ഇല്ലായ്മയുടെ ഉൺമ - ഷാജു. വി. വി.

അമ്മച്ചി പോയേ പിന്നെ

വീട്ടിലോട്ട് പോയിട്ടില്ല.

അപ്പച്ചൻ ചത്തതു സ്വപ്നം കണ്ട്

പുറപ്പെട്ടു വന്നതാണ് .


സർവ്വം വിഴുങ്ങിയിട്ടും

കൊതിതീരാത്ത ഇരുളുകൾ

അന്യോന്യം വിഴുങ്ങുന്ന

അന്ധകാര രാത്രി .


ഓർമ്മകളെ മാത്രം വെളിച്ചമായവലംബിച്ച്

കുന്നു കേറുകയായിരുന്നു.

കുന്നിന്റെ പള്ളയിലെ അംഗനവാടി

ഇപ്പം അവിടില്ലെന്ന്

ആ ശൂന്യതയെ തൊട്ടു മടങ്ങിയ

കാറ്റിന്റെ മൂളക്കത്തിൽ നിന്ന്

തിരിഞ്ഞായിരുന്നു.

ഇല്ലായ്മയുടെ സാന്നിധ്യം പോലില്ലാ,

ഒരുൺമയും!


കുന്നിറങ്ങുമ്പോ ഒരു കാറ്റ്

ആ മണത്തെക്കൊണ്ടുവന്നു.

ഒണക്ക മാന്തളും പച്ചച്ചാളയും

മുരിങ്ങക്കായിട്ട് വെക്കുന്ന

അമ്മച്ചിയുടെ 

മാസ്റ്റർപീസ് കറിയുടെ മണം.

തോന്നലാണോ?

അപ്പച്ചൻ അമ്മച്ചിയെ വീണ്ടെടുക്കാൻ

ഉണ്ടാക്കി നോക്കുന്നതാണോ?


ടോമിയുണ്ടായിരുന്ന കാലത്ത്

മണം പിടിച്ചോടി വന്ന്

വീട്ടിലേക്ക് കൊണ്ടോവും പോലെ

ആ മണം എന്റെ കൈ പിടിച്ച്

വീട്ടിലേക്കു നടന്നു .


ഉമ്മറത്തെ ചതുര വെളിച്ചം

ഒരു നാടകവേദി പോലെ

ദൂരെ നിന്നു കണ്ടു.

അമ്മച്ചിയും മാർത്തമ്മായിയും

നൃത്തം ചെയ്യുന്നു.

അടുത്തപ്പോളവർ അരക്കെട്ടുചേർത്തു പിടിച്ച്

ചുണ്ടിലുമ്മവെക്കുന്നതു കണ്ടു.

അമ്മച്ചിയുടെ കൺപീലികളിൽ

മാർത്തമ്മായി പിയാനോ വായിച്ചു .


അപ്പച്ചനൊരു കസേരയിലുണ്ട്.

കവിളത്തുകണ്ണീരുണ്ട് .

പ്രതാപിയായ പുരുഷന്റെതായി

അവശേഷിക്കുന്നില്ലൊന്നും .


അമ്മച്ചിയിതെന്നാ ഭാവിച്ചാണ്?

മാർത്തമായിക്കുമില്ല കുലുക്കം.

അരമണിക്കൂർ ദൂരത്താണ്

രണ്ടാളും മരിച്ചതു പോലും .

അത്രയ്ക്ക് കൂടിക്കലർന്ന 

വാഴ്വായിരുന്നല്ലോ .


നാട്ടിലെ എണ്ണം പറഞ്ഞ

ആണൊരുത്തനായിരുന്നു അപ്പച്ചൻ .

അമ്മച്ചിയെ മാത്രം നേടാനായില്ല.

അമ്മച്ചി അപ്രാപ്യമാകും തോറും

ആണപ്പച്ചന്റെ പുളപ്പു കൂടി വന്നു.

അതിനൊത്ത് അമ്മച്ചി വിദൂരപ്പെട്ടു.


എന്നെക്കണ്ടതുമമ്മച്ചി ഓടി വന്നു.

കെട്ടിപ്പിടിച്ചു മുത്തം വച്ചു.

മാർത്തമ്മായി മുടിയിൽ തലോടി.

അപ്പച്ചനെന്നെ കണ്ടതായി കണ്ടില്ല.

അപ്പച്ചനപ്പോഴും 

കണ്ണീർ വാർക്കുകയായിരുന്നു.


എന്നാലുമമ്മച്ചീ

അപ്പച്ചന്റെ മുന്നീ വച്ചു വേണമായിരുന്നോ?


അതിനപ്പച്ചന് ഞങ്ങളെ കാണാനാവില്ലല്ലോ മക്കളേ.

അമ്മച്ചി പൊട്ടിച്ചിരിച്ചു.

മരിച്ചവരീ ലോകത്തിലാണെങ്കിലും

ഈ ലോകത്തിന്റെയല്ല.

മീങ്കറിയുണ്ടാക്കാൻ

ഞങ്ങൾക്ക് ഫ്രിഡ്ജിൽ നിന്നു

മീനെടുക്കേണ്ട.

ഞാനിരിക്കുമ്പോഴും അപ്പച്ചന്

ആ കസേരയിലിരിക്കാം.

ഞങ്ങൾ ചായയുണ്ടാക്കിയതുകൊണ്ട്

പഞ്ചസാര ഭരണിയിൽ നിന്ന്

ഒരു തരിയും കുറയുന്നില്ല.

ആറരയ്ക്കുള്ള ഫാസ്റ്റിൽ

ഞങ്ങളുമുണ്ട്.

മരിച്ചവർ അലട്ടുന്നേയില്ല,

ജീവിച്ചിരിക്കുന്നവരെ .

വസ്തുക്കളിലല്ല,

അവയുടെ ആശയങ്ങളിലാണവർ

ജീവിക്കുന്നത് .

ഞാനും മാർത്തയും സ്നേഹിക്കുന്നത്

അപ്പച്ചൻ കണ്ടിട്ടുണ്ട്,

വർഷങ്ങൾക്കു മുമ്പ് .

അന്നു കൊമ്പുതാഴ്ത്തിയതാണാ

പൗരുഷം!


അമ്മച്ചീ അപ്പച്ചനെന്താ 

എന്നോട് മിണ്ടാത്തത്?

മരിച്ച അമ്മച്ചിയെ ഞാൻ കാണുന്നതെന്തുകൊണ്ട്?


അമ്മച്ചി വാൽസല്യത്തോടെ ചിരിച്ചു.

മാർത്തമ്മായി അതു പൂരിപ്പിച്ചു.


മാർത്തമ്മായി പത്രമെടുത്തു

ചരമ കോളം കാട്ടിത്തന്നു.


അതിലെന്റെ പടമുണ്ടായിരുന്നു!

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More