കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാര്‍ വേണ്ടതുണ്ടോ ? - ഡോ. ടി. ജയകൃഷ്ണന്‍

സംസ്ഥാനത്ത് കൊവിഡ് ആശുപത്രികളില്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് സഹായത്തിനായി കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ അനുമതിയായിട്ടുണ്ടല്ലൊ. ഇനി മുതല്‍ രോഗിയുടെ അവസ്ഥയും ആവശ്യകതയും മനസ്സിലാക്കി, ആരോഗ്യമുള്ള ബന്ധുവിനോ, സുഹൃത്തുക്കള്‍ക്കൊ സഹായം ആവശ്യമുള്ള രോഗികളുടെ കൂട്ടിരിപ്പുകാരാകാവുന്നതാണ്. അതത് ആശുപത്രി മെഡിക്കല്‍ ബോര്ഡിന്‍റെ വിലയിരുത്തലനുസരിച്ച് സുപ്രണ്ടുമാര്‍ക്ക് ഇതില്‍ തീരുമാനം എടുക്കാവുന്നതാണ്. 

ഇപ്പോള്‍ പ്രതിദിനം പതിനായിരത്തിനടുത്ത് പോസിറ്റീവ് കേസുകള്‍ ഉണ്ടാവുകയും, ആനുപാതികമായി ഗുരുതരമായ രോഗാവസ്ഥകള്‍ ഉള്ള രോഗികളുടെ എണ്ണം കൂടിവരികയും ചെയ്യുന്നതിനാല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ പോലുള്ള ത്രിതല കൊവിഡ് ആശുപത്രികളിലെ വാര്‍ഡുകള്‍ നിറയുകയാണ്. കൊവിഡ് ഗുരുതരമാകുന്ന രോഗികളുടെ സ്ഥിതി വിവരകണക്കുകള്‍ പരിശോധിച്ചാല്‍ ഇവരില്‍ ഭൂരിഭാഗം പേരും പ്രായം കൂടിയവരും ദീര്‍ഘകാലമായി പ്രമേഹം, വൃക്കരോഗം, ഹൃദയ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവ അലട്ടുന്നവരുമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇവരില്‍ തന്നെ മൂന്നിലൊരാള്‍ക്ക് സ്വന്തം ദിനചര്യകള്‍ ചെയ്യാന്‍ ( കുളി, ശൌച്യ കര്‍മ്മങ്ങള്‍ )  പരസഹായം വേണ്ടിവരും. കൊവിഡ് രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കാത്തതിനാല്‍ ഇതുവരെ ഇക്കാര്യങ്ങളിലെല്ലാം ഇവരെ സഹായിച്ചിരുന്നത് ആശുപത്രി ജീവനക്കാര്‍ തന്നെ ആയിരുന്നു.  

കൊവിഡ് രോഗികളുടെ ഒരു വാര്‍ഡില്‍ തന്നെ പലപ്പോഴും അമ്പതിലധികം പേരെ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും. അത്രയും പേരെ പരിചരിക്കാന്‍ ആശ്പത്രി ജീവനക്കാര്‍ക്ക് കഴിയില്ല. അതിനായി മാത്രം നഴ്സുമാരുടെയും, അറ്റന്‍റര്‍മാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതും അസാധ്യമായ കാര്യമാണ്. കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതിനാല്‍ രോഗീ പരിചരണമടക്കം എല്ലാ ജോലികളും ആശുപത്രി ജീവനക്കാര്‍ തന്നെ  ചെയ്യേണ്ടതുണ്ട്. ഇരുപതിനാല് മണിക്കൂറും 3 ഉം 4ഉം ഷിഫ്റ്റുകളിലായി പി പി ഇ കിറ്റ് ധരിച്ച് ഇത്തരം വാര്‍ഡുകളില്‍ രോഗികളെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരുടെ സ്ഥിതി അത്യന്തം ദയനീയമാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോള്‍ എല്ലാ രോഗികള്‍ക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിക്കാതെ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഇത് രോഗികളെയും വലയ്ക്കുകയാണ്‌. ഇത് പരിഹരിക്കാന്‍ താലക്കാലിക ജീവനക്കാരെ നിയോഗിക്കാനുള്ള ശ്രമവും അത്രകണ്ട് വിജയിക്കുന്നില്ല.  ഈ ജോലികളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനായി വിളിച്ചപ്പോള്‍  ‘കൊവിഡ് ഭയന്ന്’ ഉദ്യോഗാര്‍ത്ഥികള്‍ പിന്തിരിയുന്ന അവസ്ഥകളും ഉണ്ടായിട്ടുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്.

കൊവിഡ് മൂലം കഴിഞ്ഞ ദിവങ്ങളിലൊക്കെ സംസ്ഥാനത്ത്  ശരാശരി 20 ഓളം പേരാണ് മരണപ്പെടുന്നത്. ഇതില്‍ നല്ലൊരു ശതമാനവും മേല്‍ വിവരിക്കപ്പെട്ട തരത്തിലുള്ള രോഗികളാണ്.  അവരില്‍ എഴുപത്തിയഞ്ച്  ശതമാനം പേരും എതെങ്കിലും ഒന്നോ രണ്ടോ അനുബന്ധ  രോഗമുള്ളവരും പ്രായമുള്ളവരുമാണ്.  മരണപ്പെട്ടവരില്‍ പലരും പ്രായാധിക്യത്താലുള്ള അവശതകള്‍ മൂലമോ, പക്ഷാഘാതം മൂലമോ, മാരക പരിക്കുകള്‍ മൂലമോ എല്ലുകള്‍ ഒടിഞ്ഞോ കിടപ്പില്‍ ആയവരോ പരസഹായം വേണ്ടവരോ ആണെന്നാണ്‌ “ഡെത്ത് ഓഡിറ്റു”  വിശകലനം വ്യക്തമാക്കുന്നത്. ഐസോലേഷന്‍ വാര്‍ഡുകളില്‍ മരണപ്പെട്ട രോഗികളില്‍  മിക്കവരും അവസാന മണിക്കൂറുകളില്‍ പ്രാണവായുവിനായി വിഷമിച്ചു തങ്ങളുടെ വേണ്ടപ്പെട്ടവരുടെ സാമീപ്യമില്ലാതെ,  അവരെ കാണാതെയാണ്  കണ്ണടച്ചത്. ഐസോലേഷന്‍ വാര്‍ഡുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നതും കൊവിഡ് ഉണ്ടാക്കുന്ന ഉതകണ്‍ഠയും രോഗിക്ക് ഹൃദയാഘാതത്തിന് വഴിവെയ്ക്കാം എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പ്രായക്കൂടുതലുള്ള കൊവിഡ്‌ രോഗികളില്‍ പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാനോ സംസാരിക്കാനോ സ്മാര്‍ട് ഫോണുകള്‍ കൈകാര്യം ചെയ്യാനോ അറിയാത്തവരാണ് എന്ന വസ്തുത ഇവിടെ പ്രത്യേകം പ്രസക്തമാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളിലെ വിദ്ഗദരുടെ  അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് യാഥാര്‍ഥ്യ ബോധാത്തോടെയാണ് സര്ക്കാര്‍ ഇപ്പോൾ കൂട്ടിരിപ്പുകാരെ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മനുഷ്യത്വപരമായ ഈ തീരുമാനത്തെ സ്വാഗതം ചെയ്യേണ്ടതാണ്.

എന്നാല്‍  രോഗികളില്‍ നിന്നും കൂട്ടിരിപ്പുകാരിലേക്ക് കൊവിഡ് വ്യാപന സാധ്യതയുണ്ടാകാമെന്ന സംശയം / ഭയം ഉയരുന്നത് സ്വാഭാവികമാണ്.  ഈ നടപടി ഇതുവരെയുള്ള കൊവിഡ്‌ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കില്ലേ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെയുള്ള നമ്മളുടെ അനുഭവങ്ങള്‍വെച്ചു നോക്കുമ്പോള്‍ വേണ്ട 'വ്യക്തിരക്ഷാ' നടപടികള്‍ കൈകൊണ്ട് രോഗികളുമായി ഇടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം അധികം പകര്‍ന്നതായി കാണുന്നില്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ബഹു ഭൂരിപക്ഷത്തിനും രോഗം പകര്‍ന്നിട്ടുള്ളത് ആശുപത്രികളിലെ കോവിഡ് ഇതര വാര്‍ഡുകളില്‍ നിന്നോ (Non Covid areas ), ആശുപത്രിക്ക് പുറത്തുള്ള മറ്റു സ്ഥലങ്ങളില്‍ നിന്നോ ആണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ സാമൂഹ്യവ്യാപനം നടക്കുന്ന വീടുകളില്‍ കുടുംബാംഗങ്ങള്‍ വഴിയാണ് രോഗം വ്യാപിക്കുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാത്ത പ്രായമമാവക്കും കിടപ്പിലായവര്‍ക്കും ഇങ്ങനെ മറ്റുള്ളവരില്‍ നിന്നും രോഗം പകരുന്നത്തിന്റെ തോത് ഇപ്പോള്‍ വളരെ കൂടുതലാണ്. പ്രാദേശികമായി നമ്മുടെ  സംസ്ഥാനത്തെ  “സി‌എഫ്‌എല്‍‌ടി‌സി “കളില്‍ പ്രവേശിക്കപ്പെടുന്നവരില്‍ മൂന്നിലൊന്ന് പേരും ഇത് പോലുള്ള 'കുടുംബ രോഗികളുടെ' ബന്ധുജന കൊഹോര്‍ട്ടുകളാണ് എന്നു ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. 

ഇപ്പോള്‍ കൂട്ടിരുപ്പുകാരെ അനുവദിക്കുന്നത് ഗുരുതരാവസ്ഥയുള്ള രോഗികള്‍ക്കാണ് കൊവിഡ് ബാധിതരായ രോഗികള്‍  ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് മിക്കവാറും രോഗലക്ഷണങ്ങള്‍ ഉണ്ടായി ഏഴോ എട്ടോ ദിവസങ്ങള്‍ പിന്നിടുമ്പോഴാണ്. ഈ കാലയളവ് കഴിഞ്ഞാല്‍ രോഗികളില്‍ നിന്ന് കൊവിഡ്‌ പകരാനുള്ള സാധ്യത വളരെ കുറവാണ്. മുന്‍ കരുതല്‍ എടുക്കുന്നവരിലും ആക്സ്മികമായി ചിലപ്പോള്‍ രോഗപ്പകര്‍ച്ച സംഭവിക്കാനുള്ള സാധ്യതയാണ്. എന്നാല്‍ ഇത്തരത്തില്‍ വൈറസ് പകരുമ്പോള്‍ രോഗാണുവിന്റെ ' ഈനോകുലം  ഡോസ് ' കുറവായതിനാല്‍ രോഗ തീവ്രത കുറയുന്നതായിട്ടാണ് കണ്ടുവരുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂട്ടിരിപ്പുകാര്‍ അധികവും ആരോഗ്യമുള്ള ചെറുപ്പക്കാരാകുമെന്നതിനാലും ചെറുപ്പക്കാരില്‍ കൊവിഡ് വലിയ കുഴപ്പമില്ലാതെ ഭേദമാകുമെന്നതിനാലും റിസ്ക്- benefit ‘  (നേട്ടവും - കോട്ടവും ) വിലയിരുത്തുമ്പോള്‍ ഈ രീതി  നടപ്പിലാക്കുന്നതിനാണ് മുന്‍ തൂക്കം. 

കൂട്ടിരിപ്പുകാരെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കുമ്പോള്‍ കൊവിഡ് പകരാതിരിക്കാനുള്ള അവബോധം നല്‍കണം. സുരക്ഷാ  ഉപകരണങ്ങള്‍ നല്‍കുമ്പോള്‍ അവ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആശുപത്രികളില്‍ സംവിധാനങ്ങള്‍ വേണ്ടിവരും .  ഇതിനായി പ്രത്യേക സ്ഥല സൌകര്യങ്ങളും ( വസ്ത്രം മാറാനുള്ള സ്ഥങ്ങള്‍, പി‌പി‌ഇ കിറ്റുകള്‍ ധരിക്കാനും , അഴിക്കാനും , നിക്ഷേപിക്കാനും, കഴുകാനുമുള്ള സൌകര്യങ്ങള്‍ ) നല്കണം. വേണ്ട സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിച്ച് , നിയന്ത്രിതമായി, തെരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയങ്ങളിൽ കൂട്ടിരിപ്പുകാരെ നല്‍കുന്നത് രോഗികള്‍ക്ക് ആശ്വാസം നല്കുകയും ഇത് രോഗമുക്തിക്ക് വേഗം കൂട്ടുകയും ചെയ്യും. പക്ഷാഘാതം വന്നും അസ്ഥിഭംഗം വന്നും തളർന്ന് കിടക്കുന്നവര്‍ക്കും റയിൽസ് ട്യൂബിലൂടെ ആഹാരം കഴിക്കുന്നവര്‍ക്കും കതിറ്റർ ഇട്ടിട്ടുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർ അവശ്യമാണ്. തുടര്‍ച്ചയായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെയും നര്‍സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും 'ബേണ്‍ ഔട്ട് ' കുറക്കാനും കൂട്ടിരിപ്പുകാരുടെ സാന്നിധ്യം സഹായിക്കും. അതിലൊക്കെയുപരി തിരുവനന്തപുരത്ത് വ്രണങ്ങളില്‍ ഈച്ച വന്നിരുന്നു മുട്ടയിട്ട് പുഴുവരിച്ചതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കൂട്ടിരിപ്പ് സഹായിക്കും. പ്രത്യേക വാര്‍ഡുകളില്‍ മാത്രം ഈ വിഭാഗം രോഗികളെ അഡ്മിറ്റ് ചെയ്തു, അവിടെ മാത്രം കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതും പരിഗണിക്കാവുന്നതാണ്. അങ്ങിനെയായാല്‍ അവിടെ പ്രത്യേക ശ്രദ്ധ ലഭിക്കുകയും ചെയ്യും. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനങ്ങളും നടപടികളും ഉണ്ടാകുകയും ജനങ്ങളുടെ ഭാഗത്തുനിന്ന് അതിനനുസരിച്ച് പൂര്‍ണ്ണമായ സഹകരണമുണ്ടാകുകയും വേണം . പൌരബോധമുള്ള  സമൂഹം തന്നെയായിരിക്കും ഒരു നാട്ടിലെ കൊവിഡിന്‍റെ ഭാവി തീരുമാനിക്കുന്നത്. 

(ലേഖകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യുണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫെസ്സറും മേഖല പകര്‍ച്ച് വ്യാധി നിയന്ത്രണ സെല്‍ കോ ഓര്‍ഡിനേറ്റുമാണ് )

Contact the author

Recent Posts

Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More
Dr. Azad 3 months ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 months ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Ashik Veliyankode 3 months ago
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 months ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 months ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More