അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊവിഡ് രോഗമുക്തി നേര്‍ന്നുകൊണ്ട് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. കഴിഞ്ഞ ദിവസം തനിക്കും ഭാര്യക്കും കൊവിഡ് ആണെന്ന വിവരം ട്രംപ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് പെട്ടെന്ന് രോഗം ഭേദമാവട്ടെ എന്ന സന്ദേശം കിം അയച്ചത്. ട്രംപിനും ഭാര്യക്കും കൊവിഡ് ബാധിച്ചതിൽ ഖേദിക്കുന്നു എന്നും എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം എഴുതി.
കൊവിഡ് ബാധിതനായ ഒരു രാഷ്ട്ര നേതാവിന് ആദ്യമായാണ് കിം ആശംസ അറിയിക്കുന്നതെന്ന് സൗത്ത് കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കിമ്മുമായുള്ള അടുത്ത ബന്ധത്തെ തന്റെ നേട്ടങ്ങളിൽ ഒന്നായി ട്രംപ് എപ്പോഴും ചിത്രീകരിക്കാറുണ്ട്.
Also Read
നേരത്തെ ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്ക്സിനും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്സ്. കൊവിഡ് വെറും ഒരു ജലദോഷപ്പനി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിരന്തരം പറയുന്ന ആളാണ് ട്രംപ്. കൊവിഡ് അമേരിക്കയില്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു തുടങ്ങിയ സമയം മുതല്‍ മാസ്ക് ധരിക്കേണ്ടെന്നും, സാമൂഹിക അകലം പാലിക്കേണ്ടന്നും ട്രംപ് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ സമീപനമാണ് അമേരിക്കയെ ഏറ്റവുംവലിയ കൊവിഡ് ബാധിത രാജ്യമാക്കി മാറ്റിയതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. അതിനിടയിലാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.