ദി പോത്ത് - ഷാനവാസ് കൊനാരത്ത്

ആളുകൾ തിരക്കിലാണ്. ഒരുക്കങ്ങൾ അതിൻ്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞു. ഇനി മാസം കാണുകയേ വേണ്ടൂ. ഇന്ന് അന്തികറുക്കുന്നതോടെ ആകാശത്ത് ചന്ദ്രിക തെളിയുമെന്ന് കണക്കുകൂട്ടി അവർ കാത്തിരുന്നു. നാൽക്കാലികൾ ഹൃദയം പൊട്ടി നിൽക്കുന്നു. പലവ്യഞ്ജനമടക്കം പാചകത്തിനാവശ്യമായതെല്ലാം, കൂടാതെ പുതുവസ്ത്രങ്ങൾ, കുപ്പിവള, കൺമഷി, മൈലാഞ്ചി, കമ്പിപ്പൂത്തിരി തുടങ്ങി മറന്നു പോവാത്തതെല്ലാം തയ്യാർ. പക്ഷേ, സദ്യ സമ്പൂർണമാക്കുന്നത് പോത്താണ്. ആടും കോഴിയും കരുതിയവർ പോലും പോത്തില്ലാത്ത സദ്യയെക്കുറിച്ച് ചിന്തിക്കില്ല. അതുകൂടി കിട്ടിയാൽ പെണ്ണുങ്ങൾക്ക് മന:സമാധാനത്തോടെ കളിചിരികളിലേക്ക് കടക്കാമായിരുന്നു.

നേരം അസ്തമനത്തോട് അടുത്തപ്പോൾ വലിയൊരു എണ്ണക്കറുമ്പൻ പോത്തിനെയും തെളിച്ച്,  തെല്ലൊരഹങ്കാരത്തോടെ കൂട്ടുങ്ങലങ്ങാടിയിൽ  നിന്നും പത്തായപുരം ലക്ഷ്യമാക്കി അറവുകാരൻ ആലുക്ക  യാത്ര തുടങ്ങി. കണ്ടാൽ രണ്ടു പോത്തുകൾ വരികയാണെന്നേ തോന്നൂ. ഒരു പോത്ത് രണ്ടു കാലിൽ നിവർന്ന് നടക്കുമ്പോലെ... ആലുക്ക കറുത്തു തടിച്ച് പോത്തുപോലെയാണ്. സ്വഭാവഗുണങ്ങളുമുണ്ട്.  അറവ് കുലത്തൊഴിൽ. പോത്തുകളുടെ സംസാരഭാഷ അറിയുന്ന കുടുബാംഗം. 

വഴിയരികിൽ നിന്ന് കാഴ്ച കണ്ട പള്ളിക്കലെ മൊയ്ല്യാർ എണ്ണക്കറുമ്പനെ നോക്കി പ്രണയത്തോടെ ഉമിനീരിറക്കി. വീട്ടിലെ കിച്ചട്ടിയിൽ ഒട്ടും വൈകാതെ നീ തിളച്ചുമറിയുമെന്ന് മറ്റു ചിലർ പോത്തിനോട് വീമ്പുനടിച്ചു.

ആലുക്ക വിളിച്ചു പറഞ്ഞു. 

" മേഡിൻ ചൈന... മേഡിൻ ചൈന ..."

ആദരവോടും കൊതിയോടും ആളുകളതിനെ ഉഴിഞ്ഞു നോക്കി. നേരു തന്നെ; ഇപ്പോൾ എന്തും നിർമിക്കുന്നത് ചൈനയാണല്ലോ. 

"നല്ല തറവാട്യാ... പെര്ന്നാളിന് കണക്കാക്കി ഇൻ്റെ കെട്ട്യോള് തീറ്റിപ്പോറ്റേൃതാ... ദുനിയാവിലോടെപ്പോയാലും ഇദ് കിട്ട്ല്ലട്ടാ... ഇദ് മേഡിൻ ചൈന... മേഡിൻ ചൈന... " യാത്രാമദ്ധ്യേ ഒറ്റത്തെങ്ങിലെ പരിചിതരോട് അയാൾ പ്രത്യേകം പറഞ്ഞു. 

എന്താണെന്നും എങ്ങോട്ടെന്നും അറിയാതെ അയാൾ നയിച്ച വഴിയിലൂടെ പോത്ത് പ്രതീക്ഷയോടെ നടന്നു. 

അയാളുടെ വീടിനോടു ചേർന്ന വലിയ ഷെഡിലാണ് അവർ കുറച്ചുപേർ താമസം. അയാളുടെ ഭാര്യ അവർക്ക് തിന്നാനും കുടിക്കാനും നൽകും. എന്നാൽ ഓരോ പുലരിയിലും ഓരോരുത്തരെ അയാൾ കൊണ്ടുപോയി. അപ്പോൾ വെളിച്ചം വീണു തുടങ്ങുന്നേ ഉണ്ടാകൂ. പോയവർ തിരിച്ചുവരാറില്ല, അയാളൊഴികെ. പകരം പുതിയവർ വന്നുചേരും. തൻ്റെ പ്രിയപ്പെട്ടവരേയും അയാൾ കൊണ്ടു പോയിട്ടുണ്ട്. കൂടുതൽ നല്ല ഇടത്തേയ്ക്കാണ് അവരെ കൊണ്ടു പോയതെന്ന് മറ്റുള്ളവർ വിശ്വസിച്ചു. മുൻപേ പോയവരോട് ചിലർക്ക് അസൂയ തോന്നി. 

നേരം തെറ്റിയാണെങ്കിലും തന്നെയും അയാൾ കൊണ്ടുപോവുകയാണ്. കൂടുതൽ നല്ല ആ ഇടത്തിലേക്ക്... നിറയെ പുല്ലുകളുള്ള പച്ചത്തുരുത്തിലേക്ക്...ആലോചനകളോടെ പോത്ത് നടന്നു. നേരം മയങ്ങി. പരിസരത്തെ ജാറപ്പുരയിൽ എരിയുന്ന കുന്തിരിക്കപ്പുകമണം പരിലസിച്ച അന്തരീക്ഷം. അരണമരത്തിലിരുന്ന് അപലക്ഷണം പോലെ കുത്തിചൂളാൻ കരഞ്ഞു. 

'ആലുക്കാസ് ബീഫ് സ്റ്റാൾ " എന്ന ബോർഡ് തൂക്കിയ കടയുടെ മുന്നിലെത്തിയപ്പോൾ ഒരു പ്രത്യേക മണം പോത്തിൻ്റെ മൂക്കിലേക്ക് അടിച്ചുകയറി. 

ചോരയുടെ മണം... 

പോത്ത് ഞെട്ടി. 

മുൻപേ പോയവരുടെ രക്തഗന്ധമോ... ഹോ!

പോത്ത് ഭയന്നു വിറച്ചു. 

കടയ്ക്കു മുന്നിലെ ചെറിയൊരു കുറ്റിയിൽ പോത്തിനെ കെട്ടിയതിനു ശേഷം ആലുക്ക കോലായിലെ റ്റ്യൂബ് ലൈറ്റുകൾ കത്തിച്ചു. പരിസരമാകെ പ്രകാശം നിറഞ്ഞു. കടയുടെ പുറകിലായി കാടുപിടിച്ചു കിടന്ന പറമ്പിൽ ഓലകൊണ്ട് മറച്ച അറവുശാല.

ആളുകൾ പോത്തിൻ്റെ ചുറ്റിലും കൂടി; മച്ചുനാട് ചന്ദനക്കുടം നേർച്ചയ്ക്ക് വരാറുള്ള ഗജവീരന്മാരെ കണ്ടപോലെ. പിടയ്ക്കുന്ന നെഞ്ചുമായി എന്തുചെയ്യണമെന്നറിയാതെ കാഴ്ചപ്പണ്ടമായി പോത്ത് നിന്നു. അയാൾ ഇട്ടു കൊടുത്ത വൈക്കോൽ അന്നാദ്യമായി പോത്ത് നിരസിച്ചു. അതുവഴി വന്ന ഹസ്സനാജി പോത്തിനെ കണ്ട് തലകുലുക്കി. 

" സാധനം നല്ല ഉസാറാണല്ലോ  ആലൂ..."

" ആജ്യേരേ, ഇദ് മേഡിൻ ചൈന... "

" എപ്പളത്തേക്കാകും?"

" മാസം കാണണ്ട താമസം. ആദ്യം വരണോർക്കാദ്യം... മേഡിൻ ചൈന... "

ഇതിനിടയിൽ ആലുക്കയുടെ രണ്ട് സഹായികളുമെത്തി. അതിലൊരാൾക്ക് ആലുക്ക താക്കോൽ കൊടുത്തു. അയാൾ ചെന്ന് കട തുറന്നു. അകത്തെ വിളക്കുകൾ കത്തിച്ചു.

തെക്കു നിന്നും ഒരു അനൗൺസ്മെൻ്റ് വാഹനം വന്നു. ലൗഡ് സ്പീക്കർ കെട്ടിയ ഓട്ടോറിക്ഷ. നാട്ടാരുടെ  കാത്തിരിപ്പിന് വിരാമമിട്ട് ആ സന്തോഷവാർത്ത... " കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ പെരുന്നാളായിരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു... " 

അത് കേട്ടു തീർന്നില്ല; കാഴ്ചക്കാരെ ഞെട്ടിച്ച് കുറ്റിയും പറിച്ച് പോത്ത് മുന്നോട്ടേക്കൊരു കുതിപ്പായിരുന്നു. ആലുക്ക ചാടിവീണ് കയറിൽ പിടിച്ച് ആഞ്ഞു വലിച്ചെങ്കിലും പോത്ത് വഴങ്ങിയില്ല. അടിതെറ്റിവീണ ആലുക്കയേയും വലിച്ച് പോത്ത് ഓടി. കാഴ്ചക്കാരും കൂടെ ഓടി. ഒടുവിൽ കയർ മുറിഞ്ഞ് പോത്തും ആലുക്കയും തമ്മിലുള്ള ബന്ധം വേർപെട്ടു. ആലുക്കയെ കാക്കാതെ നാട്ടാർ കൂട്ടയോട്ടം തുടർന്നു. വീഴ്ചയിൽ നിന്നെണീറ്റ് ആലുക്ക പുറകെ ഓടി. 

കമ്പനിപ്പടി ജംഗ്ഷനിൽ സ്വല്പനേരം നിന്ന പോത്ത് കഴുത്താക്കലേക്കുള്ള വഴിയെ തിരിഞ്ഞ് ഉറക്കെ മുരണ്ടു. ഇരുവശങ്ങളിലും പച്ചച്ചായമടിച്ച വീടുകളുള്ള ആ വഴിയിലൂടെ മുന്നോട്ടോടി. വഴിയിൽ മങ്ങിയ വെളിച്ചം. വീടുകളിൽ ഉച്ചത്തിൽ തക്ബീർ മണിച്ചുചൊല്ലുന്ന കുട്ടികൾ.  

" ആൾക്കാര് മാറിക്കോ... പോത്തിന് മദമിളക്യേയ്... "

കൂട്ടയോട്ടക്കാർ വിളിച്ചുപറഞ്ഞു. ചിലർ പോത്തോട്ടത്തിൻ്റെ ഫോട്ടോകളും വീഡിയോയും മൊബൈലിൽ പകർത്തുന്നു. 

" ആലുക്കാടെ പോത്ത് മാസം കണ്ട ബേജാറിൽ  റൂഹും കൊണ്ട് മണ്ടി... " വാട്സപ്പിലൂടെ വാർത്തയും ചിത്രങ്ങളും  പ്രചരിച്ചു. 

പോത്ത് പിന്തിരിഞ്ഞു നോക്കിയതേയില്ല. എങ്ങോട്ടാണീ ഓട്ടം? അത് സ്വയം ചോദിച്ചു. അറിയില്ല. എന്നിട്ടും ഓടുകയാണ്. പോത്ത് കഴുത്താക്കൽ ബണ്ടിനരുകിൽ എത്തി. കിഴക്കേപ്പുഴയിൽ നിന്നും വന്ന തണുത്ത കാറ്റ് അതിനെ പുൽകി. ബണ്ടിനുമുകളിൽ നീലച്ചടയൻ വലിച്ച് കെട്ടിടനിർമാണ തൊഴിലാളികളായ നാല് ബംഗാളി യുവാക്കൾ ഇരിപ്പുണ്ടായിരുന്നു. അവരുടെ മുന്നിൽ പോത്ത് നിശ്ചലം നിന്നു. അതിലൊരു ബംഗാളി കയ്യെത്തിച്ച് പോത്തിൻ്റെ നെറ്റിയിൽ ഉഴിഞ്ഞു. മറ്റൊരാൾ മൂന്നാലു കവിൾ പുക മന്ത്രിച്ചൂതും പോലെ പോത്തിൻ്റെ മുഖത്തേക്ക് ഊതി. പ്രത്യാശാഭാവത്തിൽ പോത്ത് വാലിളക്കി. മൂന്നാമൻ ചെന്ന് അതിൻ്റെ കയർ തെങ്ങിൽ ചുറ്റി. 

ബണ്ടിനു മുന്നിലെത്തി കൂട്ടയോട്ടം നിന്നു. ഓട്ടക്കാരുടെ കണ്ണുതള്ളി. അര മണിക്കൂറോളം നാടിനെ വിറപ്പിച്ച മദപ്പോത്തിനെ ബംഗാളികൾ തളച്ചിരിക്കുന്നു. തമിഴിൽ എന്തോ പറഞ്ഞ് ആലുക്ക ബംഗാളികളെ അനുമോദിച്ചു. വീണ്ടും ഓടാൻ പറ്റാത്ത പാകത്തിൽ പോത്തിന് കുരുക്കിട്ടു. മടക്കം ഒരു ഘോഷയാത്രയ്ക്ക് സമാനമായിരുന്നു. ഏറ്റവും മുന്നിൽ വേച്ചുവേച്ച് പോത്ത്. പിന്നിൽ, തൊലിയടർന്ന് ചോര പൊടിയുന്ന കാൽമുട്ടുകളുമായി ആലുക്ക. സഹായികൾ. വിജയാരവങ്ങളുമായി ആളുകൾ.

തന്നോടുള്ള ദേഷ്യം മുഴുവൻ അയാൾ മടക്കയാത്രയിൽ തീർക്കുന്നത് പോത്ത് തിരിച്ചറിഞ്ഞു. അടിയേറ്റ് മുതുക് പൊട്ടുന്നു. കഠിനമായ നീറ്റലും വേദനയും. കുറേ ഓടിയതല്ലേ, തൊണ്ട വരണ്ടു. വല്ലാതെ ദാഹിക്കുന്നു. 

ഒടുവിൽ ചോരമണമുള്ള അതേ പീടികമുറ്റത്ത് തിരിച്ചെത്തി. പുതിയൊരു കയറിൽ തെങ്ങിൽ തളച്ചു. കാലിലെ കുരുക്ക് അഴിച്ചിട്ടില്ല. അഴിച്ചാലും ഇനി ഓടില്ല. എത്ര ഓടിയാലും എവിടേയും എത്താനില്ല...  പോത്ത് ആത്മഗതം ചെയ്തു. ഒട്ടും വൈകാതെ കൊലക്കളത്തിലേക്ക്  നയിക്കപ്പെട്ടു. ഓല മറയ്ക്കുള്ളിലെ ചോരനനവിൽ ദേഹം തളർന്ന് കിടന്നു. അകത്തും പുറത്തും പാൽവെളിച്ചം പരത്തുന്ന ബൾബുകൾ പ്രകാശിച്ചു. വലിയ അറവുകത്തിയുടെ മൂർച്ച തിളങ്ങി. അത് തന്നെ കാത്തിരിക്കുകയാണെന്ന് തോന്നിയ നിമിഷം പോത്തിൻ്റെ ഉള്ളൊന്ന് പിടച്ചു. കണ്ണുകൾ നിറഞ്ഞു. ദാഹമേറി. ആ കിടപ്പിൽ കഴിഞ്ഞുപോയ ചില നല്ല ദിവസങ്ങൾ മനസ്സിൽ തെളിഞ്ഞു. എന്തിനാണിപ്പോൾ ജീവിതത്തോട് വല്ലാതെ കൊതി തോന്നുന്നത്? ജീവിച്ച് മതിയായില്ല...

പോത്ത് കണ്ടു; വലിയൊരു തൊട്ടിയിൽ വെള്ളവുമായി അയാൾ വരുന്നു. അത് മുന്നിൽ വെച്ച് അയാൾ പറഞ്ഞു. " കുടിച്ചോ ..."

വെറുപ്പോടെ പോത്ത് മുഖം തിരിച്ചു. കഴുത്തിൽ ഉഴിഞ്ഞുകൊണ്ട് അയാൾ ആവർത്തിച്ചു. " കുടിച്ചോന്നേയ്..."

"ആവശ്യമില്ല..."

ആ മറുപടി കേട്ട് ആലു എന്ന മനുഷ്യൻ ഞെട്ടിയില്ല. അതേസമയം അറവുമൃഗം അന്ത്യജലം വേണ്ടെന്നു പറയുന്നത് ജീവിതത്തിൽ ആദ്യമാണ്. കാലം പോയൊരു പോക്കേയ്...

പോത്ത് നീരസത്തോടെ നോക്കി. അയാൾ യാതൊരു ദേഷ്യവുമില്ലാതെ പറഞ്ഞു. "ഇനീം വൈക്യാല് നാട്ടേര് ന്നെ തച്ച് കൊല്ലും. ഇയ്യിതീന്ന്  കൊറച്ച് വെള്ളം കുടിക്ക്... ഇന്നാലേ ഹലാലാവൂ... അതോണ്ടാ..." 

പോത്ത് വഴങ്ങിയില്ല. 

ആലു സഹായികളെ ഇടങ്കണ്ണിട്ടു നോക്കി. അവർ പോത്തിൻ്റെ കാലുകൾ മുറുക്കി. ഇനി  ഇളക്കാൻ കഴിയില്ല. കഴുത്തിൽ പിടി വീണു. ബലപ്രയോഗത്തിലൂടെ  വാ തുറപ്പിച്ചു. വായിലേക്ക് വെള്ളമൊഴിച്ചു. പോത്തിന് അയാളുടെ മുഖത്ത് തുപ്പണമെന്നുണ്ട്. പക്ഷേ വായ അടച്ച് തല മേലോട്ടുയർത്തി. വെള്ളം അകത്തേക്ക് പോയി...സ്ഫുടതയോടെ അറവുകാരൻ ബിസ്മി ചൊല്ലി. അറവുകത്തി ആ ജീവനിൽ സ്പർശിക്കെ, ആലുക്ക രതിമൂർച്ചയുടെ ആനന്ദമനുഭവിച്ചു. 

ശേഷം ...

പ്രണയം പുരട്ടി ധാരാളം കൈകൾ നീണ്ടുവന്നു. അവ കലപില കൂട്ടി. ഒരു  കിലോ... രണ്ട് കിലോ... അഞ്ച് കിലോ...

Contact the author

Shanavas Konarath

Recent Posts

Lisha Yohannan 2 years ago
Stories

റൈനോൾഡച്ചന്റെ ബാധ- ലിഷാ യോഹന്നാന്‍

More
More
V J Thomas 2 years ago
Stories

ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

More
More
Stories

ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

More
More
Gafoor Arakal 3 years ago
Stories

ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

More
More
V J Thomas 3 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

More
More
V J Thomas 3 years ago
Stories

വിത്തുകുത്തി തിന്നുന്നവർ - വി ജെ തോമസ്‌

More
More