ദേശിയ വിദ്യാഭ്യാസ നയം: പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗം - ഡോ. കെ എസ് മാധവൻ

പുതിയ ദേശിയ വിദ്യാഭ്യാസ നയത്തെപ്പറ്റി (NEP) വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളും അഭിപ്രായങ്ങളും ഇതിനകം തന്നെ വന്നു കഴിഞ്ഞു. 

വിദ്യാഭ്യാസനയം എങ്ങനെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത് ?

പൊതുസമൂഹത്തിൻ്റെ അഭിപ്രായങ്ങൾ സ്വീകരിച്ചു കൊണ്ടാണ് ഇപ്പോൾ കേന്ദ്ര മന്ത്രിസഭ ഈ രേഖ അംഗികരിച്ചിരിക്കുന്നത് എന്നാണ് ഗവർമെൻറ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ പാർലമെൻറിലും പൊതുസമൂഹത്തിലും ഉണ്ടാവേണ്ട ക്രിയാത്മകവും ജനാധിപത്യപരവുമായ സംവാദപ്രക്രിയയുടെ ഉൽപന്നമല്ല ഈ നയരേഖ. ഈ നയരേഖ പാർലമെൻ്റിൽ ചർച്ച ചെയ്യാതെയാണ് മന്ത്രിസഭ അംഗികരിച്ച് പ്രാബല്യത്തിലാക്കിയിരിക്കുന്നത്.

വിദ്യാഭ്യാസ നയം എങ്ങനെയാണ് സര്‍ക്കാര്‍ അംഗീകരിക്കേണ്ടത് ? 

വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും  കൂട്ടായ്മകള്‍ക്കും ചർച്ചചെയ്യാന്‍ പാകത്തില്‍ ആരോഗ്യപരമായ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ മുൻനിർത്തി സംവാദങ്ങൾ ഉണ്ടാക്കിയാണ് ഒരു വിദ്യാഭ്യാസ നയരേഖ ഉണ്ടാകേണ്ടത്. അതാകട്ടെ ബഹുതല സ്പർശിയായ സംവാദ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞുവരേണ്ടതുമാണ്. അത്തരമൊരു സംവാദ പ്രക്രിയ നടക്കുവാനുള്ള അവസരം സർക്കാർ  ഉണ്ടാക്കിയില്ല എന്നു മാത്രമല്ല  ഭരിക്കുന്ന കക്ഷിയുടെ  രാഷ്ട്രിയ കാഴ്ച്ചപ്പാടിനെ മുൻനിർത്തി ബ്യൂറോക്രാറ്റുകൾ നിർമ്മിച്ചതും സംഘപരിവാർ സംഘടനകളുടെ നിർദ്ദേശങ്ങൾ മാത്രം ഉൾപ്പെടുത്തിയതുമായ ഒരു നയരേഖയ്ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയത്. 

വിദ്യാഭ്യാസ വിചക്ഷണരെ ഒഴിവാക്കി, സംഘപരിവാര്‍ കയ്യടക്കി 

സംഘപരിവാർ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരും ഹിന്ദുത്വ വിദ്യാഭ്യാസ സംഘടനകളും ചില മാനേജീരിയൽ വിദഗ്ധരും ടെക്നോക്രാറ്റുകളും കേന്ദ്രമന്ത്രിസഭ അംഗികരിച്ചിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയരേഖയെ സ്വാഗതം ചെയ്തിട്ടുണ്ട്. സംഘപരിവാർ സാംസ്കാരിക സംഘടനകളും  ഹിന്ദുത്വ വിദ്യാഭ്യാസ നേതൃത്വവും അവകാശപ്പെടുന്നത് അവർ മുന്നോട്ട് വച്ച നിർദ്ദേശങ്ങളാണ് ഈ നയരേഖയിൽ അറുപത് ശതമാനത്തോളം എന്നാണ്. സ്വാതന്ത്രാനന്തര ഇന്ത്യയിലെ മതനിരപേക്ഷവും ശാസ്ത്രിയവും നിർമ്മാണാത്മകവുമായ ജനാധിപത്യ ദേശിയ വിദ്യാഭ്യാസ സംസ്കാരത്തെയും പദ്ധതിയേയും  കരുപ്പിടിപ്പിച്ച വിദ്യാഭ്യാസ പാരമ്പര്യത്തിൽ നിന്നുവരുന്ന വിദ്യാഭ്യാസ പ്രവർത്തകരൊ വിദ്യാഭ്യാസ വിചക്ഷണരൊ അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകരൊ ബോധന ശാസ്ത്രവിദഗ്ധരൊ ഈ നയരൂപികരണത്തിൽ പങ്കാളികളായിരുന്നില്ല. ടെക്നോക്രാറ്റുകളും മാനേജിരിയൽ വിദഗ്ധരും ഹിന്ദുത്വ പക്ഷപാതികളുമായിരുന്നു ഈ പദ്ധതി തയ്യാറാക്കിയവരിൽ ഉൾപ്പെട്ടിരുന്നത്.

കാവിനിറം പിടിപ്പിച്ച ബോധന ശാസ്ത്ര പദ്ധതി 

മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്ന 64 പേജുള്ള  'ദേശിയ വിദ്യാഭാസ നയം 2020' എന്ന രേഖയാണ് ലഭ്യമായിട്ടുള്ളത്.കേന്ദ്ര മന്ത്രിസഭ അംഗികരിച്ച രേഖയായിട്ടാണ് ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയരേഖ നാലു ഭാഗങ്ങളിൽ 27 അധ്യായങ്ങളിലായി

a] സ്കൂൾ വിദ്യാഭ്യാസം

b] ഉന്നത വിദ്യാഭ്യാസം 

c] പ്രാധാന്യം കൊടുക്കേണ്ട മറ്റു മേഖലകൾ

d] നടപ്പാക്കാനായുള്ള നിർമ്മാണം

എന്നിങ്ങനെയാണ് ഈ രേഖ പുതിയ വിദ്യഭ്യാസനയത്തെ വിശദികരിച്ചിട്ടുള്ളത്. 2040- ഓടെ ലോകത്തിൽ ഇന്ത്യയെ ഒന്നാമതാക്കുമെന്ന് അവകാശപ്പെടുന്ന ഈ രേഖ നിലവിലുള്ള വിദ്യാഭ്യാസത്തിൻ്റെ ഘടനയും ചട്ടങ്ങളും വിദ്യഭ്യാസ ഭരണനിർവ്വഹണവും പൂർണ്ണമായും ഇതിനനുസൃതമായി മാറ്റുമെന്നും പറയുന്നു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആവശ്യങ്ങളെ സഫലീകരിക്കാൻ പാരമ്പര്യങ്ങളെയും പാരമ്പര്യ മൂല്യങ്ങളെയും ആശ്രയിച്ചു വിദ്യാഭ്യാസത്തെ പുന നിർമ്മിക്കണമെന്നും പറയുന്നു. പ്രാചീന ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സനാതന ജ്ഞാനവും പ്രജ്ഞ, സത്യം എന്നി സങ്കല്പങ്ങളെയും ആധാരമാക്കി വിദ്യാഭ്യാസം  വികസിക്കണമെന്ന് രേഖ പ്രഖ്യാപിക്കുന്നു.

വിവിധ വിദ്യാഭ്യാസ വീക്ഷണങ്ങളുടെ സങ്കല്പനങ്ങളെ സൂചിപ്പിക്കുന്ന പദാവലികൾ  അലങ്കാര വാക്കുകളായും പരസ്പര വിരുദ്ധവുമായും ആമുഖത്തിൽ വർണ്ണിച്ചിരിക്കുന്നു എന്നല്ലാതെ  ഇന്ത്യയുടെ വൈവിധ്യങ്ങളെയും സാമൂഹിക അസമത്വങ്ങളെയും ഘടനാപരമായ ജാതി- ലിംഗ അധികാര പ്രശ്നങ്ങളെയും അഭിമുഖികരിക്കുന്ന ഒന്നും തന്നെ ഈ രേഖ വിദ്യഭ്യാസത്തെ മുൻനിർത്തി പരിഗണിക്കുന്നില്ല. ഇന്ത്യയിൽ നടപ്പാക്കേണ്ട സെക്കുലർ ജനാധിപത്യ ഉള്ളടക്കമുള്ളതും സാമൂഹിക നീതിയെ സ്ഥാപിച്ചെടുക്കേണ്ടതും ജനാധിപത്യ സംസ്കാരത്തെ നിലനിർത്തേണ്ടതുമായ ആവശ്യങ്ങളെ മുൻനിർത്തിയുള്ള ഒരു വിദ്യാഭ്യാസ കാഴ്ച്ചപ്പാടും ഈ രേഖ മുന്നോട്ടുവയ്ക്കുന്നില്ല. മാത്രമല്ല മുൻ കാലങ്ങളിലെ ( 1986-92 ) വിദ്യാഭ്യാസ നയങ്ങൾ വിദ്യാഭ്യാസ രംഗത്ത് തുല്യതയ്ക്കും വിദ്യാഭ്യാസത്തിൻ്റെ ലഭ്യത (equity and access) ക്കുമാണ്  പ്രാധാന്യം കൊടുത്തതെന്ന വലിയ പരിമിതി  ഈ രേഖ എടുത്തു പറയുന്നുണ്ട്. 

വരേണ്യവും ത്രൈവർണ്ണിക പാരമ്പര്യത്തിലൂന്നുന്നതുമായ ആശയങ്ങളെ  ഇന്ത്യൻ മൂല്യങ്ങളായി സ്ഥാപനപ്പെടുത്തി അതിൻ്റെമേൽ ഒരു അറിവ് സമൂഹത്തെ ( knowledge society) സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയെ ആഗോള രംഗത്ത്  ജ്ഞാനത്തിൽ ഒരു സൂപ്പർ പവറാക്കി മാറ്റി തീർക്കുകയാണ് ഈ വിദ്യാഭ്യാസ നയത്തിൻ്റെ (vision) കാഴ്ച്ചപ്പാടായി പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല സൃഷ്ടിപരമായ ഭാവനയും ഇടപെടൽ ശേഷിയും പൗരന്മാരിൽ നിർമ്മിച്ച് തുല്യതയും ഉൾക്കൊള്ളലും ബഹുസ്വരതയും നിർമ്മിക്കുകയാണ് പുതിയ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്ന് രേഖയുടെ ആമുഖത്തിൽ പൊലിമ വചനങ്ങളായും വാഗ്ദാനങ്ങളായും പ്രസ്താവിക്കുന്നുണ്ട്. ഇന്ത്യയുടെ വൈജ്ഞാനിക പാരമ്പര്യത്തെ ആത്മാഭിമാനത്തിൻ്റെയും ദേശിയ അഭിമാനത്തിൻ്റെയും സ്രോതസ്സാക്കണമെന്ന സാംസ്കാരി ദേശിയത്വ വീക്ഷണം ആമുഖത്തിൽ പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ വൈവിധ്യങ്ങളെയും സാമൂഹിക അസമത്വങ്ങളെയും ഘടനാപരമായ ജാതി- ലിംഗ അധികാര പ്രശ്നങ്ങളെയും അഭിമുഖികരിക്കുന്ന ഒന്നും തന്നെ ഈ രേഖ വിദ്യഭ്യാസത്തെ മുൻനിർത്തി പരിഗണിക്കുന്നില്ല. ഇന്ത്യയിൽ നടപ്പാക്കേണ്ട സെക്കുലർ ജനാധിപത്യ ഉള്ളടക്കമുള്ളതും സാമൂഹിക നീതിയെ സ്ഥാപിച്ചെടുക്കേണ്ടതും ജനാധിപത്യ സംസ്കാരത്തെ നിലനിർത്തേണ്ടതുമായ ആവശ്യങ്ങളെ മുൻനിർത്തിയുള്ള ഒരു വിദ്യാഭ്യാസ കാഴ്ച്ചപ്പാടും ഈ രേഖ മുന്നോട്ടുവയ്ക്കുന്നില്ല.

വിദ്യാഭ്യാസ നയം: പൊരുളും ലക്ഷ്യവും

വരേണ്യവും ത്രൈവർണ്ണിക പാരമ്പര്യത്തിലൂന്നുന്നതുമായ ആശയങ്ങളെ  ഇന്ത്യൻ മൂല്യങ്ങളായി സ്ഥാപനപ്പെടുത്തി അതിൻ്റെ മേൽ ഒരു അറിവ് സമൂഹത്തെ ( knowledge society) സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയെ ആഗോള രംഗത്ത്  ജ്ഞാനത്തിൽ ഒരു സൂപ്പർ പവറാക്കി മാറ്റി തീർക്കുകയാണ് ഈ വിദ്യാഭ്യാസ നയത്തിൻ്റെ (vision) കാഴ്ച്ചപ്പാടായി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള 6 മുതൽ 16 വയസ്സിനുള്ളിൽ വരുന്ന 10 + 2 ഘടന മാറ്റി  3 മുതൽ 18 വയസ്സുവരെ 5+ 3+ 3+ 4 എന്ന ഘടനയിലേക്ക് മാറുന്നു. ബോധന രംഗത്തും കരിക്കുലത്തിലും ഇതിനുസൃതമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള അംഗൻവാടി പ്രീ-സ്കൂൾ ഘട്ടം സ്കൂൾ പഠനത്തിൻ്റെ ഭാഗമാക്കി ആദ്യകാല ശിശു പരിപാലനവും വിദ്യാഭ്യാസഘട്ടവുമാക്കി (Early  Childhood Care and Education/ ECCE) മാറ്റിയിരിക്കുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിലെ പ്രാഥമികതലം 3 വയസ്സു മുതൽ 6 വയസ്സുവരെയുള്ള അംഗൻവാടി / പ്രീസ്കൂൾ (ECCE) തലമാണ്. 6 മുതൽ 8 വയസ്സുവരെയുള്ള ഒന്നും രണ്ടും ക്ലാസ്സുകൾ കഴിയുന്ന തോടുകൂടി അടിസ്ഥാന ഘട്ടം (foundational ) കഴിയുന്നു. തുടർന്ന് 3 മുതൽ 5 വരെ ക്ലാസ്സുകൾ വരുന്ന 8 മുതൽ 11 വയസ്സുവരെയുള്ള ഘട്ടം തയ്യാറെടുപ്പു തലമായി ( Preparatory) സ്ഥാനപ്പെടുത്തിയിരിക്കുന്നു. 11 മുതൽ 14 വയസ്സുവരെ 6 മുതൽ 8 വരെ ക്ലാസ്സുകൾ ഉൾപ്പെടുത്തിയ മധ്യതല (middle) മാണ്. 14 മുതൽ 18 വയസ്സുവരെ 9 മുതൽ 12 ക്ലാസ്സുവരെയുള്ള സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസതലമായി വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു.

കൊഴിഞ്ഞുപോക്കും പുതിയ വിദ്യാഭ്യാസ നയവും 

2017- 2018 വർഷത്തിൽ 6 വയസ്സിനും 17 വയസ്സിനുമിടയിലുള്ള മൂന്ന് കോടി 22 ലക്ഷം കുട്ടികൾ ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിൽ നിന്നും കൊഴിഞ്ഞു പോയതായി രേഖ പറയുന്നുണ്ട്. എന്നാൽ ഏതു സാമൂഹിക സാമ്പത്തീക ചുറ്റുപാടിലുള്ള സമൂഹങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളാണ് സ്കൂൾ പഠനത്തിൽ നിന്നും കൊഴിഞ്ഞുപോയതെന്ന കാര്യത്തിൽ രേഖയിൽ ഒരു വിശദികരണവുമില്ല .സാമൂഹിക സാഹചര്യങ്ങളെയും വിവേചന രീതികളെയും ചൂഷണത്തിനടിപ്പെടുന്ന ജീവിത ചുറ്റുപാടുകളെയും കണക്കിലെടുത്ത്  കൊഴിഞ്ഞുപോക്ക് പരിഹരിക്കാനുള്ള വിദ്യാഭ്യാസ പദ്ധതി ആവിഷ്ക്കരിക്കുകയല്ല ഈ നയരേഖയിൽ നിർദ്ദേശിക്കുന്നത്. മറിച്ച് വിവേചന വിദ്യാഭ്യാസ രീതിയായി പരിഹാര നിർദേശങ്ങൾ തന്നെ മാറുന്നതാണ് കാണുന്നത്.

സംഘപരിവാര്‍ വിദ്യാഭ്യാസ സംഘടനകളെ മുഖ്യാധാരയില്‍ കൊണ്ടുവരാന്‍ ശ്രമം 

സ്ക്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് കൊഴിഞ്ഞു പോയ കുട്ടിക്കള തിരിച്ചെത്തിക്കാനും കൊഴിഞ്ഞുപോക്കു തടയാനും പ്രി-സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള കുട്ടികളുടെ സ്കൂൾ പ്രവേശനം ഉറപ്പുവരുത്താൻ സിവിൽ സമൂഹസംഘനകളെ എൽപ്പിക്കുന്ന നിർദ്ദേശം (Part. I, 3.3) മുന്നോട്ടുവയ്ക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ സർക്കാർ ചുമതലപ്പെടുത്തുന്ന സിവിൽ  സമൂഹസംഘടനകൾ എല്ലാം തന്നെ സംഘപരിവാർ വിദ്യാഭ്യാസ സംഘടനകളാകാനെ തരമുള്ളു. കൊഴിഞ്ഞുപോക്കിനു കാരണമാകുന്ന സാമൂഹിക അസമത്വങ്ങളും സാമ്പത്തീക  വിവേചനവും രേഖയിൽ പരാമർശിക്കുന്നില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്തവും കൂടുതൽ സൃഷ്ടിക്കുന്ന നയങ്ങങ്ങളാണ് വർദ്ധിതമായ രീതിയിൽ സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്ന് ഈ വിദ്യാഭാസ നയത്തെ മുൻനിർത്തി ആലോചിക്കേണ്ടതുണ്ട്. ഇത്തരം നയങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക സാമ്പത്തിക അസമത്വവും പിന്നോക്കാവസ്ഥയും പുറത്താക്കപ്പെടലും ദരിദ്ര പാർശ്വവൽകൃത സമൂഹങ്ങളിലെ കുട്ടികൾക്ക്  സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തികരിക്കാൻ കഴിയാത്ത വിധം ദാരിദ്രൃത്തിലേക്കും അസമത്വ വിഷമവൃത്തത്തിലേക്കുമാണ്  അവരെ അനുദിനം തള്ളിയിടുന്നത്. എന്നാൽ ഈ സമൂഹങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ  ഘടനാപരമായ  അസമത്ത-വിവേചന പ്രശ്നങ്ങളെ മുൻനിർത്തി പരിഗണിക്കുന്നതിനു പകരം  കേവലം കൊഴിഞ്ഞുപോക്കായി വിലയിരുത്തുകയും അതു പരിഹരിക്കാൻ സിവിൽ സമൂഹ സംഘടനകളെ ചുമതലപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഈ വിദ്യാഭ്യാസ നയത്തിലുള്ളത്.

ഉന്നത വിദ്യാഭ്യാസവും സ്വകാര്യ സ്കോളര്‍ഷിപ്പും 

ദേശീയ ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനും സ്വതന്ത്ര ബോർഡുകളെ ഉണ്ടാക്കുക.ലളിതവും എന്നാൽ കർക്കശവുമായ നിയമങ്ങും ചട്ടങ്ങളും നിർമ്മിക്കുക. 3000 വിദ്യാർത്ഥികളെ ഉൾക്കൊള്ളൂന്ന വിധം ബഹു വിഷയ സർവ്വകലാശാലകൾ ഉണ്ടാക്കുക.ഗവേഷണത്തിനു മാത്രമായി പ്രത്യേക യൂണിവേഴ്സിറ്റികൾ സ്ഥാപിക്കുക എന്നിങ്ങനെ പല തരത്തിലുള്ള  ഉദ്ദേശലക്ഷ്യങ്ങളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായി മാറ്റം വരുത്തുന്നതിനായി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ. വിദ്യാഭ്യാസ രംഗത്തെ ഉൾചേർക്കലിനെപ്പറ്റി നിരന്തരം ഓർമ്മിപ്പിക്കുന്ന ഈ  നയരേഖ ഉന്നത വിദ്യാഭ്യാസ രംഗത്തെ അവശരും പരിഗണാനാർഹരുമായ വിദ്യാർത്ഥികൾക്ക് (dis advantaged and under privilaged) സ്കോളർഷിപ്പുകൾ സ്വകാര്യ മേഖലയിൽ നിന്നും മാനവ സേവനഖലയിൽ നിന്നും (private and philanthropic) സമാഹരിക്കാനാണ് നിർദ്ദേശിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് നൽകേണ്ട ധനസഹായത്തെ സ്വകാര്യ മാനവ സേവ - ജീവകാരുണ്യ രീതിയായി കാണുന്ന സമീപനം സ്വീകരിക്കുന്നു.

ഇന്ത്യയിലെ  പ്രാചീന സർവ്വകലാശാലകളായിരുന്ന നളന്ദ , തക്ഷശില എന്നിവയെ ചൂണ്ടിക്കാട്ടിയാണ് വരേണ്യ പാരമ്പര്യ ജ്ഞാനമഹിമയും അറുപത്തിനാലു കലാപാരമ്പര്യത്തെപ്പറ്റിയുമുള്ള മിഥ്യാഭിമാനത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സു ഷടിക്കുന്ന നയങ്ങളെ സാധൂകരിക്കുന്നത്.ഇന്ത്യയുടെ പ്രാചീന വരേണ്യ  സംസ്കാരത്തിൽ നിന്നും പ്രചോദനം സ്വീകരിച്ച് ഏകാത്മക ബഹുവിഷയ വിദ്യാദ്യാസത്തെ മുൻനിർത്തി ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നാലാം വ്യവസായിക വിപ്ലവത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന വിദ്യാഭ്യാസമാണ് ഈ നയം ലക്ഷ്യമിടുന്നതെന്നും അവകാശപ്പെടുന്നു.  സത്യം ,ധർമ്മം, പ്രേമം, ശാന്തി, അഹിംസ എന്നിമൂല്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ ഏകാത്മ വിദ്യാഭ്യാസ നയം എന്നും പറയുന്നു.മോഡൽ പബ്ളിക് യൂണിവേഴ്സിറ്റികൾ ഈ കാഴ്ച്ചപ്പാടിൽ രൂപപ്പെടുത്തുമെന്നു പറയുന്ന രേഖ ബഹു വിഷയ ഗവേഷണ സർവ്വകലാശാലകൾ (MERUs) സ്ഥാപിച്ച് ഗവേഷണത്തെ ചിട്ടപ്പെടുത്തുമെന്നും പറയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപന വികസന പദ്ധതി ( IDP) യുമായി അക്കാദമിക് പ്ലാനും കരിക്കുലവും ബന്ധിപ്പിക്കും. സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു ഭരണ സംവിധാനത്തിനും ഭരണവ്യവസ്ഥയ്ക്കും അനുയോജിക്കുന്ന രീതിയിൽ കേന്ദ്രികരണ സ്വഭാവമുള്ളും വരേണ്യ സാമൂഹിക വിഭാഗങ്ങൾക്ക് മാത്രം പ്രയോജനം ലഭിക്കുന്ന രീതിയിലുമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ സംവിധാനം ചെയ്തിരിക്കുന്നത്.  പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളും ന്യൂനപക്ഷ മത സമൂഹങ്ങളും പിന്നോക്കജാതി സമൂഹങ്ങളും സ്ത്രീകളും ഉൾപ്പെടുന്ന ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ജനങ്ങളെ മുൻനിർത്തി അവർക്ക് ഗുണപരവും തുല്യതയുള്ളതുമായ വിദ്യാഭ്യാസവും വിദ്യാഭ്യാസ രംഗത്തെ അവസരസമത്വവും മുൻനിർത്തിയല്ല ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളും പഠനവിഷയങ്ങളും ഈ നയത്തിൽ രൂപകല്പന ചെയ്തിരിക്കുന്നത്. ഈ സമൂഹങ്ങളുടെ സംവരണ അവകാശങ്ങൾക്കും ഭരണഘടന പരിരക്ഷകൾക്കും അനുസൃതമായ നയങ്ങളും പദ്ധതികളും നിയമമായിരിക്കഴിഞ്ഞ ഈ നയരേഖയിൽ ഇല്ല. ഈ സമൂഹങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് ആനുപാതിക പങ്കാളിത്തം ഉറപ്പാക്കാൻ ക്രിയാത്മകമായ ഒരു പദ്ധതിയും നിദ്ദേശവും ഇല്ലാത്ത ഈ നയരേഖ ഇന്ത്യയെ ഒരു ആഗോള പഠന സ്ഥലമാക്കുമെന്നും 'വിശ്വഗുരു' വാക്കുമെന്നും അവകാശപ്പെടുന്നു. ജാതിവ്യവസ്ഥയും സാമൂഹികമായ പിന്നോക്കാവസ്ഥയുമാണ് പട്ടിക വിഭാഗങ്ങളെയും മുസ്ലിം ങ്ങളെയും പിന്നോക്ക ജാതികളെയും ഉന്നത വിദ്യാഭ്യാസ മേഖലകളിൽ നിന്നും പുറം തള്ളിയത്.സാമൂഹികവും ജാതിയവുമായ വ്യവസ്ഥാപരമായ ഘടകങ്ങളാണ് വിദ്യാഭ്യാസ രംഗത്തെ ഈ വിഭാഗങ്ങളുടെ പ്രാതിനിത്യ കുറവിന് കാരണമെന്ന കാഴ്ചപ്പാട് പുതിയ ദേശിയ വിദ്യാഭ്യാസ നയത്തിനില്ല .മറിച്ച് സാമൂഹികവും പ്രദേശപരമായ അനുഗുണമല്ലാത്ത പിന്നോക്കാവസ്ഥ എന്ന് സൂചിപ്പിച്ചു കൊണ്ട് ജാതി വ്യവസ്ഥയും സാമൂഹിക പുറന്തള്ളൽ രീതികളും കീഴോർ ജാതി വിഭാഗങ്ങളുടെയും മുസ്ലിം ജനതയുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ കാരണമായതെന്നയാഥാർത്യത്തിനു നേരെ പുറം തിരിഞ്ഞു നില്ക്കുന്ന സമീപനമാണ് ഈ വിദ്യാഭാസ നയത്തിലുടനീളം കാണുന്നത്  (Part I I_ 12.4 , 14 .3).

അനീതിയുടെ സൗന്ദര്യവൽക്കരണം

ഇന്ത്യയെപോലുള്ള ഒരു രാജ്യത്ത് വിദ്യാഭ്യാസ നയത്തിൽ ഘടനാപരവും നയപരവുമായ മാറ്റങ്ങൾ വരുത്തുബോൾ വിവിധ തരത്തിലും നിലകളിലുമുള്ള സാമൂഹിക വിഭാഗങ്ങളായ സ്ത്രികൾ, ദലിത്- ആദിവാസി സമൂഹങ്ങൾ, ന്യൂനപക്ഷങ്ങൾ, പിന്നോക്ക വിഭാഗങ്ങൾ എന്നിങ്ങനെ പലതരത്തില്‍ ദുര്‍ബ്ബലരായ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.  അവരുടെ വിദ്യാഭ്യാസ അവകാശങ്ങളെയും വിദ്യാഭ്യാസത്തിനുള്ള അവസരസമത്വത്തെയും ശാക്തികരണത്തെയും സംരക്ഷിക്കുന്നതായിരിക്കണം മാറ്റങ്ങൾ. മത -ജാതി സാമുദായിക ഭേദ രൂപങ്ങളെയും ലിംഗവിവേചനങ്ങളെയും സാമൂഹിക അസമത്വങ്ങളെയും അഭിമുഖികരിക്കുന്നതും വിവേചന രൂപങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതും അതിന് പരിഹാരം സാധ്യമാക്കുന്ന ശിക്ഷണം ലാക്കാക്കുന്ന തരത്തിലുമായിരിക്കണം വിദ്യാഭ്യാസ നയവും പദ്ധതിയും നിർമ്മിക്കേണ്ടത്. ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളെയും സെക്കുലർ ജനാധിപത്യ ആശയങ്ങളെയും മുന്നോട്ടെടുക്കുന്നതും തുല്യ പൗരത്വ ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്ന കാഴ്ച്ചപ്പാടിൽ സ്ഥാനപ്പെടുന്നതുമായിരിക്കണം വിദ്യാഭ്യാസ നയങ്ങൾ. എന്നാൽ പുതിയ ദേശിയ വിദ്യാഭ്യാസ നയം കേന്ദ്ര ഗവർമെൻറിൻ്റെ രാഷ്ട്രിയ സാമ്പത്തിക നയങ്ങൾക്കും രാഷ്ട്രീയ ആശയങ്ങൾക്കും സാംസ്കാരിക വീക്ഷണങ്ങൾക്കും അനുസൃതമായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.  ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കുമെന്ന പ്രഖ്യാപിത സാംസ്കാരിക കാഴ്ച്ചപ്പാടിനും വരേണ്യ ഹിന്ദുത്വമൂല്യങ്ങൾക്കും സാധർമ്യപ്പെട്ട് ബ്യൂറോക്രാറ്റുകൾ ഉണ്ടാക്കിയിരിക്കുന്നതാണ് ഈ നയം. പ്രത്യക്ഷത്തിൽ ആദർശ വിദ്യാഭ്യാസത്തിൻ്റെ ആലങ്കാരികഭാഷയിൽ പൊതിഞ്ഞതും മാറ്റത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഈ നയം  വഴക്കവും പരിവർത്തനവും  (flexible) ഉൽഘോഷിക്കുന്നു. എന്നാൽ ഈ നയരേഖ ലക്ഷ്യം വയ്ക്കുന്നത് ഉൾക്കൊള്ളൽ വിദ്യാഭ്യാസമോ വിമർശചിന്താബോധനമൊ പ്രതിഫലനപരമായ നിർമ്മാണാത്മകതയോ (reflexive constructionism) അല്ല. പകരം വിധേയത്വബോധവും അനുസരണയുടെ അനുശീലനവും യാന്ത്രിക പ്രവൃത്തിവാദവും അന്തമായ സാങ്കേതിക വിദ്യാ അനുകരണവുമാണ്. അതിനെ ബോധന ലക്ഷ്യമായിത്തന്നെ കാണുന്നു എന്നതാണ് ഈ വിദ്യാദ്യാസ പദ്ധതിയുടെ താത്വിക നിലപാടും രാഷ്ട്രീയ കാഴ്ച്ചപ്പാടും. ഈ നയമാറ്റം ഒരു രാഷ്ട്രിയ രേഖയായി അവതരിക്കുന്നത് വരേണ്യപാരമ്പര്യ വാദവും കോർപ്പറേറ്റ് യാന്ത്രിക സാങ്കേതിക വിദ്യാവാദവും സമ്മിശ്രപ്പെടുത്തി കോർപ്പറേറ്റ് മൂലധനത്തെയും പ്രാചീന ബ്രാഹ്മണ്യ ചിന്തയെയും പരസ്പര്യപ്പെടുത്തുന്ന രാഷ്ട്രിയത്തെ മുൻനിർത്തുന്നതിലൂടെയാണ്. തന്മൂലം വിദ്യാഭ്യാസനയമെന്നത് കോർപ്പറേറ്റ് മൂലധന വാദമായും ജാതി വരേണ്യ പാരമ്പര്യത്തെ സാംസ്കാരമായി കാണുന്ന വിദ്യാഭ്യാസ കാഴ്ച്ചപ്പാടായും മാറുന്നു. സാംസ്കാരികമായി ബ്രാന്മണ്യവും രാഷ്ട്രിയ ഹിന്ദുത്വവും കോർപ്പറേറ്റ് വികസനവും വിദ്യാഭ്യാസ നയമായി  പരിണമിച്ച നയരേഖയാണിത്.  

സാമൂഹിക നീതിയെ പുറത്താക്കുന്ന വിദ്യാഭ്യാസം 

 ഈ നയ രേഖ വിദ്യാഭ്യാസത്തെ മതനിരപേക്ഷ ശിക്ഷണവും  ശസ്ത്രാഭിമുഖ്യ അനുശീലനവുമുള്ള ഒരു പൗരസമൂഹത്തെ നിർമ്മിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നതല്ല.  മാനവിക ബോധ്യമുള്ള  മൂലധനമായി  പൗരസമൂഹത്തെ വാർത്തെടുക്കുന്ന ബോധന പദ്ധതിയായി വിദ്യാഭ്യാസത്തെ ഇത് പരിഗണിക്കുന്നില്ല. രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളൽ ജനാധിപത്യ കാഴ്ച്ചപ്പാടും ഉൾകൊള്ളൽ വികസനവും ത്വരിതപ്പെടുത്തുന്ന സാമൂഹിക നീതി സങ്കല്പവും ഈ വിദ്യാഭ്യാസ പദ്ധതിക്കില്ല. ഫെഡറൽ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്ന സമീപനങ്ങൾക്കു പകരമായി സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറുന്നതും ഓട്ടോണമിയെ പുറം തള്ളുന്ന കേന്ദ്രികരണവും സമഗ്രാധിപത്യം ലക്ഷ്യം വയ്ക്കുന്ന ബോധനക്രമവുമാണ് ലക്ഷ്യമിടുന്നത്. പ്രാധമിക തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗം വരെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം ,ഭരണം, നിയന്ത്രണം, ധനവിനിയോഗം, ബോധനക്രമം, ആശയ പ്രസരണം, പഠനലഷ്യങ്ങൾ  മുതലായവ  ചിട്ടപ്പെടുത്തിയിരിക്കുന്നത് സ്ഥാപനപരമായി ചില പ്രത്യേക സാമുദായിക മത വിഭാഗങ്ങളെയും ദലിത് ആദിവാസി സമൂഹങ്ങളെയും ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്നും പുറത്താക്കാനും പുറത്താവൽ എന്നത് ഈ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതായി  വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ വിദ്യാഭ്യാസ നയത്തിൻ്റെ പുറം തള്ളൽ രാഷ്ട്രീയം..ഈ പുറത്താക്കലും കൊഴിഞ്ഞുപോക്കും വിദ്യാഭ്യാസത്തിൻ്റെ വഴക്കമുള്ള (flexibility ) സ്വഭാവമായും തൊഴിൽ വൈദഗ്ധ്യത്തിനനുസരിച്ച്  ജോലി തെരഞ്ഞെടുക്കലുമായും  വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. 

മാതൃഭാഷയും കീഴാള, മുസ്ലീം സമുദായങ്ങളും 

മാതൃഭാഷയൊ പ്രാദേശിക ഭാഷയൊ ആയിരിക്കണം സ്കൂൾ വിദ്യാഭ്യാസത്തിൽ അഞ്ചോ എട്ടൊ ക്ലാസുകൾ വരെയെങ്കിലും ബോധന മാദ്ധ്യമമാകേണ്ടത് എന്ന നയം തത്വത്തിൽ ഗുണപരമായി  തോന്നാമെങ്കിലും ഇന്ത്യൻ സാഹചര്യത്തിൽ മറ്റൊരു തരത്തിലുള്ള ഭാഷാ വിവേചനവും പുറന്തള്ളൽ രീതിയുമായി പ്രാന്തവൽക്കരിക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളിൽ ഇതു പ്രവർത്തിക്കും. ദലിത്-ആദിവാസി- മുസ്ലിം ജനസമൂഹങ്ങൾക്കും ദരിദ്രസമൂഹങ്ങൾക്കും ഇംഗ്ലിഷ് മാധ്യമത്തിലൂടെ പഠിക്കുവാനുള്ള അവസരത്തിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽതന്നെ അവസരം നിഷേധിക്കുന്ന രീതിയായി ഇത് മാറും.എന്നാൽ സമ്പന്നർക്കും വരേണ്യർക്കും പാരമ്പര്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസ സംസ്കാരവും അവസരവും അവരുടെ സാമുദായിക ഘടനയിലും കുടുംബാന്തരീക്ഷത്തിലുമുള്ളതിനാൽ അത്തരം സമൂഹങ്ങളിൽ നിന്നുവരുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് പ്രാവീണ്യം ഒരു സാംസ്കാരിക മൂലധനമായി കൈയ്യൊതുക്കാൻ സ്ക്കൂൾ പഠനത്തിൻ്റെ ഏതൊരു ഘട്ടത്തിലും കഴിയും .എന്നാൽ  സാമുദായികവും കുടുംബപരവുമായി ഇത്തരം അവസര ങ്ങൾ പാരമ്പര്യമായി ഇല്ലാത്ത പിന്നണി സമൂഹങ്ങളിലെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഭാഷാ പoനത്തിൽ നിന്നും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യത്തിൽ നിന്നും പുറത്താക്കപ്പെടും.

ആധുനിക വിദ്യാഭ്യാസരംഗവും സാമൂഹിക പുറംതള്ളലും

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വിദ്യഭ്യാസ നയം രൂപപ്പെട്ടത് സെക്കുലർ ജനാധിപത്യവും റിപ്പബ്ലിക്കൻ ദേശ രാഷ്ട്ര സങ്കല്പവും ഉച്ചേർന്ന ഭരണഘടന മൂല്യങ്ങളെ ഉൾകൊണ്ടായിരുന്നു. ക്ഷേമരാഷ്ട്ര സങ്കല്പത്തിനും പദ്ധതി ആസൂത്രണ വികസനത്തിൻ്റെയും മുൻഗണനാ വിഷയങ്ങൾക്കനുസൃതമായ മനുഷ്യവിഭവശേഷി സുഷ്ടിക്കുകയും ജനാധിപത്യ പൗരസമൂഹത്തെ വിമർശബോധ്യത്തോടെയും ശാസ്താഭിമുഖ്യ മനോഭാവത്തിലും നിർമ്മിക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യങ്ങൾ. എന്നാൽ സാമൂഹിക നീതിയും ഉൾക്കൊള്ളൽ വിദ്യാഭ്യാസവും തൊണ്ണൂറുകൾക്ക്  ശേഷം മാത്രമാണ്  ഇന്ത്യൻ വിദ്യാഭ്യാസ പദ്ധതികളുടെ പരിഗണനാ വിഷയമായത്. മതനിരപേക്ഷ ശാസ്ത്രിയ വിദ്യാഭ്യാസം സ്വാതന്ത്രാനന്തര ഇന്ത്യൻ വിദ്യാഭ്യാസത്തിൻ്റെ സ്വഭാവമായിരുന്നെങ്കിലും സാമൂഹിക അസമത്വവും സാമൂഹിക പുറം തള്ളലും സൃഷ്ടിച്ച സാമൂഹിക അനീതികളും വിദ്യാഭ്യാസ രംഗത്തെ ആദിവാസി ദലിത് പിന്നാക്ക വിഭാഗങ്ങളുടെയും മുസ്ലിം ന്യൂനപക്ഷത്തിൻ്റെയും പങ്കാളിത്തമില്ലായ്മയിലേക്ക് നയിച്ചു. ഈ സമൂഹങ്ങളുടെ പ്രാതിനിത്യക്കുറവും പങ്കാളിത്തമില്ലായ്മയും പരിഹരിക്കുന്ന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ നയത്തിൽ 2000 ത്തിനുശേഷമാണ് ചർച്ചയാകുന്നത്.  കീഴാള മുസ്ലിം ജനസമൂഹങ്ങളുടെ വിദ്യഭ്യാസ രംഗത്തെ അവസരസമത്വമില്ലായ്മയും പ്രാതിനിധ്യക്കുറവും അവരെ സ്ഥാപനപരമായി പുറം തള്ളുന്ന നയങ്ങളും വിദ്യാഭ്യാസ രീതിയും ശക്തമായി നിലനില്ക്കുമ്പോഴാണ് ഇന്ത്യൻ യൂണിവേഴ്സിറ്റികളിലും ഇന്ത്യയിലെ  പ്രമുഖ അക്കാദമിക സ്ഥാപനങ്ങളിലും മുസ്ലിംങ്ങൾക്കും ദലിത്-ആദിവാസി സമൂഹങ്ങൾക്കും  ജാതി-മത വിവേചനത്തിനും സ്ഥാപനപരമായ പുറംതള്ളലിനും ഇരയാകേണ്ടി വരുന്നത്. ഇത്തരം സമൂഹങ്ങളിലെ  വിദ്യാർത്ഥികൾ സ്ഥാപനക്കൊ ലകൾക്കിരയാകുന്നതും പുറത്താക്കപ്പെട്ടു പഠനം ഉപേക്ഷിക്കപ്പെടുന്നതും നിത്യസംഭവമായിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഈ രീതി ഒരു വ്യവസ്ഥാ ക്രമമായി നിലനിർത്തുന്ന വരേണ്യ സമുദായ - ജാതി മുൻവിധികളും ജാതിശക്തികൾ വിദ്യാഭ്യാസ മൂലധനത്തെയും സർക്കാർ തൊഴിലിനെയും കുത്തകയാക്കിയ രീതി, വ്യവസ്ഥയായി തുടരുന്നത് പരിഹരിക്കാൻ ഉൾക്കൊള്ളൽ വിദ്യാഭ്യാസ സമീപനം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ മാത്രമാണ് ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് ചർച്ചപോലുമാകുന്നത്. ഈ സന്ദർഭത്തിലാണ് വരേണ്യ സംസ്കാരത്തിൻ്റെയും  ജാതി മൂല്യങ്ങളുടെയും വിവേചന സംസ്കാരത്തെ ആദർശ പൗരാണിക മൂല്യവും പ്രാചീന സനാതന ജ്ഞാന വ്യവസ്ഥയും കോർപ്പറേറ്റ് മൂലധനവും തൈവർണ്ണിക ആധിപത്യവും കൂട്ടിച്ചേർത്ത പുതിയ വിദ്യാഭ്യാസ പദ്ധതി, പുതിയ  ദേശിയ വിദ്യാഭ്യാസ നയമായി അടിച്ചേൽപ്പിക്കുന്നത് എന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Contact the author

Dr K.S.Madhavan

Recent Posts

Ashif K P 3 years ago
Education Policy

ഇരുപതാം നൂറ്റാണ്ടിലെ രക്ഷിതാവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മക്കളും - ആഷിഫ് കെ. പി.

More
More
Ashif K P 3 years ago
Education Policy

കൽക്കട്ട മദ്രസ്സയിൽ നിന്ന്‌ ദേശിയ വിദ്യാഭ്യാസ നയം വരെ - ആഷിഫ് കെ. പി.

More
More
P. K. Pokker 3 years ago
Education Policy

പുതിയ വിദ്യഭ്യാസനയം: രാജ്യം ആയിരം വര്‍ഷം പിന്നിലേക്ക് പോയേക്കും- പ്രൊഫ. പി.കെ. പോക്കര്‍

More
More