ത്തിരുവനന്തപുരം:ബിജെപി സംസ്ഥാന പ്രസിഡണ്ടായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, ശിവരാജ് സിംഗ് ചൌഹാന്‍, പി.പി.മുകുന്ദന്‍ തുടങ്ങിയ നേതാക്കള്‍ എത്തി. സംസ്ഥാന നേതാക്കളില്‍ വലിയൊരു പങ്ക് ചടങ്ങിനെത്തിയപ്പോള്‍ കുമ്മനം രാജശേഖരന്‍, പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ വിട്ടുനിന്നു. ഏ.എന്‍.രാധാകൃഷ്ണന്‍ ചടങ്ങ് തീരാറായപ്പോള്‍ എത്തി. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ചടങ്ങിനെത്തി.
റോഡ് ഷോ ഒരുക്കിയാണ് സുരേന്ദ്രനെ, പാര്‍ട്ടി ആസ്ഥാനത്തേക്ക് ആനയിച്ചത്. നേരത്തെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുരേന്ദ്രന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. എം.ടി.രമേശ്, പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് വി.വി.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.