ജയന്തിദിനത്തില്‍ ഗുരുവിന് തിരുവനന്തപുരത്ത് പ്രതിമ; മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.  ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനാച്ഛാദനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരാചാരങ്ങളും അനാചാരങ്ങളും ഒഴിവാക്കി സമൂഹത്തെ ശുദ്ധീകരിക്കാനാണ് ഗുരു ഇടപെട്ടത്. എന്നാൽ ഇപ്പോൾ പല ദുരാചാരങ്ങളും അനാചാരങ്ങളും മടങ്ങിവരുന്നത് നാം ഗൗരവത്തോടെ കാണണം. കാലം മാറിയിട്ടും ദുരാചാരങ്ങൾ മാറ്റമില്ലാതെ തുടരുന്നു. ഇവയെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പലയിടങ്ങളിലും ഇത് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും മന്ത്രവാദവും സ്ത്രീ വിരുദ്ധതയും കണ്ടുവരുന്നു. അഭ്യസ്തവിദ്യർ പോലും ഇതിൽ പെടുന്നു.

എല്ലാവരും ആത്മ സോദരർ എന്ന ചിന്ത പടർത്താനായാൽ വർഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിദ്വേഷവും കലാപവും നരമേധവും ലോകത്ത് ഇല്ലാതാവും. ഗാസ മുതൽ അഫ്ഗാനിസ്ഥാനിൽ വരെ ഇന്നു കാണുന്ന വംശീയതയുടെ പേരിലുള്ള കുരുതികൾ ഒഴിവാകും. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അവിടങ്ങളിലൊക്കെ എത്തിയാൽ മനസുകളിൽ നിന്ന് വിദ്വേഷം കുടിയിറങ്ങുകയും സ്‌നേഹവും സാഹോദര്യവും തെളിഞ്ഞു കത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കും നാം ഗുരുവിനോടു കടപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് ജനാധിപത്യമേയുണ്ടായിരുന്നില്ല. ജനാധിപത്യം കടന്നുവന്നപ്പോൾ ചില പ്രത്യേക ജാതിയിൽ പെട്ടവർക്കും സമ്പന്നർക്കും മാത്രമായിരുന്നു വോട്ടവകാശം. ജാതിഭേദമില്ലാത്ത സോദരത്വം എന്ന ചിന്ത പ്രകാശം പരത്തിയതോടെയാണ് കേരളം സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം എന്ന സങ്കൽപം സ്വീകരിക്കാൻ മനസുകൊണ്ട് പ്രാപ്തമായത്. കേരളത്തിലെ മറ്റൊരു നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിക്കും തലസ്ഥാന നഗരിയിൽ സർക്കാർ സ്മാരകം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംഘടന കൊണ്ട് ശക്തരാകണം എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ വേരോട്ടം ഉണ്ടാക്കിയത്. ജാതിക്കും മതത്തിനും അതീതമായ മാനസിക വീക്ഷണമാണ് ഗുരു മുന്നോട്ടുവച്ച ആശയം. ഗുരുവിന്റെ സന്ദേശങ്ങളെ ശരിയായ അർത്ഥത്തിൽ നാം മനസിലാക്കണം. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ ഉൾക്കൊള്ളുമ്പോൾ നരനും നരനും തമ്മിൽ സാഹോദര്യം പുലർത്തുന്ന പുതു സമൂഹം പിറക്കും. ഗുരുവിന്റെ പ്രതിമ നിർമിച്ച ശിൽപി ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു.

കേരള നവോത്ഥാന മണ്ഡലത്തിൽ മുൻപന്തിയിലുള്ള മഹദ്‌വ്യക്തികൾക്ക് വിവിധ ജില്ലകളിൽ സ്മാരകങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല സർക്കാർ കൊല്ലത്ത് സ്ഥാപിക്കുന്നു. 55 കോടി രൂപ ചെലവിൽ കൊല്ലത്ത് ഗുരുവിന്റെ പേരിലുള്ള സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഗുരുവിനെ ചിലർ ഒരു ജാതിയുടെ നേതാവായി കാണുന്നു. എന്നാൽ സർക്കാരിന്റെ കാഴ്ചപ്പാട് അതല്ല. ഗുരു സന്ദേശം ഉൾക്കൊണ്ട് സർവരും സോദരത്വേന വാഴുന്ന മാതൃകാസംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു എല്ലാവരുടേതുമാണെന്ന സത്യം പ്രവൃത്തിയിലൂടെ യാഥാർത്ഥ്യമാക്കാൻ സർക്കാരിനായെന്ന് മുഖ്യാതിഥിയായ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എം. എൽ. എമാരായ വി. എസ്. ശിവകുമാർ, വി. കെ. പ്രശാന്ത്, ഒ. രാജഗോപാൽ, മേയർ കെ. ശ്രീകുമാർ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ടി. ആർ. സദാശിവൻ നായർ, ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം അവസാനിപ്പിക്കുന്നു

More
More
Web Desk 22 hours ago
Keralam

പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം കോടതി തിങ്കളാഴ്ച്ച നേരില്‍ കാണും

More
More
Web Desk 23 hours ago
Keralam

'മുഖ്യമന്ത്രിക്കും എനിക്കും ഒരേ സംസ്കാരമാണ്' - കെ സുധാകരന്‍

More
More
Web Desk 23 hours ago
Keralam

കെ കെ രമയുടെ പിന്തുണ എപ്പോഴുമുണ്ട് - ഉമാ തോമസ്

More
More
Web Desk 1 day ago
Keralam

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ്ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

More
More
Web Desk 1 day ago
Keralam

മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി- രമേശ് ചെന്നിത്തല

More
More