ന്യൂഡല്‍ഹി: വാദത്തിനിടെ ഷര്‍ട്ടിടാതെ വന്ന കേരള സര്ക്കാരിന്‍റെ അഭിഭാഷകനെ ശാസിച്ച് സുപ്രീംകോടതി. കേരളസര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സെല്‍ ജി.പ്രകാശിനെയാണ് കോടതി ശാസിച്ചത്. ഓണ്‍ലൈനില്‍ വാദം കേള്‍ക്കുന്നതിനിടെ മേല്‍വസ്ത്രമില്ലാതെ കാമറ നേരേയാക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചപ്പോഴാണ് കോടതി ഇക്കാര്യം കണ്ടത്. അഭിഭാഷകര്‍ ഇത്രയും അശ്രദ്ധരാവരുതെന്നും കൊവിഡ് മഹാമാരി വന്നതിനുശേഷം കോടതി വാദങ്ങള്‍ ഓണ്‍ലൈനാക്കിയിട്ട് മാസം എട്ടായെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ട് മാസമായി വീഡിയോകോണ്‍ഫറന്‍സിംഗ് സമയത്ത് ശ്രദ്ധിക്കാനായി പറഞ്ഞിട്ടും അഭിഭാഷകര്‍ അശ്രദ്ധ കാണിക്കുന്നു എന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
ജസ്റ്റിസ് എല്‍ആര്‍ റാവു അധ്യക്ഷനായ ഓണ്‍ലൈന്‍ കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവം. കൊവിഡ് കാലത്തെ ശിശുപരിപാലനകേന്ദ്രങ്ങളുടെ അവസ്ഥയെക്കുറിച്ച് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെ പെട്ടെന്ന് ഷര്‍ട്ടിടാതെ അഭിഭാഷകന്‍ കാമറ നേരേയാക്കാന്‍ ശ്രമിക്കുന്നതാണ് സ്‌ക്രീനില്‍ കണ്ടത്.
അതേസമയം സാങ്കേതിക തടസങ്ങള്‍ മൂലം കോടതിയില്‍ നടക്കുന്നത് കാണാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല, ലിങ്ക് വഴി കയറിയിരുന്നെങ്കിലും അത് വിഛേദിക്കപ്പെടുകയായിരുന്നു. ആ സമയത്ത് തന്നെ സാങ്കേതികമായി സഹായിക്കാന്‍ വന്നയാളാണ് ഷര്‍ട്ട് ധരിക്കാതിരുന്നത്. താന്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരുന്നു എന്ന് ജി പ്രകാശ് കോടതിയെ അറിയിച്ചു.