ഓണപ്പാട്ടുകള്‍ വാടാമല്ലികള്‍ - രാജു വിളയില്‍

വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു ഓണനാളാണ്. വര്‍ഷങ്ങളെന്ന് പറഞ്ഞാല്‍പോരാ, പതിറ്റാണ്ടുകള്‍... നാലാംക്ലാസിലോ അഞ്ചിലോ പഠിക്കുന്ന കാലം. ഓണത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് സിനിമ കാണലാണല്ലൊ, വീടിനടുത്ത രാഗം തിയറ്ററില്‍ ഓരോ ഓണത്തിനും വടക്കന്‍പാട്ട് സിനിമകളായിരുന്നു കളിച്ചിരുന്നത്. ആരോമലുണ്ണി, കണ്ണപ്പനുണ്ണി, ഉണ്ണിയാര്‍ച്ച, കടത്തനാട്ട് മാക്കം, തച്ചോളി ഒതേനന്‍ എന്നിവ മാറിമാറി വന്നു. അന്നൊക്ക സിനിമകളുടെ പഴയ ഫിലിമുകള്‍ ഉത്സവപ്പറമ്പുകളില്‍ വാങ്ങാന്‍ കിട്ടും. അതിട്ട് നോക്കാനുള്ള ഉപകരണവും. അല്ലെങ്കില്‍ കേടുവന്ന ബള്‍ബില്‍ വെള്ളം നിറച്ച് അതിനുനേരെ ഫിലിം കാണിച്ച് ചുമരില്‍ വലിയ ദൃശ്യങ്ങളായി ഞങ്ങള്‍ പതിപ്പിച്ചിരുന്നു. അങ്ങനെ നസീറിന്‍റെയും കെ പി ഉമ്മറിന്‍റെയും വാള്‍പ്പയറ്റ് കണ്ട് കോരിത്തരിച്ച കാലം. ആ വര്‍ഷം ഓണത്തിന് ആരോമലുണ്ണിയായിരുന്നു. നഗ്നമേനിയില്‍ സര്‍വാഭരണങ്ങളുമണിഞ്ഞ പ്രേം നസീറിന്‍റെ, വിടര്‍ന്ന പൂപോലെയുള്ള ചിരിക്കുന്ന മുഖം, ബള്‍ബിലടിച്ച പ്രകാശത്തില്‍ വീടിന്‍റെ വിളറിയ ചുമരില്‍ കണ്ടത് മനസ്സില്‍ മങ്ങാതെ കിടപ്പുണ്ട്. തിരുവോണത്തിന് ഊണിനുശേഷം അത് നേരില്‍ കാണാമല്ലൊ.. എന്നാല്‍, എല്ലാ ആഘോഷവേളകളിലും എന്തെങ്കിലും അസുഖംവന്ന് കിടപ്പിലാവുന്ന പതിവ് അക്കൊല്ലവും തെറ്റിയില്ല. സങ്കടത്തോടെ കിടക്കുമ്പോഴാണ് ആകാശവാണിയില്‍നിന്ന് ആ പാട്ട് ഒഴുകിയെത്തിയത്. 

'തുമ്പീ വാ തുമ്പക്കുടത്തിന് തുഞ്ചത്തായ് ഊഞ്ഞാലിടാം...'

അതിനുമുമ്പ് പാട്ടുകളോട് അത്ര ഇഷ്ടം തോന്നിയിട്ടൊന്നുമില്ല. പക്ഷേ, ഇത്... കാന്തശക്തിയാലെന്നപോലെ ആരോ ആ പാട്ടിലേക്ക് വലിച്ചടുപ്പിക്കുന്നപോലെ... വല്ലാത്തൊരു മുഴക്കം, ഊഞ്ഞാലാടുന്ന സുഖം... പാട്ടിന്‍റെ അവസാനം ഗായിക 'ലാലാലാ..ലാലാലല്ലല്ല...' എന്ന് പാടി കുട്ടികളെപ്പോലെ ചിരിക്കുന്നത് വലിയ കൗതുകങ്ങളിലൊന്നായിരുന്നു. എസ് ജാനകി എന്ന പേര് കേള്‍ക്കുന്നത് പിന്നെയും കുറേ കഴിഞ്ഞാണ്. ഒഎന്‍വി കുറുപ്പ് എന്നുകേള്‍ക്കാന്‍ വീണ്ടും സമയമെടുത്തു. അതിനുംശേഷം എത്രയോ കഴിഞ്ഞാണ് ഇളയരാജ എന്നുകേള്‍ക്കുന്നത്. 

'പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ' എന്ന് 'കണിക്കൊന്നതന്‍ മരങ്കേറി തങ്കം' വിഷുക്കാലത്ത് കേഴുന്നപോലെ, പാടാതിരിക്കാന്‍ എനിക്കാവതില്ലേ എന്ന് ശ്രാവണം ശ്രുതിമീട്ടിയിട്ടുണ്ടോ..? ഓണത്തിന്‍റെ ഓര്‍മകളില്‍ ഓരോ മലയാളിയുടെയും മനസ്സില്‍ പാട്ടിന്‍റെ വാടാമലരുകള്‍ പൂത്തുലഞ്ഞു കിടപ്പുണ്ട്.

1980 കളിലാണ് യേശുദാസിന്‍റെ തരംഗിണി സ്റ്റുഡിയോ വരുന്നതും ഉത്സവഗാന കാസറ്റുകളുടെ വിപണി ഉടലെടുക്കുന്നതും. പിന്നീട് കാസറ്റ് കമ്പനിക്കാര്‍ക്ക് ഓണം ഒരുത്സവ സീസണ്‍ തന്നെയായിരുന്നു. നിരവധി കമ്പനികള്‍ നിലവാരമുള്ളതും ഇല്ലാത്തതുമായ ഓണപ്പാട്ടുകളുമായി നിറഞ്ഞുനിന്നു. തരംഗിണിയില്‍നിന്നുതന്നെ ശ്രീകുമാരന്‍ തമ്പിയും രവീന്ദ്രന്‍ മാഷും യേശുദാസും ചേര്‍ന്നുള്ള മനോഹരങ്ങളായ എത്രയോ ഗാനങ്ങള്‍ മലയാളി ഇരുകൈകളും നീട്ടി സ്വീകരിച്ചു. എണ്ണിയാലൊടുങ്ങാത്ത ഉത്സവഗാനങ്ങളാല്‍ നിറഞ്ഞുനിന്ന ആ കാലം ടെലിവിഷന്‍ ചാനലുകളുടെ ആധിപത്യത്തോടെ പതുക്കെ കളമൊഴിഞ്ഞു.  

മലയാളിയെ ഓണത്തിന്‍റെ ഗൃഹാതുരതയിലേക്ക് കൈപിടിച്ചാനയിക്കുന്ന പാട്ടുകള്‍ പിറന്നത് മലയാളസിനിമയിലാണ്. എന്നും മൂളാനിഷ്ടപ്പെടുന്ന, ഓണത്തിന്‍റെ സമൃദ്ധിയിലേക്കും സന്തോഷങ്ങളിലേക്കും മനസ്സിനെ നയിക്കുന്ന പാട്ടുകള്‍.1975ല്‍ പുറത്തിറങ്ങിയ തിരുവോണം എന്ന സിനിമയിലാണ് ഒരുപക്ഷേ, ഓണത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഗാനം പിറന്നത്. 

'തിരുവോണപ്പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍

തിരുമുറ്റമണിഞ്ഞൊരുങ്ങീ...'

തിരുമേനിയെഴുന്നെള്ളും സമയമായി

ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....'

വാണി ജയറാമിന്‍റെ ഗൃഹാതുരമായ ശബ്ദത്തില്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഓണം വന്ന് നിറയാതിരിക്കില്ല മനസ്സില്‍. മലയാളിക്ക് മനോഹരമായ പാട്ടുകള്‍ സമ്മാനിച്ച ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍. കോടി മുണ്ടുടുത്ത് ഓടിനടക്കുന്ന കോമള ബാലനായ ഓണക്കിളിയും കാവിലെ പെണ്ണുങ്ങളുടെ കൈകൊട്ടിക്കളിയും ഓണവില്ലിന്‍ ശീലുകളുമായി ഇങ്ങിനി വരാത്തവണ്ണം ഓടിയൊളിച്ച ഓണക്കാഴ്ചകള്‍ ആവോളം പകരുന്നുണ്ട് ഈ ഗാനം. അതിനാല്‍ത്തന്നെ കാലം പോകുന്തോറും ഈ പാട്ടിന്‍റെ മാധുര്യം കൂടിക്കൂടിവരും എന്നതില്‍ സംശയമില്ല. ശ്രീകുമാരന്‍ തമ്പി തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുനന്‍ മാസ്റ്ററുടെ മോഹിപ്പിക്കുന്ന സംഗീതവും.

ശ്രീകുമാരന്‍ തമ്പിയുടെ തന്നെ മറ്റൊരു ഗാനം ഓണത്തിന്‍റെ എല്ലാ പ്രസാദാത്മകതയും പകരുന്നതാണ്. 'പൂവിളി പൂവിളി പൊന്നോണമായി...' എന്ന് കേള്‍ക്കുമ്പോള്‍ തുള്ളാത്ത മനമുണ്ടാവുമോ..?  വിഷുക്കണി എന്ന സിനിമയില്‍ നസീര്‍ പാടിയഭിനയിക്കുമ്പോള്‍ കാര്‍ഷികവൃത്തിയുടെ രംഗങ്ങളാണ് തെളിയുന്നത്. 'പൂകൊണ്ട് മൂടും പൊന്നിന്‍ ചിങ്ങത്തില്‍ പുല്ലാങ്കുഴല്‍ കാറ്റത്താടും ചെമ്പാവ് പാടം' തന്നെയാണ് സിനിമയില്‍ കാണിക്കുന്നത്. മലയാളിത്തം നിറഞ്ഞുതുളുമ്പുന്ന ഈണമാണ് മറുനാട്ടുകാരന്‍ സലില്‍ ചൗധരി മലയാളിക്ക് സമ്മാനിച്ചത്. ഓണത്തിന്‍റെ സൗന്ദര്യമത്രയും വരികളിലും സംഗീതത്തിലും യേശുദാസിന്‍റെ ആലാപനത്തിലും ആവാഹിച്ച പാട്ടാണ് പൂവിളി പൂവിളി പൊന്നോണമായി....

ശ്രീകുമാരന്‍ തമ്പിയുടെ വേറിട്ട ഓണപ്പാട്ട് പിറന്നുവീണത് പക്ഷേ, സിനിമയിലല്ല; ആല്‍ബത്തിനുവേണ്ടിയാണ്. 'ഉത്രാടപ്പൂനിലാവേ വാ...' എന്ന് യേശുദാസ് പാടുമ്പോള്‍ എന്തിനെന്നില്ലാത്ത ഒരു വിഷാദഭാവം ശ്രോതാക്കളിലേക്ക് പകരുന്നുണ്ട്, വരികളിലൂടെ കവി. 'മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍ ഇത്തിരി പാല്‍ ചുരത്താന്‍ വാ.. വാ..' എന്ന് പറയുമ്പോള്‍ വാടിയ പൂക്കളിലൂടെ ഓണത്തിന്‍റെ കറുത്ത മുഖംകൂടി കാണിച്ചുതരാനുള്ള ശ്രമം തുടങ്ങുന്നു. പിന്നീടങ്ങോട്ട് ഓണത്തിന്‍റെ സമൃദ്ധിക്കിടയിലും നാമറിയാതെപോകുന്ന ഇല്ലായ്മയുടെ മുഖങ്ങള്‍ വരച്ചിടുന്നു. 

'തിരുവോണത്തിന്‍ കോടിയുടുക്കാന്‍

കൊതിക്കുന്നു തെരുവിന്‍ മക്കള്‍

അവര്‍ക്കില്ല പുമുറ്റങ്ങള്‍ പൂ നിരത്തുവാന്‍

വയറിന്‍റെ രാഗം കേട്ടേ മയങ്ങുന്ന വാമനന്‍മാര്‍

അവര്‍ക്കോണക്കോടിയായ് നീ വാ..വാ...'

ഓണപ്പാട്ടുകളില്‍ സാധാരണ കേള്‍ക്കാത്ത ഈ ഭാവം ഉത്രാടപ്പൂനിലാവിനെ വേറിട്ടുനിര്‍ത്തും. രവീന്ദ്രനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സലില്‍ ചൗധരി ഓണത്തിന്‍റെ ഓമനത്തം മുഴുവന്‍ ആറ്റിക്കുറിക്കിയ ഈണവുമായി മനോഹരമായ ഓണപ്പാട്ട് മലയാളിക്ക് സമ്മാനിച്ചത് 'ഈ ഗാനംമറക്കുമോ' എന്ന സിനിമയിലാണ്.

'ഓണപ്പൂവേ... ഓമല്‍പൂവേ...

നീ തേടും മനോഹരതീരം...

ദൂരേ.. മാടിവിളിപ്പൂ...ഇതാ... ഇതാ..'

ഓണമാഘോഷിക്കുന്ന കേരളക്കരയെക്കുറിച്ചുള്ള വര്‍ണനകളാണ് വരികളില്‍ ഒഎന്‍വി കുറുപ്പ് കാണിച്ചുതരുന്നത്. യേശുദാസിന്‍റെ ഗാംഭീര്യമാര്‍ന്ന ആലാപനവും കൂടിയായതോടെ എന്നുമോര്‍മിക്കാവുന്ന ഓണപ്പാട്ടായി ഇത് മാറുന്നു. ഓണത്തിന്‍റെ ബിംബങ്ങളുമായി ഒഎന്‍വി കുറുപ്പെഴുതിയ വരികള്‍ പ്രിയദര്‍ശന്‍റെ പുന്നാരം ചൊല്ലി ചൊല്ലി എന്ന സിനിമയിലുണ്ട്.

'അത്തപ്പൂവും നുള്ളി, 

തൃത്താപ്പൂവും നുള്ളി

തന്നനംപാടി

പൊന്നൂഞ്ഞാലിലാടി

തെന്നലേ വാ...

ഒന്നാനാം കുന്നിലോടി വാ,,,'

ഒരു ഗ്രാമത്തിന്‍റെ സന്തോഷം കാണിക്കാന്‍ വരവേല്‍പ്പ് എന്ന സിനിമയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഓണത്തെയാണ് കൂട്ടുപിടിക്കുന്നത്.

'വെള്ളാരം പൂമലമേലേ

പൊന്‍കിണ്ണം നീട്ടി നീട്ടി

ആകാശപ്പൂമുടി ചൂടി

ഓണത്താറാടി വരുന്നേ...'

എന്ന പാട്ട് കേള്‍വിക്കാരില്‍ ആഹ്ളാദാനുഭൂതി നിറയ്ക്കുന്നതാണ്. 

ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന സിനിമയില്‍ ശ്രീകുമാരന്‍ തമ്പിയും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നൊരുക്കിയ 'പൊന്നിന്‍ ചിങ്ങം', ഞാനൊന്ന് പറയട്ടെ എന്ന സിനിമയില്‍ മുല്ലനേഴിയും രാഘവന്‍ മാസ്റ്ററും തീര്‍ത്ത് വാണി ജയറാം പാടിയ 'കണ്ണാന്തളി മുറ്റം', അഷ്ടബന്ധത്തില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എഴുതി എ ടി ഉമ്മര്‍ ചിട്ടപ്പെടുത്തിയ 'മാവേലി തമ്പുരാന്‍'..., രണ്ടുലോകം എന്ന സിനിമയില്‍ യൂസഫലി കേച്ചേരിയും ദേവരാജന്‍ മാസ്റ്ററും ചേര്‍ന്നൊരുക്കിയ 'വേമ്പനാട്ട് കായലിന്ന്...', 'കുട്ടനാടന്‍ പുഞ്ചയിലേ...' തുടങ്ങിയവയൊക്കെ ഓണപ്പാട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. 

പുതിയ സിനിമകള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാത്തതുകൊണ്ടായിരിക്കാം അത്തരം പാട്ടുകളും അന്യമാണ്. 2016ല്‍ ഇറങ്ങിയ വിനീത് ശ്രീനിവാസന്‍ സിനിമയായ ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട ഒന്ന് ദൃശ്യമായത്. 'തിരുവാവണി രാവ്... മനസ്സാകെ നിലാവ്...' എന്ന പാട്ട് ഒത്തുചേരലിന്‍റെ ആഹ്ളാദവും ആനന്ദവും സമ്മാനിക്കുന്നതാണ്.

ചെറുതും വലുതുമായ ഈരടികളും നാടന്‍പാട്ടുകളും വേറെയുമുണ്ട് ധാരാളം. പിന്നെ തീര്‍ച്ചയായും 'മാവേലി നാടു വാണീടും കാലം' എന്ന ആ പാട്ടും. പതിനാറാം നൂറ്റാണ്ടില്‍ പാക്കനാരാണ് ഈ പാട്ടിന്‍റെ സൃഷ്ടാവ് എന്ന് പറയുന്നുണ്ട്. എന്നാല്‍ 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ സഹോദരന്‍ അയ്യപ്പനാണ്, തന്‍റെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, രാഷ്ട്രീയ ലക്ഷ്യംകൂടി കണ്ട് 'മാവേലി നാടു വാണീടും കാലം....' സൃഷ്ടിച്ചത് എന്നും പറയുന്നു. സിനിമയിലാണെങ്കില്‍ 1983 ല്‍ പുറത്തിറങ്ങിയ ശശികുമാറിന്‍റെ മഹാബലിയിലാണ് ഈ പാട്ട് ആദ്യമായി ഇടംപിടിച്ചത്. എം കെ അര്‍ജുനന്‍ സംഗീതം നല്‍കി പി ലീല ആലപിച്ചിരിക്കുന്നു. ഓര്‍മകളാണ് ഓണമെങ്കില്‍ മനോഹരങ്ങളായ ഈ പാട്ടുകളും വാടാതെനില്‍ക്കും..

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിം പേര് പരിഗണിക്കുമോ?- സുഫാദ് സുബൈദ

More
More
Views

എ കെ ആന്‍റണിയുടെ ചോദ്യത്തില്‍ സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 1 month ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 1 month ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More