സംസ്ഥാനത്ത് ഇതുവരെ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയവര്‍ അര ലക്ഷം കഴിഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. 294 പേര് മരണത്തിനു കീഴടങ്ങി. ഇന്നലെ 1530 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ നിലവില്‍ 23,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കൂടാതെ, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,477 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,366 പേര് ആശുപത്രികളിലും ആണ് ഉള്ളത്. 1811 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,85,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,076 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.