തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സിപിഎം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക്‌ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. പ്രത്യേക കമ്പനി രൂപീകരിച്ച്‌ കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിക്കണമെന്നും‌ സിപിഎം ആവശ്യപ്പെട്ടു.

ഒരു രൂപപോലും മുടക്കാതെ 30,000 കോടി ആസ്ഥിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം അദാനിക്ക്‌ വില്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഒരു കാരണവശാലും ഈ വിമാനത്താവളം അദാനിക്ക്‌ നല്‍കാന്‍ കേരള ജനത അനുവദിക്കുകയില്ല. അഹമ്മദാബാദ്‌, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ ഒരു വര്‍ഷം മുമ്പാണ്‌ അദാനിക്ക്‌ നല്‍കാന്‍ തീരുമാനിച്ചത്‌. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്ക്‌ വിറ്റ്‌ കാശാക്കുകയാണ്‌ ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ പൊതുതാത്‌പര്യത്തിന്‌ വിരുദ്ധമായി അദാനിയേയും ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനേയും അനുകൂലിച്ച തിരുവനന്തപുരം എം.പി.ശശി തരൂരിന്റെ നിലപാട്‌ പ്രതിഷേധാര്‍ഹമാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.

170 കോടി രൂപ വാര്‍ഷിക ലാഭം ലഭിയ്‌ക്കുന്ന വിമാനത്താവളമാണ്‌ തിരുവനന്തപുരം. തിരുവിതാംകൂര്‍ രാജകുടുംബം വിട്ടുകൊടുത്ത സ്ഥലത്തിന്‌ പുറമേ സംസ്ഥാന സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി സ്ഥലം വാങ്ങി എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയ്‌ക്ക്‌ കൈമാറി. വീണ്ടും 18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചു വരികയാണ്‌. വിമാനത്താവളത്തിനു കേരളം സൗജന്യമായി 635 ഏക്കര്‍ ഭൂമിയാണ്‌ നല്‍കിയത്‌. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന്‌ 23.57 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ 2005 - ല്‍ തീരുമാനിച്ചത്‌ ഉപാധിയോടെയായിരുന്നു. ഏതെങ്കിലും കാരണവശാല്‍ വിമാനത്താവള അതോറിറ്റി ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സര്‍ക്കാര്‍ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാമെന്ന്‌ 2003-ല്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രേഖാമൂലം ഉറപ്പു നല്‍കിയതാണ്‌. കേരളത്തിന്‌ പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്‌.പി.വി) രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്ന്‌ അന്ന്‌ സര്‍ക്കാരിനു ഉറപ്പു നല്‍കിയതായിരുന്നു. എന്നാല്‍ ഈ ഉറപ്പുകളെല്ലാം ലംഘിച്ചുകൊണ്ട്‌ ഗവണ്‍മെന്റ്‌ ഭൂമിയും സൗകര്യങ്ങളും ഉപയോഗിച്ച്‌ പടുത്തുയര്‍ത്തിയ മഹാസ്ഥാപനം അദാനി ഗ്രൂപ്പിന്‌ കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ടെണ്ടര്‍ നടപടികള്‍ ഇല്ലാതെ പ്രത്യേക കമ്പനി രൂപീകരിച്ച്‌ വിമാനത്താവളം ഏറ്റെടുക്കാമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ടെണ്ടറില്‍ പങ്കെടുക്കാനായിരുന്നു കേന്ദ്രനിര്‍ദ്ദേശം. കെ.എസ്‌.ഐ.ഡി.സി വഴി സംസ്ഥാന സര്‍ക്കാര്‍ ടെണ്ടറില്‍ പങ്കെടുത്തു. അദാനി ഗ്രൂപ്പ്‌ മുന്നോട്ടുവെച്ച തുകയേക്കാള്‍ കൂടുതല്‍ നല്‍കാമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടും കേന്ദ്രം അവഗണിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇത്‌ സംബന്ധിച്ച കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌ ഇപ്പോഴുള്ളത്‌. ഈ ഘട്ടത്തില്‍ ഇത്തരമൊരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്‌ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.

തെക്കന്‍ കേരളത്തിലെ കടലും ആകാശവും അദാനി ഗ്രൂപ്പിന്‌ സ്വന്തമായി കഴിഞ്ഞു. കോവിഡ്‌ മഹാമാരി രാജ്യത്തെമ്പാടും പടര്‍ന്നുപിടിക്കുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളുടെ സ്വത്ത്‌ കോര്‍പ്പറേറ്റ്‌ കമ്പനിക്ക്‌ വില്‍ക്കാനുള്ള തീരുമാനം തികഞ്ഞ അഴിമതിയാണ്‌. ഈ പകല്‍കൊള്ളയ്‌ക്കെതിരെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്ന്‌ പോരാടണമെന്ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More