10 വര്ഷം മനസ്സില്‍ കൊണ്ടുനടന്ന കഥയ്ക്ക് ഷാഹുല്‍ അലിയാര്‍ക്ക് അംഗീകാരം

കോഴിക്കോട്: അപ്രതീക്ഷിതമായി അംഗീകാരം തേടിയെത്തിയതിന്റെ അമ്പരപ്പിലാണ് ഷാഹുല്‍ അലിയാര്‍. സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപനം നടന്നുകൊണ്ടിരിക്കെ, സംസ്കാരിക മന്ത്രി ഏ. കെ ബാലന്‍റെ പ്രഖ്യാപനത്തിലൂടെയാണ് മികച്ച കഥാകൃത്തിനുള്ള സംസ്ഥാനപുരസ്ക്കാര ലബ്ധിയെകുറിച്ച് ഷാഹുല്‍ ആദ്യമായി അറിയുന്നത്. അതുവരെയില്ലാത്ത ആളാരവങ്ങളായിരുന്നു പിന്നെ ഫോണില്‍. കൊവിഡ്‌ കാലമായതിനാല്‍ പുരസ്ക്കാര ലബ്ധിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്ല. മുസിരിസ് പോസ്റ്റുമായി വീഡിയോ ഫോര്‍മാറ്റില്‍ സംസാരിക്കാനുള്ള ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു.

'ഒന്നും തോന്നരുത്'- എനിയ്ക്കങ്ങനെ സംസാരിക്കാന്‍ കഴിയില്ല, മാധ്യമ പ്രവര്‍ത്തകരില്‍ പലരും വിളിച്ചിരുന്നു. നിങ്ങളുടെ കുഴപ്പം കൊണ്ടല്ല, തീര്‍ത്തും എന്റെ കോംപ്ലക്സ്‌ കൊണ്ടാണ്. സോറി - ഷാഹുല്‍ അലിയാര്‍ വ്യക്തമാക്കി.  

ശ്രീജിത്ത് പൊയില്‍ക്കാവ്‌ സംവിധാനം ചെയ്ത വരി എന്ന സിനിമയുടെ കഥാ രചനയ്ക്കാണ് ഷാഹുല്‍ അലിയാര്‍ക്ക് 2019 ലെ മികച്ച കഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഷാഹുല്‍ തന്നെയാണ്. 10 വര്ഷം മുന്‍പ്  സംവിധായകനോട് പറഞ്ഞ കഥയ്ക്കാണ് ഇപ്പോള്‍ സിനിമാ രൂപവും പുരസ്ക്കാരവും ലഭിച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍ ഷാഹുല്‍ അലിയാര്‍ മുസിരിസ് പോസ്റ്റുമായി ചുരുക്കം വാക്കുകളില്‍ സംസാരിച്ചു. ദീര്‍ഘ സംഭാഷണം പിന്നെയാവാം എന്ന മുഖവുരയോടെ. 

ചോദ്യം:  സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?

ഷാഹുല്‍ അലിയാര്‍: ഇല്ല, ഒരിയ്ക്കലുമില്ല. ഇതെന്റെ ആദ്യ പ്രോജക്ടാണ്. പത്തുവര്‍ഷം മുന്‍പ് സംവിധായകന്‍ ശ്രീജിത്ത് പോയില്‍ കാവിനോട് പറഞ്ഞ കഥയാണിത്. അത് നടക്കാതെ പോവുകയും പിന്നീട് അല്‍താഫ് ഹുസൈന്‍ എന്ന നിര്‍മ്മാതാവ് കഥ കേള്‍ക്കുകയും സിനിമ ചെയ്യാന്‍ തയ്യാറാവുകയുമാണുണ്ടായത്. അല്‍താഫ് ഹുസൈന്‍ ദേശീയ അവാര്‍ഡ് ലഭിച്ച ബ്യാരി എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ്. കുടകിലെ ഒരു ജയിലില്‍ വെച്ചാണ് 'വരി' യുടെ ചിത്രീകരണം നടന്നത്. എന്നാല്‍ 'വരി' ഇതുവരെ റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് മധ്യേയാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നതും ലോക് ഡൌണ്‍ പ്രഖ്യാപിക്കുന്നതും. ഇപ്പോള്‍ ഞങ്ങള്‍ നെറ്റ് ഫ്ലിക്സ് വഴിയുള്ള റിലീസിന് ശ്രമിക്കുകയാണ്.

ചോദ്യം: ചിത്രം പ്രേക്ഷകരില്‍ എത്തിയിട്ടില്ലല്ലോ, പരിണാമ ഗുപ്തി വെളിപ്പെടാതെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് പറയാമോ? 

ഷാഹുല്‍: 'വരി' എന്നാല്‍ തലവരി എന്നൊക്കെ പറയില്ലേ അതുതന്നെയാണ്. 'The sentence' അഥവാ 'ശിക്ഷ' എന്ന അര്‍ത്ഥം കൂടിയുണ്ട് വരിക്ക്. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് 'വരി'യുടെത്. ഒരു കാശ്മീരി പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെയാണ്‌ അത് പുരോഗമിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ അവള്‍ ഒരു പട്ടാളക്കാരനെ വധിക്കുകയാണ്. തുടര്‍ന്ന് അവള്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയും അവള്‍ പ്രസിഡണ്ടിന് ദയാഹര്‍ജി സമര്‍പ്പിക്കുന്നതുവരെ എത്തുന്നുമൊക്കെയുണ്ട്. ഒടുവില്‍ ദയാഹര്‍ജി പ്രസിഡന്‍റ് തള്ളുകയും വധശിക്ഷ ഉറപ്പാകുകയും ചെയ്യുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് വധശിക്ഷ കാശ്മീരിന് വെളിയിലേക്ക് മാറ്റാനുള്ള ആലോചന നടക്കുന്നത്. അങ്ങനെ കേരളത്തില്‍ വളരെ റിമോട്ടായ ഒരു ജയിലില്‍ വെച്ച് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയാണ്. അങ്ങനെ മുന്നേറുന്ന കഥയാണ് അത്. ബാക്കി കാണാനുള്തളല്ലേ ഞാന്‍ പറയുന്നില്ല. 

ചോദ്യം: ആരൊക്കെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍? 

ഷാഹുല്‍:  അറിയാലോ സംവിധാനം ശ്രീജിത് പൊയില്‍ക്കാവ്‌, കാമറ ജലീല്‍ പാദുഷ, നിര്‍മ്മാണം അല്‍താഫ് ഹുസൈന്‍ എന്നിങ്ങനെയാണ്. യദാര്‍ഥത്തില്‍ ഈ ചിത്രം വധ ശികഷയ്ക്കെതിരായി സംസാരിക്കുന്ന സിനിമയാണ്. 

ചോദ്യം: ഏതൊക്കെയാണ് പുതിയ സിനിമകള്‍ എന്ന പരമ്പരാഗത ചോദ്യമാണ് അടുത്തത്? 

ഷാഹുല്‍: പുതിയ ഒന്നുരണ്ടു സിനിമകള്‍ സ്ക്രിപ്റ്റിന്റെ ഘട്ടത്തിലാണ്. കൊവിഡ്‌ കാലം അതിനെയെല്ലാം പ്രതികൂലമായി ബാധിക്കുകയാണ്. 

Contact the author

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More