപടി ക്രമം ആരംഭിച്ചിട്ടുണ്ടെന്നും വി ഭാസ്കരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് തീയതി ആരോഗ്യ വകുപ്പിനോട് അടക്കം ചർച്ച ചെയ്ത് തീരുമാനിക്കും. ഒക്ടോബറിൽ തെരഞ്ഞെടപ്പ് നടത്താനാണ് ശ്രമിക്കുന്നത്. പ്രചരണവും വോട്ട് അഭ്യർത്ഥനയും സംബന്ധിച്ച് വിശദമായ പ്രോട്ടോക്കോൾ ഉണ്ടാക്കും. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്താകും അന്തിമ തീരുമാനം എടുക്കുക. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം അടുത്ത മാസം ആദ്യം തുടങ്ങുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ മാധ്യമങ്ങളോട് പറഞ്ഞു.