വിത്തുകുത്തി തിന്നുന്നവർ - വി ജെ തോമസ്‌

വിളക്കുകെട്ടുകിടക്കുന്ന കട്ടിലിനരികിലെത്തി.

എടിയേ... നീയൊറങ്ങിയോടിയെന്നു ചോദിച്ചിട്ടും ഇരുട്ടൊച്ചയനക്കമില്ലാതെ കിടന്നു. മറുപടി കേൾക്കാത്തതിനാൽ ചെന്നു തൊട്ടുനോക്കുന്നതിനുപകരം അയാൾ പതുങ്ങിയടുക്കളയിലേക്കു നീങ്ങി. ഓട്ടുവിളക്കിൻറെ വെളിച്ചത്തിനെതിരെ, അപ്പച്ചെമ്പിനുപാകത്തിനു തീയിട്ടു ചുമരുചാരി നിൽക്കുന്ന മകളോട്, കള്ളു തികട്ടിമണക്കുന്ന മുഖം ചേർത്തു  ചെവിയിൽ ചോദിച്ചു .

"പെസഹായിപ്പോൾ കഴിയുമല്ലോ! നിൻറെ, അപ്പോം പാലും പാകമായില്ലേടി പെണ്ണേ?"

അവളുടെ കണ്ണിലപ്പോൾ കാലടിയിൽ നിന്നുമുകളിലേക്കാളിപ്പടർന്ന അടുപ്പിലെ തീയായിരുന്നു. അപ്പൻറെ വാക്കുകൾ കേട്ടതിൻറെ ആന്തലിൽ "ഇപ്പോഴാകു"മെന്നുപറഞ്ഞു വെറുതെ അടപ്പുപൊന്തിച്ചടച്ചു  മുഖംതിരിച്ചു.

''ങ്ങാ... വേഗം തന്നാ നല്ലത്."

അടുപ്പെരിയുന്ന വെളിച്ചത്തിൽ വിയർപ്പിൽ കുളിച്ച മുഖവും കത്തുന്ന ചോരക്കണ്ണുകളുമുള്ള അപ്പൻ തിരിഞ്ഞുനടന്നത് ചുമരിലെ നിഴലിൽ കണ്ടു. നടന്നുവന്നതിൻറെ ക്ഷീണത്തിൽ, രൂപക്കൂടിനുതാഴെ വീട്ടിത്തടികൊണ്ടു പണിത കസേരയിൽ ചാരിയിരുന്ന് പാളവിശറികൊണ്ടു വിയർപ്പാറ്റുകയാണപ്പൻ, അരിക്കാലാംമ്പുവിളക്കിനു ചുറ്റും ഇയ്യലുകൾ പാറുന്നുണ്ട്. 

ചെലപ്പം ദുഃഖവെള്ളിക്കു മഴപെയ്യാനാകും. കൈപ്പത്തി ചെരിച്ചുപിടിച്ചാകാശത്തേക്കു നോക്കിപ്പറഞ്ഞു. വിയർപ്പൊലിച്ചിറങ്ങിയ ചൊടി തുടച്ചയാൾ എഴുന്നേറ്റു വിളക്കിൻറെ തിരിയല്പം കുറയ്ക്കാൻ നോക്കുകയായിരുന്നു. അപ്പോഴാണ്, നാടൻതോക്കയാളുടെ തൊണ്ടക്കുഴിയിൽ കുത്തിപിടിച്ചിട്ട് മൂത്തമകൻ സ്റ്റീഫൻ, കാട്ടുതീയാളുന്ന കോപത്തോടെയലറിയത്‌. 

"കൊല്ലും"...

"നീയൊക്കെയൊരു തന്തയാണോ ?"  

മകൻറെ മുന്നിൽ അകംപൊറം വെറച്ചുപോയെങ്കിലും കള്ളിൻറെ ചൂടിലുള്ള ധൈര്യംവെച്ച്  തൊണ്ടകീറിയൊച്ചവെച്ചു    

"കൊല്ലെടാ"...

"ചൊണയുണ്ടങ്കിൽ വെടിവെച്ചെന്നെ കൊല്ലെടാ" 

അവൻറെ വിരലുകൾ കാഞ്ചിയിൽ  മുറുകി.

"കൊല്ലെടാ പട്ടീ കൊല്ല്". 

അപ്പോഴേക്കും ഇളയത്തുങ്ങൾ വന്നു സ്റ്റീഫൻറെ കാലിൽ കെട്ടിപ്പിടിച്ചു. അമ്മച്ചിയേ ചേച്ചമ്മേ...  ഓടിവായോയെന്നുകരഞ്ഞു നിലവിളിച്ചു.

അടുക്കളയിൽ നിന്നോടിയെത്തിയ പെണ്ണ് കുഞ്ഞാങ്ങളെയെ പിടിച്ചുമാറ്റാനടുത്തുവരാനാകാതെ ഉപ്പുതൂണുപോലെനിന്നു, അപ്പൻറെയും ചേച്ചിപ്പെണ്ണിൻറെയും മുഖത്തുനോക്കി. 

ഒരു നിമിഷം തോക്കു തിരിച്ചെടുത്ത് "എൻറെ ദൈവമേ"യെന്നലറിക്കൊണ്ടവൻ ഇറങ്ങിയോടി, പുറത്തുചെന്നു പ്ലാവിൻറെ മുകളിലേക്ക് വെടിയുതിർത്തു. പിന്നെ കലിതീരാതെ തിരിച്ചു വന്നു നടക്കല്ലിന്മേൽ തോക്കടിച്ചൊടിച്ചു നുറുക്കിക്കളഞ്ഞു. എന്നിട്ടിരുളിലേക്കാളിക്കത്തിയോടിയിറങ്ങിപ്പോയി. 

അന്ന് രാത്രി കുരിശ്ശപ്പം മുറിച്ചില്ല. ഇളയത്തുങ്ങള് പേടിച്ചരണ്ടു കിടന്നുറങ്ങി. ബീഡിവലിച്ചുതള്ളിയും കാർക്കിച്ചുതുപ്പിയും പുലിക്കാട്ടിൽ വർക്കി ഇളംതിണ്ണയിൽ കാലും നീട്ടിയിരുട്ടത്തിരുന്നു.

പെണ്ണ് അപ്പക്കലവും പാലുമടച്ചുവെച്ചു. ചത്തുകെട്ടുപോയ അടുപ്പിലെ ചാരംവലിച്ചിട്ടു. ഓട്ടുവിളക്കുമായി അമ്മച്ചികിടക്കുന്ന മുറിയിലേക്കു ചെന്നു, നേർത്ത ഞെരക്കം കേൾക്കുന്നുണ്ട്. അവൾക്കറിയാം ശബ്ദമില്ലാതെ വിങ്ങിക്കരയുകയാകാം. വിളക്ക് ജനൽപ്പടിയിൽ വെച്ചശേഷം കട്ടിൽപ്പടിയിൽ തലതാങ്ങിയിരുന്നു.

അമ്മച്ചിയുടെ കരം നീണ്ടുവന്നവളുടെ മുടിക്കെട്ടിലും കഴുത്തിലും പരതുന്നതവളറിഞ്ഞു. ചുക്കിച്ചുളിഞ്ഞ വിരലുകളിലവൾ മുറുക്കിപ്പിടിച്ചുപിടഞ്ഞു. 

"പെണ്ണേ"... നിനക്കൊന്നു കരഞ്ഞൂടെയെന്ന ശബ്ദംകേട്ടു. മുട്ടിമേൽ എഴുന്നേറ്റിരുന്നമ്മച്ചിയുടെ കണ്ണിൽ മുത്തിക്കൊണ്ടു പറഞ്ഞു.

"ഇളയത്തുങ്ങളെ ഓർത്താണ്, അമ്മച്ചിയേയും കുഞ്ഞാങ്ങളെയെയും ഇട്ടിട്ട്പോകാൻ വയ്യാത്തതുകൊണ്ടാണ് ഞാനീ തീ തിന്നത്" 

"എന്നൊക്കൊണ്ടുവയ്യൻറെമ്മച്ചി ഇങ്ങനെ നീറിച്ചാകാൻ"...

ഇരുട്ടുകട്ടിലിനു നെഞ്ചുപൊട്ടുന്ന ഞരക്കം മാത്രം. അപ്പോഴാണ് അമ്മച്ചിയുടെ മുറിയിലെ മണമവൾ അറിയുന്നത്. ഒച്ചപ്പാടും വഴക്കും കേട്ട് എഴുന്നേൽക്കാൻ വയ്യാത്തതുകൊണ്ടു പേടിച്ച് കിടന്നകിടപ്പിൽത്തന്നെ അറിയാതെ... അവൾ വേഗം അമ്മച്ചിയുടെ ദേഹവും പുറംഭാഗവും വൃത്തിയാക്കി, പിന്നെ കഴുകിത്തുടച്ചെടുത്തു. മുണ്ടും വിരിപ്പും മാറ്റി, പൗഡർ കുടഞ്ഞു കഴുകാനുള്ള അഴുക്കുതുണികൾ പുറത്തു കൊണ്ടുപോയി കാരം കലക്കി ബക്കറ്റിലിട്ടുവെച്ചു. തിരിച്ചുവന്നു മണം പോകാൻ മുറിയുടെ ജനാല തുറന്നിട്ടു. വിളക്കുകെടുത്തി. ചുമരിൽ തലചാരി ഇരുട്ടുകത്തുന്ന കണ്ണടച്ചു. പതുക്കെ നിലത്തൂർന്നിറങ്ങിയിരുന്നു നേരം വെളുപ്പിച്ചു. 

അന്നുപകൽ അഞ്ചുമണി കഴിഞ്ഞുകാണും, കാലത്തു വെട്ടിയിട്ട വാടിയ വാഴയിലയിൽ ഇളയത്തുങ്ങളോടൊപ്പം പരത്തിയ അപ്പങ്ങൾ വൻകലത്തിൽ പുഴുങ്ങാൻ അടുപ്പത്തുവെക്കാനുള്ള ശ്രമത്തിലായിരുന്നു, അതുകഴിഞ്ഞിട്ടു വേണം പാലിനുള്ള കാര്യങ്ങൾ നോക്കാൻ. അപ്പോൾ ആങ്ങള അങ്ങോട്ടു വന്നു, പിള്ളേരോടെല്ലാം പോയി കളിച്ചോളാൻ പറഞ്ഞു. ഇന്നു പെസ്സഹായല്ലേയെന്നവർ ചോദിച്ചതിനതൊന്നും സാരമില്ലന്നും വിളിച്ചിട്ടു തിരികെ വന്നാൽ മതിയെന്നും പറഞ്ഞവരെ പറഞ്ഞുവിട്ടു. 

അവർപോയിക്കഴിഞ്ഞപ്പോൾ ആങ്ങളയുടെ മുഖം തീക്കനൽപോലെയായി.

"ചേച്ചമ്മേ ഇങ്ങുവന്നേ... ഒരുകാര്യം പറയട്ടെ'' എന്നു പറഞ്ഞവൻ തൊഴുത്തിനടുത്തേക്കു നീങ്ങി, അടുത്തു ചെന്നവൾ കയ്യാലയോടുചാരിനിന്നു. 

"ഞാൻ കേട്ടത് സത്യമാണോ?" അവൻ ചോദിച്ചു. കയ്യാലപ്പുറത്തെ പന്നൽപുല്ലിൽ വിരലോടിച്ചുനിന്ന അവൾ അപ്പോഴാണവൻറെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുന്നത്. ആങ്ങള! അവൻറെ ഓമനത്തമുള്ള മുഖവും നെറ്റിയിലേക്കുവീണ മുടിയും കണ്ണുകളുമിപ്പോൾ കാറുകേറി പരിചയമില്ലാത്തൊരാളെപ്പോലെയായി, അവനെ എടുത്തുകൊണ്ടു നടന്നതാണ്, വാരിക്കൊടുത്തതാണ്, കുളിപ്പിച്ചൊരുക്കിയതാണ്.

"ഞാൻ കേട്ടത് സത്യമാണോ?" അവൻ ചോദിച്ചു. കയ്യാലപ്പുറത്തെ പന്നൽപുല്ലിൽ വിരലോടിച്ചുനിന്ന അവൾ അപ്പോഴാണവൻറെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുന്നത്. ആങ്ങള! അവൻറെ ഓമനത്തമുള്ള മുഖവും നെറ്റിയിലേക്കുവീണ മുടിയും കണ്ണുകളുമിപ്പോൾ കാറുകേറി പരിചയമില്ലാത്തൊരാളെപ്പോലെയായി, അവനെ എടുത്തുകൊണ്ടു നടന്നതാണ്, വാരിക്കൊടുത്തതാണ്, കുളിപ്പിച്ചൊരുക്കിയതാണ്. ആ കുഞ്ഞാങ്ങളെ എവിടെയെന്നു കണ്ണുകളാൽ തേടുന്നതിനിടയിൽ 

''ഞാൻ കേട്ടത് സത്യമാണോ?...  ആണോന്നാണു ചോദിച്ചത്?"- അവന്‍റെ സ്വരം കാർക്കശവും പരുഷവുമായി. 

"ഞാൻ പറയില്ല."- അവൾ പതുക്കെ പറഞ്ഞു.

ഞൊടിയിടയിൽ അവളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചുയർത്തി കയ്യാലയോടുചേർത്തു കാളുന്ന കണ്ണുകളോടെയവൻ തിളച്ചു.

"ഒറ്റക്കുത്തിനു കൊന്നുകളയും"- ഇടിവെട്ടേറ്റതുപോലെവൾ നിന്നിടത്തുനിന്നു കരഞ്ഞുപോയി. 

"എന്നാ അതുചെയ്യ്, ഞാൻ പറയത്തില്ലെന്നു പറഞ്ഞില്ലേ ?"

"ആരാണത് എനിക്കറിയണം?"

"അറിയേണ്ട."

"പറ, അല്ലാതെ ഞാൻവിടില്ല. അറിഞ്ഞേപറ്റൂ." അവൻ പൊട്ടിത്തെറിച്ചു.

"അപ്പൻ"-

"മതിയോ?"

അവൻ തലയ്ക്ക്  കൈതാങ്ങി നിൽക്കുന്നതു കണ്ടവൾ ചോദിച്ചു. 

"ഇനിയെന്നെ ഒന്നു കൊന്നുതരാമോ?"- നിന്നനിലയിൽ കത്തിയമരുന്ന തുറുപോലെ ഊർന്നമർന്നു താഴെയിരുന്നുപോയി. 

ഒരുനിമിഷം സവ്വവും തുലഞ്ഞവനായി മുട്ടുകുത്തിയിരുന്ന സ്റ്റീഫൻ. ആദ്യം അവളുടെ തോളിലും പിന്നെ മടിയിലും വീണുകിടന്നുനെഞ്ചുപൊട്ടി.

കരയട്ടെ, അങ്ങനെയവൻ അൽപ്പം ആശ്വാസം കൊള്ളട്ടെയെന്നവൾ കരുതി. 

"നീയുംകൂടി നെഞ്ചു കലങ്ങിയാൽ... പിള്ളേർക്കാരുണ്ട് ?" പതുക്കെ ആങ്ങളയുടെ പുറം തടവിക്കൊണ്ടവള്‍ പറഞ്ഞു  

"അമ്മച്ചി കെടന്നിട്ടപ്പോൾ ഏഴുകൊല്ലം, ഇനിയെഴുന്നേൽക്കുമോന്നാർക്കറിയാം... നീ നമ്മുടെ പറമ്പിലൊക്കെയൊന്നുപോയി നടന്നേച്ചും വാ ഒന്നു തണുക്കട്ടെ... മോനെ, മനസ്സിനു തീപിടിക്കാൻ വിട്ടുകൊടുക്കരുത്. പീയംവിടാത്ത അതുങ്ങൾക്കാരാ ഉള്ളത് ?''

അത്രയൊക്കെ പറഞ്ഞുകൊടുത്തിട്ടാണ്. പിന്നേം കാട്ടുപന്നിനേം, മ്ലാവിനേം പൊട്ടിക്കാനുള്ള തോക്കുമായി തന്തയ്ക്കുനേരെ തുലയൻ എടുത്തുചാടി വന്നത് .

ദൈവമേ... എന്തോരം വേദനയാ നീയെനിക്കു തിന്നാൻ തരുന്നത്?- ഇരുട്ടത്തു കണ്ണുനട്ടിരിക്കുന്ന നത്തായിരുന്നു മനസ്സ്. രാത്രിയോടെ ആങ്ങള പണിക്കാർക്കൊപ്പം കാട്ടുപന്നിയിറങ്ങാതിരിക്കാൻ കാവൽമാടത്തിലായിരിക്കും. ഓരോരുത്തരുണർന്നിരുന്നു വലിച്ചുകെട്ടിയ പാട്ടകൊട്ടുകയും ഒച്ചയുണ്ടാക്കുകയും ചെയ്യും. അന്നേരം പന്നിയോ മുള്ളാനോ വന്നാൽത്തന്നെ ഒച്ചകേട്ട് തിരിഞ്ഞോടും. 

ല്ല മഴയായിരുന്നു രാത്രിയിൽ, നെഞ്ചത്തുകല്ലുകയറ്റിവെച്ചതുപോലെ... അനങ്ങാൻവയ്യ. കണ്ണുതുറന്നു പരതിനോക്കിയപ്പോൾ കഴുത്തിനുതാഴെ പല്ലുകൾ താഴ്ത്തി പുലിമുരണ്ടു.

''അപ്പനാടി പെണ്ണെ'' 

ഒന്നുകുതറാനും ഒച്ചയെടുക്കാനും കഴിയും മുമ്പ്, കടിവിടാതെ കടിച്ചുകുടയുമ്പോൾ പ്രാണനറ്റുപോയെന്നു തോന്നിയ ദേഹം ചോരയിൽ കുളിച്ചുകിടന്നു, എപ്പൊഴോ ബോധം തെളിഞ്ഞപ്പോൾ അടുക്കളയിൽച്ചെന്ന് ചാരം വാരിയെടുത്തു മഴയത്തിരുന്ന് 'അറപ്പ്' ഉരച്ചുരച്ചു കഴുകിക്കളഞ്ഞു. നിർത്താതെ നെഞ്ചിനിട്ടിടിച്ചു, ഒച്ചയില്ലാതെ കരഞ്ഞു. ഒടുക്കം ശ്വാസംമുട്ടിയകത്തു വന്നുവീണുമയങ്ങി. 

പിന്നെ, പുലിക്കു വിശക്കുമ്പോഴൊക്കെയും അത് കാടിറങ്ങിവന്നു.

പേത്തറത്താ കഴിഞ്ഞ തിങ്കളാഴ്‌ച. അഞ്ചു ദിവസത്തെ ഭക്ഷണത്തിനും താമസത്തിനും വേണ്ട ചിലവ് ആശുപത്രിയിലടച്ചു, ''അവരുനോക്കികൊള്ളും, കൊണ്ടുപോകാൻ വന്നേക്കാം'' എന്നുപറഞ്ഞപ്പനിറങ്ങി നടന്നു.

പിറ്റേന്നു തീയറ്ററിൽവെച്ചു സിറിഞ്ചു നിറച്ചുകൊണ്ട് ''വളർത്താനൊന്നുമല്ലല്ലോ എന്നാലും പിടയ്ക്കാതെ കിടക്കട്ടെ'' യെന്നു ഡോക്ടർ ജോസഫും ഡോക്ടർ ജമാലും പറഞ്ഞു ചിരിക്കുന്നതു കേട്ടു, മയക്കത്തിലും പാതിബോധത്തിലും അവരുടെ ക്രൂരത അപ്പനോളം വരില്ലെന്നറിയുണ്ടായിരുന്നു അനക്കമറ്റുകിടന്ന ശവം. പിന്നെ വാർഡിലേക്കുമാറ്റിയ ശേഷം, സ്നേഹത്തോടെ പരിചരിക്കുന്ന നേഴ്‌സ്, ഓരോരോ കാര്യങ്ങൾ പറഞ്ഞുതന്നശേഷം, നമ്മൾ സൂക്ഷിക്കണമെന്നു പറയുമ്പോഴും ആരിൽനിന്നെന്നു ചോദിക്കാതെ, വെളിച്ചെത്തെകാണാൻ  മനസ്സില്ലാതെ കണ്ണുകളിറുക്കിയടകച്ചു കിടന്നു.

വീട്ടിൽകൊണ്ടിട്ടശേഷം, കാടനങ്ങിയില്ല, കാറ്റുപറഞ്ഞുമില്ല. വായ്‌പൊത്തിനിൽക്കുന്ന മോന്തായത്തിനു കീഴെ ഇളയവളെ പുലിപിടിക്കാതിരിക്കാൻ രാത്രി മുഴുവനും നെഞ്ചോടുചേർത്തുറങ്ങാതിരുന്നു.

ഉറുമ്പരിക്കുവോളം അമ്മച്ചിയും കട്ടിലിൽ ചിതലുകാത്തുകിടന്നു. ഒടുക്കം ആരൊടും പറയാതിറങ്ങിപ്പോയി. അതോടെ തീർത്തും ഒറ്റയ്ക്കായി. 

എങ്ങനെയോ കാര്യങ്ങൾ ഒത്തുവന്നപ്പോൾ ഇളയതിനെ പന്തലിൽ ഇറക്കിവിട്ടു. താഴെയുള്ളൊരുത്തൻ ദൈവവിളിക്കും മറ്റവൻ ദൂരെക്കുപഠിക്കാനും പോയി. വൈകാതെ, പറമ്പിലൊക്കെ വാരത്തിനു കൃഷിപ്പണി ചെയ്യുന്ന, എഴുന്നുനിൽക്കുന്ന കോലൻ മുടിയും കൂർത്തമുഖവുമുള്ള പൈലിയെ, അപ്പൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വരത്തനായിരുന്നു, അവനുമാരുമില്ലായിരുന്നു. അവനു പിടിച്ചെന്നു പറഞ്ഞതും, പിടിച്ചുകൊടുത്തു.

അന്നുമുതൽ കള്ളൊഴിച്ചുകൊടുത്തവനെ കുടി പഠിപ്പിച്ചു, പിന്നെപ്പിന്നെ ഒരേ ബീഡിയിൽനിന്നു രണ്ടുപേരും തീകൊളുത്താൻ തുടങ്ങി, ഷാപ്പിലും വീട്ടിലും അവരാടിയാടിനടന്നു . കള്ളിൻറെ കെട്ടിൽ പുലിതിരിഞ്ഞുംമറിഞ്ഞും മുരണ്ടുകിടന്നുറങ്ങി.  

കണ്ണടയ്ക്കുമ്പോഴേക്കും പുലിമടയോർമ്മവരും,മുരൾച്ചയോർമ്മവരും, അന്നേരം അകത്തേക്കും പുറത്തേക്കുമോടാനാവാതെ ശ്വാസം മുട്ടും, പല്ലും നഖവും തീർത്ത പാടുകളിൽ നിന്നും ചോരവിയർത്തൊഴുകും, എഴുന്നേറ്റുചുമരിനോടു ചാരിയിരുന്നു ശ്വാസംകിട്ടാതെ വലിച്ചുവലിച്ചു നേരം പെരപെരാ വെളുപ്പിക്കും, ആസ്മ ദിവസങ്ങളോളം നീളും, അടുത്തപകൽ എരുക്കിൻറെ ഇലയും പൂവുമെടുത്തു കിഴിപിടിക്കും, അല്ലെങ്കിലാവിപിടിക്കും.

കഴിഞ്ഞതിൻറെ രണ്ടാമാണ്ടിലെ മഴക്കാലത്ത്, രണ്ടുപേരുമാടിയാടി കൈപ്പിടിയില്ലാത്ത പാലത്തിലെത്തിയതോർമ്മയുണ്ടു പൈലിക്ക്, പുഴയുടെ തുമ്പിക്കൈ അപ്പനെചുറ്റിപ്പിടിച്ചു പാറയ്ക്കിട്ടടിച്ചു കൊമ്പിൽകോർത്തുപോലും, കലിതീരാതെ പെരുവെള്ളം കാൽക്കീഴിലിട്ടു ചവിട്ടിയരച്ചു ബാക്കിവെക്കാതെകൊണ്ടു പോകുന്നതു കണ്ടുനിന്നുപോലും. അതീപ്പിന്നെയാൾ വലിച്ചില്ല, കുടിച്ചിട്ടുമില്ല.

കുഞ്ഞാങ്ങളെയെ കണ്ടിട്ടുവർഷമെത്രയായി?  ഇക്കൊല്ലവുംവന്നില്ല, പുല്ലുപായിൽ കിടന്നുകൊണ്ട് കഴുക്കോലുകളിൽ കണ്ണുനട്ടവളോർത്തു.  പുലിക്കാട്ടിലേക്കിനിവരില്ലായിരിക്കും,

കണ്ടില്ലെങ്കിലും വേണ്ട, എവടെങ്കിലും സുഖായിട്ടിരിക്കുന്നെന്നു കേട്ടാമതിയാരുന്നു. അന്നേരം സ്നേഹംകൊണ്ടവൾക്കുസങ്കടംമുട്ടി,

പൈലിയവളെ  പൊതിഞ്ഞുപിടിച്ചു പറഞ്ഞു - " സാരമില്ലെന്നേ... പിള്ളേരില്ലാത്തതിനു നീയെന്തിനായിങ്ങനെ എന്നുമിന്നും വിങ്ങുന്നത്?''

''ചേച്ചമ്മേ...  ഇങ്ങോട്ടുനോക്കിക്കെ, നിന്റെപ്പൻ ചത്തതിപ്പിന്നെ നിനക്കു മകനാണു ഞാൻ. അതുപോരെ നിനക്ക് ?'' അതു കേൾക്കെ കണ്ണുനീരിടിഞ്ഞുചാടിയ കണ്ണുകളയാൾ ചുണ്ടുകളാൽ മൂടിക്കളഞ്ഞു. അന്നവൾ നന്നായുറങ്ങി.

അതികാലത്ത് ഒരുമിച്ചെഴുന്നേറ്റു. അയാളുടെ കൈപിടിച്ചുമുറ്റത്തേക്കിറങ്ങി. ഇരുളിനെ വകഞ്ഞുമാറ്റി വെളിച്ചതിനുനേരെ നിന്നു. സൂര്യനെ കൈയ്യെത്തിപ്പിടിച്ചു മുടിയിൽ ചൂടി. 

Contact the author

Recent Posts

Lisha Yohannan 2 years ago
Stories

റൈനോൾഡച്ചന്റെ ബാധ- ലിഷാ യോഹന്നാന്‍

More
More
V J Thomas 2 years ago
Stories

ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

More
More
Stories

ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

More
More
Gafoor Arakal 3 years ago
Stories

ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

More
More
V J Thomas 3 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

More
More
Nadeem Noushad 3 years ago
Stories

മഞ്ഞക്കാലുള്ള മനുഷ്യന്‍ - സുധീര്‍ തപ്ലിയൽ - പരിഭാഷ: നദീം നൗഷാദ്

More
More