തെറോൺ - ബിനു എം പള്ളിപ്പാട്

ഒരു കഥാപാത്രം

അതെഴുതിയ 

കടത്തുകാരൻ തൻ്റെ

പേപ്പറിൽ 

പകർത്തുന്നതിന് മുൻപ്

അയാളിൽനിന്ന്

കൈവിട്ടു പോയ്


പഴയ മാൻഡ്രേക്കിലെ

ചെവി മൂടും വിധം 

നീളൻമുടിയുള്ള 

തെറോൺ എന്ന

കഥാപാത്രത്തിൻ്റെ-

സാമ്യമുണ്ടായിരുന്നു

അയാൾക്ക്


അയാളൊരു

വേലക്കള്ളനായിരുന്നു

ആ പ്രായത്തിലും ഒരുവളെ

പ്രേമിച്ചിരുന്നതിനാൽ

ഒരു പാട് കവിതളെഴുതി


എഴുതുന്നതൊന്നും

വീട്ടുകാരോ നാടോ

വായിക്കാൻ പോകുന്നില്ലെന്നു-

റപ്പുണ്ടായിരുന്നു


വെളുപ്പിന് കിഴക്ക്

ചേക്കതെറിക്കുന്നതിനും

പുഴയിൽ

ഓളം പിറക്കുന്നതിനും മുമ്പ്

വള്ളത്തിൽ കയറിയിരുന്ന് എഴുതിക്കൊണ്ടിരിക്കുന്ന

തൻ്റെ നായികയെ

പ്രതികാരത്തിനു മുൻപും

പിൻപുമായി നിർത്തി

മാറ്റി മാറ്റിയാലോചിക്കും


വെട്ടം വീണ്

അയാളുടെയും 

വള്ളത്തിൻ്റെയും നിഴലിൽ 

വേനലിന്നാവി പാറുന്ന ദൃശ്യങ്ങളിലുടക്കുമ്പോൾ

ഏകാഗ്രത 

മുറിഞ്ഞയാൾ മടുക്കും


എരിയുന്ന വെയിലുള്ള കൊയ്ത്തുകാലങ്ങളിൽ

ചത്ത് കിടക്കുന്ന പകലിൽ

കതകടച്ചിരുന്ന്

ആ സ്ത്രീയോട് തർക്കിക്കുന്നത്

പ്രായമായ അഛനും 

അയാളുടെ മകളും 

ഒളിച്ച് നിന്ന് കേട്ട് കയർത്ത

കഥകൾ നാട്ടിൽ പാട്ടാണ്


ഋതുക്കൾ പുഴയുടെ നിറം മാറ്റി

ആറ്റു മാലിയുടെ

മൺതിട്ട് കുതിർത്ത് 

പല തട്ടിൽ

അടയാളം വച്ചൊഴുകി.


ആ വേനലറുതിക്ക്

റൊരു കോർമ്പലിൽ 

പിടഞ്ഞമീനായ് 

ചില്ല് പ്രതലത്തിലെ 

ആവിപോലെ 

പലയിടത്തായിപാർന്നു.


കടവിലെ പാലമരത്തിൽ

പൊട്ടിവന്നു കുരുങ്ങി -

നിറംപോയ പട്ടങ്ങൾ

പടിഞ്ഞാറൻ കാറ്റിൽ

വാലൂർന്നിളകിപ്പറന്നു

.

വേനൽ കടുത്ത്

വറ്റിയ പുഴയിൽ

ധാന്യം പോലെ പൊടിഞ്ഞ 

മഞ്ഞ മണലിൽ മീൻ തേടി

താഴ്ന്ന് പറന്ന

നീർക്കാക്കൾക്ക് താഴെ

കുട്ടികൾ 

സൈക്കിളോടിച്ചു കളിച്ചു.


രാത്രിയിൽ അതിലിരമ്പിയ ഒഴുക്കോർത്തങ്ങനെ 

മലന്ന്കിടന്നപ്പോൾ 

ചിതറിയ

വാൽനക്ഷത്രമാണ്

അവരെ ഒരു രാജ്ഞിയാക്കി 

മൊതലപ്പൊറത്തിരുത്താൻ

അയാൾ തീരുമാനിച്ചത്


അതിനുതകുംവിധം

മുന്നദ്ധ്യായങ്ങളെ മാറ്റാൻ

തലക്ക് പിറകിലടുക്കിയ

പേപ്പർകൂനകളുടച്ചുപരതി


തൻ്റെ വംശത്തിലെ 

സ്ത്രീകളെ കെടുത്തിയ

മാനഭംഗങ്ങൾക്ക് മുഴുവൻ 

പ്രതീകമായി

കടുക്കനിട്ട്ചിരിച്ച

കൂട്ടങ്ങളുടെ അണച്ച 

വിയർപ്പിന്നടിയിൽ അവരെ

ആ നായികയെ

കിടത്തി ഞരക്കിപ്പുളയിച്ചു.


പിന്നീട് വന്ന മഴക്കാലത്ത്

മലരിയും തുഴയുടെ കനവും 

തണുപ്പും ഏറിവന്നപ്പോൾ

അതിനെ അതിജീവിക്കാനയാൾ തോണിയിൽ

വന്നു പോയവരിലേക്ക്

ആ കഥകൾ പറഞ്ഞു കേൾപ്പിച്ചു.

ചിലരെങ്കിലും തണുപ്പോടൊപ്പം

ആ കഥകളും പുതച്ചുപോയ്


അവ കടലാസിലേക്ക്

അക്ഷരങ്ങളായി 

ഒച്ച കേൾപ്പിക്കാൻ

തുടങ്ങിയ നട്ടപ്പാതിരകളിൽ

അയാളുടെ റീഫില്ലർ 

തഴമ്പു വിയർത്ത് വഴുക്കി. നനച്ച തോർത്ത് പുറത്തിട്ട്

കമഴ്ന്ന്കിടന്നെഴുതിയാ

ക്കഥകളിലുറങ്ങി.


തല ചരിച്ച്  

തുഴകൊണ്ടവരേ ചൂണ്ടി

അധികാരത്തിൻ്റെ

വിഷമഘട്ടങ്ങളെ

അടക്കിനിർത്തിയും വിലക്കിയും

രാപ്പകലുകൾ

കിടിലം കൊള്ളിച്ചും

കഥകൾ നാട്ടിലിറങ്ങി

നടക്കാൻ തുടങ്ങി


നടുറോഡെന്ന 

ഇടവഴിയെന്നോ 

അറിയാതെ വന്നപ്പോൾ 

കുറച്ചുകാലം മരുന്ന് കഴിച്ചും

ആശുപത്രിയിൽ കിടന്നും

കവിളും കൺപോളയും

വീങ്ങി നടന്നു.


അയാളില്ലാതെയും 

മനുഷ്യരെക്കയറ്റിയ വള്ളം

അയാളക്കരെ

യിക്കരെയിയെത്തിച്ചു.


അക്കാലമത്രയും 

അയാളുടെപാട്ടുകൾ 

വെറുതേയിരുന്നില്ല.

അത് പലരേയും താളത്തിൽ

പണിയെടുപ്പിച്ചു

നീളത്തിൽ നിരയൊത്ത് കൊയ്യിച്ചു.

വട്ടത്തിൽ നൃത്തം തുള്ളിച്ചു.


ഒരു ദിവസം കടത്ത് നിന്നു

പാലംപണി തുടങ്ങി

അയാളതറിഞ്ഞില്ല.

വള്ളത്തിൻ്റെ കുടുതിയിളകി

വീക്കാണിയൂരി

ചെതുക്കിച്ച് അതിൻ്റെ

അമരത്ത് കിളി തൂറിയ

വിത്ത് മുളച്ചു.


പ്രായം ഞരമ്പുകൊണ്ട-

യാളുടെ ശരീരം 

മുഴുവനയച്ചുകെട്ടി.


വിരലിനിടയിൽ നിന്ന് 

തുഴയകന്നിട്ടും അവ 

നിവരാതെവളഞ്ഞിരുന്നു


അക്കാലം അയാൾക്കുള്ളിൽ

നായികക്കൊപ്പം ഒരുരോഗവും

ഒരേഗുഹയിൽ 

തിരിച്ചറിയാത്തവരെപ്പോലെ

വളർന്ന് കലഹിച്ച് 

ഒരുദിവസമയാൾ മരിച്ചു


പാലത്തിന്നടിയിലെ

കടവിൽ കൈത കാടുപിടിച്ച്

പൂത്തനാളൊരു പകൽ

അയാളുടെ മകൾ പാടത്ത്

നിന്ന നിൽപ്പിൽ വീണു.

വായിൽ നിന്ന്

നുരയും പതയും വന്നു.


സ്ത്രീകളവളെ വരമ്പിൽ

കിടത്തിവെള്ളം

കൊടുത്തു, മുഖത്ത് തളിച്ചു.


പുരികമെഴുന്ന്

ചുവന്ന കണ്ണ് വട്ടംകറക്കി

മറ്റൊരുവളുണർന്നു, 

അപരിചിത നോട്ടത്താൽ

തലയുയർത്തി

വേറൊരു ഭാഷയിൽ

അധികാരവും

വാളും മൊതലയും

ഇരിപ്പിടവുമന്വേഷിച്ചു.


ചത്ത് കെട്ട് പോയ

മാടമ്പിമാരുടെ

പേര് പറഞ്ഞ് പല്ല് ഞറുമ്മി.

കാഴ്ചകണ്ട് പേടിച്ച് 

കൂടെ നിന്നവർ 

ആ കഥയെഴുതിയ

അവളുടെ അഛൻ്റെ 

പേര് പറഞ്ഞു.


അതവൾക്കറിയില്ലെന്ന്

മറുഭാഷയിൽ ആഗ്യം 

കാണിച്ചതല്ലാതെ

ഒന്നുമവൾ പറഞ്ഞില്ല.

Contact the author

Binu M Pallippad

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More