കോടതിയ്ക്കറിയുമോ? അര്‍ണബിനെപ്പോലെ സിദ്ദിഖ് കാപ്പനും മാധ്യമപ്രവര്‍ത്തകനാണ് - കെ.ടി. കുഞ്ഞിക്കണ്ണന്‍

പക്ഷപാതിത്വപരമായ സമീപനം നീതിന്യായ സംവിധാനങ്ങൾക്ക് സംഭവിക്കുന്ന അപചയത്തെയാണ് കാണിക്കുന്നത്. ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ജൂഡിഷ്യറി അധികാരശക്തികൾക്ക് വഴങ്ങി കൊടുക്കുന്ന അവസ്ഥ. എന്തെങ്കിലും തരത്തിലുള്ള മാധ്യമ പ്രവർത്തനത്തിൻ്റെ പേരിലല്ല അർണബ് ഗോസാമി അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു പാവം മനുഷ്യനെ വഞ്ചിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട കേസിലാണ് അയാൾ ജയിലിലായത്.

അങ്ങനെയൊരാൾക്ക് ജാമ്യം അനുവദിച്ച നടപടി നമ്മുടെ പരമോന്നത കോടതിയുടെ വിവേചന സമീപനത്തെയും രാജ്യം ഭരിക്കുന്ന പാർടിയോടുള്ള  ലജ്ജാകരമായ പക്ഷപാതിത്വത്തെയുമാണ് അനാവരണം ചെയ്യുന്നത്. സുപ്രിംകോടതി അർണബിൻ്റെ ജാമ്യഹർജി കേട്ടുകഴിഞ്ഞ് വെറും നാലുദിവസത്തിനുള്ളിലാണ് ജാമ്യമനുവദിച്ചത്.

കുറ്റം പറയരുതല്ലോ, ജാമ്യം നിഷേധം വഴി സംഭവിക്കുന്ന നീതിനിഷേധത്തെക്കുറിച്ച് ഒരു ഹിമാലയന്‍ പ്രസംഗവും കോടതി നടത്തിയിട്ടുണ്ട്. ജാമ്യം നിഷേധിക്കുന്നത് നീതിയുടെ ലംഘനമല്ലേയെന്ന് ചോദിച്ച കോടതി, ഭരണഘടനാ കോടതികൾക്ക് ഇക്കാര്യത്തിൽ ഇടപെടാതിരിക്കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ബഹുമാനപ്പെട്ട കോടതി സ്വയം ചോദിക്കാതെപോയത് മറ്റു നിരവധി കേസുകളിൽ എന്തുകൊണ്ട് തങ്ങൾക്ക് ഈ നീതിബോധം ഉണ്ടായില്ലായെന്നാണ്.

വരവരറാവു

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് നിരപരാധികളായ എത്ര ധിഷണാശാലികളും ആക്ടീവിസ്റ്റുകളുമാണ് തടവറയിൽ കഴിയുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അവരെയെല്ലാം യുഎപിഎ ചുമത്തി ജാമ്യം കൊടുക്കാതെ തടവിലിട്ടിരിക്കുന്നത്. എണ്‍പതുകാരനും രോഗിയുമായ വരവരറാവുവിനെ ആശുപത്രിയില്‍ പരിചരിക്കാൻ പോലും ബന്ധുക്കൾക്ക് അനുമതി നൽകിയില്ല.

ഫാദർ സ്റ്റാൻ സ്വാമി

83 കാരനായ  ഫാദർ സ്റ്റാൻ സ്വാമിയെ ഒക്ടോബർ 8 നാണ് അറസ്റ്റ് ചെയ്യുന്നത്.''പാർക്കിൻസൺസ് രോഗം കാരണം കൈ വിറയ്ക്കുന്നു, ഗ്ലാസിൽനിന്നു വെള്ളം കുടിക്കാൻ പറ്റുന്നില്ല, അതുകൊണ്ടു സ്ട്രോ ഉപയോഗിക്കാൻ അനുവദിക്കണ''മെന്നുള്ള  ഫാദർ സ്റ്റാൻസ്വാമിയുടെ ഹർജി 20 ദിവസം കഴിഞ്ഞു  പരിഗണിക്കാമെന്നാണ് ബഹുമാനപ്പെട്ട എൻഐഎ കോടതി പറഞ്ഞിരിക്കുന്നത്! എന്തൊരു നീതിബോധം !!

സഞ്ജീവ് ഭട്ട്

മുപ്പത് വർഷം പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കിയാണല്ലോ നീതിബോധമുള്ള ഒരു പൊലീസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചത്. 2018 സെപ്റ്റംബർ 5 നാണ് അദ്ദേഹത്തെ പൊലീസ് കൊണ്ടുപോകുന്നത്. ഇപ്പോഴും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ തന്നെ. ബന്ധുക്കൾക്ക് പോലും ആ നീതിമാൻ്റെ സ്ഥിതിയെന്താണെന്നറിയാൻ കഴിയുന്നില്ല. രണ്ട്‌ വർഷവും രണ്ടുമാസവുമായി അദ്ദേഹം തടവറയിലാണ്. 

നീതിക്ക് വേണ്ടി ശബ്ദിച്ച, പീഡിതർക്ക് വേണ്ടി സത്യം വിളിച്ചു പറഞ്ഞ ഒരു പൊലീസ് ഓഫീസറെ ഇവ്വിധം പീഡിപ്പിക്കുമ്പോൾ അയാൾക്ക് വേണ്ടി ശബ്ദിക്കാൻ ഇന്ത്യയിൽ ആരുമില്ലേ എന്നാണ് അദ്ദേഹത്തിൻറെ മകൻ ശന്തനു  വേദനയോടെ ചോദിക്കുന്നത്.

സിദ്ദീഖ് കാപ്പൻ

ഠാക്കുർ ജാതിപ്രമാണിമാർ ക്രൂരമായ കൂട്ട ബലാത്‌സംഗത്തിനിരയാക്കി നട്ടെല്ല് തകർക്കുകയും പേര് പറയാതിരിക്കാൻ നാക്ക്  മുറിച്ചെടുക്കുകയും ചെയ്തു കൊന്ന മനീഷ വാല്മീകി എന്ന ദളിത് പെൺകുട്ടിയുടെ നാടായ യുപിയിലെ ഹത്‌റാസിൽ പോകുന്നതിനിടെയാണ് മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അറസ്റ്റു ചെയ്യപ്പെടുന്നത്. അദ്ദേഹം തീവ്രവാദിയാണെന്നാണ് ആരോപണം. മലപ്പുറത്തുകാരനായ ഈ സിദ്ദിഖ് കാപ്പൻ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമാണ്. ഒക്ടോബർ 5 നാണ് അദ്ദേഹത്തെ അറസ്റ്റുചെയ്ത് യുഎപിഎ ചാർത്തി ജയിലിലടച്ചത്. അർണബിന് ജാമ്യം നിഷേധിച്ചാലുണ്ടാകുന്ന നീതി നിഷേധത്തെക്കുറിച്ച് ഉൽകണ്ഠപ്പെട്ട കോടതി മറ്റൊരു മാധ്യമ പ്രവർത്തകന് നേരെ തുടരുന്ന നീതിനിഷേധത്തെക്കുറിച്ച് കൗശലപൂർവ്വം മൗനം പാലിച്ചു.

സിദ്ധിഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി, ഹർജി 4 ആഴ്ചത്തേക്കു മാറ്റിയിട്ട് ഇപ്പോൾ ഏകദേശം ഒരു മാസയായി.

ഡോ. കഫീൽ ഖാൻ  

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പരിസരത്തുവെച്ച്, 2019 ഡിസംബർ 13 ന് ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് ശിശുരോഗ വിദഗ്ധനായ ഡോക്ടർ കഫീൽ ഖാനെ  2020 ജനുവരി 29 -ന് രാത്രി  മുംബൈ എയർപോർട്ടിൽ വെച്ച്  അറസ്റ്റ് ചെയ്യുന്നത്. 

കൊവിഡ് പടർന്നു പിടിച്ച സമയത്ത് കൊടും കുറ്റവാളികളൊ ഴികെയുള്ള വിചാരണത്തടവുകാരെ പരോളിൽ വിട്ടയയ്ക്കുവാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 20 ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംരക്ഷണ ചുമതലയുള്ള സമിതി ഡോക്ടർ കഫീൽ ഖാൻ അടക്കമുള്ള സിഎഎ വിരുദ്ധ പ്രക്ഷോഭകരെ പുറത്തുവിടണം എന്ന് ഇന്ത്യ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ കഫീൽ ഖാൻ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കിടന്നത് 7 മാസത്തോളമാണ്.

"എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്, നിയമത്തിന്റെ തുല്യ പരിരക്ഷയ്ക്ക് യാതൊരു വിവേചനവുമില്ലാതെ എല്ലാവർക്കും അർഹതയുണ്ട്" എന്നാണ് യുഎൻ മനുഷ്യാവകാശ വിളംബരത്തിലെ അനുഛേദം 7 വ്യക്തമാക്കുന്നത്. അതുകൊണ്ട് സഞ്ജീവ് ഭട്ടിനെയും സിദ്ദിഖ് കാപ്പനെയും സ്റ്റാന്‍ സ്വാമിയെയും വരവര റാവുവിനെയും മുന്‍ നിര്‍ത്തി പറയാം, തീര്‍ച്ചയായും ഇത് ഒരുതരം വിവേചന ഭീകരതയാണ്. തുല്യനീതിയെ സംബന്ധിച്ച സാർവ്വദേശീയ പ്രഖ്യാപനങ്ങളുടെ നഗ്നമായ ലംഘനമാണ്.

Contact the author

K T Kunjikkannan

Recent Posts

Views

ഫ്രെഡറിക് എംഗൽസിനെ 200-ാം ജന്മദിനത്തില്‍ അനുസ്മരിക്കുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണൻ

More
More
Views

ഭരണഘടനാദിനം: നഷ്ടപ്പെടുന്ന ബഹുസ്വരതയെകുറിച്ച് ചിന്തിക്കാനുള്ള ദിനം - കെ. ടി. കുഞ്ഞിക്കണ്ണന്‍

More
More
Sunil Kumar 1 week ago
Views

കളരിപ്പയറ്റിലെ ചലനചിന്ത - പി. കെ. സുനില്‍ കുമാര്‍

More
More
Views

കോടിയേരിക്ക് ചെക്കു വിളിക്കുമ്പോള്‍ ചെന്നിത്തല ഓര്‍ക്കണം - എസ് നികേഷ്

More
More
Dr. Jayakrishnan 2 weeks ago
Views

കൊവിഡ്-19: പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - ഡോ. ടി. ജയകൃഷ്ണന്‍

More
More
K T Kunjikkannan 2 weeks ago
Views

ചാച്ചാജിയുടെ ഇന്ത്യ ചാച്ചാജിയുടെ കുഞ്ഞുങ്ങൾ - കെ. ടി. കുഞ്ഞിക്കണ്ണൻ

More
More