യു.പി യിൽ വീണ്ടും കൂട്ടാബലാത്സംഗം. മീററ്റിലാണ് പതിനഞ്ചുകാരിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചത്. ലഹരി മരുന്ന് നൽകിയതിനുശേഷം ബന്ധുവും സുഹൃത്തും ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
അവശനിലയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീഡന ദൃശ്യങ്ങൾ പ്രതികൾ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും പ്രതികൾക്കെതിരായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഹത്രാസ് പെൺകുട്ടിക്കായുള്ള പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോഴും യുപിയിൽ പലയിടത്തും പീഡന പരമ്പര തുടരുകയാണ്. ഈയടുത്താണ് അലിഗഡിൽ നാലുവയസ്സുകാരി പീഡനത്തിനിരയായത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുകൂടാതെ, കഴിഞ്ഞ ദിവസമാണ് കാൻപൂരിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം വയലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ ഈ പ്രതിഷേധങ്ങൾ യോഗി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗൂഡലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് യുപി പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.