കേരളാ പോലീസിന്റെ പന്ത്രണ്ടായിരത്തിലേറെ വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ശരിവെച്ചതായി പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തോക്കുകള്‍ നഷ്ടമായിട്ടില്ലെന്നും, സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. വെടിയുണ്ടകള്‍ ഉദ്യോഗസ്ഥര്‍ വിറ്റ് കാശാക്കിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.
വെടിയുണ്ടകള്‍ പൊടുന്നനെ ഒരു ദിവസം കാണാതായതല്ല, 1996 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി കാണാതായതാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഡിവൈഎസ്പിമാരടക്കം ആറു പേരെ ചോദ്യം ചെയ്തിരുന്നു. വെടിയുണ്ടകളുടെ പുറം ചട്ടകള് ഉരുക്കി കലവും പാത്രങ്ങളും വരെ ഉണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും നഷ്ടമായതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കുന്നത്.