കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ എതിർക്കേണ്ടെന്ന് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ജോസ് കെ മാണിയെയും കൂട്ടരെയും സഹകരിപ്പിക്കുന്നതിൽ എൽഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നിൽക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള ജോസിന്റെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ വിലയിരുത്തി. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ജോസ് കെ മാണി യുഡിഎഫ് വിടുന്നത് എൽഡിഎഫിന് പൊതുവിൽ ഗുണം ചെയ്യും.
ജോസിന്റെ മുന്നണിമാറ്റം എൽ ഡിഎഫിന് ഗുണം ചെയ്യും. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കവും സ്വാഗതം ചെയ്യും. യുഡിഎഫിനെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയമായി എൽഡിഎഫിന് ഗുണം ചെയ്യും. ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് വരുന്നതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ സ്വാഗതം ചെയ്തിരുന്നു. മുന്നണി പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ മാണി വിഭാഗം കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു. സിപിഎം നിർദ്ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ഈ ആഴ്ച ചേരുന്ന എൽഡിഎഫ് യോഗം തീരുമാനം എടുക്കും.