ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നുണയിലും കൊള്ളയിലും പടുത്തുയര്‍ത്തപ്പെട്ടതെന്നു രാഹുല്‍ ഗാന്ധി. സ്യൂട്ടും ബൂട്ടുമിട്ട സര്‍ക്കാരിനു കീഴില്‍ കര്‍ഷകരുടെ വരുമാനം പകുതിയായെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അതേസമയം സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് സുഹൃത്തുകളുടെ വരുമാനം നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്നും രാഹുല്‍ ആരോപിച്ചു.കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന സമയത്താണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ആരോപണമുയര്‍ത്തിയത്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍ അവരുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ വരുമാനമാണ് നാലിരട്ടിയാക്കി ഉയര്‍ത്തിയത്. ഈ സര്‍ക്കാര്‍ നുണയിലും കൊളളയിലും പടുത്തുയര്‍ത്തപ്പെട്ട ഒന്നാണ് എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ആക്രമിക്കുന്ന വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു.
പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രക്ഷോഭകരുടെ പരാതികള്‍ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കാര്‍ഷിക ബില്ലിനെതിരായ കര്‍ഷകരുടെ സമരം ഏഴ് ദിവസം പിന്നിട്ടു. ഇന്നലെ കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.