കൊലയ്ക്കും കൊലചെയ്യപ്പെടുന്നതിനും ഇടയില്‍ - ഷാജു വി വി

കൊലയ്ക്കും

കൊല ചെയ്യപ്പെടുന്നതിനും ഇടയിലെ

തെരഞ്ഞെടുപ്പു മാത്രമേയുള്ളൂ എന്നാണെങ്കിൽ

നിങ്ങളെന്തു ചെയ്യും?


കൊല്ലുമോ,

അതോ ചാകുമോ?


ഞാൻ സലൂണിൽ മുടിവെട്ടുകയായിരുന്നു.

ഫോൺ ശബ്ദിച്ചു,

എടുത്തില്ല.

മുടിവെട്ട് എനിക്ക് കലയാണ്, ധ്യാനമാണ് 


കഴിഞ്ഞതും ഞാൻ വിളിച്ചു .

''എന്താണ് ഫോണെടുക്കാത്തത് രാകേഷ് ?''

ഞാൻ മുട്ടി വെട്ടുകയായിരുന്നു.

''അതിന്?''

''വരപ്പിനിടെ ഫോൺ വന്നാൽ ചിത്രകാരൻ ഫോണെടുക്കുമോ?''


അങ്ങേയറ്റത്ത് ചിരിയുയർന്നു.

സ്കേറ്റിങ്ങ് താരത്തിന്റെ

ചലനതാരയെ അനുസ്മരിപ്പിക്കുന്ന

വഴുക്കലും നൃത്തവും നിൽപ്പും

ഒഴുക്കുമുള്ള മാദകമായ ചിരി !


ദൈവമേ...

ഈ ചിരി എന്റെ ആത്മാവിൽ

രേഖപ്പെടുത്തപ്പെട്ടതാണല്ലോ !


''ഞാൻ അവിനാശ് ആണ്, ആക്ടർ.

എനിക്കു ഞായറാഴ്ച്ച നിന്റെ ഡേറ്റുവേണം, മുടി വെട്ടാൻ,

നിന്റെയൊരു ക്ലൈന്റ് സജസ്റ്റു ചെയ്തതാണ്''

 അയാൾ ഒരു വീഡിയോ അയച്ചുതന്നു,

 ''മുടിവെട്ടിലെ ദൈവമാണ് നീ.

 ഞായറാഴ്ച കൊച്ചിയിലോട്ട് വാ.''


ഫോൺ നിലച്ചു.

രണ്ടറ്റത്തു നിന്നും വായിക്കാവുന്ന

പുല്ലാങ്കുഴലാണിപ്പോൾ ഞാൻ.

ഒന്ന്,

ഞാനാ മനുഷ്യനെ പ്രണയിക്കുന്നു.

പ്രണയത്തിന്റെ തീവ്രതയളക്കാവുന്ന

ഒരു യന്ത്രമുണ്ടായിരുന്നെങ്കിൽ

അതിന്റെ സ്കെയിലിൽ

സർവ്വകാല റെക്കാഡ്

അടയാളപ്പെടുത്തിയേനെ.


എന്റെയെല്ലാ രതി ബന്ധങ്ങളും

അയാളിലേക്ക് ട്യൂൺചെയ്യാനൊരുക്കിയ

അസംസ്കൃത വിഭവങ്ങളായിരുന്നു.


രണ്ടാമത്തെത്,

എന്റെ കലാജീവിതത്തിലെ

അവിസ്മരണീയ മുഹൂർത്തമാണിത്.


ഞാൻ അവിനാശിന്റെ മുടിവെട്ടുന്നു.

ലക്ഷക്കണക്കിനാരാധകർ

ഓമനിക്കുന്ന ആ ശിരസ്സ്

എന്റെ ഉപകരണമികവിനു മുമ്പിൽ

വിശ്വാസ പൂർവ്വം സമർപ്പിക്കപ്പെടുന്നു.


ഫസ്റ്റ്ക്ലാസ് ക്രിക്കറ്റുപോലും കളിക്കാത്ത ഒരു കൗമാരക്കാരൻ

രാജ്യാന്തര മൽസരത്തിൽ

തെരഞ്ഞെടുക്കപ്പെട്ടതിന്റെ പകപ്പ്.


ഞാനാ മുറിയിലേക്ക് കയറുമ്പോൾ

അവിനാശ് ഇരുന്നുറങ്ങുകയാണ്.

മുറിയിലെ പല പല കണ്ണാടികളിൽ

പല പോസുകളിൽ അയാളുറങ്ങുന്നു.

ഇയാൾ മരണം 

പ്രാക്ടീസ് ചെയ്യുകയാണോ?

മരണം നടിക്കാനാവുമോ?


എനിക്കു വിയർക്കുന്നുണ്ട്

മുടി വെട്ടിക്കഴിയുമ്പോൾ

അവിനാശ്  എന്റെ കവിളിൽ

തഴുകുമോ?


മേൽ ചുണ്ടിലോ

കീഴ്ച്ചുണ്ടിലോയെന്ന്

ആദ്യ ചുംബനത്തിന്റെ തെരഞ്ഞെടുപ്പിൽ കുഴങ്ങി

എന്റെ കാമുകൻ സ്തംഭിക്കുമോ?


ഷർട്ടിന്റെ ബട്ടൺ അഴിക്കുന്നേരത്തെ

ശബ്ദത്തെക്കാൾ മാന്ത്രികമായ

സംഗീതമില്ലെന്ന് 

ഞാൻ മന്ത്രിക്കുമ്പോൾ

അയാളയാളുടെ ആ മയക്കുന്ന പുഞ്ചിരി

എനിക്കു മാത്രം വേണ്ടി മീട്ടുമോ?


ദൈവമേ!

ഇതെന്തൊരു ഭ്രാന്താണ്?

ഞാനയാൾക്ക് വെറുമൊരു 

മുടി വെട്ടുകാരനാണ്.


ഞാനിപ്പോൾ അയാളുടെ പിറകിൽ,

കണ്ണാടിയിൽ അയാളെ കാണാം


ഞാനീ കാണുന്ന മുഖത്തിൽ

നിരവധി വംശങ്ങളുടെയും

വൻകരകളുടെയും

കൊടിയടയാളങ്ങളുണ്ട്.


കാഴ്ച്ചയിൽ ഒരു

 സാർവ്വലൗകിക മനുഷ്യൻ

 മൊത്തം രാജ്യത്തിന്റെ രഹസ്യാന്വേഷണ സംവിധാനവും

ഏകോപിച്ചതു പോലുള്ള

 വലിയ കാതുകൾ 

 ശ്വസനത്തിനും ഘ്രാണത്തിനുമപ്പുറം

 ധർമ്മങ്ങളുണ്ടെന്ന് പറയുന്ന

 നീണ്ട നാസിക 

 ഇടത്തുനിന്നു വലത്തോട്ടോ

 വലത്തുനിന്ന് ഇടത്തോട്ടോ

 വായിക്കേണ്ടത് എന്നു സന്ദേഹിപ്പിക്കുന്ന

 കൂട്ടു പുരികം 

 തിളങ്ങുന്ന കൃഷ്ണമണികൾക്ക് വേണമെങ്കിൽ ഒറ്റനോട്ടത്തിൽ

 ഒരു കാറ്റാടി യന്ത്രത്തെ

 നിശ്ചലമാക്കാൻ കഴിയും.

 ഇരുണ്ട നിറം

 ചുരുണ്ട മുടി

 അയാൾ അയാളല്ലാതെ

 മറ്റാരുമല്ലെന്ന്

 ആരും തലകുലുക്കി സമ്മതിക്കുന്ന

 അനന്യത 


ഞാൻ ജോലി തുടങ്ങി

കൈ വിറക്കുന്നുണ്ടോ?

അറിയാതെ കവിളിൽ

കൈ തൊട്ടപ്പോൾ

എന്റെ ഉടലിനെ അടിമുടി

എനിക്കു മനക്കണ്ണിൽ 

കാണാവുന്ന വിധത്തിൽ 

ഒരു കോരിത്തരിപ്പ്

കാൽവിരലറ്റുനിന്ന് ശിരസ്സിലേക്ക്

ഒരു കണികക്കും 

സഞ്ചരിക്കാനാവാത്ത വേഗത്തിൽ

സഞ്ചരിച്ചു


അയാളുടെ ഗന്ധം എന്നെ മയക്കി വീഴ്ത്തുമോ?

അയാളുടെ പേശികൾ

കഴുത്തിലെ ഞരമ്പ്

ഈ ഭൂമിയിൽ മറ്റൊരു ഉപമാനമില്ലാത്ത

ഷേവുചെയ്ത കവിളിലെ പച്ച.


ദൈവമേ,

എനിക്കിയാളെ ഉമ്മ വെയ്ക്കണം

എന്റെ കത്രിക മദ്യപന്റെ 

പാദങ്ങൾ പോലെ ഇടറുന്നുണ്ടോ?


അവിനാശിന്റെ കണ്ണുകളിൽ

അയാളുടെ മുടിക്കേൽക്കുന്ന

പരിക്കുകൾ തെളിയുന്നുണ്ടോ?


എനിക്ക് ഓടി രക്ഷപ്പെടണമെന്നും

അയാളെ കെട്ടിപ്പിടിച്ച് 

കരയണമെന്നും തോന്നി


അവിനാശിന്റെ മുഖത്ത്

ക്രോധമിരമ്പുന്നത് എനിക്കു കാണാം.


ഹോക്കിസ്റ്റിക്കു കൊണ്ട്

അയാൾ അടിച്ച ഒരാൾ

മൂന്നുമാസം ബോധരഹിതനായിക്കിടന്ന

കഥ എനിക്കോർമ്മ വന്നു.


അവിനാശ് പൊടുന്നനെ

എന്നെ തിരിഞ്ഞുനോക്കി .

അതിൽ ഞാനെന്റെ വിധി വായിച്ചു.

എന്റെ ശബ്ദം പുറത്തുവന്നില്ല


ഭയം മറ്റു വികാരങ്ങൾ പോലെയല്ല,

സാർ.

അതരങ്ങു വാഴുമ്പോൾ മറ്റു വികാരങ്ങൾ പരിസര കാലങ്ങളിലൊന്നും

വെളിച്ചപ്പെടില്ല.


അവിനാശിന്റെ മുഖം വിറയ്ക്കുന്നുണ്ട്

കണ്ണാടിയിൽ തന്റെ മുടിയിലേക്കയാൾ

അവിശ്വസനീയതയോടെ നോക്കി 


വെപ്രാളത്തിൽ അയാളുടെ 

കഴുത്തിനു പിന്നിൽ പോറി.

അവിനാശിന്റെ കസേര

ഒരു നരഭോജിയെപ്പോലെ

എന്റെ നേരേക്ക് ആഞ്ഞു തിരിഞ്ഞു 


''നായിന്റെ മോനേ,

അമ്പട്ടാ....''


വ്യസനത്തിന്റെയും നൈരാശ്യത്തിന്റെയും

പശ്ചാത്തല വാദ്യമുള്ള ക്രോധത്തേക്കാൾ 

പ്രകാശനാവേഗമുള്ള വികാരമില്ല.


എന്റെ കയ്യിലെ കത്തിയുടെ തിളക്കം

അവന്റെ കണ്ണുകളിലേക്ക് പകർന്നു 


ആ കൈ പൊങ്ങിയതും

അവിനാശിന്റ കഴുത്തിലെ എഴുന്നുനിന്ന 

ഞരമ്പിൽ കത്തി വയലിൻ വായിച്ചതും

ഒരേ നിമിഷമായിരുന്നു


സാർ,

മനുഷ്യ ശരീരത്തിൽ എഴുപതു ശതമാനം

ജലമല്ല, രക്തമാണ്.


ഇതാണു സംഭവിച്ചത്

നിങ്ങളിതിനെ

 കൊലയെന്നു വിളിച്ചോളൂ,

ഞാൻ ധർമ്മസങ്കടമെന്നേ വിളിക്കൂ

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More