സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ചോദ്യംചെയ്ത കാരാട്ട് ഫൈസൽ സ്ഥാനാർത്ഥിയായി വേണ്ടെന്ന് സിപിഐഎം. ഇതോടെ ഫൈസൽ കൊടുവള്ളിയിൽ മത്സരിക്കില്ലെന്ന് തീരുമാനമായി. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്.
നിലവില്‍ നഗരസഭാ ഇടത് കൗണ്‍സിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പി.ടി.എ. റഹീം എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.
യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ ഫൈസലിനെ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ഫൈസൽ പ്രതിയാണ്. എന്നാല്‍ കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്നാണ് പി. മോഹനൻ പറയുന്നത്.