നാല് ഇലക്ട്രിക് പോസ്റ്റുകളുടെ ആത്മകഥ - സജീവന്‍ പ്രദീപ്‌

നാല് വയസ്സൻ ഇലക്ട്രിക് പോസ്റ്റുകളുടെ

ആത്മകഥയിൽ നിന്ന് ഒരു ഗ്രാമത്തെ

വേർതിരിച്ചെടുക്കുമ്പോൾ


വെളിച്ചം വന്ന വഴികളിൽ നിന്നാണ്

മരത്തെ അപ്രസ്ക്തമാക്കിയ

കിളികളുടെ കൂട് എന്ന സങ്കല്പം പൂവണിയപ്പെട്ടത്

പെട്രോമാക്സുകളുടെ, മാന്റിൽ

ഒരപൂർവ്വ വസ്തുവാകുന്നതും

"സ്വിച്ച്", വിരലാധ്വാനം എന്ന

മാസ്മരികതയിലേക്ക് മൂക്കുകുത്തി വീഴുന്നതും

കമ്പികൾ, പരസ്പര്യത്തിന്റെ വലിഞ്ഞു

നിക്കലാവുമ്പോൾ,

വിദ്യുത് വൈവാഹിക ജീവിതങ്ങളെ 

ആൺ പോസ്റ്റ്

പെൺപോസ്റ്റ്, എന്നിനം തിരിക്കാൻ

മറന്നു പോവുന്നതിന്റെ ഉഷ്ണവൃഥകളുണ്ട്


വെളിച്ചത്തിനു പിന്നാലെ

ടേപ്പ് റിക്കാഡർ വന്നു

മൂന്ന് ബാറ്ററിയിൽ, റേഡിയോ മുഖം വീർപ്പിച്ചു

സ്ട്രീറ്റ് ലൈറ്റിനു താഴെ വട്ടം കൂടിയിരുന്നവർ,

നാടക റിഹേഴ്സൽ,

കൊച്ചുവർത്തമാനങ്ങൾ,

ഗ്രാമം, വെളിച്ചപ്പെട്ടതിന്റെ അനാദിയായ സന്തോഷങ്ങൾ


അയേൺ ബോക്സ്,

ചിരട്ടകൾ എങ്ങോട്ടെന്നില്ലാതെ നാടുകടത്തപ്പെട്ടു,

തെക്കൻ, വടക്കൻ ഭാഷകളിൽ സംസാരിക്കുന്ന

ലൈൻമാൻമാർ,

സുഭാഷിണി, ചിത്ര, സുമിത്ര എന്നീ പെണ്ണുങ്ങളുടെ വിവാഹങ്ങളിൽ,

വൈദ്യുതി മുല്ലകളും, പ്ലെയറും, അത്യാത്ഭുതങ്ങളുടെ വിരുന്നൂട്ടി

മിക്സി, വല്ലാത്ത ശബ്ദത്തിന്റെ അകമ്പടിയോടെ വന്നു,

അമ്മിക്കല്ല്, പടിഞ്ഞാട്ട് ചെരിഞ്ഞുവീണു


പാതിരകളിൽ

വേലിപ്പഴുതിലനക്കം വരുമ്പോൾ

ചായ്പിൽ, മൂന്നുവട്ടം ലൈറ്റ് കെടുകയും കത്തുകയും ചെയ്താൽ

"അമ്മ" ഉറങ്ങി.


സിഗ്നലുകളുടെ വിദ്യുത് പ്രവാഹം

ഉടലുകളുടെ പ്രണയ പടർപ്പുകൾ,

ടി വി കാഴ്ച്ചകളുടെ കൗതുക ദർശിനി തുറന്ന് പിടിച്ച,

ആണും പെണ്ണും ഒരുമിച്ചിരുന്ന സിനിമാ സന്ധ്യകൾ,

തൊട്ടും പിടിച്ചും തൊട്ടാവാടികൾ കൂമ്പിയും

വിടർന്നതുമായ നെടുവീർപ്പുകൾ,


ഗ്രാമം, ഇലക്ട്രിക് പോസ്റ്റുകളിലൂടെ സഞ്ചരിച്ചു

സബ് എഞ്ചിനീയർമാരും

ഓവർസീയർമാരും

പച്ചകുതിരത്തലയൻ വണ്ടിയും

പലതവണ വരികയും പോവുകയും ചെയ്തു.


സർവ്വീസ് വയറുകളിലൂടെ 

വീടുകളുമായിട്ടുള്ള രക്തബന്ധം

ഫ്യൂസ് എന്ന പൊക്കിൾകൊടിയിൽ

ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചു

കാക്കകൾ, രണ്ടുവരി കോപ്പിയിലെ അക്ഷരം

പോലെ ചത്തുമലച്ച പകൽ

കാറ്റും മഴയും കൊന്നുകളഞ്ഞ ചില രാത്രികൾ

പുറപ്പെട്ടു പോയവരും ജോലി തേടി പോയവരും

ഗ്രാമത്തിലേക്ക് തിരിച്ചു വരുമ്പോൾ

അവരുടേത് മാത്രമായ ഓർമ്മകളുടെ

വിരലടയാളങ്ങൾ


ഓരോ ഇലക്ട്രിക് പോസ്റ്റിനും പറയാൻ

ഓരോരുത്തരെയും പറ്റി പറയാൻ ഓരോ കഥകളുണ്ടാവും,

അത്രയും ഉയരത്തിൽ നിന്നു കണ്ട കാഴ്ച്ചകളുണ്ടാവും

 ഇലക്ട്രിക് പോസ്റ്റുകളോളം വെളിച്ചപ്പെട്ടിരുന്ന കാലത്തിരുന്ന്

വേരില്ലാ വെളിച്ചത്തിന്റെ

പൗരാണിക ജിജ്ഞാസയിലേക്ക്

ഗ്രാമം ഓരോ കമ്പി വലിച്ചുകെട്ടിക്കൊണ്ടിരിക്കുന്നുണ്ട്

അതിന്റെ അദൃശ്യഊർജ്ജത്തിൽ

നാമിപ്പോഴും

മഞ്ഞ വെളിച്ചങ്ങളുടെ മനുഷ്യരാവുന്നുണ്ട്.

Contact the author

Sajeevan Pradeep

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More