ഫ്രെഡറിക് എംഗൽസിനെ 200-ാം ജന്മദിനത്തില്‍ അനുസ്മരിക്കുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണൻ

മനുഷ്യരാശിയുടെ ചരിത്രത്തിൽ പരിവർത്തനത്തിൻ്റെ പ്രക്ഷോഭ ജ്വാല പടർത്തി കടന്നുവന്ന മാർക്സിസ്റ്റ് ദർശനമെന്നത് കാൾ മാർക്സിൻ്റെയും ഫ്രെഡറിക് എംഗൽസിൻ്റെയും ചിന്താപദ്ധതിയാണ്. മാർക്സും എംഗൽസും ചേർന്നാണ് ലോകത്തെ മാറ്റിത്തീർക്കുന്ന തത്വചിന്തയായി തൊഴിലാളിവർഗത്തിൻ്റെ പ്രപഞ്ചവീക്ഷണം വളർത്തി കൊണ്ടുവന്നത്. മാർക്സിനെയോ എംഗൽസിനെയോ വേർപ്പെടുത്തിക്കൊണ്ട് രണ്ടിലാരെങ്കിലും കുറിച്ചൊരു അനുസ്മരണകുറിപ്പോ ജീവചരിത്രകുറിപ്പോ തയ്യാറാക്കാനാവില്ല. അവർ രണ്ടു പേരുടെയും ജീവിതവും പ്രവർത്തനങ്ങളും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. അവയെ ആർക്കും വേർതിരിക്കാനാവില്ല. അവരുടെ കൃതികളിൽ നിന്നും വിപ്ലവ പോരാട്ടങ്ങളിൽ നിന്നും രാഷ്ട്രീയവും സൈദ്ധാന്തികജ്ഞാനവും ഏറ്റുവാങ്ങിയവരെ സംബന്ധിച്ചടുത്തോളം അറിവും പ്രയോഗവും ജീവിതവും വിശ്വാസവും വേർപിരിച്ചു നിർത്താനാവാത്തത് പോലെ, മാർക്സിൽനിന്നു വേർതിരിച്ചൊരു എംഗൽസോ, എംഗൽസിൽ നിന്ന് വേർതിരിച്ചൊരു മാർക്സോയില്ല.

ഫ്രെഡറിക് എംഗൽസിൻ്റെ 70-ാം ജന്മദിനമായ 1890 ലെ നവംബർ 28 ന് മാർക്സിൻ്റ മകൾ എലിയനോർ മാർക്സ് എഴുതിയ ഓര്‍മ്മക്കുറിപ്പ് തുടങ്ങുന്നത്; എംഗൽസിൻ്റെയും തൻ്റെ പിതാവായ മാർക്സിൻ്റയും ജീവിതമെന്നത് "ഒരു സങ്കല്പ സ്വർഗ്ഗമെന്ന നിലയിൽ നിന്നും സോഷ്യലിസത്തെ ഒരു ശാസ്ത്രമാക്കി വളർത്തിയെടുത്ത സൈദ്ധാന്തികയത്നങ്ങളുടേതു മാത്രമല്ല ലോക തൊഴിലാളി പ്രസ്ഥാനത്തിൻ്റെ അരനൂറ്റാണ്ടുകാലത്തെ ത്യാഗപൂർണ്ണവും ധീരോദാത്തവുമായ പോരാട്ടങ്ങളുടേതു കൂടിയാണ്" എന്നാണ്. അവർ കേവലമായ സൈദ്ധാന്തിക രംഗത്തെ നേതാക്കളും മീമാംസകരും മാത്രമായിരുന്നില്ല. തൊഴിലാളിവർഗത്തെ ഒരു സ്വതന്ത്ര രാഷ്ട്രീയശക്തിയാക്കി വളർത്തി മുതലാളിത്തത്തെ ഇല്ലാതാക്കാനും മനുഷ്യരാശിയെ സോഷ്യലിസത്തിലേക്ക് നയിക്കുക എന്ന വിപ്ലവകരമായ രാഷ്ട്രീയ ദൗത്യം നിർവഹിക്കാനും പ്രാപ്തമാക്കാനായി ജീവിതമുഴിഞ്ഞുവെച്ചവരായിരുന്നു. ദൈനംദിന ജീവിതത്തിൽ നിന്നുമൊഴിഞ്ഞുമാറി ഏകാന്തതകളിൽ നിന്നും ദർശനങ്ങൾ ചമച്ചവരായിരുന്നില്ല. സാർവ്വദേശീയ തൊഴിലാളിവർഗത്തിൻ്റെ പോരാട്ടങ്ങളുടെ മുൻനിരയിൽ തന്നെ നിലയുറപ്പിച്ച വിപ്ലവകാരികളായിരുന്നു.

 ഫ്രെഡറിക് എംഗൽസ് - ഹെഗലിലൂടെ മാര്‍ക്സിനെ കണ്ടെത്തുന്നു 

കാൾ മാർക്സ് ജനിച്ച ജർമ്മനിയിലെ റൈൻ പ്രവിശ്യയിലെ ബാർമറിൽ  തന്നെയാണ് 1820 നവംബർ 28-ാം തിയ്യതി ഫ്രെഡറിക് എംഗൽസ് ജനിക്കുന്നത്. യാഥാസ്ഥിതികനായൊരു ഫാക്ടറി ഉടമയായിരുന്നു പിതാവ്. അമ്മ കലാസാഹിത്യ ആഭിമുഖ്യവും പുസ്തകവായനയുമുള്ള ദയാശീലയായൊരു സ്ത്രീയായിരുന്നു. എംഗൽസിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അമ്മയായിരുന്നു. അച്ഛൻ്റെ ബിസിനസ് താല്പര്യങ്ങൾക്കും യാഥാസ്ഥിതിക ചിന്താഗതിക്കുമെതിരായ ദിശയിലാണ് എംഗൽസ്  വളർന്നുവന്നത്. ബാർമറിലെ ടൗൺ സ്കൂളിലും ജിംനേഷ്യത്തിലും വിദ്യാഭ്യാസം നടത്തിയ എംഗൽസ് നന്നേ ചെറുപ്പത്തിൽ തന്നെ കലയിലും സാഹിത്യത്തിലും തത്വചിന്തയിലുമെല്ലാം അതീവ താല്പര്യം പ്രകടിപ്പിച്ചു. യുവ ഹെഗലിൻ കൃതികൾ വായിച്ചു. സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ലേഖനങ്ങൾ എഴുതി.

പഠനം പുർത്തിയാക്കാനാവാതെ പിതാവിൻ്റെ കമ്പനിയിൽ ജോലി നോക്കേണ്ടിവന്ന എംഗൽസ് ബർലിനിൽ ചെന്ന് ഒരു വർഷം സൈനിക സേവനത്തിലേർപ്പെട്ടു. ബർലിൻ താമസക്കാലത്ത് ബെർലിൻ യൂണിവേഴ്സിറ്റിയിലെ അധ്യയന പ്രസംഗങ്ങളുടെ സ്ഥിരം ശ്രോതാവായി മാറിയ എംഗൽസിന് വിപുലമായൊരു സൗഹൃദവലയമുണ്ടായി. ബൗദ്ധിക രംഗവുമായി, പ്രത്യേകിച്ച് ഹെഗലിയൻമാരുമായുള്ള ബന്ധം തത്വചിന്താപരമായ അന്വേഷണങ്ങളിലേക്കും സംവാദങ്ങളിലേക്കും നയിച്ചു. വായനയുംചർച്ചകളും മാർക്സിനെ പോലുള്ള ചിന്തകരുമായുള്ള കത്തിടപാടുകളും യുവഹെഗലിയന്മാരുടെ ആശയവാദപരമായ നിലപാടുകളോട് കണക്കുതീർക്കുന്ന പര്യാലോചനകളിലേക്കും വിപ്ലവകരമായ തത്വചിന്തയും പ്രയോഗവും സാധ്യമാക്കുന്ന തിരിച്ചറിവുകളിലേക്കും എംഗൽസിനെ എത്തിച്ചു.

വിൽഹം വെയ്റ്റ്ലിങ്ങിൽ നിന്നാണ് മാർക്സും എംഗൽസും ലിബറലിസത്തോടും ഹെഗലിയൻ ദർശനത്തോടും കണക്കു തീർത്ത് കമ്യൂണിസ്റ്റാർദശങ്ങളിലേക്ക് ആകൃഷ്ടരാവുന്നത്. 1842 ൽ മാർക്സിന് മുമ്പേതന്നെ എംഗൽസ്  താനൊരു കമ്യുണിസ്റ്റാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ജർമൻ ബുദ്ധിജീവിയായ മോസസ് ഹെസാണ് യുവാവായ എംഗൽസിനെ കമ്യൂണിസ്റ്റുത്ത ആദർശങ്ങളിലേക്ക് പരിവർത്തനം നിര്‍ണ്ണായക പങ്കുവഹിക്കുന്നത്.1840 ജർമ്മനിയിലും ഫ്രാൻസിലും ബ്രിട്ടനിലും അമേരിക്കയിലുമെല്ലാമുയർന്നുവന്ന സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റു ആശയങ്ങളുടേതായ സൈദ്ധാന്തികവും പ്രായോഗികവുമായ പുഷ്ക്കലകാലത്തെ പഠിച്ചും വിശകലനം ചെയ്തുകൊണ്ടും അവരുടെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റു ദർശനങ്ങൾക്ക് ശാസ്ത്രിയ വ്യാഖ്യാനം നൽകുയായിരുന്നുവെന്ന് എറിക് ഹോബ് സാം വിശദീകരിക്കുന്നുണ്ട്. 

മാര്‍ക്സ് - എംഗല്‍സ് ആദ്യ കൂടിക്കാഴ്ച 

മാഞ്ചസ്റ്ററിലെ കമ്പനിക്കാര്യങ്ങൾ നോക്കാനായി1842 ലാണ് എംഗൽസിനെ പിതാവ് ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നും ജർമ്മനിയിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് എംഗൽസ് 1844 ൽ പാരീസിൽ ചെന്നു മാർക്സിനെ കാണുന്നത്. രണ്ടു ധൈഷണിക പ്രതിഭകളുടെ ആ സംഗമമാണ് മനുഷ്യരാശിയുടെ ചരിത്രഗതിയെ മാറ്റിമറിച്ച രാഷ്ട്രീയ ദർശനങ്ങളുടെ ആവിർഭാവത്തിനും തൊഴിലാളി വർഗത്തെ ഒരു സ്വതന്ത്ര രാഷ്ട്രിയ ശക്തിയായി വളർത്തിയെടുക്കുന്നതിനും വഴി തുറന്നത്. ഈ കൂടിക്കാഴ്ചയോടെ എംഗൽസ് മാർക്സിൻ്റെ പത്രാധിപത്യത്തിലുള്ള റീസെസിറ്റ്യൂങ്ങ് - ൽ ലേഖകനായി. അതിനുശേഷം ഇരുവരുടെയും ലേഖനങ്ങൾ ഫ്രഞ്ച് ജർമ്മൻ ആന്വലിൽ പ്രസിദ്ധീകരിച്ചു. ഈ ലേഖനങ്ങളിലൂടെ മാർക്സിസത്തിൻ്റെ മുതലാളിത്ത വിമർശനങ്ങളെയും സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളുടെ അടിസ്ഥാന കാഴ്ചപ്പാടുകളെയും മുന്നോട്ട് കൊണ്ടുവന്നു.

കമ്യൂണിസ്റ്റു മാനിഫെസ്റ്റോവിലൂടെ മുന്നോട്ട് വെച്ച തൊഴിലാളിവർഗപരിപാടിയുടെയും ലക്ഷ്യത്തിൻ്റെയും സൈദ്ധാന്തിക സമഗ്രത ഫ്രഞ്ച് ജർമ്മൻ ആന്വലിലെ ലേഖനങ്ങൾ ചേർത്തു വായിക്കുമ്പോഴാണ് ആഴത്തിൽ ഗ്രഹിക്കാനാവുക. അതിൽ പ്രസിദ്ധീകരിച്ച "അർത്ഥശാസ്ത്ര വിമർശനത്തിൻ്റെ രൂപരേഖകൾ " എന്ന ലേഖനം വായിച്ചാണ് മാർക്സ് സമ്പദ്ശാസ്ത്ര പഠനങ്ങളിലേക്ക് നീങ്ങുന്നത്. 'അർത്ഥശാസ്ത്ര വിമർശനത്തിൻ്റെ രൂപരേഖകൾ' എന്ന കൃതിയിലാണ് എംഗൽസ് സ്വകാര്യ സ്വത്ത് സനാതനമല്ലെന്നും ചരിത്രത്തിൻ്റെ ഒരു പ്രത്യേക ദശാസന്ധിയിൽ ആവിർഭവിച്ചതാണെന്നും അതിനെ ഇല്ലാതാക്കാൻ കഴിയുമെന്നും സമർത്ഥിക്കുന്നത്. അതായത് മുതലാളിത്തം പരിവർത്തന വിധേയമാണെന്നും അത് ചരിത്ര വികാസത്തിൻ്റെ ഒരു സവിശേഷ ഘട്ടം മാത്രമാണെന്നും ഭൗതികവാദ സമീപനത്തിൽ നിന്നും എംഗൽസ് വിശദമാക്കി. ഇതിന് ശേഷമാണ് മൂലധന രചനയുടെ പ്രാരംഭമായി കണക്കാക്കുന്ന "അർത്ഥശാസ്ത്ര ദാർശനിക കുറിപ്പുകൾ " മാർക്സ് എഴുതുന്നത്. ഇതേ കാലത്ത് തന്നെയാണ് മാർക്സും എംഗൽസും ചേർന്നു "വിശുദ്ധ കുടുംബം " എഴുതുന്നത്. അതേ വർഷം തന്നെയാണ് മുതലാളിത്തത്തെ നിശിതമായി വിമർശിക്കുന്ന "ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിൻ്റെ സ്ഥിതി" യെന്ന പുസ്തകം എംഗൽസ് തയ്യാറാക്കുന്നത്.

ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിൻ്റെ സ്ഥിതി

മനുഷ്യരാശിയുടെ സർവ്വ ദുരിതങ്ങളുടെയും കേന്ദ്രഹേതു മുതലാളിത്തമാണെന്നു സ്ഥാപിക്കുന്ന കാര്യകാരണബന്ധങ്ങളുടേതായ വൈരുദ്ധ്യാത്മക അപഗ്രഥനമായിരുന്നു "ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിൻ്റെ സ്ഥിതി" യെന്ന കൃതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. വ്യവസായവൽക്കരണത്തിൻ്റെ ആരംഭ ഘട്ടത്തിൽ ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ജീവിതദുരിതങ്ങളെ പരിശോധിക്കുകയാണ് ഈ കൃതിയിൽ എംഗൽസ്. തൊഴിലാളികൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന ക്ഷയം, സിലിക്കോസ്, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ തൊഴിൽജന്യവും ദരിദ്രജന്യവുമായ രോഗങ്ങളാണെന്ന് എംഗൽസ് വിശദീകരിച്ചു. മൂലധനത്തിൽ മാർക്സ് സമൃദ്ധമായി തന്നെ ഈ കൃതിയിലെ നിരീക്ഷണങ്ങളെ ഉദ്ധരിക്കുന്നുണ്ട്.

കമ്യുണിസ്റ്റ് മാനിഫെസ്റ്റോ

എംഗൽസ്1845 ൽ മാർക്സ് താമസിച്ച ബ്രസൽസിൽ എത്തി.1847 ൽ ഇരുവരും നീതിമാരുടെ ലീഗുമായി ബന്ധപ്പെടുകയും കമ്യൂണിസ്റ്റു ലീഗിൻ്റെ രൂപീകരണത്തിലേക്കെത്തുകയും ചെയ്തു. ലീഗിൻ്റെ ലക്ഷ്യ പ്രഖ്യാപന രേഖയായി കമ്യുണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കി പ്രകാശനം ചെയ്തു. മാനിഫെസ്റ്റോവിൻ്റെ തത്വങ്ങളും കാഴ്ചപ്പാടുകളും എംഗൽസ് നേരത്തെ തയ്യാറാക്കിയ കമ്യൂണിസത്തിൻ്റെ മൂലതത്വങ്ങൾ എന്ന ലഘുലേഖയെ അവലംബമാക്കിയാണ് എഴുതിയത്. മാനിഫെസ്റ്റോ യുറോപ്പിലെ തൊഴിലാളിപ്പോരാട്ടങ്ങൾ ഇളക്കിവിട്ടതോടെ കമ്യൂണിസ്റ്റ് ലീഗ് പ്രവർത്തകർ വേട്ടയാടപ്പെട്ടു. മാർക്സും എംഗൽസും നിയമ ഭ്രഷ്ടരാക്കപ്പെട്ടു. സംഘടനാ പ്രവർത്തനങ്ങൾ തന്നെ അസാധ്യമായി. ഈയൊരു സാഹചര്യത്തിലാണ് 'പ്രകൃതിയുടെ വൈരുധ്യാത്മകത' ഉൾപ്പെടെ നിരവധി കൃതികളും ലേഖനങ്ങളും എംഗൽസ് രചിച്ചു. ശ്രദ്ധേയമായ 'കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം' എന്ന കൃതിയിലൂടെ ഉല്പാദനബന്ധങ്ങളും പ്രത്യുല്പാദന ബന്ധങ്ങളും ചേർന്നാണ് സാമൂഹ്യ വ്യവസ്ഥകൾ രൂപപ്പെടുന്നതെന്നും സ്വകാര്യസ്വത്തിൻ്റെ ആവിർഭാവത്തോടെയാണ് സ്ത്രീയുടെ അടിമത്തം ആരംഭിച്ചതെന്നും ചരിത്രത്തിൻ്റെയും നരവംശശാസ്ത്ര പഠനങ്ങളുടെയും അടിസ്ഥാനത്തിൽ അപഗ്രഥിക്കുകയാണ് ഈ കൃതിയിലൂടെ എംഗൽസ്. ഈ സമയത്താണ് മൂലധനമടക്കമുള്ള കൃതികൾ എംഗൽസിൻ്റെ മുൻകയ്യിൽ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചതും.

ഒന്നാം കമ്യൂണിസ്റ്റ്‌ ഇൻ്റർനാഷണല്‍ 

1848 ലെ തിരിച്ചടികളെ അതിജീവിച്ച് തൊഴിലാളി വർഗ സംഘടനകൾ1864 ൽ ഒന്നാം ഇൻ്റർനാഷണലിൻ്റെ രൂപീകരണത്തിലേക്ക് നീങ്ങി. അതിന് പ്രധാന പങ്ക് വഹിച്ചത് എംഗൽസായിരുന്നു. മധ്യവർഗ അരാജകവാദ പ്രവണതകളെയും തൊഴിലാളി വർഗത്തിൻ്റെ വിപ്ലവകരമായ രാഷ്ട്രിയ ദൗത്യത്തെ നിരാകരിക്കുന്ന പരിഷ്കരണവാദ നിലപാടുകളെയും ചെറുത്തും ശക്തമായ ആശയസമരത്തിലൂടെയുമാണ് വിപ്ലവ തൊഴിലാളി വർഗ സാർവ്വദേശിയത ഉയർത്തിക്കൊണ്ടുവന്നത്.1871ലെ പാരീസ് കമ്യൂണോടെ തൊഴിലാളി പ്രസ്ഥാനത്തിന് വലിയ തിരിച്ചടികളെ അഭിമുഖീകരിക്കേണ്ടിവന്നു. മാർക്സ് ഈ സംഭവഗതികളെ വിശകലനം ചെയ്ത് 'ഫ്രാൻസിലെ വർഗ്ഗ സമരം' എന്ന വിഖ്യാതമായ പുസ്തകം ഇറക്കി. ഒന്നാം ഇൻറർനാഷണൽ ശിഥിമായി.1876ൽ അത് പിരിച്ചുവിട്ടു.1883 ൽ മാർക്സ് വിട പറഞ്ഞു.

രണ്ടാം കമ്യൂണിസ്റ്റ്‌ ഇൻ്റർനാഷണല്‍ 

മാർക്സ് മരണപ്പെട്ട് പതിമൂന്ന് വർഷത്തിന് ശേഷം 1889 ൽ രണ്ടാം ഇൻ്റർനാഷണൽ രൂപീകരിക്കുന്നത് എംഗൽസ് തന്നെ മുൻകയ്യെടുത്താണ്. മുതലാളിത്തം സാമ്രാജ്യത്വമായി പരിണമിക്കുന്ന ഘട്ടമായിരുന്നു അത്. രണ്ടാം ഇൻറർനാഷണലിലെ പല വലിയ പാർട്ടികൾക്കും മാറി വരുന്ന സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിൽ വീക്ഷണപരമായ പാളിച്ചകൾ പറ്റി. കൗട്സ്കിയും ബേൺ ഷൈഠനും തൊഴിലാളിവർഗ സാർവ്വദേശീയത കയ്യൊഴിഞ്ഞുകൊണ്ട് ദേശീയ സങ്കുചിതവാദപരമായ നിലപാടുകൾ സ്വീകരിച്ചു. രണ്ടാം ഇൻറർനാഷണലിൻ്റെ തലതൊട്ടപ്പന്മാരാെയി നടന്ന ഈ നേതാക്കൾ എംഗൽസിൻ്റെ വിപ്ലവ സമീപനങ്ങളെ സ്വന്തം പാർടിയിലും ജനങ്ങളിലും മറച്ചുപിടിച്ചു. ഈ പരിഷ്ക്കരണവാദ നിലപാടുകളെ മാർക്സിൻ്റയും എംഗൽസിൻ്റെയും വിപ്ലവ നിലപാടിൽ നിന്നുകൊണ്ട് തുറന്നുകാണിച്ചതും സ്വന്തം രാജ്യത്ത് വിപ്ലവ പ്രയോഗങ്ങൾ വികസിപ്പിച്ചതും ലെനിനായിരുന്നു. 

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 4 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More