ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസ് കണ്ണാടി നോക്കണം - എസ്. വി. മെഹ്ജൂബ്

Mehajoob S.V 2 years ago

ബഷീറിന്റെ പ്രധാനപ്പെട്ട നോവലുകളില്‍ ഒന്നാണ് ''എന്റെ ഉപ്പൂപ്പാക്ക് ഒരാനണ്ടാര്‍ന്നു'' എന്നത്. സമ്പന്നതയും ആര്‍ഭാടങ്ങളും അവസാനിച്ച കാലത്തും തറവാട്ടില്‍ ആനയുണ്ടായിരുന്ന കാലത്തുതന്നെ കാല്പനികതയോടെ ജീവിക്കുന്ന കുഞ്ഞിപ്പാത്തുമ്മ വായനക്കാരില്‍ ചിരിയും സഹതാപവും സ്നേഹവും ഒരുപോലെയുണ്ടാക്കുന്നുണ്ട്. ഏതാണ്ട് ഇതുപോലെയാണ് കോണ്‍ഗ്രസ്സിന്റെ കാര്യം. ഇന്ത്യയൊന്നാകെ ഭരിച്ച പാര്‍ട്ടിയാണ്. പക്ഷെ ഇന്ന് ബഷീറിന്റെ നോവലിലെ കുഞ്ഞിപ്പാത്തുമ്മയെപ്പോലെ വെറുതെ പറഞ്ഞുനടക്കാമെന്നുമാത്രം. എല്ലാവര്‍ക്കുമറിയാവുന്ന ഈ കാര്യം പറഞ്ഞുനടക്കുന്നത് സീതാറാം യെച്ചൂരിയോ തേജസ്വി യാദവോ അഖിലേഷ് യാദവോ മമതാ ബാനര്‍ജിയോ ഒന്നുമല്ല മറിച്ച് കോണ്‍ഗ്രസ്സിന്റെതന്നെ നേതാക്കളായ കപില്‍ സിബലും താരിഖ് അന്‍വറും കാര്‍ത്തി ചിദംബരവുമൊക്കെയാണ്. 

സത്യത്തില്‍ കോണ്‍ഗ്രസ്സിനെ ഇങ്ങനെയൊന്നും പറഞ്ഞു കളിയാക്കാന്‍ ഒട്ടും സ്കോപ്പില്ല, മനസ്സുമില്ല. എന്നിട്ടും ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നത് ഇഛാഭംഗം കൊണ്ടാണ്. കോണ്‍ഗ്രസ്സിനു ബിജെപിക്ക് ബദലാകാന്‍ കഴിയുമെന്ന് വിശ്വസിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായിരുന്നു കേരളം. മുല്ലപ്പള്ളിയുടെ സംഘടനാ മികവുകൊണ്ടല്ല 20 ല്‍ 19 സീറ്റും നല്‍കി കോണ്‍ഗ്രസ് മുന്നണിയെ കേരളീയര്‍ വിജയിപ്പിച്ചുവിട്ടത്. അത് നേരത്തെ പറഞ്ഞതുപോലെ കോണ്‍ഗ്രസ്സിനു ശക്തി പകര്‍ന്ന് കേന്ദ്രത്തില്‍ ബിജെപിക്ക് ബദലായി നിര്‍ത്തുക എന്ന രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു. ഇക്കാര്യം ഇടതുപക്ഷത്തിനും ആര്‍ജെഡിയടക്കം ഇന്ത്യയിലെ മറ്റു മതേതര പ്രസ്ഥാനങ്ങള്‍ക്കും നന്നായി മനസ്സിലായിട്ടുണ്ട്, മനസ്സിലാകാത്ത ഒറ്റ വിഭാഗമേയുള്ളൂ. അത് മറ്റാരുമല്ല കോണ്‍ഗ്രസ് തന്നെയാണ്. അവര്‍ ഇപ്പോഴും ആ ആനയുണ്ടായിരുന്ന കാലത്തുതന്നെ നില്‍ക്കുകയാണ്. കാലിന്നടിയിലെ മണ്ണ് നിരന്തരം ഒലിച്ചുപോകുന്നത് അറിഞ്ഞിട്ടില്ല. ഒലിച്ചുപോകാതെ തടയണ വെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിട്ടില്ല. രാജ്യത്താകെ അശ്വമേധം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപിയെ മനസ്സിലായിട്ടില്ല. യാഥാര്‍ഥൃബോധത്തിലേക്കൊട്ടുമെത്തിയിട്ടില്ല.

ബിജെപി ഹിന്ദുത്വകൊണ്ടാണ് രക്ഷപ്പെട്ടതെങ്കില്‍ നമുക്കല്‍പ്പം മൃദുവായി അതേകളി കളിച്ചു നോക്കാം എന്നാണ് അവരുടെ തോന്നല്‍. രാമക്ഷേത്രത്തിന്‌ മോദി ശിലാന്യാസം നടത്തിക്കൊണ്ടിരിക്കെ, ''ഞങ്ങളെ വിളിച്ചില്ലാ... ഞങ്ങളെ വിളിച്ചില്ലാ... ഞങ്ങളും രാമന്റെയാള്‍ക്കാരാണ്''  എന്നൊക്കെപ്പറഞ്ഞു കരഞ്ഞത് കമല്‍ നാഥും ദിഗ് വിജയ് സിങ്ങും മാത്രമല്ല. പ്രിയങ്ക കൂടിയാണ്. ബിജെപിയെക്കണ്ട് നിങ്ങള്‍ ഹിന്ദുത്വ കളിച്ചാല്‍ വിജയിക്കാന്‍ പോകുന്നില്ല. സാക്ഷാല്‍ സ്വര്‍ണ്ണമുണ്ടെങ്കില്‍ പിന്നെ സ്വര്‍ണ്ണം മുക്കിയതിന്റെ പിന്നാലെ ആരെങ്കിലും വരുമോ കോണ്‍ഗ്രസ്സേ... എന്തിന്, നിങ്ങളുടെ എംഎല്‍എ മാര്‍ക്കോ എംപി മാര്‍ക്കോ നിങ്ങളെ വിശ്വാസമുണ്ടോ? ഇന്ന് ബിജെപിയില്‍ ഉള്ള നേതാക്കന്മാരില്‍, മന്ത്രിമാരില്‍, എംഎല്‍എ മാരില്‍ എന്തിന്, പഞ്ചായത്ത് മെമ്പര്‍മാരില്‍ പോലും മഹാഭൂരിപക്ഷവും കോണ്‍ഗ്രസ്സില്‍നിന്ന് പോയവരാണ്. മറ്റെല്ലാ പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ പോയിട്ടില്ലേ എന്ന് മുട്ടാപ്പോക്കിനു ചോദിക്കാം. പക്ഷെ കഴിഞ്ഞ ആഴ്ചയില്‍ ജനവിധി വന്ന ബീഹാറില്‍ പോലും 9 കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ കൂറ് മാറിയേക്കാം എന്ന റിപ്പോര്‍ട്ട് ഹൈക്കമാണ്ടിനു ലഭിച്ചില്ലെ? ആര്‍ ജെ ഡിയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുകൂടി ഓര്‍ക്കണം. സ്ഥിതിവിവരകണക്കുകള്‍ ഉണ്ട്. അതുപറയാന്‍ സമയം മതിയാകില്ല എന്നതുകൊണ്ടുമാത്രം ഞാന്‍ പറയുന്നില്ല. രാജ്യത്ത് ഏറ്റവുമധികം അവസരകാക്ഷികള്‍ ഒത്തുകൂടിയ വെറും ഒരു ആള്‍ക്കൂട്ടമായിരുന്നു കോണ്‍ഗ്രസ് എന്ന് തെളിയിക്കും ആ കണക്കുകള്‍. അവരെല്ലാം ഇപ്പോള്‍ ബിജെപിയിലാണല്ലോ എന്നാലോചിക്കുമ്പോഴാണ് ഒരു സമാധാനം. ബിജെപി ക്ക് ഒരിടിവ് തട്ടാന്‍ നോക്കിയിരിക്കുകയാണ് ഈ ചതുരംഗം കളിക്കാര്‍ പടവും മടക്കി ഉടനെ മറ്റേതെങ്കിലും പാര്‍ട്ടികളിലേക്ക് ഓടിക്കയറും. അപ്പോള്‍ കോണ്‍ഗ്രസ് 'എന്റെ ഉപ്പൂപ്പാക്ക് ഒരാനണ്ടാര്‍ന്ന' കാലത്തെപ്പോലെ വലിയ തറവാടായിത്തീരും. അതായത് ഇപ്പൊ അങ്ങനെയല്ല എന്നര്‍ത്ഥം. അതുകൊണ്ട് ബീഹാറില്‍ ചോദിച്ചതുപോലെ എല്ലായിടത്തും ചെന്ന് 60 ഉം 70 ഉം സീറ്റുകളൊന്നും ചോദിക്കണ്ട. ഉള്ളവരെക്കൂടി പറഞ്ഞയക്കാതെ, സ്വന്തമായി ഒരു സ്ഥിരം അദ്ധ്യക്ഷനെ/യെയുണ്ടാക്കി, ആ രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ബോധത്തിലേക്കെങ്കിലും വളര്‍ന്ന്, ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട്, കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപി നയങ്ങളുടെയും വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടി, 'ബിജെപിക്കെതിരെ ഒരു ബദല്‍' എന്ന ജനങ്ങളുടെ ഏറ്റവും അനിവാര്യമായ ആവശ്യത്തിനൊപ്പം ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെയാകെ അണിനിരത്താന്‍ നേതൃത്വം നല്‍കണം. അതാണ് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ നിന്നുവന്ന. നീണ്ട പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിനു ചെയ്യാനുള്ളത്.

Contact the author

Recent Posts

Web Desk 10 months ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
International Desk 10 months ago
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 10 months ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 10 months ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 10 months ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More
Web Desk 10 months ago
Editorial

പഠിക്കാനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍

More
More