തല ( കെ) കട്ട്, ചോര + പൂഴി = കുഴഞ്ഞ (മുറിഞ്ഞ) കവിത - സജീവന്‍ പ്രദീപ്‌

ചീനം പുള്ളി, ഫിഷ് മാർക്കറ്റ്.
 " ചത്തു "
കിടക്കുമ്പോൾ
ആലീസെന്ന
നെയ്മീൻ
പറഞ്ഞ, ഒൻപത് കഥകളിൽ ഒന്നിങ്ങിനെ


'മീൻവെട്ടി'കൾ, 
കഥ പറയുന്നേയില്ല , അവർ
മരിച്ചവയിൽ നിന്ന്, അടുക്കളയിലേക്ക്
ഒരു മണം തുറന്ന് വിടുകയാണ്,
ശില്പത്തെ ഉടച്ചുടച്ച് മണ്ണാക്കുന്നത് പോലെ
കഴുകി വെച്ചിരിക്കുന്ന കുടംമ്പുളി,
മാങ്ങ,
മീൻദാഹികളായ, പുളിപ്പുകൾ


ചീനംപുള്ളി ഫിഷ് മാർക്കറ്റ്,
മീനുകൾ ചിലയ്ക്കുന്നു,
മീനുകൾ കരയുന്നു,
മീനുകൾ, മറിയുന്നു, തിരിയുന്നു.
ശബ്ദം മാത്രം:
"ജ്  വെട്ടിക്കൂട്ടി മണ്ണ് പെരട്ടിയാ
എനക്ക് വേണ്ടാട്ടാ ,
ചെമ്പ്ല് ചൊവ്വനേ ചീവ് ചെക്കാ
കുന്തുകാലുമ്മേലിരുന്ന്, യാരോയൊരാൾ
പിന്നേം, പിന്നേം പറഞ്ഞുകൊണ്ടിരുന്നു
''തോല്, ശരിക്കനെം പൊളി,
മുള്ള് ശീവി, ശീവിയെടുക്ക്,
തലമുറി, കണ്ണ് ചുരണ്ട്,
വാലിറക്കി വെട്ട്,
ഏട്ടെട്ടും പതിനാറ് പീസാക്ക് റാ"


" ഫിഷ് കട്ടർ "
പകലിനെ മുറിക്കുകയും
രാത്രി പിടയുകയും ചെയ്യുന്നതിനെ സംബന്ധിച്ചിങ്ങനെയിങ്ങനെ
കടലിൽ മീനായിരുന്നതിനെ
കരയിൽ 
ശിഥിലമാംസങ്ങളുടെ സങ്കീർത്തനമാക്കപ്പെടുന്ന പ്രക്രിയ ,
അഥവാ
മീൻഡോക്ടർ,
അത്മകഥയെന്ന പോലെ
എഴുതിയ  പോസ്റ്റ്മോർട്ട "റിപ്പോർട്ടുകൾ,
ഐസ് ബോക്സുകളിലെത്തിയിരുന്നില്ല
ഉപ്പിന്റെ കറ വിട്ടിരുന്നില്ല ,
ഒമ്പതര ദിവസത്തെ, ഗർഭത്തിന്റെ സൂചനയുണ്ട് :
കണ്ണുകൾ, വല്ലാതെ തുറിച്ചിരുന്നു ,
കഴുത്തിലെന്തോ കുരുങ്ങിയ പാട്
ചെകിളപ്പൂക്കളിൽ, ഒരുതരി ഭക്ഷണത്തിന്റെ
അവശിഷ്ടം,
കുടലിൽ, ഒരു കഷ്ണം കടലും,
നെഞ്ചിൽ ആന്തലിന്റെ ഒരുതരി തിര'യും


ഒരു " ഫിഷ് കട്ടർ " 
ജീവിതത്തിന്റെ, അന്തസത്തയിലേക്ക്
കവിതയുടെ ബോട്ടോടിച്ച് ചെല്ലുമ്പോൾ
രണ്ട് മീൻ കുഞ്ഞുങ്ങൾ,
വീടു പോലത്തെ കടലിന്റെ തിണ്ണയിലിരുന്ന്
കളിക്കുന്നു
"ഫിഷ് കട്ടർ,
മരവിച്ച പ്രഭാതത്തെ, എടുത്ത്
 മരമുട്ടി, യിൽ കിടത്തുന്നു
മഴിവില്ലാകൃതിയുള്ള കത്തി, മുണ്ടിൽ തുടയ്ക്കുന്നു
ഒരു പ്ലാസ്റ്റിക് ബെയ്സനീന്ന് വെള്ളം
കൈ കൊണ്ട് കോരി നനയ്ക്കുന്നു ,
പൊന്തി കിടക്കുന്ന മീൻ കണ്ണുകൾ,
.
നെയ്മീൻ ,
കേര,
അയ്ക്കൂറ,
സ്രാവ്,
അയില, 
ആൺ / പെൺ
മീനുകൾ, മൂന്നര മിനുറ്റു കൊണ്ട് ,
മുകളിൽ നിന്നും / അടിയിൽ നിന്നുമുള്ള
രണ്ട്
ചെത്തലുകളാൽ ,
ഒരു മുള്ള് , രണ്ട് മാംസപാളികൾ
എന്ന നിലയിലേക്ക് മാറുകയാണ്
മീൻതലകളുടെ മ്യൂസിയം,
ഇനിയും
 കൗതുകപരത കൈവരാത്ത
ഒരിടമായി തുടരുകയാണ്.


ഒരു
"ഫിഷ്  കട്ടർ "
മീനുകളെ പോലെ ചിരിക്കുന്നു
ഉറങ്ങാതിരിക്കുന്നു
ജലോപരിതലത്തിലേക്ക് മൂക്ക് മുട്ടിക്കുന്നു
മീൻ ചോര പറ്റിയ, കണ്ണുകളാൽ
കടലിനെ നോക്കി കൊണ്ടിരിക്കുന്നു,


ചീനം പുള്ളി , ഫിഷ് മാർക്കറ്റിൽ , ചത്തു കിടക്കുമ്പോൾ
ആലീസെന്ന
നെയ്മീൻ
പറഞ്ഞ, ഒൻപത് കഥകളിൽ ഒന്ന്
ഒരു "ഫിഷ് കട്ടറെ "
പറ്റിയാണ്, 
കയ്യിൽ പ്ലാസ്റ്റിക്ക് കൂടുമായി
കുന്തിച്ചിരിക്കുന്ന ശബ്ദം 
"ജ്  വെട്ടിക്കൂട്ടി മണ്ണ് പെരട്ടിയാ
എനക്ക് വേണ്ടാട്ടാ ,
ചെമ്പ്ല് ചൊവ്വനേ ചീവ് ചെക്കാ
, യാരോയൊരാൾ
പിന്നേം , പിന്നേം പറഞ്ഞു കൊണ്ടിരുന്നു
തോല്, ശരിക്കനെം പൊളി,
മുള്ള് ശീവി, ശീവിയെടുക്ക്,
തലമുറി, കണ്ണ് ചുരണ്ട് ,
വാലിറക്കി വെട്ട്,
ഏട്ടെട്ടും പതിനാറ് പീസാക്ക് റാ"

Contact the author

Sajeevan Pradeep

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More