കൊവിഡ് മുക്തയായത്തിൽ സന്തോഷം പങ്കുവെച്ച് നടിയും അവതാരികയുമായ മലൈക്ക അറോറ. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം സന്തോഷം അറിയിച്ചത്. മുറിയില്‍ നിന്നും പുറത്തിറങ്ങിയ ചിത്രത്തോടോപ്പമാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
ഒരുപാട് കാലങ്ങൾക്ക് ശേഷം മുറിയിൽ നിന്നും പുറത്തിറങ്ങിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മലൈക്ക കുറിച്ചു. ഇതിനോടൊപ്പം, ഇത്രയും കാലം കൃത്യമായ ആരോഗ്യ നിർദേശങ്ങൾ നൽകിയ ഡോക്ടർമാരോടുള്ള നന്ദിയും താരം എഴുതി. കൂടാതെ, തനിക്ക് അളവറ്റ പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയൽക്കാർക്കും ആരാധകർക്കും മലൈക നന്ദി അറിയിച്ചു.
സെപ്റ്റംബർ ഏഴിനായിരുന്നു താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. അന്നുമുതൽ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു താരം. ഈ കാലത്ത് മകനെ കാണാൻ കഴിയാതിരുന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും മലൈക ഇൻസ്റ്റാഗ്രാമില്‍ പറഞ്ഞിരുന്നു. മകനെയും വളർത്തു നായയെയും ദൂരെ നിന്ന് കാണുന്നതിന്റെ ചിത്രത്തോടൊപ്പമാണ് മലൈക്ക ഇക്കാര്യം പറഞ്ഞത്. ഈ രണ്ടു കുഞ്ഞുങ്ങളെ പുണരാൻ കഴിയാത്തതോർത്ത് ഹൃദയം തകരുന്നുവെന്നാണ് ആ ചിത്രത്തിനൊപ്പം മലൈക എഴുതിയത്.