മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിടുന്നത് തുടരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്സിംഗ് ഗെയ്ക്ക്വാദ് പാട്ടീല്‍ ആണ് ഇന്ന് രാവിലെ പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചത്. തന്റെ രാജിക്കത്ത് ബിജെപി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലിന് രാവിലെയാണ് അയച്ചത്.
കഴിഞ്ഞ 10 വര്‍ഷക്കാലമായി പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അധികാര സ്ഥാനങ്ങളില്‍ താല്‍പ്പര്യമില്ലാത്ത തനിക്ക് പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ പോലും നല്‍കാത്തതാണ് ഇപ്പോള്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നും ജയ്സിംഗ് ഗെയ്ക്ക്വാദ് പാട്ടീല്‍ പറഞ്ഞു. യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ജയ്സിംഗ് ഗെയ്ക്ക്വാദ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് സഹമന്ത്രിയുമായിരുന്നു.1973 മുതല്‍ ജനസംഘവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിയത്.
മഹാരാഷ്ട്രയിലെ തന്നെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന ധനകാര്യ മന്ത്രിയുമായ ഏകനാഥ് ഖട്സേ ബിജെപി വിട്ടതിനു തൊട്ടു പിറകെയാണ് ഇപ്പോള്‍ ജയ്സിംഗ് ഗെയ്ക്ക്വാദ് പാട്ടീല്‍ രാജിവെച്ചിരിക്കുന്നത്. പലതരത്തില്‍ അസംതൃപ്തരും അവഗണിപ്പെട്ടവരുമായ വലിയ നിര നേതാക്കള്‍ ഇനിയും സംസ്ഥാനത്ത് ബിജെപിയില്‍ നിന്ന് വിട്ടുപോകാന്‍ സാധ്യത കൂടുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.