കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 66,732 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 71 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 816 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതുവരെ 1,09,150 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 1.53 ശതമാനമാണ് ഇന്ത്യയുടെ കൊവിഡ് മരണ നിരക്ക്. 8,61,853 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.
61,49,536 പേര് കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . രാജ്യത്തിന്റെ രോഗമുക്തി നിരക്ക് ഇതോടെ 86.36 ആയി ഉയര്‍ന്നു. ഐസിഎംആറിന്റെ കണക്കുകള്‍ അനുസരിച്ച് 9 ലക്ഷത്തില്‍പരം സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ 8 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,347 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗ ബാധിതർ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ അനുസരിച്ച് 25 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍, 3 കോടിയിലധികം കൊവിഡ് കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.