ചെറുകക്ഷികള്‍ക്കും മുഖ്യമന്ത്രിയാകാം...ബീഹാര്‍ ലോട്ടറി കേരളാ വിപണിയിലും - ഇ രാജേഷ്‌

മൈനർ കക്ഷിയെ മുഖ്യമന്ത്രിസ്ഥാനത്തേക്കുയർത്തി ബിജെപി നൽകുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുപാർട്ടികൾക്കുള്ള മോഹനസന്ദേശമാണ്. മുന്നണിയിൽ ഏറ്റവുമധികം സീറ്റു നേടിയ കക്ഷിയുടെ നേതാവിനെ മുഖ്യമന്ത്രിയാക്കുന്ന കീഴ്വഴക്കം മാറ്റിവെച്ച് ബിഹാറിൽ നിതീഷ് കുമാറിനെ അധികാരത്തിലിരുത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയിലെ അധികാര മോഹികളെ പരിഗണിക്കുന്നതിനേക്കാൾ, മറ്റു പാർട്ടികളെ എൻഡിഎയിലേക്ക് ആകർഷിക്കുകയെന്ന ഈ അടവുനയം, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ തുറന്ന കത്താണ്.

എൻഡിഎയെ വീണ്ടും അധികാരത്തിലേക്ക് തെരഞ്ഞെടുത്ത വോട്ടർമാർക്ക് നന്ദിപറഞ്ഞുകൊണ്ട് ഉപമുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുശീൽകുമാർ മോദിയാണ്, നിതീഷ് കുമാര്‍ തന്നെയാണ് അടുത്ത മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചത്. 243 ൽ 125 സീറ്റുകൾ നേടിയാണ് തുടർച്ചയായ നാലാംതവണ എൻഡിഎ ബീഹാർ ഭരിക്കാൻ ഒരുങ്ങുന്നത്. ഇതിൽ 74 സീറ്റും ബിജെപിയുടേതാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഐക്യജനതാദളിനുള്ളത് 43 സീറ്റുകൾ മാത്രം. ഫലത്തിൽ, മുന്നണിയിൽ ഏറ്റവുമധികം സീറ്റുകിട്ടിയ കക്ഷിയെന്നനിലക്ക് മുഖ്യമന്ത്രിസ്ഥാനം ബിജെപിക്ക് അവകാശപ്പെട്ടതാണ്. ആ അവകാശവാദമാണ് ബിജെപി വേണ്ടെന്നുവെക്കുന്നത്. ഒരു കീഴ്വഴക്കം ഉപേക്ഷിക്കുന്നുവെന്ന് ചുരുക്കം.

ഇങ്ങനെ ചെയ്യുന്നതിന് ധാർമ്മികന്യായീകരണംകൂടി മുന്നോട്ടുവെച്ചിരിക്കുന്നു, ബിജെപി. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാൻ തങ്ങൾ ധാർമ്മികമായി ബാധ്യതപ്പെട്ടവരാണെന്നാണ് വിശദീകരണം.  എത്രയെത്ര ധാർമ്മികമനസ്സുകളെ പുളകംകൊള്ളിക്കാൻ പോവുന്നു ബിജെപിയുടെ ഈ ധാർമ്മികനിലപാട്! തെരഞ്ഞെടുപ്പാനന്തരം ഭൂരിപക്ഷപ്രശ്‍നം വരുന്നവേളകളിൽ പാലിക്കേണ്ട ഭരണഘടനാബാധ്യതകൾ ഗോവയിലും മണിപ്പൂരിലും കാറ്റിൽച്ചീന്തിയെറിഞ്ഞ അതേ പാർട്ടിതന്നെയോ ഇത്! ആരും അദ്ഭുതം കൂറിപ്പോകും.

പക്ഷെ ഒന്നുണ്ട്,  ഇതടക്കം ഉണ്ടാക്കിയെടുക്കുന്ന 'വിശുദ്ധപരിവേഷമെല്ലാം' വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ രൊക്കം വോട്ടാക്കിമാറ്റാനുള്ള ചാതുരി ബിജെപിക്ക് മാത്രമേയുള്ളൂ. പ്രതിപക്ഷ പാർട്ടികൾക്കാവട്ടെ ഇതിലെല്ലാം അസൂയപ്പെടാനേ വകുപ്പുള്ളൂ. അവരെ കാത്തിരിക്കുന്നത് പരാജയങ്ങളുടെ തുടരന്‍ പരമ്പരകളാണ്. അതിലേക്കുള്ള പണിക്കുറ്റം തീര്‍ത്ത ചൂണ്ടുപലകയാണ് ബിഹാർഫലവും, ബിജെപിയത് കൈകാര്യംചെയ്യുന്ന വിധവും.

കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുകയാണ്. ഈ സംസ്ഥാനങ്ങളിലേക്കാണ് ഇനി ബിജെപിയുടെ ശ്രദ്ധ. സ്വന്തം മേധാവിത്തത്തിൽ ഭരണമേറുകയെന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലവർക്ക് വിദൂരസ്വപ്നമാണ്‌. മുന്നണിരൂപീകരണശ്രമങ്ങൾ കേരളത്തിലടക്കം എങ്ങുമെത്താത്ത അനുഭവവും അവർക്കുണ്ട്. ഈ സാഹചര്യത്തിൽ ബിഹാറിൽ കൈക്കൊണ്ടിരിക്കുന്ന പുതിയ മുന്നണിക്കീഴ്‌വഴക്കം അന്തർഗതങ്ങൾ പലതുള്ളതാണ്.

ദയനീയമായ തകർച്ചയാണ് ബിഹാറിൽ കോൺഗ്രസ് നേരിട്ടത് എന്ന കാര്യം ഇപ്പോൾ ചിരിപ്പിച്ചാലും വൈകാതെത്തന്നെ മതനിരപേക്ഷപ്പാർട്ടികളെ ഇരുത്തിച്ചിന്തിപ്പിക്കാതിരിക്കില്ല. കാരണം, ബിഹാർ തോൽവിയോടെ കോൺഗ്രസ് ദേശീയനേതൃത്വം വരുംനാളുകളിൽ ഇന്നത്തേതിനേക്കാള്‍ ദുർബ്ബലപ്പെടുമെന്നുറപ്പ്. കോണ്ഗ്രസ് പ്രവര്‍ത്ത സമിതി (CWC) യിലിരുന്നവർക്ക് ഗ്രൂപ്പുഭേദമില്ലാതെ പിന്തുണ കിട്ടിക്കൊണ്ടിരുന്ന ചുരുക്കം പിസിസികളിലായിരുന്നു സമീപകാലംവരെയും കേരളത്തിന്റെ സ്ഥാനം. കേന്ദ്രനേതൃത്വം ദുര്‍ബ്ബലപ്പെടുന്നതിനനുസരിച്ച് കേരളത്തില്‍ ആ പിന്തുണ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കാര്യം ദില്ലിയിലിരിക്കുന്നവർ നോക്കേണ്ട എന്ന, രാഹുൽഗാന്ധിക്കെതിരെ രമേശ് ചെന്നിത്തല പറഞ്ഞതരം വാക്കുകൾ മുമ്പെപ്പോഴെങ്കിലും കേട്ടതായോർമ്മയുണ്ടൊ?  ഗ്രൂപ്പ് ചക്രവർത്തിയായിരുന്ന കെ കരുണാകരന്റെ വായിൽനിന്നുപോലും വന്നിട്ടില്ലാത്തതാണ് അത്തരം വാക്കുകൾ. അത് ആ പാർട്ടി നേരിടാൻപോകുന്ന അച്ചടക്കത്തകർച്ചയുടെ ഒന്നാംതരം ഉദാഹരണമായിരുന്നു.

ഉമ്മൻചാണ്ടിയുടെ പുനരാഗമനത്തോടെ കേരളത്തിലെ കോൺഗ്രസ്സിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അടിമുടി അപ്രതീക്ഷിതങ്ങളാണ്. ഏറ്റവുമൊടുക്കം, ദേശീയനേതൃത്വത്തിൽ കാര്യമായി പരിഗണിക്കപ്പെട്ടുപോന്നിരുന്ന സുരേഷ് കൊടിക്കുന്നിൽവരെ 'പുതുവിമതനായ' രമേശ് ചെന്നിത്തലയുടെ പക്ഷംചേർന്നിരിക്കുന്നു. നേരിട്ടല്ലെങ്കിൽപോലും ഒരു 'വിശാല ബിജെപിമുന്നണി'യിൽ ഉൾപ്പെട്ടുനിൽക്കാൻ നല്ല സാധ്യതയുള്ള ഒരു വൻനിര! കോൺഗ്രസ്സിനകത്ത് രൂപപ്പെടുന്ന പുതിയ രാഷ്ട്രീയമേഘക്കൂട്ടങ്ങളെ വേറെങ്ങനെവേണം മനസ്സിലാക്കാൻ?

ചെറുപാർട്ടികളുടെ കാര്യമോ? എൽഡിഎഫ് സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ച് സ്വപക്ഷത്തെത്തിച്ചിരിക്കുന്ന കേരളകോൺഗ്രസ് (മാണി) അടക്കമുള്ളവരെത്തന്നെയാണ് ഉദ്ദേശിക്കുന്നത്. കോൺഗ്രസിന്റെ ദോഷജാതകം ഇത്രക്ക് തെളിയാതിരുന്ന സമയത്തുപോലും ബിജെപിമുന്നണിയിലേക്കും തുല്യമായൊരു പാലം പണിഞ്ഞുകൊണ്ടിരുന്നവരാണ് ഇവരിൽ ഏറിയകൂറും. പി സി തോമസിനെപ്പോലെ, എത്രയോ മുന്നേതന്നെ ബിജെപിയെ ഹൃദയത്തിലേറ്റാൻ മടിക്കാത്തവരും ഇവരിലുണ്ട്.

ഇടതുപക്ഷകക്ഷികളുടെ ചിറകിനടിയിലുള്ളവരുടെ കാര്യമെടുത്താലോ? ഭരണത്തിനും അധികാരത്തിനുമപ്പുറം ഒന്നും കാണാത്ത അധോമുഖവാമനന്മാർ ഇടതുപക്ഷപാർട്ടികളിൽത്തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇരിക്കുകയും ചെയ്യുന്നു! ഈയൊരു കാക്കക്കൂടാണ് വാസ്തവത്തിൽ കേരളത്തിലെ കക്ഷിരാഷ്ട്രീയം. അക്കൂട്ടിലേക്ക് തള്ളക്കാക്ക ഇരവിതരണം തുടങ്ങിക്കഴിഞ്ഞാൽ ഉണ്ടാകാറുള്ള അർത്ഥപൂർണ്ണനിശ്ശബ്ദത കൊണ്ടുവരാൻ പോകുകയാണ് വമ്പൻവിജയത്തിനു പിന്നാലെ ബിജെപി ബിഹാറിൽ അവതരിപ്പിക്കുന്ന പുതിയ മുന്നണികീഴ്വഴക്കം.

ഇന്ദിരാഗാന്ധിയുടെ അർധഫാസിസ്റ്റുഭരണത്തിനെതിരെ ആനപ്പുറമേറി തഴമ്പുള്ള സോഷ്യലിസ്റ്റ് വീരന്മാരെവരെ സ്വന്തം ദ്വാരപാലകരാക്കി മാറ്റിയതാണ് ബിജെപിയുടെ വിജയചരിത്രം. ഒരു ലാലുപ്രസാദ് യാദവിനെയേ അവർക്കതിനു കഴിയാതിരുന്നിട്ടുള്ളൂ. അയാളിപ്പോൾ അതുകൊണ്ടുതന്നെ ജയിലിലുമാണല്ലോ. ബിഹാറിലെ മാത്രം കഥയല്ല ഇതെന്നും നമുക്കറിയാം. മുലായത്തിന്റെ വീരപോരാട്ടമാണിതുപറയുമ്പോൾ ഓർമ്മവരുന്നതെങ്കിൽ, അഖിലേശയാദവിന്റെ ആരോഹണത്തോടെ ബിജെപിക്ക് കൈവെള്ളയിലാട്ടാവുന്ന പന്തായിച്ചുരുങ്ങി, ഉത്തരപ്രദേശിൽ ആ സോഷ്യലിസ്റ്റുകക്ഷി. കേരളത്തിലെ ഒരു വീരേന്ദ്രകുമാറിനെ ആ പഴയ വീരവ്യാഘ്രങ്ങളിലെ അപവാദമായിപ്പറയാം. പക്ഷെ, ഇനിയതെത്രനാൾ എന്നോർമ്മിപ്പിക്കുന്നില്ലേ, അദ്ദേഹത്തിന്റെ കസേരയേറ്റെടുത്ത 'ഇടതുപക്ഷ എംപി'?

അങ്ങനെ, പി സി തോമസുതൊട്ട് ജോസ് മാണി വരെയുള്ള കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, ഉമ്മൻചാണ്ടിയുടെ വേരുറക്കലോടെ അതൃപ്തരായി ആടാൻപോകുന്ന കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ഇടതുപാർട്ടികൾക്കിനി പ്രസക്തിയില്ലെന്ന് 'വെളിപ്പെട്ട്' പാർട്ടിച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം! അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം. 'സ്വന്തം സ്വത്വം' കളഞ്ഞുകുളിക്കാതെ 'സനാതനഹിന്ദുത്വ' രാജ്യത്തെ സാമന്തരാജാക്കളും അംശം ഭരണാധികാരികളുമൊക്കെ ആവാനുള്ള സുവർണ്ണാവസരങ്ങളിലേക്കാണ് അവർക്ക് ക്ഷണം! അവർക്കതിനു തടസ്സമാവാൻ നിലവിലെ കേരളത്തിലെ ഒരു ബിജെപിനേതാവിനുമാവില്ലെന്നു തെളിയിക്കുന്നു സംസ്ഥാനബിജെപിനേതൃത്വത്തിലെ തുടർച്ചയായ തലതെറിപ്പിക്കലുകൾ. വിശാലമുന്നണിയെന്ന ആശയത്തിനപ്പുറം, ബിജെപിക്കും അതുവഴി തനിക്കും അപ്രമാദിത്തം കൽപ്പിക്കാൻ ഒരു നേതാവിനെയും കേരളത്തിലവർ വളരാൻ വിട്ടിട്ടില്ലെന്നതിൽ സംശയമുണ്ടോ?    

അബ്ദുള്ളക്കുട്ടിമാരെപ്പോലുള്ളവരെ അവതരിപ്പിച്ചത് ഒരു പ്രയാസവും കൂടാതെയാണ് ബിജെപി കേരളസംസ്ഥാനഘടകം സ്വീകരിച്ചത്. ഇത് മുന്നണിപരീക്ഷണങ്ങളിൽ ഒരു പൂർവ്വമാതൃകയും പ്രതീക്ഷിക്കേണ്ടെന്ന അമിത്ഷാ നയത്തോടുള്ള കുമ്പിട്ടുതൊഴലാണ്. ശോഭാസുരേന്ദ്രനും പി എം വേലായുധനും കുമ്മനവുമൊന്നും ഒരു ചായക്കപ്പുകലാപത്തിനും അപ്പുറത്തേക്ക് നീങ്ങില്ല, സംശയംവേണ്ട. ഇനിയവരെ ഇടതുപക്ഷത്തേക്കുവരെ കൊണ്ടുവരാൻ കഴിഞ്ഞാലും ബിജെപീവണ്ടി പാളംതെറ്റില്ല.

സിംഹിണിയായ മമതാ ബാനർജിയെ കൂട്ടിലടച്ച് തങ്ങൾക്കുവേണ്ടി പടനായികയാക്കിയവരാണ് ബിജെപിയെന്ന് ഇടതുപക്ഷനേതൃത്വവും ഇടതുബന്ധുക്കളും മറന്നുകൂടാ. കേരളത്തിലവർ പയറ്റാൻ സൂക്ഷിച്ച തെരഞ്ഞെടുപ്പ് അടവുകൾ, ഇടതുവലതുഭേദമില്ലാതെയുള്ള ചെറുകക്ഷികളുടെ എണ്ണത്തേക്കാൾ ഒട്ടും കുറവാവില്ലെന്നത് പച്ചവെള്ളംപോലെ വ്യക്തമാണ്. ബിഹാറു കണ്ടിട്ട്, തീപ്പൊരി തീക്കാറ്റാവുന്നതിനെക്കുറിച്ചുള്ള റൊമാന്റിക് സ്വപ്‌നങ്ങൾ നെയ്യുന്നതിന് പ്രചാരണമൂല്യമുണ്ടാവാം. പക്ഷെ, അതിനേക്കാൾ കേരളത്തിലെ ഇടതുപക്ഷത്തിന് കരണീയം - ബിജെപി മറ്റൊരു ബൂർഷ്വാപാർട്ടി മാത്രമല്ല എന്ന ബോധ്യം ഉറച്ചതാണെങ്കിൽ - ലിബറേഷൻകാർ ബിഹാറിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ വൈകിയവേളയിലെങ്കിലും ഇവിടെ ഏറ്റെടുക്കാൻ കഴിയുമോ എന്നു നോക്കലാവും. അതുചെയ്ത് സ്വന്തം അടിത്തറയെങ്കിലും സംരക്ഷിച്ചുവെക്കാതെ ഭാവിയിൽ ഇവിടെയും ഒവൈസിമാരെ പഴിക്കുന്ന നിലവരുത്തുന്നത് മരിച്ചവർക്കുവേണ്ടിയുള്ള നിലവിളിപോലെ വ്യർത്ഥമാവും.

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More