ബാർസിലോണ വിടണമെന്ന് സൂപ്പര്‍ താരം ലയണൽ മെസ്സി ക്ലബ്ബിനെ അറിയിച്ചു. കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച് മെസ്സി കത്തു നൽകിയതായി ക്ലബ് സ്ഥിരീകരിച്ചു. നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട്. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസി ഉപയോഗിക്കുകയാണെന്നും പറയുന്നു.
ബാഴ്സലോണയുമായി 14-ആം വയസിൽ തുടങ്ങിയ ആത്മബന്ധം അവസാനിപ്പിക്കുകയാണെന്നാണ് ഒരു ഫാക്സ് സന്ദേശത്തിലൂടെ മെസ്സി ക്ലബ്ബിനെ അറിയിച്ചത്. സീനിയര്‍ തലത്തില്‍ മറ്റൊരു ക്ലബിനുവേണ്ടിയും കളിച്ചിട്ടില്ലാത്ത മുപ്പത്തിമൂന്നു വയസ്സുകാരനായ മെസ്സി ബാഴ്സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കും എന്നായിരുന്നു പൊതുവേ കരുതിയിരുന്നത്. മെസ്സി തന്നെ ഇക്കാര്യം പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍, യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ നാണംകെട്ട തോല്‍വിയാണ് അദ്ദേഹത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ഈ വര്‍ഷം ഒരൊറ്റ കിരീടം പോലും സ്വന്തമാക്കാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ, 2001 മുതലുള്ള ബാഴ്സലോണയുടെ പ്രധാന നേട്ടങ്ങളിലെല്ലാം മെസ്സിയുടെ 'കാലൊപ്പ്' കാണാം. 634 ഗോളുകൾ, 42 ഹാട്രിക്ക്, 34 കിരീടങ്ങൾ, 6 ബലോൺ ദി ഓറും യൂറോപ്യൻ ഗോൾഡൻ ബൂട്ടും, കറ്റാലൻ ക്ലബ് ചരിത്രത്തെ തനിക്കുമുമ്പും ശേഷവും എന്ന് വിഭജിച്ച ഇതിഹാസമാണ് ഒടുവില്‍ പടിയിറങ്ങാന്‍ പോകുന്നത്.
ബാഴ്സ വിടുന്ന മെസ്സി ഏത് ക്ലബിലേയ്ക്ക് ചേക്കേറുമെന്ന് ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ മെസ്സിയെ ക്ലബ്ബിലെത്തിക്കാൻ എത്ര തുക മുടക്കാനും തയ്യാറാണെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി വ്യക്തമാക്കിയിരുന്നു. ബാഴ്സലോണയിൽ മെസ്സിയുടെ പ്രിയപ്പെട്ട പരിശീലകനായിരുന്ന പെപ് ഗ്വാർഡിയോളയാണ് സിറ്റിയുടെ ഇപ്പോഴത്തെ പരിശീലകനെന്നതും മെസ്സി സിറ്റിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.