ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റുകാരുടെ ചരിത്രപരമായ പങ്ക്

കമ്യൂണിസ്റ്റുപാർട്ടി രൂപീകരണത്തിൻ്റെ നൂറാംവാർഷികദിനം കടന്നു പോകുന്നത് സ്വാതന്ത്ര്യത്തിനും ആധുനികജനാധിപത്യ സമൂഹത്തിനും സ്ഥിതിസമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്ര സ്മരണകളെ ഉണർത്തി കൊണ്ടാണ്. ഇന്ത്യയുടെ ദേശീയസ്വാതന്ത്ര്യ സമരത്തിൻ്റെ സാഹസികവും ത്യാഗോജ്ജ്വലവുമായ ചരിത്രഗതിയിലാണ് 1920 ഒക്ടോബർ 17ന് താഷ്കെൻ്റ് നഗരത്തിൽ ഒത്തുകൂടിയ ഇന്ത്യൻ വിപ്ലവകാരികൾ കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രഥമഘടകത്തിന് രൂപം കൊടുക്കുന്നത്. ഒക്ടോബർവിപ്ലവത്തിലും മൂന്നാംകമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ കോളനിരാജ്യങ്ങളിലെ വിപ്ലവങ്ങളെ സംബന്ധിച്ച സിദ്ധാന്തങ്ങളിലുംമാർഗ്ഗ നിർദ്ദേശങ്ങളിലും ആകൃഷ്ടരായ ദേശീയ പ്രസ്ഥാനത്തിൻ്റെ നേതാക്കളായവരായിരുന്നു താഷ്കെൻ്റിൽ ഒത്തുകൂടിയ വിപ്ലവകാരികൾ. 

ബ്രിട്ടീഷ് മർദകവാഴ്ചക്കെതിരായി വ്യത്യസ്ത വിപ്ലവ സംഘടനകളുടെ ഭാഗമായി നടന്ന സാഹസികമായ സമരങ്ങളുടെ പേരിൽ വേട്ടയാടപ്പെട്ടവരും വിദേശ രാജ്യങ്ങളിൽ രാഷ്ട്രീയ അഭയാർത്ഥികളായി കഴിഞ്ഞ വരുമായിരുന്നു അവരെല്ലാം. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സുവർണ്ണജന്മിത്വ, ഉപരിവർഗ അടിത്തറകളിൽ നിന്നുയർന്നു വന്ന നേതാക്കളുടെ അനുരഞ്ജനവാദപരമായ നിലപാടുകളിൽ അസംതൃപ്തരായ ഈ വിപ്ലവകാരികൾ ഒക്ടോബർ വിപ്ലവത്തിൻ്റെ മാതൃകയിൽ ഇന്ത്യയിലുംബ്രിട്ടീഷ് ഭരണകൂടത്തിനും ജന്മിനാടുവാഴിത്ത ശക്തികൾക്കുമെതിരെ ഒരു സാമൂഹ്യവിപ്ലവം സംഭവിക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു. 

ബ്രിട്ടീഷ് അധികാരത്തിന് കീഴിലെ പുത്രികാപദവിക്കപ്പുറം സ്വാതന്ത്ര്യത്തിന് അർത്ഥം കല്പിക്കാനോ സാമ്രാജ്യത്യശക്തികളോട് സ്വാതന്ത്ര്യം അവകാശപ്പെടാനോ ധൈര്യപ്പെടാത്ത ദേശീയ പ്രസ്ഥാനത്തിൻ്റെ വർഗപരവും രാഷ്ട്രീയവുമായ പരിമിതികളെ ചോദ്യം ചെയ്തും ഭേദിച്ചു കൊണ്ടുമാണ് കമ്യുണിസ്റ്റുപാർടി രുപീകരണത്തിലൂടെ ഇന്ത്യൻ വിപ്ലവകാരികൾ പൂർണ്ണസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൻ്റെ ദിശാബോധം ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് നൽകുന്നതെന്ന് പറയാം സ്വരാജ് എന്നത് പരമാധികാരപൂർണമായ രാഷ്ട്രമെന്ന അർത്ഥകല്പനയിലേക്ക് വികസിക്കുന്നത് കമ്യൂണിസ്റ്റ് ഇടപെടലുകള ളോടെയാണ്. മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം, സാമൂഹ്യനീതി തുടങ്ങിയ ആശയങ്ങളും അത് സാക്ഷാൽക്കരിക്കാനാവുന്ന ഭരണഘടന രൂപപ്പെടുത്താനുള്ള ഭരണഘടനാഅസംബ്ലി എന്ന മുദ്രാവാക്യവും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ അജണ്ടയിലേക്ക് കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്ക് ഹിച്ചതും കമ്യൂണിസ്റ്റുകാരാണ്. 

ഇന്നിപ്പോൾ രാജ്യത്തിൻ്റെ പരമാധികാരവും സ്വാശ്രയത്വവും ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ മൂല്യങ്ങളും സാമൂഹ്യനീതി തത്വങ്ങളും ചോദ്യചെയ്യപ്പെടുകയുംതകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിൻ്റെ ശതാബ്ദിയാഘോഷങ്ങളിലൂടെ രാജ്യം കടന്നു പോകുന്നത്. ഇന്ത്യൻ കമ്യൂണിസത്തിൻ്റെ വളർച്ചയുടെയും അത് നടത്തിയ ത്യാഗപൂർണമായസമരങ്ങളുടെയും അതിൻ്റെ ഫലമായ രക്തസാക്ഷിത്വങ്ങളുടെയും അനുഭവങ്ങങ്ങളും പാഠങ്ങളുമെല്ലാം വിശകലന വിധേയമാക്കപ്പെടുന്ന സന്ദർഭം കൂടിയാണിത്.

കമ്യൂണിസ്റ്റു പാർടിയുടെ ഒരു നൂറ്റാണ്ടിൻ്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ വിശകലനങ്ങളും പാഠങ്ങളും ആത്മവിമർശനപരമായ സ്വാംശീകരണങ്ങളും വർത്തമാന പോരാട്ടങ്ങൾക്ക് കരുത്തു പകരുന്ന പ്രത്യയശാസ്ത്ര ബോധ്യമായി ഉൾകൊള്ളേണ്ട സമയം. നവലിബറൽനയങ്ങൾക്കും ഹിന്ദുത്വഫാസി സത്തിനുമെതിരായ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന ചരിത്രസ്മരണയാണ് പോരാട്ടങ്ങളുടേതായ നൂറ് വർഷങ്ങളെന്ന തിരിച്ചറിവോടെ പരാജയപ്പെട്ട മുതലാളിത്ത വ്യവസ്ഥക്ക് പകരം ലോകം സോഷ്യലിസത്തിൻ്റെയും മാർക്സിസത്തിൻ്റേതുമായ ബദൽ സമീപനങ്ങളുടെ പ്രസക്തി തിരിച്ചറിയുന്ന മഹാമാരിയുടെ കാലം കൂടിയാണിത്.

മുതലാളിത്തപ്രതിസന്ധിയും കോവിഡു മഹാമാരിയും സൃഷ്ടിച്ച സാമൂഹ്യ സാമ്പത്തിക ആരോഗ്യ പ്രതിസന്ധിക്കു മുമ്പിൽ ലോകമെമ്പാടുമുള്ള മുതലാളിത്ത ഭരണകൂടങ്ങൾ പകച്ചു നില്ക്കുകയാണ്. കോവിഡിനെ അവസരമാക്കി കോർപ്പറേറ്റുകൊള്ളക്കു ഗതിവേഗം കൂട്ടുന്ന നടപടികളും നിയമപരിഷ്കരണങ്ങളും അടിച്ചേല്പിക്കുകയാണ് ഇന്ത്യയിൽ മോഡി സർക്കാർ. ഭരണഘടനയെയും പാർലിമെൻ്റിനെയും അപ്രസക്തമാക്കി കൊണ്ട് കൊളോണിയൽ കാലത്തെ കടത്തിവെട്ടുന്ന അധികാരപ്രയോഗങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്.ന്യൂനപക്ഷങ്ങളെയും ദളിതുകളെയും സ്ത്രീകളെയും വിമർശകരായ ബുദ്ധിജീവികളെയും കരിനിയമങ്ങൾ ഉപയോഗിച്ചുവേട്ടയാടുന്നു.ഫെഡറൽ അധികാരങ്ങളെ കാറ്റിൽ പറത്തി സംസ്ഥാന സർക്കാറുകളെയും രാഷ്ട്രീയ എതിരാളികളെയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുവേട്ടയാടുന്ന ത് പതിവ് പരിപാടിയായി കഴിഞ്ഞിരിക്കുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ അനുഭവഗതികളിലൂടെ രാജ്യം ആർജ്ജിച്ച രാഷ്ട്രപരമാധികാരവും സ്വാശ്രയത്വവും തകർന്നു കൊണ്ടിരിക്കുന്നു. രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷി കേന്ദ്രസർക്കാറിൻ്റെ രാജ്യത്തെ തകർക്കുന്ന നയങ്ങൾക്കെതിരെ കുറ്റകരമായ അലസത പാലിക്കുകയും നിയോലിബറൽഹിന്ദുത്വ നയങ്ങളോട് സന്ധിയാവുകയും ചെയ്യുന്നു.

ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യൻ കമ്യൂണിസത്തിൻ്റെ സംഭവബഹുലവും സമരോത്സുകവുമായ 100 വർഷങ്ങളെ സംബന്ധിച്ച സ്മരണകൾ കടന്നു വരുന്നത്. അതിൻ്റെ വളർച്ച, നേട്ടങ്ങൾ, തിരിച്ചടികൾ, ജനാധിപത്യ ഇന്ത്യക്കായുള്ള പോരാട്ടങ്ങൾ നേരിടുന്ന പുതിയ വെല്ലുവിളികളെല്ലാം ആഴത്തിലുള്ള വിശകലനങ്ങൾ ആവശ്യപ്പെടുന്നതാണ്. 

ലോക പ്രശസ്തനായ ഇന്ത്യൻ വിപ്ലവകാരിയും മുന്നാം കമ്യൂണിസ്റ്റു ഇൻറർനാഷണലിൻ്റെ തുർക്കിസ്ഥാൻ ബ്യൂറോ വിൻ്റെ ചുമതലക്കാരനുമായ സഖാവ് എം എൻ റോയ് വിളിച്ചു ചേർത്ത യോഗത്തിലാണ് സ.മുഹമ്മദ് ഷെഫീഖ് സെകട്ടറിയായി പാർടി ഘടകം രൂപീകരിച്ചത്. സഖാക്കൾ റോയ്, അബനി മുഖർജി, എം പി ബിടി ആചാര്യ, മുഹമദലി, അബ്ദുറബ്, എവ് ലിൻ റോയ്, ഫോസി ഗിറ്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. താഷ് കെൻ്റിെലെ വർക്കേഴ്സ് യൂണിവേഴ്സിറ്റിയിലും ഇന്ത്യൻ വിപ്ലവകാരികൾക്കായി സ്ഥാപിച്ച ട്രെയിനിംഗു കേസുകളിലും ആയിരക്കണക്കിന് ഇന്ത്യൻ വിപ്ലവകാരികളാണ് വിദ്യാഭ്യാസം നേടിയതും സൈനികപരിശീലനം പൂർത്തീകരിച്ചതും. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനു പുതിയ ദിശാബോധവും ബഹുജനാടിത്തറയും ഉണ്ടാക്കി ബ്രിട്ടിഷ്യു കാർക്കെതിരെ സ്വാതന്ത്ര്യ സമരം ശക്തിപ്പെടുത്താനുമുള്ള ഇടപെടലുകളാണ് പാർടി നടത്തിയത്. അതിന് തുടക്കമിട്ടു കൊണ്ടു 1921 ൽ അഹമ്മ ബാദ് എ ഐ സി സി സമ്മേളനത്തിൽ 36-ാം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു മാനിഫെസ്റ്റോ എന്ന പേരിൽ ഒരു നയരേഖ തയ്യാറാക്കി വിതരണം ചെയ്തു.

എം എൻ റോയിയുടെയും അബനി മുഖർജിയുടെ പേരിലിറക്കിയ ഈമാനിഫെസ്റ്റോ വിന് വലിയ സ്വീകരണം സമ്മേളന പ്രതിനിധികളിൽ നിന്നുണ്ടായി. അതിൻ്റെ പ്രതിഫലനമെന്നോണം ഹസ്റത് മൊഹാനി പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം കൊണ്ടുവന്നതോടെ ബ്രിട്ടന് കീഴിലെ ഒരു പുത്രികാപദവിക്ക് വേണ്ടിയല്ല പരമാധികാര പൂർണ്ണമായ സ്വതന്ത്രരാജ്യം എന്ന സങ്കല്പവും അതിനു വേണ്ടിയുള്ള പോരാട്ടവും ദേശീയ പ്രസ്ഥാനത്തിൽ ചർച്ചയാവുന്നത്. കമ്യൂണിസ്റ്റുപാർട്ടിയുടെ ആവിർഭാവത്തിൻ്റെയും വളർച്ചയുടെയും ചരിത്രം ദേശീയസ്വാതന്ത്ര്യസമരത്തിൻ്റെ ധീരോദാത്തവും ത്യാഗപൂർണവുമായ പോരാട്ടങ്ങളുടെ ചരിത്രവുമായി ചേർന്നു നില്ക്കുന്നതാണ്. സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി നിരവധി കേസുകളിൽ പ്രതികളും ബ്രിട്ടീഷ് ജയിൽ ചാടിയവരും സർക്കാർ തലക്ക് വില കെട്ടിയവരുമായ ഇന്ത്യൻവിപ്ലവകാരികൾ യൂറോപ്പിലും അമേരിക്കയിലുമെല്ലാം രാഷ്ട്രീയാഭയാർത്ഥികളായി പോകേണ്ടി വന്നു. അവരവിടങ്ങളിലെ ഇന്ത്യക്കാരെ സംഘടിപ്പിക്കുകയും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യത്തിനായി ലോകമെമ്പാടുമുള്ള വിമോചന പ്രസ്ഥാനങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ബ്രിട്ടീഷുഭരണകൂടംകുറ്റവാളികളായി മുദ്രകുത്തി വേട്ടയാടിയ ആ വിപ്ലവകാരികളിൽ ചിലരാണ് ഒക്ടോബർ വിപ്ലവത്തിനു് ശേഷം ലെനിനെ കാണുന്നതും മൂന്നാം കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ കോളനി രാജ്യങ്ങളുടെ വിമോചന സിദ്ധാന്തങ്ങളുടെ ഉൾക്കാഴ്ചയിൽ നിന്നും ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നതും.

സ്വാതന്ത്ര്യത്തിൻ്റെ അർത്ഥം കൊളോണിയൽ ആധിപത്യം അവസാനിപ്പിച്ച് തൊഴിലാളികളുടെയും കർഷകരുടെയും മർദ്ദിത ജനസമൂഹങ്ങളുടെയും ക്ഷേമ പൂർണ്ണമായ വ്യവസ്ഥയുടെ കൂടി നിർമ്മിതിയായി കണ്ട ഇന്ത്യൻ വിപ്ലവകാരികളാണ് സാർവ്വദേശീയ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിക്കാനും ശ്രമിച്ചത്.അവർ സാമ്രാജ്യ വിരുദ്ധമായ ജനകീയദേശിയതയും ചൂഷണരഹിതമായ ഒരു സമൂഹത്തെയും വിഭാവനം ചെയ്തവരായിരുന്നു. ബംഗാളിലെ അനുശീലൻ, യുഗാന്തർ സംഘടനകളുമായി ബന്ധപ്പെട്ട് സാഹസികമായ സമരങ്ങൾക്ക് നേതൃത്വം കൊടുത്തവർ, പഞ്ചാബിലെ ഗദർ പാർടി വിപ്ലവകാരികൾ തുടങ്ങിയവർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അനുഞ്ജന രഹിതമായ സമരത്തിലൂടെ (പ്രധാനമായും സായുധ സമരങ്ങളിലൂടെ ) സ്വാതന്ത്ര്യം നേടണമെന്ന് ചിന്തിച്ചവരായിരുന്നു. 

അതേപോലെ തൊഴിലാളി കർഷക വിഭാഗങ്ങൾക്കിടയിൽ യൂണിയനുകളും സമരങ്ങളും വളർത്തിയെടുത്ത് ദേശീയ പ്രസ്ഥാനത്തെ ബൂർഷാ ഭൂപ്രഭു വർഗങ്ങളിൽ നിന്ന് മോചിപ്പിച്ച് അധ്വാനിക്കുന്ന വർഗ്ഗങ്ങളുടെ അടിത്തറയുള്ള ബഹുജന രാഷ്ട്രീയ പ്രസ്ഥാനമാക്കണമെന്ന് ചിന്തിച്ചവരും. കൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചില ജേണലുകളും തൊഴിലാളിയൂണിയൻ നേതാക്കളും 1861 ലെ ഇൻറർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ്റെ രൂപികരണത്തെ വളരെ ആവേശത്തോടെയാണ് കണ്ടത്. സാർവ്വദേശീയ തൊഴിലാളി വർഗത്തിന് ഒരു പൊതു സംഘടനയുണ്ടായതും അതിന് മാർക്സും എംഗൽസും നൽകുന്ന സൈദ്ധാന്തികവും രാഷ്ട്രീയവുമായ നേതൃത്വവും ഇന്ത്യൻ വിപ്ലവകാരികൾ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. മാർക്സും എംഗൽസും മുന്നോട്ട് വെച്ച തൊഴിലാളി വർഗത്തിന് സ്വന്തവും സ്വതന്ത്രവുമായ ഒരു രാഷ്ട്രീയ കക്ഷിയാവാൻ കഴിയണമെന്ന ആശയം ഇന്ത്യയിലെ തൊഴിലാളി പ്രവർത്തകരിലും വലിയ സ്വാധീനമുണ്ടാക്കി. ജർമനിയിലെ സോഷ്യൽ ഡമോക്രാറ്റിക് പാർടിയിലൂടെ മാർക്സും എംഗൽസും തൊഴിലാളി വർഗ പാർടിയെന്ന സങ്കല്പത്തിന് മാതൃക സൃഷ്ടിച്ചു.

ഒന്നാം ഇൻറർനാഷണലും 1871 ലെ പാരീസ് കമ്യൂണും ഇന്ത്യൻ വിപ്ലവകാരികളിൽ വലിയ സ്വാധീനമുണ്ടാക്കിയതായി കാണാം.അക്കാലത്ത് ലണ്ടനിലായിരുന്ന ദാദാഭായ് നവറോജി അവിടുത്തെ തൊഴിലാളി വർഗ വിപ്ലവ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തുകയും അവരുമായി നടത്തിയ ചർച്ചകളുടെ ഫലമെന്നോണമാണ് അദ്ദേഹം " ദാരിദ്യവും ബ്രിട്ടിഷിതര ഇന്ത്യൻ ഭരണവും" എന്ന പുസ്തകമെഴുതുന്നതും.1871 ൽ തന്നെ കൽക്കത്തയിൽ നിന്നുള്ള വിപ്ലവകാരികൾ ഒന്നാം ഇൻറർനാഷണലിൻ്റെ ഒരു ഘടകം ഇന്ത്യൻ ഘടകം സ്ഥാപിക്കണമെന്നാവശ്യവുമായി മാർക്സിനെ ബന്ധപ്പെടുന്നുണ്ട്. കൊളോണിയൽകൊള്ളയും ദേശീയ അടിമത്വവും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടുന്ന സമ്പദ്ശാസ്ത്ര വിശകലനങ്ങൾ നവറോജി മുന്നോട്ട് വെക്കുന്നത് മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്ര ആശയങ്ങളുടെ കൂടി സ്വാധീനഫലമാണെന്ന് ഇ എം എസ് നിരീക്ഷിക്കുന്നുണ്ട്.

ഒക്ടോബർ വിപ്ലവത്തോടെ ഇന്ത്യൻ വിപ്ലവകാരികളും പല വഴികളിലൂടെ റഷ്യയുടെ പല ഭാഗങ്ങളിലായി എത്തിച്ചേർന്നു. ലെനിനും മറ്റു സോവ്യറ്റ് നേതാക്കളുമായി ബന്ധപ്പെട്ടു. ലണ്ടനിലെയും പാരീസിലെയും വിപ്ലവ ഗ്രൂപ്പുകളിലെ പല സഖാക്കളും ലെനിനെ കണ്ട് നേരിട്ട് ചർച്ചകൾ നടത്തി.രണ്ടാം ഇൻ്റർനാഷണലിൻ്റെ സ്റ്റുവർട്ട് കോൺഗ്രസ്സിൽ ഇന്ത്യൻ പ്രതിനിധികൾ നടത്തിയ പ്രസംഗം സാർവ്വദേശിയരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. വിപ്ലവത്തോടെ റഷ്യയെ ഇന്ത്യൻ വിപ്ലവകാരികൾ സ്വാഭാവിക സഖ്യകക്ഷിയായി കാണുകയും സഹായം തേടുകയും ചെയ്തു... ഈ സാഹചര്യത്തിലാണ് മൗലവി ബർക്കത്തുള്ള പേർഷ്യൻ ഭാഷയിൽ "ബോൾഷെവിസവും ഇസ്ലാമിക രാഷ്ട്രങ്ങളും " എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്നത്.നിരവധി പൗരസ്ത്യഭാഷകളിലേക്ക് ആ കൃതിവിവർത്തനം ചെയ്യപ്പെട്ടു. ഇന്ത്യയിലെയും മധ്യേഷ്യയിലെയും വിപ്ലവകാരികൾക്കിടയിൽ ഈ പുസ്തകം സോവ്യറ്റ് യൂണിയനെ സംബന്ധിച്ച വ്യക്തതയും ധാരണയും ഉണ്ടാക്കുന്നതിന് സഹായകമായി.

18,000 ഓളം ഇന്ത്യക്കാർ താമസിച്ചിരുന്നതാഷ് കെൻ്റിലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള പ്രവർത്തനങ്ങളിൽഅബ്ദുൾ റബ്പേഷാരിയും ആചാര്യയും അബനി മുഖർജിയും എം എൻ റോയിയും നിർദ്ദേശങ്ങൾ നൽകിയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും നേതൃത്വപരമായ പങ്ക് വഹിച്ചു. 1921 ലെ അഹമദാബാദ് എഐസിസി സമ്മേളനത്തിൽ അവതരിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരുമാനിഫെസ്റ്റോ എന്ന രേഖയിലൂടെ ദേശീയ പ്രസ്ഥാനത്തെ ബഹുജന അടിത്തറയിൽ കെട്ടിപ്പടുക്കാനും തൊഴിലാളി, കർഷക സമ രങ്ങൾ ഏറ്റെടുക്കാൻ ആവശ്യപ്പെടുന്ന നയ സമീപനം മുന്നോട്ട് വെച്ചു. ഭൂപരിഷ്ക്കരണമെന്ന ആശയം കോൺഗ്രസിൻ്റെ അജണ്ടയാവണമെന്ന് ആവശ്യപ്പെട്ടു. 1925ൽ കാൺപൂരിൽ വിവിധ കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ സമേളിച്ചു. വിവിധ ഗ്രൂപ്പുകളെ എകോപിപ്പിക്കുന്നതിനായി ഇന്ത്യയിലാകെ പാർടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വക്കൊടുക്കാൻ ശിങ്കാരവേലു ചെട്ടിയാർ പ്രസിസൻറും എസ് വിഘാട്ടെ സെക്രട്ടറിയുമായി കേന്ദ്ര കമ്മിറ്റി രൂപീകരിച്ചു. നിസഹകരണ ഖിലാഫത് സമരത്തെ തുടർന്നു വർഗീയ ശക്തികൾ ദേശീയ പ്രസ്ഥാനത്തെ ശിഥിലമാക്കാൻ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചപ്പോൾ വർഗീയക്കൈതിരെ ശക്തമായ കാമ്പയിൻ ഏറ്റെടുത്തതും ക മ്യൂണിസ്റ്റുകാരായിരുന്നു. തെലുങ്കാന, തേഭാഗ, വർളി, റോയൽ നേവി സമരം, നിരവധി തൊഴിലാളി ,കർഷക സമരങ്ങൾ ... 1920 മുതൽ 2020 വരെയുള്ള ഇന്ത്യയുടെ ചരിത്രം അനിഷേധ്യമായ കമ്യൂണിസ്റ്റു ഇടപെടലുകളുടെയും സമരങ്ങളുടെയുമാണ്. ഫെഡറലിസം, ഭാഷാ സംസ്ഥാനം, ഭൂപരിഷ്ക്കരണം, പൊതുമേഖല, ആസൂത്രണം, സാമൂഹ്യനീതി, ലിംഗനീതി, വർഗീയതക്കെതിരായ മതനിരപേക്ഷ രാഷ്ടീയം,മതദേശീയതക്കെതിരായ ബഹുത്വത്തെ ഉൾക്കൊള്ളുന്ന ജനാധിപത്യ ദേശീയത തുടങ്ങി ഇന്ത്യയെ രൂപപ്പെടുത്തിയ മഹത്തായ ആധുനിക ആശയങ്ങളും പൗരസങ്കല്പങ്ങളും കമ്യൂണിസ്റ്റു ഇടപെടലുകളിലൂടെ കൂടി ഭാഗമായിവളർന്നു വികസിച്ചതും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാപിക്കപ്പെട്ടതുമാണ്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More