മുറിഞ്ഞു പോയവന്റെ മുടിഞ്ഞ കവ്വാലി -സുധീർ രാജ്

ലാൽദർവാസയുടെ ഒത്ത നടുക്കായിരുന്നു ഡാബ.

അതിശയമെന്നു പറയട്ടെ,

ഡാബയുടെ ഒത്ത നടുക്കൊരു ജാറമായിരുന്നു.

സൂഫികളും ഫക്കീറുകളും

മയിൽപ്പീലിയുഴിയുകയും

കവ്വാലുകൾ കവ്വാലികളാൽ

ഉറയുകയും ചെയ്യുമൊരിടം.

കാട്ടിൽ നിന്നും പെറുക്കിയെടുത്ത

ഒരു കെട്ട് മയിൽപ്പീലി ഞാൻ റിസ്‌വാന് കൊടുത്തിരുന്നു.

അതുഴിഞ്ഞു കൊണ്ടവൻ പാടിത്തുടങ്ങി.

"നിന്നെക്കുറിച്ചു പാടുമ്പോഴെല്ലാം 

നാടോടിയാമൊരാത്മാവ് 

എന്റെ ഹൃദയത്തിൻ കൂടു തകർത്ത് നിന്നിലേക്ക് പായുന്നു

എന്റെ മരുഭൂമികൾ നിന്റെ മഴയാൽ നിറയുന്നു."

റിസ്‌വാനുമൊത്തിരുന്നു മസാലച്ചായ കുടിച്ചു

പാവ് ബാജി തിന്നു.

ഒരിടിമുഴക്കത്തിൽ നഗരം രണ്ടായി പിളർന്നു.

II

സബർമതിയുടെ തീരത്തെ

സർഖേജ് റോസാ മോസ്കിലെ അഭയാർത്ഥി ക്യാമ്പിലായിരുന്നു.

പരിപ്പും ചോറും വേവുന്ന മണത്തിന് മീതേ

വാരണാസിയിലെ പട്ടടകളുടെ ഗന്ധം.


അഹമ്മദാബാദിലെ മോത്തി മഹൽ ഹോട്ടലിലെ

തന്തൂരികൾ കത്തിയെരിഞ്ഞു കൊണ്ടിരുന്നു.

തുടയ്ക്ക് വേണ്ടി

ബ്രെസ്റ്റ് പീസിന് വേണ്ടി

വാരിയെല്ലിന് വേണ്ടി

അവരലറിക്കൊണ്ടിരുന്നു.


അഹമ്മദും റസിയയും

കമ്പിയിൽ കോർക്കപ്പെട്ട് തുറിച്ച കണ്ണുകളോടെ

കനലിൽ കറങ്ങിക്കൊണ്ടിരുന്നു.


വിരലുകളോടാത്ത,

തുടകൾക്കിടയിലെ മാനം കാണാ മയിൽപ്പീലികൾ

തെരുവിലെമ്പാടും ചിതറിക്കിടന്നു.

ഒരു പുസ്തകവുമവരെയൊളിപ്പിച്ചില്ല.

III

സഹ് വനിലെ, ഷഹ്ബാസ് കലന്ദർ ധമാലിലെ

സംഘനൃത്തത്തിലേക്ക് ബോംബ് വന്ന് ചിതറി.

ഷഹീദുകൾ, റൂഹ് വിട്ടുപോയ ഹിജാബുകൾ

നിശബ്ദമായി നൃത്തം ചെയ്ത്

നിത്യതയിലേക്ക് പോകും ധമാൽ.


മുറാദ് പറഞ്ഞു തുടങ്ങി,

ചാവേറുകൾ ഞങ്ങളെ തളർത്തിയില്ല സാബ്

പിറ്റേന്ന് രാവിലെ 3 30ന് പ്രാർത്ഥന തുടങ്ങി.

വൈകിട്ട് ധമാൽ

പാദങ്ങൾ മുറിയുവോളം ഞങ്ങൾ നൃത്തം ചെയ്തു.

തൊണ്ട പിളരുവോളം ഞങ്ങൾ പാട്ട് പാടി.

പീർ മുഹമ്മദ് ചുവന്ന റൂമാലുമായി

മലക്കുകൾക്കൊപ്പം

ഞങ്ങൾക്കൊപ്പം നൃത്തം ചെയ്തു സാബ്.


മുറാദിന്റെ ദേഹത്തെ ഷെല്ലിന്റെ ചീളുകൾ

നനഞ്ഞ തൂവാലയാൽ ഞാനൊപ്പിയെടുത്തു.

ഒരിറ്റു വെള്ളം കൊടുത്തു.

IV

മുല്ലൈത്തീവിലെ കടലോരത്തവൻ കിടന്നു.

12 വയസ്സ്

നെഞ്ചിൽ അഞ്ചു മുറിവുകൾ

എന്റെ മുന്നിൽ വെച്ചവന് ചോറും മീൻകറിയുമവർ കൊടുത്തു.

ഞാൻ A K 47 മറച്ചു പിടിച്ചു.


അവന്റെയച്ഛന്റെ തല പാതിയോളമേ ഉണ്ടായിരുന്നുള്ളൂ.

ടിവിയിലതിന്റെ ദൃശ്യം വന്നപ്പോൾ

ഞാൻ ടി വി മറഞ്ഞു നിന്നു.


ജാഫ്‌നയിലെ കടലോരത്തവന്റെ

നെഞ്ചിലൂടെ ഞണ്ടുകളും കക്കയുമിഴഞ്ഞു.

അവന്റെ കണ്ണിൽ പവിഴപ്പുറ്റുകൾ വളരുമ്പോൾ

അവന്റമ്മ ആവാരം പൂ

തേവിടിയാക്കാലത്തെ മുടിഞ്ഞ കണ്ണകി.


മയിൽപ്പീലികളുഴിയുന്ന ജാറത്തിൽ നിന്നും

ഔലിയാകൾ തലയറഞ്ഞു പാടുകയാണ്.

കണ്ണില്ലാത്ത കിളികളെ

കൂടു തകർത്തവന്റെ വിളക്കിലേക്ക് പായും

ചരട് പൊട്ടിയ പട്ടങ്ങളെ

ആവാരം പൂക്കളെ.

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More