‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’- ഓണക്കാലത്തെ ആരോഗ്യസന്ദേശം

തിരുവനന്തപുരം: കൊവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കൊവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കൊവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒത്തുകൂടലുകള്‍ ഒഴിവാക്കണം. 

കൊവിഡ് കാലമായതിനാല്‍ പരമാവധി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ ഒഴിവാക്കണം. ഈ ഒത്തുകൂടലുകളെല്ലാം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാം. ഒരു കാരണവശാലും കൂട്ടത്തോടെയുള്ള ഒത്തുകൂടലുകള്‍ പാടില്ല. അഥവാ ആരെങ്കിലും വീട്ടിലെത്തിയാല്‍ മാസ്‌ക് നിര്‍ബന്ധമാക്കുക. വന്നയുടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. ഷേക്കാന്‍ഡോ, ആശ്ലേഷമോ പോലുള്ള സ്‌നേഹപ്രകടനം പാടില്ല. പ്രായമായവരോട് സ്‌നേഹ പ്രകടനം കാണിക്കാനായി അവരെ സ്പര്‍ശിക്കുകയോ അടുത്ത് നിന്ന് സംസാരിക്കുകയോ ചെയ്യരുത്. പ്രായമായവര്‍ക്ക് പെട്ടെന്ന് രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലാകുമെന്നതിനാല്‍ ഈ സ്‌നേഹ പ്രകടനം അവരെ നിത്യ ദു:ഖത്തിലേക്ക് തള്ളിവിട്ടേക്കാം. വരുന്നവര്‍ കുട്ടികളെ ലാളിക്കുകയോ വാരിയെടുക്കുകയോ ഉമ്മ നല്‍കുകയോ ചെയ്യരുത്. ബന്ധുക്കളേയും കൂട്ടിയുള്ള യാത്രകളും ഒഴിവാക്കേണ്ടതാണ്. സദ്യ വിളമ്പുമ്പോഴും സാമൂഹിക അകലം പാലിച്ച് ഇലയിടണം. കഴിക്കുമ്പോള്‍ മാസ്‌ക് മാറ്റുന്നതിനാല്‍ സംസാരിക്കാതിരിക്കുന്നത് നല്ലത്. കഴിച്ചതിന് ശേഷം ഗ്ലാസുകളും പാത്രങ്ങളും സോപ്പ് പതപ്പിച്ച് കഴുകി വൃത്തിയാക്കണം.

ഇത് കൊവിഡിന്റെ കാലമായതിനാല്‍ ആശുപത്രികളില്‍ പോകാതിരിക്കാന്‍ ഓണക്കാല രോഗങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി, ഓര്‍ക്കാനം എന്നിവയാണ് ഓണക്കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗങ്ങള്‍. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഈ ഓണക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയും.

സദ്യ വിളമ്പുന്നവരും കഴിക്കുന്നവരും ജാഗ്രതൈ 

ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സദ്യ. അതുകൊണ്ടുതന്നെ സദ്യയൊരുക്കുന്നതു മുതല്‍ ശ്രദ്ധിക്കണം. അന്നന്നത്തെ ആവശ്യത്തിനു മാത്രം ഭക്ഷണം തയ്യാറാക്കുക. ബാക്കിവരുന്നവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഴിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കുക. ചൂടാക്കി കഴിച്ചാല്‍ പോലും എപ്പോഴും ശരീരം സ്വീകരിക്കണമെന്നില്ല. 

അരി, പച്ചക്കറി തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ശുദ്ധജലം കൊണ്ടു മാത്രമേ കഴുകാന്‍ പാടുള്ളൂ. നന്നായി കഴുകിയതിന് ശേഷം മാത്രം പാചകം ചെയ്യാന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍ മുറിക്കുന്നതിന് മുമ്പുതന്നെ കഴുകണം. മുറിച്ചതിന് ശേഷം കഴുകിയാല്‍ ആ വിഷാംശവും അണുക്കളും പച്ചക്കറിയുടെ മാംസള ഭാഗത്ത് കയറും. മുറിച്ച പച്ചക്കറികളാണ് വാങ്ങുന്നതെങ്കില്‍ ശുദ്ധജലമുപയോഗിച്ച് നന്നായി കഴുകണം. പച്ചക്കറികളിലെ വിഷാംശം കളയുന്നതിനുവേണ്ടി വെള്ളത്തില്‍ അല്‍പം വിനാഗിരി ഒഴിച്ച് നന്നായി കഴുകേണ്ടതാണ്. പാചകം ചെയ്യുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കുക. ആഹാര സാധനങ്ങള്‍ എപ്പോഴും മൂടി വയ്ക്കണം. വാഴയില വൃത്തിയായി കഴുകിയതിന് ശേഷം മാത്രം സദ്യ വിളമ്പുക. സദ്യ കഴിക്കുന്നതിന് മുമ്പ് കൈ നന്നായി സോപ്പിട്ട് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.

സമൂഹ സദ്യക്കാരും കാറ്ററിങ്ങുകാരും അറിയാന്‍ 

കൊവിഡ് കാലമായതിനാല്‍ സമൂഹസദ്യക്കാരും കാറ്ററിങ്ങുകാരും ഹോട്ടലുകളും വളരെയേറെ ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സമൂഹസദ്യകള്‍ പരമാവധി കുറയ്ക്കണം. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. ഒരുമിച്ചിരുന്ന് സദ്യ കഴിയ്ക്കാതെ പാഴ്‌സലായി നല്‍കുന്നതാണ് നല്ലത്. ഒരു കാരണവശാലും തലേദിവസമേ ഭക്ഷണം പാചകം ചെയ്യരുത്. അന്നേരത്തെ സദ്യക്കുള്ളവ അന്നേരം തന്നെ ഉപയോഗിക്കണം. ആ ഭക്ഷണം രാത്രിയില്‍ കഴിച്ചാല്‍ പോലും ആരോഗ്യ പ്രശ്‌നമുണ്ടായേക്കാം. മണത്തിനോ നിറത്തിനോ രുചിയ്‌ക്കോ എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ ഒരു കാരണവശാലും ആ ഭക്ഷണം കഴിക്കരുത്.

അസുഖം വന്നാലെന്തു ചെയ്യും?

വയറിളക്കം, ഛര്‍ദ്ദി, ഓര്‍ക്കാനം എന്നീ ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും കണ്ടാല്‍ ആ ഭക്ഷണം കഴിച്ച ബാക്കിയുള്ളവരെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വയറിളക്കം, ഛര്‍ദ്ദി എന്നിവയുണ്ടായാല്‍ വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നീ പാനീയങ്ങള്‍ ആദ്യപടിയായി നല്‍കാം. ഒ.ആര്‍.എസ്. ലായനി വീട്ടില്‍ കരുതുന്നത് നന്നായിരിക്കും. ഒ.ആര്‍.എസ്. ലായനിയുടെ അഭാവത്തില്‍ തിളപ്പിച്ചാറ്റിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ 6 ടീസ്പൂണ്‍ പഞ്ചസാരയും, ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്തുണ്ടാക്കിയ ലായനി ആവശ്യാനുസരണം കുടിക്കാന്‍ കൊടുക്കുക. കുട്ടികള്‍ക്കുണ്ടാകുന്ന വയറിളക്കവും ഛര്‍ദ്ദിയും പ്രത്യേകം ശ്രദ്ധിക്കണം. പാനീയ ചികിത്സ കൊണ്ട് കുറവുണ്ടാകാതിരിക്കുകയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടണം.

ഓണം കഴിഞ്ഞ ശേഷം പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും കുടുംബം ഒന്നാകെ നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. അതിനുള്ള അവസരം ഉണ്ടാക്കാതെ നമുക്ക് ഇപ്പോഴേ ശ്രദ്ധിക്കാം, ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More