ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് അലഹബാദ് ഹൈക്കോടതി. ബീഫ് കൈവശം വയ്ക്കുന്നു എന്ന പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുകയും ഏതു മാംസം പിടികൂടിയാലും അതിനെ ഗോമാംസമാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു എന്ന് കോടതി കണ്ടെത്തി.
ഒരാളില്‍നിന്ന് പിടിച്ചെടുക്കുന്ന മാംസം പരിശോധനപോലും നടത്താതെ ഗോമാംസമാക്കി ചിത്രീകരിക്കുന്നു. പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക വിധേയമാക്കാറില്ല, കുറ്റാരോപിതര്‍ ഏഴു വര്‍ഷം വരെ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവധ നിരോധന നിയമപ്രകാരം അധികൃതര്‍ പിടിച്ചെടുക്കുന്ന പശുക്കളുടെ രേഖകള്‍ സൂക്ഷിക്കുന്നില്ല, പിടിച്ചെടുത്ത പശുക്കള്‍ പിന്നീട് എങ്ങോട്ടുപോകുന്നു എന്നും വ്യക്തമല്ല.
റോഡില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. പ്രായമായി ഉപേക്ഷിച്ച പശുക്കള്‍ കൃഷി നശിപ്പിക്കുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്.ഗോവധത്തിന്റെയും മാംസവ്യാപാരത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദീന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് സിദ്ധാര്‍ഥയുടെ പരാമര്‍ശം.