മഞ്ഞക്കാലുള്ള മനുഷ്യന്‍ - സുധീര്‍ തപ്ലിയൽ - പരിഭാഷ: നദീം നൗഷാദ്

പര്‍വതങ്ങളില്‍ വസന്തത്തിന്‍റെ ആദ്യ ദിനങ്ങളായിരുന്നു. നല്ല വെയില്‍. തെളിഞ്ഞ നീലാകാശം. സ്വര്‍ണ നിറത്തില്‍ വളര്‍ന്നു പാകമായ കടുകുപാടങ്ങള്‍. ഗോതമ്പു ചെടികളെ ഇളംകാറ്റ് ഇളക്കി മറിച്ചു. താന്‍ ഇപ്പോള്‍ നില്‍ക്കുന്നത് സ്വദേശത്താണെന്ന് ഭവന്‍ സിങ്ങിന് മനസ്സിലായി. ഫ്രാന്‍സിലെ യുദ്ധഭൂമിയില്‍ നിന്നും ഒരു പാട് അകലെ.

വര്‍ഷം 1918. ഗാര്‍വാള്‍ - ഫ്രാന്‍സില്‍ നിന്ന് ആയിരം മൈല്‍ അകലെയുള്ള മധ്യഹിമാലയത്തിലെ ഒരു സ്ഥലം. വീടുവിട്ടിട്ട് വളരെ കുറച്ച് ദിവസങ്ങളേ ആയിട്ടൂള്ളൂ എന്ന തോന്നലിലാണ് ഭവന്‍ സിംഗ്. എന്നാല്‍ അയാള്‍  ഗാര്‍വാളിലെത്തിയിട്ട് വര്‍ഷം മൂന്നുകഴിഞ്ഞിരുന്നു. ആ ദിവസങ്ങളില്‍ വീട്ടില്‍നിന്നുള്ള വാര്‍ത്തകള്‍ അപൂര്‍വവും. ഇപ്പോള്‍ കാറ്റിനൊപ്പം ഗ്രാമത്തിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോള്‍ വീട്ടിലെ ഭക്ഷണത്തെക്കുറിച്ചായിരുന്നു അയാളുടെ ചിന്ത. അമ്മ ഉണ്ടാക്കാറുള്ള വെണ്ണയും ഹല്‍വയും ജാഗിരിയുമൊക്കെ ഓര്‍ത്തപ്പോള്‍ അയാളുടെ വായില്‍ വെള്ളമൂറി.

കോത്ത് വാറിലെ റെയില്‍പാളത്തില്‍ നിന്നും ഒരു നീണ്ട കാല്‍നട യാത്രതന്നെ ഉണ്ടായിരുന്നു. റോട്ടിലൂടെ രണ്ടാമത്തെ ദിവസമാണ് യാത്ര ചെയ്യുന്നത്. സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് തന്‍റെ ഗ്രാമത്തില്‍ എത്തുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. പെട്ടെന്നുള്ള ഒരു കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവും ആകാശത്തെ മുഖരിതമാക്കിയപ്പോള്‍ അയാള്‍ക്ക് ഒരു വലിയ ഓക്കുമരത്തിനുകീഴെ അഭയം പ്രാപിക്കേണ്ടിവന്നു. കയ്യിലുള്ള സഞ്ചിയില്‍ ടിന്നിലടച്ച ഭക്ഷണമുണ്ടായിരുന്നു. യുദ്ധഭൂമിയിലെ കിടങ്ങുകളില്‍ കഴിഞ്ഞ ദിനങ്ങളില്‍ അയാളത് തിന്നുമടുത്തിരുന്നു. അതുകൊണ്ട് അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സുനിറയെ.

ഭവന്‍ സിംഗ് യുദ്ധത്തെ കുറിച്ചോര്‍ത്തു. അതിന്‍റെ വിഡ്ഢിത്തത്തെയും. കുടുംബത്തിന്‍റെ അഭിമാനത്തെക്കുറിച്ചോര്‍ത്തു മാത്രമാണ് അയാള്‍ പട്ടാളത്തില്‍ ചേരാന്‍ തീരുമാനിച്ചത്. അയാളുടെ അച്ഛനും അതെ റജിമെന്‍റ്ലായിരുന്നു ജോലി. തികച്ചും അപരിചിതമായ ദേശങ്ങളില്‍  യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷ്‌ യജമാനന്‍മാരെ സഹായിക്കാന്‍ പോകണമെന്നു അച്ഛന്‍ ആവശ്യപ്പെട്ടു.വിദൂരമായ അയാളുടെ ഗ്രാമത്തില്‍ ഭവന്‍ സിംഗ് ഒരിക്കല്‍ പോലും ഒരു വെള്ളക്കാരനെ കണ്ടിട്ടില്ല. പക്ഷെ യുദ്ധക്കിടങ്ങുകളില്‍ ഒരുപാടുപേരെ കണ്ടിട്ടുണ്ട് താനും. അയാളെപ്പോലെത്തന്നെയായിരുന്നു അവരും. പീരങ്കിയുണ്ടക്ക് ഇരയാവുന്ന ഭടന്മാര്‍ എന്നാണ് അവര്‍ സ്വയം വിളിച്ചിരുന്നത്‌.

കൊടുങ്കാറ്റ് തുടങ്ങിയതുപോലെത്തന്നെ പെട്ടെന്ന് ശമിച്ചു. സഞ്ചിയും തോളില്‍ തൂക്കി അയാള്‍ നടക്കാന്‍ തുടങ്ങി. പക്ഷികളുടെ ശബ്ദം കേട്ടു തുടങ്ങി. അത് കേട്ടപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു പാട്ട് വന്നു. അയാള്‍ അങ്ങനെ പാടിയിട്ട് കുറെ കാലമായിരിക്കുന്നു. ആദ്യത്തെ വരികള്‍ ശരിയായില്ല. വഴിയില്‍ എവിടെയോ എന്തോ നഷ്ടപ്പെട്ടപോലെ, എന്തോ പോരായ്മയുള്ളതു പോലെ അയാള്‍ക്ക് തോന്നി. അയാള്‍ നിന്നു. ചുറ്റും നോക്കി. അമ്മാവന്‍റെ ഗ്രാമത്തില്‍നിന്ന് കുറച്ചു മിനുട്ടുകള്‍ നടന്നിട്ടേ ഉളളൂ. പറമ്പില്‍ കെട്ടിയ ആടിനെയും പശുവിനെയുമൊക്കെ രാത്രിയാവുമ്പോള്‍ തിരിച്ച് തൊഴുത്തില്‍ കെട്ടാന്‍ ആരും ഉണ്ടായിരുന്നില്ല.  അടുപ്പുകളില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നില്ല.

യുദ്ധത്തില്‍ എല്ലാം നശിച്ച്  ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിലേക്ക് വരുന്നത് പോലെ അയാള്‍ക്ക് തോന്നി. തന്‍റെ ഓര്‍മ്മയില്‍ അവിടെ ഉണ്ടായിരുന്ന വീടുകളൊക്കെ അവിടെത്തന്നെയുണ്ട്. ഗ്രാമത്തിലെ പട്ടികള്‍ കുരയ്ക്കാത്തത് അയാളെ അത്ഭുതപ്പെടുത്തി. നിശബ്ദവും വിജനവുമായ ഗ്രാമത്തിലേക്ക് അയാള്‍ നടന്നു. അയാളുടെ കാലുകള്‍ അയാളെ അമ്മാവന്‍റെ വീട്ടിലേക്കു വലിച്ചുകൊണ്ടുപോയി. വീടിന്‍റെ വാതില്‍ പാതി തുറന്നിരുന്നു. അയാള്‍ ഉള്ളില്‍ കടന്നു. എല്ലാം പഴയതുപോലെ തന്നെ. എന്നാല്‍ അകത്ത് ആളുകളാരും ഉണ്ടായിരുന്നില്ല. കുടുംബത്തിലെ എല്ലാവരുംകൂടി വയലില്‍ പണിക്ക് പോയിട്ടുണ്ടാവുമോ ? പക്ഷെ അതിനുള്ള സാധ്യത ഇല്ല.‌ അയാള്‍ ഓര്‍ത്തു. മുത്തച്ഛന്‍ ഒരിക്കലും വീടുവിട്ടു പുറത്തുപോയിരുന്നില്ല. പ്രായധിക്യത്താലുള്ള അവശത മൂലം അദ്ദേഹത്തിന് വയലില്‍ ജോലി ചെയ്യാൻ പറ്റുമായിരുന്നില്ല. കുട്ടികളെ കളിപ്പിച്ചു വീട്ടിലിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. എന്നാല്‍ ഇപ്പോള്‍ മുത്തച്ഛനെയും കുട്ടികളെയും അവിടെ കാണാനില്ല.

എന്നാല്‍ അയാള്‍ക്കറിയാത്ത ഒരു ദുരന്തം അവിടെ സംഭവിച്ചിരുന്നു. യുദ്ധത്തേക്കാള്‍ ഭയാനകമായ ഒരു വിപത്ത്. കഴിഞ്ഞ വര്‍ഷം ഒരു ബു ബോനിക് പ്ലേഗ്‌ ഗര്‍വാളിലെ ജനതയെ ആകെ തുടച്ചു നീക്കി. ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലെ എല്ലാ ജീവനുകളും അതില്‍ പൊലിഞ്ഞുപോയി. അയാള്‍ കാണുന്ന പച്ചയും മഞ്ഞയും നിറമുള്ള കടുകുപാടങ്ങളില്‍ കടുക് കൊയ്യാന്‍ പാകത്തില്‍ നില്‍ക്കുന്നത് അത് പ്ലേഗിനുമുമ്പ് നട്ടതുകൊണ്ടാണ്. വിളവെടുക്കാന്‍ പക്ഷേ ഗ്രാമത്തില്‍ ആരും അവശേഷിച്ചിരുന്നില്ല. അവശേഷിച്ച കുറച്ചാളുകള്‍ മലമ്പ്രദേശത്തെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സമതലങ്ങളിലേക്ക് പോയി. ഇരുട്ടുവീണു തുടങ്ങിയിരുന്നു. രാത്രിയാവുകയാണ്. എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ വീട്ടുമുറ്റത്ത്‌ നിന്നു. അയാളുടെ ഗ്രാമം കുന്നിന്റെ മറ്റേ ചെരിവിലാണ്. അയാള്‍ അങ്ങോട്ടു നടന്നു. അവിടെ ആരെങ്കിലും ഉണ്ടാവാതിരിക്കില്ല.

കുന്നില്‍ പ്രദേശത്തുനിന്നുള്ള വഴി പിന്നിട്ട് അയാള്‍ തന്‍റെ ഗ്രാമത്തിലേക്ക് തിരിഞ്ഞു. അത് തന്‍റെ അമ്മാവന്‍റെ ഗ്രാമം പോലെ നിശബ്ദവും വിജനവുമായി തോന്നി. അവിടെ ആളനക്കമൊ വെളിച്ചമൊ കണ്ടില്ല. ഇരുട്ടിയിട്ടും കളിനിര്‍ത്താന്‍ കൂട്ടാക്കാത്ത കുട്ടികളുടെ കലപിലയും  മുതിര്‍ന്നവര്‍ കന്നുകാലികളെ തൊഴുത്തുകളിലേക്ക് നീട്ടിവിളിച്ചു കയറ്റുന്ന പതിവ് ശബ്ദങ്ങളും, പതുങ്ങിനില്‍ക്കുന്ന പുള്ളിപ്പുലിക്കെതിരെ പട്ടികളുടെ കുരയും കേട്ടില്ല. ശബ്ദം പോലെ വെളിച്ചവുമില്ല. മലഞ്ചെരിവിലൂടെയെത്തിയ കാറ്റ് ദീര്‍ഘനിശ്വാസത്തിന്‍റെയും മുരള്‍ച്ചയുടെയും ശബ്ദങ്ങള്‍ ഉണ്ടാക്കി. മാനത്തമ്പിളി പ്രകാശം പൊഴിച്ചുതുടങ്ങിയിട്ടില്ല. ഭവന്‍ സിംഗിന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ പൂര്‍ണമായും ഇരുട്ടുവീണിരുന്നു. ചിരപരിചിതമായ ആ വഴി ഇപ്പോള്‍ അയാള്‍ക്ക് അപരിചിതമായി തോന്നി. അതിന്‍റെ അടുത്തായിരുന്നു ജാതി ഭ്രഷ്ടനായ ബതലുവിന്‍റെ വീട്. അക്കാലത്തെ ആചാരമനുസരിച്ച് എല്ലാ ജാതി ഭ്രഷ്ടരും ഗ്രാമത്തില്‍ നിന്ന് കുറച്ചകലെ താമസിക്കണം. 

പ്രധാന വഴി പിന്നിട്ട് ഭവൻ സിംഗ് ബതലുവിന്‍റെ തകര്‍ന്ന കുടിലിനടുത്തെത്തി. മഴയില്‍ മേല്‍ക്കൂര ചോരുന്ന കുടില്‍ നന്നാക്കാന്‍ ബതലുവിന് ഒരിക്കലും കാശുണ്ടാവാറില്ല. മഞ്ഞുകാലത്ത് അത് നേരെ വീട്ടിനുള്ളിലെക്കാണ് പതിക്കുന്നത്. വേനലിലെ ചൂടും ഈച്ചയുടെ ശല്യവും കാരണം വീടിനുള്ളില്‍ കിടക്കാന്‍ കഴിയാറില്ല. അതിനുനേരെ നോക്കിയപ്പോള്‍ ഭവന്‍ സിംഗ് വെളിച്ചത്തിന്‍റെ നേരിയ ഒരു പാളികണ്ടു. ആഹാ !!... അയാള്‍ സ്വയം പറഞ്ഞു. ആരോ ചുറ്റുമുണ്ട്. അയാള്‍ ബെതലുവിന്‍റെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുകയറി.

പ്രകാശം പ്രതീക്ഷയുടെ മുന്നറിയിപ്പാണ്. ഒരു തരത്തില്‍ ജീവനുണ്ടെന്ന സൂചന. കുടിലിന്‍റെ ചെറിയ വാതിലിനുമുന്നില്‍ നിന്നപ്പോള്‍ ആരായിരിക്കും അതിനുള്ളില്‍ എന്ന് ഭവന്‍സിംഗ് അത്ഭുതപ്പെട്ടു. അയാള്‍ ബതലുവിന്‍റെ പേര് ഉറക്കെ വിളിച്ചു. ഉള്ളില്‍ നിന്ന് ഒരു ശബ്ദം അയാളോട് അകത്തേക്ക് വരാന്‍ പറഞ്ഞു. വാതില്‍ ചെറുതായതുകൊണ്ട് അയാള്‍ സഞ്ചി പുറത്തുവെച്ച് കുനിഞ്ഞുകൊണ്ട് അകത്തേക്ക് പ്രവേശിച്ചു. വിളക്കുതിരിയുടെ വെട്ടത്തില്‍ ഒരു മനുഷ്യരൂപം അയാള്‍ക്ക് വെളിപ്പെട്ടുവന്നു. അതിന് മങ്ങിയ ഒരു മഞ്ഞവെളിച്ചമായിരുന്നു. പുറത്തു മുഴുവന്‍ ഇരുട്ടായതിനാല്‍ ആ വെളിച്ചം വലിയ പ്രതീക്ഷ അയാള്‍ക്ക് നല്‍കി. ആ മുറിയില്‍ ഒരു പ്രത്യേക ഗന്ധം ഉണ്ടായിരുന്നു.പക്ഷെ അയാള്‍ അത് ശ്രദ്ധിച്ചില്ല.അയാള്‍ക്കറിയേണ്ടത് അവന്‍റെ കുടുംബവും മറ്റ് ഗ്രാമീണരും എവിടെ പോയി എന്നുമാത്രമാണ്. 

'ആള്‍ക്കാരൊക്കെ എവിടെ പോയി ?'

പട്ടാളക്കാരന്‍ ചോദിച്ചു

ഇരുട്ടില്‍ കൂനിക്കൂടിയിരിക്കുന്ന ആ രൂപത്തില്‍ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല. ഭവന്‍ സിംഗ് ചോദ്യം ആവര്‍ത്തിച്ചു. മറുപടി ഉണ്ടായില്ല.

'നിങ്ങള്‍ ആരാണ് ?'

അയാള്‍ വീണ്ടും ചോദിച്ചു

ആ രൂപം ചെറുതായൊന്നു ചലിച്ചു. കുറേക്കാലമായി സംസാരിക്കാത്ത ഒരാളെ പോലെ അത് പറഞ്ഞു:

'എന്ത് ? ഉം നീയൊ ?'

ഈര്‍ച്ചവാള്‍ പോലെയുള്ള ശബ്ദം ഭവന്‍സിംഗിനെ ഭയപ്പെടുത്തി. ഭയം അയാളുടെ നട്ടെല്ലിലേക്ക് ഇറങ്ങി. പിന്നിലെ മുടികള്‍ എഴുന്നേറ്റു നിന്നു. അപ്പോഴാണ്‌ അയാള്‍ ആ മുറിയിലെ ഗന്ധം ശ്രദ്ധിച്ചത്. അത് മരണത്തിന്‍റെയും ജീര്‍ണ്ണതയുടെയും  ഗന്ധമായിരുന്നു.

'പറയൂ മനുഷ്യാ..'- ദേഷ്യവും പേടിയും കലര്‍ന്ന സ്വരത്തില്‍ അയാള്‍ അലറി

'പേടിക്കാതെ'- ആ രൂപം പറഞ്ഞു.

'ഞാന്‍ പേടിച്ചിട്ടില്ല'- പട്ടാളക്കാരന്‍ തിരിച്ചടിച്ചു.

'അതെ നിങ്ങള്‍ പേടിച്ചിരിക്കുന്നു'- ആ രൂപം മറുപടി നല്‍കി. 

ഭവന്‍ സിംഗ് ആ രൂപത്തെ ആക്രമിക്കാനായി പാഞ്ഞടുത്തു. പക്ഷെ അതിനെ പിടിക്കാന്‍ കിട്ടിയില്ല. പെട്ടെന്നുതന്നെ പിന്നില്‍നിന്ന് ഒരു അട്ട ഹാസച്ചിരി അയാള്‍ കേട്ടു. അത് ആ മുറിയും കടന്ന് ഗ്രാമത്തിലാകെ മുഴങ്ങി. അയാള്‍ ചുറ്റും തിരഞ്ഞുനോക്കി. പക്ഷെ ഒന്നും കണ്ടില്ല. ആ യുവ പട്ടാളക്കാരന്‍ ഭയം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അയാളുടെ ശരീരം  ആകെ തണുത്തിരുന്നു.

പൊടുന്നനെ വിളക്കണഞ്ഞു. കുടില്‍ ഇരുട്ടിലേക്ക് കൂപ്പുകുത്തി. പട്ടാളക്കാരന്‍ ആ സ്ഥലത്ത് വേരുകള്‍ പടര്‍ത്തിയത്‌ പോലെ നിന്നു. അയാള്‍ക്ക് കുടിലില്‍ നിന്ന് പുറത്തു ചാടണമെന്നുണ്ട്. പക്ഷെ കൈകാലുകള്‍ ചലിക്കുന്നില്ല. അവസാനം ആ തളര്‍ച്ചയില്‍ നിന്ന് അയാളെ ചലിപ്പിച്ചത്  മുറിയിലെ അഴുകിയ ശവത്തിന്‍റെ ഗന്ധമാണ്. ആ മണം മുറിയിലാകെ ഉണ്ടായിരുന്നു. അയാള്‍ ശ്വസിക്കാന്‍ പാടുപെട്ടു 

ഭാരം തൂങ്ങിയ കൈകാലുകളില്‍ അയാള്‍ ഒരുവിധം നിവര്‍ന്നുനിന്നു. തല കുനിച്ച് വാതിലിനടുത്തേക്ക് നീങ്ങി. വളരെ കുറച്ചകലം മാത്രമുള്ള വാതില്‍ മൈലുകള്‍ക്കപ്പുറത്താണെന്ന് അയാള്‍ക്ക് തോന്നി. അയാള്‍ ഓടുകയായിരുന്നു. അയാള്‍ക്ക് ശ്വാസമെടുക്കാന്‍ കഴിഞ്ഞില്ല. നെഞ്ച് ഇപ്പൊള്‍  പൊട്ടിത്തെറിക്കുമെന്ന് അയാള്‍ക്ക് തോന്നി. ചന്ദ്രന്‍  കുന്നിന്‍ ചെരുവില്‍ പ്രകാശിച്ചു. അയാള്‍ തന്‍റെ പാദങ്ങളില്‍ വളരെ വിഷമിച്ചു നിവര്‍ന്നുനിന്ന് ചുറ്റും നോക്കി. ആ കുടില്‍ നിശബ്ദമായി നിലകൊണ്ടു.അയാളുടെ സഞ്ചി നേരത്തെ വെച്ച അതേ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. അയാള്‍ അതിനടുത്തേക്ക് നടന്നു. അതില്‍ നിന്ന്  വെള്ളത്തിന്‍റെ കുപ്പി എടുത്തു. അതില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല. വിചിത്രം തന്നെ അയാള്‍ ചിന്തിച്ചു. ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് ഒരു അരുവിയില്‍ നിന്ന് അയാള്‍ നിറച്ചതാണ്. അതിനു ശേഷം അത് തൊട്ടിട്ടു പോലുമുണ്ടായിരുന്നില്ല.

'ദാഹിക്കുന്നു അല്ലെ?'- ആ ശബ്ദം വീണ്ടും മുഴങ്ങി 

അയാളുടെ തൊണ്ട വരണ്ടു. ഒരക്ഷരം പുറത്തുവന്നില്ല. പെട്ടെന്ന് ഇരുട്ടില്‍നിന്ന് ഒരു പാത്രം നിറയെ വെള്ളവുമായി ഒരു കൈ നീണ്ടുവന്നു. നിലാവ് ആ പിച്ചള പാത്രത്തില്‍ തട്ടിത്തെറിച്ചു. പട്ടാളക്കാരന്‍ ആര്‍ത്തിയോടെ ആ പാത്രം പിടിച്ചുവാങ്ങി. അയാള്‍ മുഴുവന്‍ കുടിച്ചു. അയാള്‍ക്ക്‌ വിശന്നു തുടങ്ങിയിരുന്നു.

'വിശക്കുന്നു അല്ലെ ?'-  വീണ്ടും ആ ശബ്ദം മുഴങ്ങി.

ഇത്തവണ പട്ടാളക്കാരന്‍ ഒന്നും പറഞ്ഞില്ല. ആദ്യത്തെ ഞെട്ടലിൽ  നിന്നും അയാള്‍ മോചിതനായിരുന്നു. തനിക്ക് സംഭവിക്കുന്നതെന്താണെന്ന്  അയാള്‍ക്ക് മനസ്സിലായില്ല! അയാള്‍ ഇരുട്ടിലേക്ക് നോക്കി .ഒന്നും കണ്ടില്ല. ആരോ ശ്വാസമെടുക്കുന്ന ശബ്ദം മാത്രമേ അയാള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞുളളൂ.

അപ്പോള്‍ ആ ശബ്ദം വീണ്ടും വന്നു -'നിന്‍റെ അമ്മയുടെ ഭക്ഷണം വേണോ?'

ധൈര്യം സംഭരിച്ചു പട്ടാളക്കാരന്‍ ചോദിച്ചു 

'നിങ്ങള്‍ ആരാണ് ?' 'എനിക്ക് എന്തെങ്കിലും ഭക്ഷണം തരാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ?'

കാത്തിരുന്ന് കാണൂ .ശബ്ദം പറഞ്ഞു 

കുറച്ചു നേരം കഴിഞ്ഞു. അമ്മ ഉണ്ടാക്കുന്നരീതിയിലുള്ള ഭക്ഷണം മുന്നില്‍ വന്നു. തന്‍റെ മുമ്പിലിരിക്കുന്ന ആവി പറക്കുന്ന ആഹാരംഎടുക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല 

'നന്നായി കഴിക്കൂ മോനെ, നന്നായി കഴിക്കൂ' 

പട്ടാളക്കാരന് ആ ഭക്ഷണത്തില്‍ എന്തോ അപകടം പതിയിരിക്കുന്നതുപോലെ തോന്നി. അപകടകരമായത് എന്തോ സംഭവിക്കാന്‍ പോവുന്നുവെന്ന് അയാള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിരുന്നു. വിശപ്പെല്ലാം പോയി. ആ പേടിപ്പെടുത്തുന്ന സ്ഥലത്തുനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍മതി എന്ന് അയാള്‍ ആഗ്രഹിച്ചു. 

തണുത്ത, നനുത്ത ഒരു കൈ തന്‍റെ പിടലിയില്‍ പതിച്ചപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ ഭയ വിഹ്വലനായി! ഭക്ഷണം ചൂടാറും മുമ്പ് കഴിക്കാന്‍ ആ ശബ്ദം അയാളെ നിര്‍ബന്ധിച്ചു. അത് അയാള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അയാള്‍ കുതറിയോടി. ഒരു കുതിരയെപ്പോലെ, കാല്‍മുട്ട് വരെ ഉയരത്തിലുള്ള കടുക് ചെടികളുടെ ഉഴവുചാല്‍ മുറിച്ചുകടന്ന്, വയലുകളും പറമ്പുകളും ചാടിക്കടന്ന്  അയാള്‍ ഓടി. ദീര്‍ഘമായി ശ്വസിക്കുന്ന ആ ശബ്ദം പക്ഷെ അയാളെ പിന്തുടര്‍ന്നു.

ആ ശബ്ദം വീണ്ടുമുയര്‍ന്നു-'നീ അധിക ദൂരം പോവില്ല മോനേ'... ഞാന്‍ കുറേ ദിവസമായി ഭക്ഷണം കഴിച്ചിട്ട്. എന്‍റെ ഭക്ഷണം എന്നില്‍ നിന്ന് അധിക ദൂരം പോകുന്നത് എനിക്കിഷ്ട്മല്ല. പട്ടാളക്കാരന്റെ വേഗം വര്‍ദ്ധിപ്പിച്ചു. കിതപ്പ് ക്രമാതീതമായി കൂടി. കാലിലേക്ക് രക്തം ഇരച്ചു കയറുന്നു. അയാള്‍ കടുക് പാടത്തിലൂടെ ഓടി. ഓരോ നിമിഷവും ഓരോ വരമ്പ് ചാടിക്കടന്നു. ആ സമയമത്രയും ആ രൂപം അയാളെ പിന്തുടര്‍ന്നു. ഒളിക്കാന്‍ പറ്റിയ സ്ഥലം എവിടെയെങ്കിലും ഉണ്ടോ എന്ന് അയാള്‍ ചുറ്റുംനോക്കി. പൊടുന്നനെ ചെറുപ്പത്തില്‍ അച്ഛന്‍ പറഞ്ഞത് അയാളുടെ ഓര്‍മ്മയിലേക്ക് ഓടിയെത്തി.

നിന്നെ ഏതെങ്കിലും പ്രേതമോ ചെകുത്താനോ പിന്തുടര്‍ന്നാല്‍ അടുത്തുള്ള പശുവിന്‍ തൊഴുത്തില്‍ ഓടി കയറുക എന്നിട്ട് പശുവിന്‍റെ കഴുത്തില്‍  മുറുക്കിപിടിച്ച് നില്‍ക്കുക. ദുഷ്ടശക്തികള്‍ക്ക് വിശുദ്ധ പശുവിനെ പേടിയാണ്.

അവിടെ അധികം അകലെയല്ലാതെ ഒരു പശു തൊഴുത്തുണ്ടെന്ന് അയാള്‍ ഓര്‍ത്തു. ദിശമാറ്റി അയാള്‍ തൊഴുത്തിലേക്ക്‌ കുതിച്ചു. അതിലേക്കു ഊളിയിട്ട് ചാടുമ്പോള്‍ അയാളുടെ കണങ്കാലില്‍ ഉരുക്ക് മുഷ്ടി പിടിക്കുന്നതായി അനുഭവപ്പെട്ടു. ഭയപ്പാടുമൂലം സര്‍വ്വശക്തിയുമെടുത്ത് കാല്‍ ശക്തിയായി കുലുക്കി, അതിൻ്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് അയാള്‍ പശുവിന്‍റെ കഴുത്തില്‍ പോയി വീണു. അയാള്‍ പശുവിനെ മുറുക്കിപ്പിടിച്ചു എന്നിട്ട് ആ ദുഷ്ട ശക്തിയില്‍ നിന്ന് മോചനം തരണമേ എന്ന് പ്രാര്‍ത്ഥിച്ചു.

അയാള്‍ നടുക്കടലില്‍ അകപ്പെട്ടപോലെയായിരുന്നു. ആ പശുവിലായിരുന്നു അയാളുടെ പ്രതീക്ഷ. തന്‍റെ പിന്നില്‍ കുറേ ദൂരം ഓടിയ ആ രൂപത്തിന്‍റെ ശക്തിയായ ശ്വാസോഛാസം കേള്‍ക്കുന്നു. ദുഷ്ടശക്തികള്‍ രാത്രി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും പ്രഭാതമായാല്‍ അവ പോകുമെന്നും അച്ഛന്‍ പറഞ്ഞിരുന്നത് അയാള്‍ ഓര്‍ത്തു. നേരം പുലരുന്നത് വരെ അങ്ങനെ പിടിച്ചിരിക്കണമെന്നു അയാള്‍ക്ക് മനസ്സിലായി

പുറത്തു കാത്ത് നില്‍ക്കുന്ന ആ ശബ്ദം പറഞ്ഞു-

'ആ പശു അധിക നേരം ജീവിക്കില്ല മോനെ... അത് ചാവുമ്പോള്‍ ഞാന്‍ നിന്നെ വന്നു തിന്നും'. 

പശുവിന്‍റെ രക്തയോട്ടത്തിലെ  താളം തെറ്റി. ഹൃദയ മിടിപ്പിന്റെ ക്രമം തെറ്റി. ബോധം മറയാന്‍ തുടങ്ങി. 'ഗോമതാവേ'... അയാള്‍ പ്രാര്‍ത്ഥിച്ചു  'ഇപ്പോള്‍ എന്നെ കൈ വിടല്ലേ'... അയാള്‍ ആ മൃഗത്തിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ അതിനെ തടവാന്‍ തുടങ്ങി. പുറത്ത് അയാളെ പിന്തുടര്‍ന്ന ശക്തി പാറാവ് ഡ്യൂട്ടിയിലുള്ള പട്ടാളക്കാരനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

സമയം എത്രയായെന്നു ഭവന്‍സിംഗിനു നിശ്ചയമില്ല. അയാള്‍ക്കറിയാവുന്നത് നേരം പുലരുന്നതുവരെ പശുവിന്‍റെ ജീവന്‍ നിലനിര്‍ത്തണമെന്നാണ്. അത് ചത്തുപോയാല്‍ അയാളുടെ ജീവനും അപകടത്തിലാകും. അതുകൊണ്ട് അയാള്‍ പശുവിന്  ചൂട് നല്‍കി കൊണ്ടിരുന്നു. തന്‍റെ കൈ വേദനിക്കുന്നത് വരെ വൈക്കോല്‍ കഷ്ണം കൊണ്ട് ഉരച്ചുക്കൊണ്ടിരുന്നു. അധിക നേരം അങ്ങനെ നില്‍ക്കാന്‍ പറ്റില്ലെന്ന് അയാള്‍ക്ക് തോന്നി.

പ്രഭാതത്തിന്‍റെ നേരിയ  വെളിച്ചത്തില്‍ പശുത്തൊഴുത്തിലേക്ക് തുറക്കുന്ന വാതിലിന്‍റെ പാളി കണ്ടു. പുറത്തൊരു കരച്ചിലുയര്‍ന്നു. ഓരോ കുന്നിന്‍റെ ഉച്ചിയിലും തട്ടി അത് പ്രതിധ്വനിച്ചു. അതൊരു വിറങ്ങലിച്ച ശബ്ദമായിരുന്നു. അത് പട്ടാളക്കാരന്‍റെ ആത്മാവിലേക്ക് തുളച്ചു കയറി. ആ ശബ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ തന്‍റെ രണ്ടു കയ്യും ചെവിയോടു ചേര്‍ത്തുപിടിച്ചു. പക്ഷെ അയാള്‍ക്ക് അത് തന്‍റെ ശരീരത്തിലെ എല്ലില്‍  അനുഭവപ്പെട്ടു. യുദ്ധകാലത്ത് തോക്കുകള്‍ ഏറ്റുമുട്ടുന്ന ശബ്ദം പോലെ.

പ്രഭാതം പൂര്‍ണമായും തിരിച്ചുവന്നിരിക്കുന്നു. ഒരു കാക്ക ഒച്ചയുണ്ടാക്കിക്കരഞ്ഞു. പശു മുടന്തി അയാളുടെ കൈകളിലേക്ക് വീണു. അവള്‍ ചത്തിരിക്കുന്നു. അയാള്‍ ഇഴഞ്ഞു നീങ്ങി പുറത്തു വന്നു. പ്രഭാതത്തിലെ ശുദ്ധവായു ആര്‍ത്തിയോടെ ശ്വസിച്ചു. ഭവന്‍സിംഗ് തന്‍റെ മനസ്സ് നേരെയാക്കാൻ  തുടങ്ങി. അതൊരു സ്വപ്നമായിരുന്നോ?  ദുഃസ്വപ്നം?  അല്ല. ആയിരിക്കില്ല. അയാള്‍ കണങ്കാലിലേക്ക് നോക്കി കടുക് വയലില്‍ കൂടി ഓടിയതിന്‍റെ മഞ്ഞപ്പാടുകള്‍ ഉണ്ടായിരുന്നു. 

തന്‍റെ അനുഭവത്തെ കൂടുതല്‍ ഉറപ്പിക്കാന്‍ അയാള്‍ ബെതലുവിന്‍റെ കുടിലിലേക്ക് യാത്ര തിരിച്ചു. അയാള്‍ വാതിലിനടുത്ത് നിന്നു. അവിടെ ഇപ്പോഴും ചുമരിനടുത്തു അയാളുടെ സഞ്ചി കിടപ്പുണ്ടായിരുന്നു. എല്ലാ ധൈര്യവും സംഭരിച്ച് അയാള്‍ ആ ഇരുണ്ട കുടിലിനുള്ളിലേക്ക് പ്രവേശിച്ചു. മേല്‍ക്കൂരയിലെ വിള്ളലിലൂടെ സൂര്യ പ്രകാശം അകത്ത് പതിക്കുന്നുണ്ടായിരുന്നു. മുറിയുടെ ഒരു മൂലയില്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞ് എന്തോ ഒന്ന് കിടക്കുന്നതായി അയാള്‍ കണ്ടു. കാല്‍ വിരലുകള്‍ കൊണ്ട്  ആ തുണി പൊക്കിനോക്കി. അതൊരു മനുഷ്യനായിരുന്നു. മരിച്ച ഒരാള്‍. മണംകൊണ്ട് കുറച്ചു നാളായി മരിച്ചിട്ടെന്നു തോന്നുന്നു. അയാള്‍ തുണി പിന്നെയും ഉയര്‍ത്തി. ശരീരം മുഴുവന്‍ കാണുന്നത് വരെ. അത് പൂര്‍ണ നഗ്നശരീരമായിരുന്നു. അതിന്‍റെ കാലുകളില്‍ കടുക് വയലിൻ്റെ  മഞ്ഞ നിറം പറ്റിപിടിച്ചിരിക്കുന്നു.

Contact the author

Nadeem Noushad

Recent Posts

Lisha Yohannan 2 years ago
Stories

റൈനോൾഡച്ചന്റെ ബാധ- ലിഷാ യോഹന്നാന്‍

More
More
V J Thomas 2 years ago
Stories

ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

More
More
Stories

ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

More
More
Gafoor Arakal 3 years ago
Stories

ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

More
More
V J Thomas 3 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

More
More
V J Thomas 3 years ago
Stories

വിത്തുകുത്തി തിന്നുന്നവർ - വി ജെ തോമസ്‌

More
More